ജൈവ കൃഷിക്കും ജൈവോൽപന്നങ്ങൾക്കും സർട്ടിഫിക്കേഷൻ: നടപടിക്രമങ്ങൾ ഇവയാണ്

HIGHLIGHTS
  • കൃഷിയിടത്തിലെ ജൈവ തനിമയെ കണ്ടെത്താൻ അളവുകോലുകളുണ്ട്
vegetable-garden
SHARE

പ്രകൃതിയോട് ഏറ്റവും ചേർന്നു നിൽക്കുന്ന പദമാണ് ജൈവം.  ഇക്കാലത്ത് ആഗോള വിപണി ആകമാനം ഇഷ്ടത്തോടെയും താൽപര്യത്തോടെയും തിരയുന്ന ഒന്നാണ് ജൈവോൽപന്നങ്ങൾ. രാസവസ്തുക്കൾ ചേർക്കാതെ, രാസകീടനാശിനികൾ ഉപയോഗിക്കാതെ ഹോർമോണുകൾ കലർത്താതെ, പ്രകൃതി സൗഹൃദമായ രീതിയിൽ ഉൽപാദിപ്പിച്ചെടുക്കുന്ന വസ്തുക്കളാണ് ‘ജൈവം’ എന്ന പട്ടികയിൽ ഉൾപ്പെടുന്നത്. ഓർഗാനിക് എന്ന പേരിൽ അവ വിളിക്കപ്പെടും. ഒരു ഉൽപന്നത്തെ ഇത് ജൈവമാണ് എന്നു പറഞ്ഞ് വിൽക്കാൻ പറ്റുമോ? നാട്ടിൻപുറങ്ങളിലും നഗരങ്ങളിലെ ഒറ്റപ്പെട്ട സൂപ്പർ മാർക്കറ്റിലുമൊക്കെ ജൈവം എന്ന പേരിൽ കൃഷി ഉൽപന്നങ്ങൾ വിൽപനയ്ക്ക് എത്താറുണ്ട്. വിൽപനക്കാരുടെ വാക്കുകളെ വിശ്വസിച്ച് ജൈവമാണെന്ന് ഉറപ്പിക്കുകയേ തരമുള്ളൂ. എന്നാൽ രാജ്യാന്തര വിപണിയിൽ ജൈവം അങ്ങനെയല്ല. കൃത്യമായും ചിട്ടയോടുമുള്ള പ്രവർത്തനങ്ങളിലൂടെ ഉണ്ടാക്കിയെടുക്കുന്ന ഉൽപന്നങ്ങളെ അംഗീകൃത ഏജൻസിയുടെ സർട്ടിഫിക്കറ്റോടുകൂടി മാത്രമേ വിപണിയിലെത്തിക്കാനാകൂ. ഓർഗാനിക് എന്ന അംഗീകൃത മുദ്ര പതിച്ചുമാത്രമേ ജൈവ ഉൽപന്നങ്ങളെ അവതരിപ്പിക്കാനാകൂ. 

പിഴവില്ലാതെ കാക്കണം

ജൈവപ്രക്രിയയിലേക്ക് ഒരു ഉൽപന്നത്തെ കൊണ്ടുവരാൻ ഒട്ടേറെ ഘട്ടങ്ങളുണ്ട്. അവ ഒരിടത്തു പോലും പിഴവുവരാതെ നോക്കി പൂർത്തിയാക്കുമ്പോൾ മാത്രമേ ഉൽപന്നം ജൈവമായി തീരുകയുള്ളൂ. ഓരോ ഘട്ടവും നിയന്ത്രിക്കാനും മോണിറ്റർ ചെയ്യാനും സംവിധാനമുണ്ട്.

ഒരു ജൈവോൽപന്നം വിപണിയിലെത്തിക്കാൻ ജൈവ സർട്ടിഫിക്കറ്റ് വേണം. ജൈവ ഉൽപന്നങ്ങളുടെ ആധികാരികത ഉറപ്പാക്കുന്ന സാക്ഷ്യപത്രമാണ് ഓർഗാനിക് സർട്ടിഫിക്കറ്റ്. അതിന് 4 ഘട്ടങ്ങളുണ്ട്. അക്രഡിറ്റേഷൻ, സ്റ്റാൻഡേർഡ്‌, ഇൻസ്പെക്‌ഷൻ, സർട്ടിഫിക്കറ്റ്. ജൈവ സർട്ടിഫിക്കറ്റ് ഒരു ഔദ്യോഗിക അംഗീകാരമാണ്. പ്രാദേശികമായും ദേശീയമായും അന്തർദേശീയമായും മാനദണ്ഡങ്ങളുണ്ട്. അവ കൃത്യമായി കർഷകർ ക്യഷിയിടത്തിൽ പാലിക്കുന്നണ്ടോ എന്ന് പരിശോധിക്കാൻ വിദഗ്ധ സമിതികളുണ്ട്. കൃഷിയിടങ്ങൾ നേരിട്ടു വരിശോധിച്ച് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചിട്ടുണ്ടോ എന്നു നോക്കിയാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. നാഷനൽ പ്രോഗ്രാം ഫോർ ഓർഗാനിക് പ്രൊഡക്ഷൻ (NPOP) ആണ് ജൈവ സർട്ടിഫിക്കേഷൻ പ്രക്രിയകളെ നിയന്ത്രിക്കുന്നത്.

കൃഷി ഉൽപന്നങ്ങൾക്കും വനവിഭവങ്ങൾക്കും അക്വാകൾചർ മേഖലയിലും മൃഗ സംരക്ഷണമേഖലയിലും വസ്ത്ര നിർമാണ രംഗത്തുമെല്ലാം ഓർഗാനിക് സർട്ടിഫിക്കേഷൻ ഉണ്ട്. ഓർഗാനിക് രീതിയിൽ ഉൽപാദിപ്പിച്ച വസ്തുക്കളിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങൾക്കും ആവശ്യക്കാരുണ്ട്. ഓർഗാനിക് ലോഗോ ഉൽപന്നങ്ങളിൽ ചേർക്കാം. 

പഴയകാല രീതികളിലേക്ക്

പഴയകാല കർഷകർക്ക് ജൈവകൃഷിയെക്കുറിച്ച് പ്രത്യേകിച്ച് പറഞ്ഞു കൊടുക്കേണ്ടതില്ലായിരുന്നു. കാരണം ജൈവ രീതിയിലല്ലാതെ കൃഷി ചെയ്യാൻ അവർക്ക് അറിയില്ലായിരുന്നു. സ്വന്തം തൊഴുത്തിലെ പശുവിന്റെ ചാണകം, വീട്ടിലെ അടുപ്പിൽ നിന്നുള്ള ചാരം ഇതൊക്കെ മാത്രമായിരുന്നു അന്നത്തെ വളങ്ങൾ. എന്നാൽ കാലം മാറിയപ്പോൾ രാസവളങ്ങളും കീടനാശിനികളും കൃഷിയിടം കയ്യടക്കി. തുടക്കത്തിൽ ലഭിച്ച മികച്ച വിളവ് പതിയെ അപത്യക്ഷമായി. പല രോഗങ്ങളും ചെടികളെയും മനുഷ്യരെയും ബാധിച്ചു. ഇന്ന് കൃഷിലോകം ജൈവ രീതിയിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്, വിപണിയിൽ ജൈവോൽപന്നങ്ങൾക്കും അവ ഉപയോഗിച്ചുള്ള ജൈവ മൂല്യവർധിത ഉൽപന്നങ്ങൾക്കും പ്രിയമേറുകയാണ്. അമിത രാസകീടനാശിനി പ്രയോഗവും രാസവള ഉപയോഗവും ജനിതകമാറ്റം വരുത്തിയ വിത്തുകൾ ഉപയോഗിച്ചുള്ള കൃഷിയും പ്രകൃതിയിലും ആവാസ വ്യവസ്ഥയിലും ഉണ്ടാക്കിയ തകരാറുകൾ ഏറെയാണ്. പരിസ്ഥിതിയിൽ ഉണ്ടാക്കിയ തകർച്ച വലുതാണ്. പ്രകൃതിയെ തനിയെ വിട്ട് കാലാവസ്ഥയ്ക്കും മണ്ണിനും ഇണങ്ങിയ കൃഷി രീതിയിലേക്കുള്ള പിൻമടക്കമാണ് ജൈവ രീതി. ഗുണനിലവാരമില്ലാത്ത ഉൽപന്നങ്ങളിലേക്കും ഉൽപാദനത്തിലെ അസ്ഥിരതയിലേക്കും ഏറിയും കുറഞ്ഞുമുള്ള വിളവിലേക്കും പരിസ്ഥിതിയിലും കാലാവസ്ഥയിലും ഉള്ള വ്യതിയാനങ്ങളിലേക്കുമാണ് രാസക്യഷി നയിക്കുക.

ജൈവതനിമ കാക്കാൻ 

ഇന്ന് കൃഷിയിടത്തിലെ ജൈവ തനിമയെ കണ്ടെത്താൻ അളവുകോലുകളുണ്ട്. വഴികാട്ടികളുണ്ട്. മാർഗനിർദ്ദേശം നൽകാനും ജൈവികത ഉറപ്പു വരുത്താനും ഏജൻസികളുണ്ട്. ജൈവം പ്രധാനമായും പരിസ്ഥിതി കരുതൽ തുല്യത ആരോഗ്യം എന്നിവയിൽ ഊന്നൽ നൽകുന്നു 'പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിടുന്നത് ഹോർമോൺ ചേർക്കാത്ത രാസകീടനാശിനികൾ ഉപയോഗിക്കാത്ത കൃഷിയിടങ്ങളെയാണ്. ആവാസ വ്യവസ്ഥയെ അത് തകർക്കുന്നില്ല. പ്രകതിയുമായി അത് ചേർന്നു നിൽക്കുന്നു. പ്രകൃതിയുടെ സംരക്ഷണമാണ് അടുത്തത്. അത് വിശേഷബുദ്ധിയുള്ള മനുഷ്യന്റെ ഉത്തരവാദിത്തം കൂടിയാണ്. പാരമ്പര്യ അറിവുകളുടെ സംരക്ഷണവും പ്രധാനമാണ്. എല്ലാ ജീവജാലങ്ങൾക്കും പ്രകൃതിയിലുള്ള പങ്കിനെ അംഗീകരിക്കുന്നതാണ് തുല്യത. പ്രകൃതിക്കിണങ്ങിയ വിധം വ്യാപരിക്കാൻ എല്ലാ ജീവജാലങ്ങൾക്കും സ്വാതന്ത്ര്യമുണ്ട്. അത് ഇല്ലാതാക്കുകയോ അതിന് തടസ്സം സൃഷ്ടിക്കുകയോ ചെയ്യാൻ പാടില്ല. ആരോഗ്യമുള്ള മണ്ണ്, വെള്ളം, വായു എന്നിവയാണ് ജൈവ പ്രകൃതി. അത് രോഗ പ്രതിരോധവും ആരോഗ്യവും നൽകുന്നു. ജൈവകൃഷിക്ക് മാർഗ നിർദേശം നൽകാൻ ഒട്ടേറെ പ്രസ്ഥാനങ്ങളുണ്ട്. ജൈവ രീതി അമിത ഉൽപാദനം നൽകണമെന്നില്ല. ക്യഷി പ്രകൃതിക്ക് ഇണങ്ങിയതായിരിക്കും എപ്പോഴും . ക്യഷിയിടങ്ങളെ ജൈവ രീതിയിലേക്ക് കൊണ്ടുവരാൻ കർഷകരുടെ കൂട്ടായ്മകൾ ഒന്നിച്ച് ശ്രമിക്കുന്നതാണ് ഏറ്റവും നല്ലത്. പ്രയോജനപ്രദമായ തരത്തിൽ വൈവിധ്യവൽക്കരണവും വിളകളുടെ മാറി മാറിയുള്ള പരീക്ഷണവും മിശ്ര വിളകളുമെല്ലാം ഓർഗാനിക് ഏരിയകളെ രൂപപ്പെടുത്തുന്നതു കാണാം. മലിനീകരണ സാധ്യതകൾ തടയണം, ആവശ്യമായ വളങ്ങൾ കൃഷിയിടത്തിൽ ഉണ്ടാകണം. ജൈവ വിപണന ശൃംഖലകൾ രൂപപ്പെടണം. 

vegetable

ചിലയിടത്ത് താളംതെറ്റൽ

എന്നാൽ കാർഷിക മേഖലയെ മുഴുവൻ ജൈവ കൃഷിയിലേക്കു മാറ്റുന്നതിനുള്ള കേന്ദ്രപദ്ധതി കേരളത്തിൽ കോടികൾ ചെലവാക്കിയിട്ടും നടപ്പായില്ല. 2015–16ൽ ആരംഭിച്ച പദ്ധതി താളംതെറ്റിയതോടെ 2380 ഹെക്ടറിലെ കൃഷി അവസാനിപ്പിക്കാൻ കേന്ദ്രം നിർദേശം നൽകി.

തുടർച്ചയായി 3 വർഷം കൃഷി ചെയ്ത ശേഷം ജൈവ കൃഷിയായി പ്രഖ്യാപിച്ച് കർഷകനു ജൈവ കർഷകൻ എന്ന സർട്ടിഫിക്കറ്റ് നൽകാനാണു കേന്ദ്രം നിർദേശിച്ചത്. ഇതിന് 2015–16ൽ കേന്ദ്രം നൽകിയതും സംസ്ഥാനവിഹിതവും ചേർത്തു ചെലവഴിച്ചത് 10 കോടിയാണ്. 20 ഹെക്ടറാണ് ഒരു ക്ലസ്റ്ററായി പരിഗണിച്ചത്. ക്ലസ്റ്റർ ഒന്നിന് 14.95 ലക്ഷം രൂപയാണ് അനുവദിച്ചത്. 12,480 ഹെക്ടറിൽ ജൈവ കൃഷി തുടങ്ങി. ചെറിയ ഭൂമിയുള്ള കർഷകർക്കും കൃഷിഭവനിലെത്തി പദ്ധതിയിൽ ചേരാമെന്നതായിരുന്നു രീതി. 

പക്ഷേ കേന്ദ്ര പദ്ധതി പ്രകാരം 9% കർഷകർ പട്ടിക വിഭാഗത്തിലുള്ളവരാകണമായിരുന്നു. ഈ വ്യവസ്ഥ കേരളം പാലിച്ചില്ലെന്നതിനാൽ കേന്ദ്ര വിഹിതത്തിന്റെ പകുതി പോലും ആ വർഷം ചെലവാക്കാനായില്ല. പദ്ധതിയുടെ 80 % പണം ചെലവഴിച്ച് അതിന്റെ രേഖകൾ ഹാജരാക്കിയാൽ മാത്രമേ അടുത്ത വർഷത്തെ പണം അനുവദിക്കൂ. പട്ടിക വിഭാഗത്തിൽനിന്നു വേണ്ടത്ര കൃഷിക്കാരെ കണ്ടെത്താനായില്ലെന്ന മറുപടി കേന്ദ്രം അംഗീകരിച്ചില്ല. അതോടെ രണ്ടാം വർഷത്തെ പണം മുടങ്ങി. 

പട്ടിക വിഭാഗം കർഷകർക്കായി അനുവദിച്ച ആനുകൂല്യം കേന്ദ്രം നിർത്തിയതോടെ ആ ഭൂമിയിലെ ജൈവ കൃഷി നിലച്ചു. മറ്റു വിഭാഗത്തിലുള്ളവരായിരുന്നു ഈ ഭൂമിയിലെ കർഷകർ. 

ബാക്കി 10100 ഹെക്ടറിലെ കൃഷിക്ക് രണ്ടാം ഗഡു കേന്ദ്രം അനുവദിച്ചെങ്കിലും ഇതിലെ ചെലവഴിക്കാതെ ട്രഷറിയിൽ കിടന്ന 10 കോടിയോളം രൂപ സംസ്ഥാന സർക്കാർ വകമാറ്റി . ഇതോടെ മൂന്നാം വർഷത്തെ കേന്ദ്ര വിഹിതവും താമസിച്ചു. നിരാശരായ കർഷകരിൽ പലരും വീണ്ടും രാസവളം ഉപയോഗിച്ചുള്ള കൃഷിയിലേക്കു മാറി. കേന്ദ്ര പദ്ധതി പൂർണമായി ലക്ഷ്യം കൈവരിച്ചത് അസമിൽ മാത്രമാണ്. 

പ്രകൃതി കൃഷിയിലേക്ക്

ജൈവ കൃഷിക്കു പിന്നാലെ കേന്ദ്രം അനുവദിച്ചത് പ്രകൃതി കൃഷി പദ്ധതി. കൃഷിയിടത്തിൽ കംപോസ്റ്റ് നിർമിച്ച് അതുപയോഗിച്ച് മാത്രം കൃഷി ചെയ്യുന്ന രീതി കേരളത്തിൽ 84000 ഹെക്ടറിൽ ചെയ്യാനാണ് നിർദേശം. സംസ്ഥാനം അതിനു കർഷകരെ കണ്ടെത്തുന്ന തിരക്കിലാണ്. കൃഷിഭവൻ വഴി പദ്ധതിയിൽ ചേരാം. ഒരു വർഷം മുൻപ് കേന്ദ്രം തുടങ്ങിയ പദ്ധതി കേരളത്തിൽ ഇതുവരെ ആരംഭിച്ചിട്ടില്ല.

organic-1

ഇന്ത്യൻ ഓർഗാനിക് സർട്ടിഫിക്കേഷൻ ഏജൻസി 

ജൈവകൃഷിയിലൂടെ ഉൽപാദിക്കപ്പെടുന്ന ഭക്ഷ്യവസ്‌തുക്കളെ പ്രത്യേകമായി മുദ്ര ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ ഏജൻസിയാണ് ഇൻഡോസെർട്ട്. ഇന്ത്യൻ ഓർഗാനിക് സർട്ടിഫിക്കേഷൻ ഏജൻസി എന്നീ വാക്കുകളിൽ നിന്നാണ് ഇൻഡോസെർട്ട് എന്ന പേരുണ്ടായത്.

പല വിദേശ ഏജൻസികളും ഇന്ത്യയിലെ ജൈവ ഭക്ഷ്യോൽപന്നങ്ങൾക്ക് മുദ്ര നൽകുന്നുവെങ്കിലും പൂർണമായും ഒരു ഇന്ത്യൻ ഏജൻസി ജൈവമുദ്രണ രംഗത്ത് അംഗീകരിക്കപ്പെടുന്നത് ആദ്യമായാണ്.

ഒട്ടേറെ ഏജൻസികൾ ഇന്ന് ജൈവ സർട്ടിഫിക്കേഷൻ രംഗത്ത് നാഷനൽ പ്രോഗ്രാം ഫോർ ഓർഗാനിക് പ്രൊഡക്‌ഷനു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അവ പ്രധാനമായും ചെയ്യുന്നത് താഴെ പറയുന്ന കാര്യങ്ങളാണ്.

  • ജൈവകൃഷിക്കായുള്ള ദേശീയ മാനദണ്ഡങ്ങളുപയോഗിച്ച് ഇന്ത്യയിലെ കമ്പോളങ്ങളിലേക്കുള്ള ജൈവഭക്ഷ്യോൽപന്നങ്ങളെ സാക്ഷ്യപ്പെടുത്തുക.
  • മറ്റു വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനുള്ള ഉൽപന്നങ്ങളെ അതതു രാജ്യങ്ങളിലെ ജൈവകൃഷി നിയമങ്ങൾക്കനുസൃതമായി സാക്ഷ്യപ്പെടുത്തുക.
  • ജൈവകൃഷിയിലേർപ്പെട്ടിരിക്കുന്ന കർഷകർക്കും കർഷക സമൂഹങ്ങൾക്കും ആവശ്യമായ നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുക.
  • ജൈവ ഭക്ഷ്യോൽപന്നങ്ങളുടെ ഗുണമേന്മയെപ്പറ്റി കൂടുതൽ പ്രചാരണം നടത്തി ജൈവകൃഷിയിലേക്ക് ജനങ്ങളെ ആകർഷിക്കുക.
vegetable

ജൈവമുദ്ര– ഭാവിപ്രതീക്ഷ

രാജ്യാന്തര ജൈവകൃഷി ഗവേഷണ കേന്ദ്രം ഇൻഡോസെർട്ടിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ രൂപരേഖയും സങ്കേതിക ഉപദേശങ്ങളും നൽകുന്നു. ജൈവമുദ്രണത്തെ ലാക്കാക്കി ഭക്ഷ്യവസ്‌തുക്കൾ ഉൽപാദിപ്പിക്കുന്ന കർഷകർ കേന്ദ്ര സർക്കാരിന്റെ വാണിജ്യ വ്യവസായ മന്ത്രാലയത്തിൽ നിന്നും പുറപ്പെടുവിച്ചിട്ടുള്ള പൊതുനിർദ്ദേശങ്ങൾ പാലിച്ചു വേണം ജൈവകൃഷി നടത്താൻ. മാത്രമല്ല തേയില, സുഗന്ധവ്യഞ്ജനങ്ങൾ, നാളികേരം എന്നിവയുടെ ജൈവകൃഷി നടത്തുന്നവർ അതാതു ബോർഡുകൾ ജൈവകൃഷിക്കായി നൽകിയിട്ടുള്ള മാർഗ നിർദ്ദേശങ്ങളും കൂടെ പാലിക്കണ്ടതുണ്ട്.

ജനിതകസാങ്കേതിക വിദ്യയിലൂടെ പുറത്തിറക്കിയിട്ടുള്ള ഇനങ്ങൾ ജൈവകൃഷിയിൽ അംഗീകരിക്കപ്പെട്ടിട്ടില്ല. എന്നാൽ സങ്കരയിനങ്ങൾ കൃഷിയിറക്കുന്നതിൽ വിരോധമില്ല. ഒരു കൃഷിയിടത്തിൽ ജൈവകൃഷി തുടങ്ങി ഉടനെതന്നെ ജൈവമുദ്ര ലഭിക്കുകയില്ല. നെല്ല്, പച്ചക്കറികൾ തുടങ്ങിയ ഹ്രസ്വകാല വിളകളിൽ ജൈവകൃഷിതുടങ്ങി ഒരു വർഷത്തിനു ശേഷം ജൈവമുദ്രയ്‌ക്ക് അപേക്ഷിക്കാം. വർഷങ്ങളോളം നിലനിൽക്കുന്ന ഫലമരങ്ങൾ, തെങ്ങ് തുടങ്ങിയ ദീർഘകാല വിളകളിൽ ജൈവകൃഷി തുടങ്ങി മൂന്നുവർഷത്തിനുശേഷം മാത്രമേ ജൈവമുദ്ര ലഭിക്കുകയുള്ളൂ. 

English summary: Organic agriculture certification and label in India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA