കുതിപ്പു തുടർന്നാൽ റബർ വില 200 രൂപ പിന്നിടും: കർഷകർക്ക് ആശ്വാസം നൽകുന്ന സൂചനകൾ

HIGHLIGHTS
  • കണ്ടയ്നറുകളിൽ 60 ശതമാനം യുഎസിലും ചൈനയിലും കുടുങ്ങിക്കിടക്കുന്നു
  • ഏതാനും നാൾ കൂടി ഈ കുതിപ്പ് തുടരുമെന്നാണ് പ്രതീക്ഷ
rubber-board
SHARE

റബർ വിപണിയിലെ ഇപ്പോഴത്തെ കുതിപ്പു തുടർന്നാൽ റബർ വില കിലോയ്ക്ക് 200 രൂപ പിന്നിടുമെന്നു റബർ ബോർഡ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ. റബർ കൃഷി വ്യാപകമായ മലയോര മേഖലയ്ക്കും കേരളത്തിനും ഏറെ ആശ്വാസം നൽകുന്നതാണ് സൂചനകൾ. 

? റബർ വില ഉയരുകയാണ്. വിപണിയിൽ ക്ഷാമവും നേരിടുന്നു. 

മഴ മൂലം ഉൽപാദനത്തിലെ കുറവ്, രാജ്യന്തര വിപണിയിൽനിന്നുള്ള ഇറക്കുമതിയിലെ തടസങ്ങൾ, വ്യവസായ മേഖലയിൽനിന്നുള്ള ആവശ്യം കൂടിയത് എന്നിവയാണ് ഇപ്പോഴത്തെ ക്ഷാമത്തിനു കാരണം. 

? റബർ ഉൽപാദനം കുറയുകയാണോ

‌മഴ മൂലം ഉൽപാദനം ഇടിഞ്ഞു. ഇന്ത്യയിൽ ഇതു പീക് സീസണാണ്. പക്ഷേ മഴ മൂലം ടാപ്പിങ് ഒരു മാസം മുടങ്ങി. അതോടെ റബർ ഉൽപാദനം കുറഞ്ഞു. നവംബറിൽ ഉൽപാദനം 40 % കുറഞ്ഞു. 

? രാജ്യാന്തര വിപണിയിലെ സ്ഥിതി എന്താണ്

ആഭ്യന്തര വിപണിയിലെ കുറവ് ഇറക്കുമതി വഴിയാണ് പരിഹരിച്ചിരുന്നത്. ഇപ്പോൾ അതു പറ്റുന്നില്ല, രാജ്യാന്തര വിപണിയിൽ ഇന്ത്യൻ വിപണിയേക്കാൾ റബർവില കുറവാണ്. പക്ഷേ കണ്ടയ്നറുകൾ കിട്ടാനില്ല. കണ്ടയ്നറുകളിൽ 60 ശതമാനം യുഎസിലും ചൈനയിലും കുടുങ്ങിക്കിടക്കുന്നു. ഇറക്കുമതി റബർ കടത്തു കൂലി കൂടി. മാത്രമല്ല റബർ ഇന്ത്യയിൽ എത്തിക്കാൻ സമയവും കൂടുതൽ വേണം. 

? വ്യവസായ മേഖലയിൽ റബർ ഉപഭോഗം കുടുന്നുണ്ടോ.

ഉണ്ട്. ലോക് ഡൗണിനു ശേഷം സാമ്പത്തിക രംഗം ഉണർന്നു. ആദ്യം പ്രതിഫലിച്ചത് വാഹന വിപണിയിലാണ്. വാഹനങ്ങളുടെ ഉൽപാദനം കൂടി. റബറിന് ആവശ്യം കൂടി. മാത്രമല്ല സാമ്പത്തിക രംഗം കരുത്താർജിക്കുന്ന സൂചനകളുണ്ട്. അതു റബർ മേഖലയ്ക്കു നല്ലതാണ്. 

? എത്ര കാലം ഈ കുതിപ്പ് തുടരും 

ഏതാനും നാൾ കൂടി ഈ കുതിപ്പ് തുടരുമെന്നാണ് പ്രതീക്ഷ. മഴ മാറിയേക്കാം. ഉൽപാദനം കൂടിയേക്കാം. എങ്കിലും രാജ്യാന്തര വിപണിയിലെ പ്രശ്നങ്ങൾ, വ്യവസായ മേഖലയിൽ നിന്നുള്ള ആവശ്യം കൂടുന്നത് എന്നിവ തുടരും. അതു നല്ലതാണ്. 

അഭ്യന്തര ഉൽപാദനം കൂടാനും സാധ്യത കുറവാണ്. ഇതിനു മുൻപ് 2010 മുതൽ 2013 വരെയാണ് നല്ല വില കിട്ടിയത്. അക്കാലത്ത് കൂടുതൽ പേർ കൃഷി തുടങ്ങി. ആ തോട്ടങ്ങളിൽ നിന്നാണ് ഇപ്പോൾ റബർ വരുന്നത്. എന്നാൽ വില ഇടിഞ്ഞതോടെ 2013 ശേഷം തോട്ടങ്ങൾ കുറഞ്ഞു. അതോടെ കൂടുതൽ പേർ കൃഷിയിലേക്കു വരുന്നതും കുറഞ്ഞു. അതിനാൽ വരും വർഷങ്ങളിൽ ഉൽപാദനം കൂടില്ല. 2023 ൽ റബർ വില ഉയരുമെന്നായിരുന്നു പ്രതീക്ഷിച്ചത്. അതു കൂറച്ചു നേരത്തെയായി. കോവിഡിനു ശേഷം കൈയുറ അടക്കം നിർമിക്കാൻ ലാറ്റക്സിനു (റബർ പാൽ) നല്ല വിപണിയുണ്ട്. അതും നല്ലതാണ്. 

? റബർ വിപണിയിലെ കുതിപ്പ് കർഷകർക്ക് എങ്ങനെ ഗുണം ചെയ്യും

ഇപ്പോൾ കിട്ടുന്നത് നല്ല വിലയാണ്. 50 ശതമാനത്തിലെറെ വില ലഭിക്കുന്നു. ഈ സാഹചര്യം കർഷകർ പ്രയോജനപ്പെടുത്തണം. റബർ ലാഭകരമായി. കുറച്ചു കൂടി നന്നായി തോട്ടങ്ങൾ പരിപാലിക്കാം. കൂടുതൽ പേർ കൃഷിയിലേക്കു വരാനും സാഹചര്യം ഒരുങ്ങുന്നു. ഇറക്കുമതി ക്ഷാമം നൽകുന്ന സന്ദേശവും കർഷകർക്കു ഗുണമാണ്. രാജ്യാന്തര വിപണിയേക്കാൾ ആഭ്യന്തര വിപണിയാണ് വ്യവസായ മേഖലയ്ക്ക് സുരക്ഷിതമെന്ന സന്ദേശം ഇതു നൽകുന്നു. 

? ഇന്ത്യ റബർ ക്ഷാമം നേരിടുകയാണോ. ഉൽപാദനം എങ്ങനെ കൂട്ടാം. 

വ്യവസായ മേഖലയുടെ ആവശ്യത്തിനുള്ള റബർ ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്നില്ല. വർഷം 4.5 ലക്ഷം ടൺ കുറവാണ്. ഈ അവസ്ഥയ്ക്കു പരിഹാരം രണ്ടാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ റബർ കൃഷി വ്യാപിപ്പിക്കുക. അതിനുള്ള ശ്രമങ്ങൾ നടക്കുന്നു. കേരളത്തിലെ ഉൽപാദനം കൂട്ടുക. നിലവിൽ തോട്ടങ്ങളുടെ ഉൽപാദന ശേഷി 65 % മാത്രം. തോട്ടങ്ങളുടെ ഉൽപാദന ശേഷി 80 % ആക്കാനുള്ള ഇടപെടൽ നടത്തും. 

? കർഷകർ ഷീറ്റ് റബർ ഉൽപാദനം കുറയ്ക്കുന്നത് നല്ലതാണോ.

ഷീറ്റ് റബർ ഉൽപാദനമാണ് സുരക്ഷിതം. ഇന്ത്യൻ റബർ വിപണിയുടെ ആണിക്കല്ല് ഷീറ്റ് റബറാണ്. രാജ്യാന്തര വിപണിയിലും ഇന്ത്യൻ ഷീറ്റ് റബറിനാണ് പേരുള്ളത്. ഇന്ത്യയിൽ ഉൽപാദനത്തിന്റെ 90 % ഷീറ്റ് റബറാണ്. 90 % വ്യവസായങ്ങളും ഷീറ്റ് റബർ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. കോവിഡിനു ശേഷമാണ് ലാറ്റക്സ് വിപണി ശക്തമായത്. കർഷകരെ ഷീറ്റ് റബറിലേക്കു കൊണ്ടു വരാൻ ശ്രമങ്ങൾ വേണം.

? ഇത്തവണ മഴയിൽ ഏറ്റവും നാശം റബർ മേഖലയ്ക്കാണ്. പല തോട്ടങ്ങളും തകർന്നു. അവയെ എങ്ങനെ തിരിച്ചെത്തിക്കാം.

റബർ കൃഷിക്കു മഴ മൂലമുള്ള നാശം സംബന്ധിച്ച് അന്വേഷണം നടത്തും. റബർ ഉൽപാദക സംഘങ്ങൾക്ക് സഹായം ആലോചിക്കുന്നുണ്ട്. 

?  കാലാവസ്ഥാ വ്യതിയാനം റബർ കൃഷിയെ എങ്ങനെ ഭാവിയിൽ ബാധിക്കും

കാലാവസ്ഥാ വ്യതിയാനം എങ്ങനെ ബാധിക്കുമെന്നു പഠിക്കും. റബർ ബോർഡിൽ കാലാവസ്ഥാ പഠന വിഭാഗമുണ്ട്. ജനിതക മാറ്റം വരുത്തിയ വിത്തുകൾ പോലുള്ള ഗവേഷണങ്ങൾ വേണം.  തീവ്രമഴ, അതിശൈത്യം പോലുള്ളവ നേരിടാൻ കഴിവുള്ള തൈകൾ എന്നിവ ഉൽപാദിപ്പിക്കണം. തോട്ടങ്ങളുടെ പരിപാലന രീതിയിൽ മാറ്റം വരുത്തണം. ഇക്കുറി മഴയിൽ റെയിൻ ഗാർഡിങ് പോയി. നല്ല നിലവാരമുള്ള റെയിൻ ഗാർഡിങ് ഇനി നടത്തണം.

English summary:  Interview with rubber board executive director

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA