ADVERTISEMENT

കേരളത്തിന്റെ അതിർത്തി വിട്ടു എന്ന് ആദ്യം അറിയിക്കുന്ന ചെടിയാണ് ശീമയി കരുവേലം. വ്യാപകമായി തമിഴ്നാട്ടിൽ കാണപ്പെടുന്ന മുള്ളിനത്തിലുള്ള ചെടിവർഗമാണ് ഇത്. ഒരു പ്രദേശത്തിന്റെ ആകെ ഭൂജലവിതാനം ഊറ്റി വറ്റിക്കുന്നതിൽ ഈ ചെടിവർഗം നിസാരമല്ലാത്ത പങ്കു വഹിക്കുന്നുണ്ട്. കോളനി വാഴ്ചയുടെ ഒരു ഉപോൽപന്നം കൂടിയായാണ്  prosopis juliflora എന്ന ഈ ശാസ്ത്ര നാമധാരി തമിഴ്‌മണ്ണിലെത്തിയത്. 1877 കാലഘട്ടത്തിൽ രാമനാഥപുരം അഥവാ പഴയ രാംനാട് നാട്ടുരാജ്യത്തു രൂക്ഷമായ വിറകുഷാമത്തെ നേരിടാനാണ് ആഫ്രിക്കയിൽനിന്ന് വെള്ളം ധാരാളം ഊറ്റിക്കുടിക്കുന്ന മറ്റൊരു ഉപയോഗവുമില്ലാത്ത ഈ കളച്ചെടിയെ ഇങ്ങോട്ടേക്കെത്തിച്ചത്. ഗ്രാമീണ ജനങ്ങളുടെ അടുക്കള ആവശ്യത്തിനായുള്ള വിറക് ഇത് തന്നെങ്കിലും ആയിരകണക്കിന് തനതു ചെടികൾക്കും ഷഡ്പദങ്ങൾക്കും ഈ വിദേശിയുടെ വരവോടെ വംശനാശം സംഭവിച്ചു. ഇത്തരം ദോഷങ്ങളെല്ലാം തിരിച്ചറിഞ്ഞ തമിഴ്‌മക്കൾ ഇപ്പോൾ ഈ ചെടിയെ പിഴുതു മാറ്റി തങ്ങളുടെ ജലസ്രോതസുകൾ വീണ്ടെടുക്കാനുള്ള കഠിനപ്രയത്നത്തിലാണ്.

53 മീറ്റർ  (175 അടി) ആഴത്തിൽ വരെ വേരുകൾ താഴ്ത്തി വെള്ളം ഊറ്റിക്കുടിക്കുന്ന ഈ രാക്ഷസസസ്യത്തെ നശിപ്പിക്കാൻ ജനങ്ങൾ മുൻപോട്ടു വരണമെന്ന് മദ്രാസ് ഹൈകോടതി വരെ അഭിപ്രായപെടുകയുണ്ടായി. അടുപ്പു കത്തിക്കുന്നതിനുള്ള വിറക്, കാലിത്തീറ്റ, തേനിന്റെ ഒരു ഉറവിടം, മികച്ച കരി ലഭിക്കുന്ന മരം എന്നൊക്കെ ഇതിനെ ന്യായീകരിക്കാമെങ്കിലും ആയിരകണക്കിന് ഏക്കർ സ്ഥലം തരിശുഭൂമി ആക്കി മാറ്റുന്നതിൽ ശീമയി കരുവേലം വഹിക്കുന്ന പങ്കു ചെറുതല്ല.

ഇത് പകുതി കത്തിച്ച് ചാർക്കോൾ പോലെ ആക്കിയാണ് ഇതു മാത്രം വളരുന്ന സ്ഥലത്തെ ജനങ്ങൾ ജീവിക്കുന്നത്. കാമരാജ് തമിഴ്നാട് മുഖ്യമന്ത്രി ആയിരുന്ന സമയത്ത് ഹെലികോപ്റ്ററിൽ ആയിരുന്നു ഇതിന്റെ വിത്ത് വ്യാപകമായി തരിശു കിടന്ന സ്ഥലങ്ങളിൽ വിതറിയിരുന്നത്. മണ്ണിനു ഊഷരത ഉണ്ടാവണമെങ്കിൽ മരുഭൂമി പോലത്തെ സ്ഥലങ്ങളിൽ ആദ്യം വളരുക ഇത്തരം മരങ്ങൾ ആയിരിക്കും. ഇത്തരം മരങ്ങൾ ധാരാളം ആയിക്കഴിഞ്ഞാൽ മെല്ലെ അവിടെ മുള്ളുള്ള മറ്റുള്ള കുറ്റിച്ചെടികളും വളരാൻ തുടങ്ങും. മുള്ളുള്ള ചെടികൾക്ക് യഥാർഥത്തിൽ അല്പം വെള്ളം കൊണ്ട് ഉണങ്ങാതെ നിൽക്കാനാകും. ഇങ്ങനെ മരങ്ങളും ചെടികളും വളർന്നു കഴിയുമ്പോൾ അവിടെ ഈർപ്പം വർധിക്കുകയും മഴയ്ക്ക് കാരണമാകും. ഇങ്ങനെ മഴ പെയ്തു കഴിഞ്ഞാൽ അവിടെ മറ്റുള്ള മരങ്ങളും വളരാൻ തുടങ്ങും. വന്നി എന്ന് മലയാളത്തിൽ അറിയപ്പെടുന്ന ഈ ചെടിയെ പറ്റിയുള്ള ഉഹാപോഹങ്ങൾക്കും അന്ത്യമില്ല.

English summary: Seemai karuvelam, a saviour-turned-villain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com