ADVERTISEMENT

സ്കൂൾ തുറന്നതോടെ മാതാപിതാക്കൾക്കും തുടങ്ങി മാനസ്സിക സമ്മര്‍ദം. കുട്ടികളുടെ പഠനവും ആരോഗ്യവുമാണ് പ്രധാന കാരണങ്ങൾ. കുട്ടികളുടെ ആരോഗ്യത്തിൽ ഭക്ഷണത്തിനു വലിയൊരു പങ്കുണ്ട്. വിശേഷിച്ചു തലച്ചോറിന്റെ വളർച്ചയ്ക്ക്.

നമ്മുടെ ശരീരത്തിലെ ഏറ്റവും വിശപ്പുള്ള അവയവമാണ് തലച്ചോറ്. ഭക്ഷണത്തിലെ പോഷകങ്ങൾ ഏറ്റവും ആദ്യം വലിച്ചെടുക്കുന്നതും തലച്ചോറുതന്നെ. കുട്ടികളുടെ ബുദ്ധിവളർച്ച കൂട്ടാനുള്ള ചില വഴികൾ ഇതാ..

kid
picture courtesy shutterstock

പഞ്ചസാരയുടെ അളവ് സന്തുലിതമാക്കുക

പഞ്ചസാര തലച്ചോറിന്റെ സൂപ്പര്‍ ഇന്ധനം തന്നെ. പക്ഷേ, കൃത്യമായ തരത്തിലുള്ള പഞ്ചസാര, കൃത്യമായ അളവിൽ, ക്യത്യസമയത്തു കൊടുക്കണം. പഞ്ചസാരയുടെ അളവ് കൂടിയാല്‍  കുട്ടി ഹൈപ്പര്‍ ആക്ടീവ് (hyperactive) ആയി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെയാകും. അളവു കുറഞ്ഞാൽ ക്ഷീണവും കോപവും ഉണ്ടായി, ശ്രദ്ധ കുറയും. 3 നേരമായി പ്രധാന ഭക്ഷണവും ഇടയ്ക്ക് 2 നേരം സ്നാക്സും കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാം.  കാര്‍ബോഹൈഡ്രേറ്റ്സിനൊപ്പം പ്രോട്ടീനും ചേർത്തു നൽകുക. കാര്‍ബോഹൈഡ്രേറ്റ്സിലുള്ള പഞ്ചസാര രക്തത്തിലേക്കു വലിയുന്നതിന്റെ തോതു കുറയ്ക്കാൻ പ്രോട്ടീന്‍ സഹായിക്കും. ഇഡ്ഡലി, ദോശ,  ചോറും തൈരും, ചപ്പാത്തിയും പരിപ്പും തുടങ്ങിയവ നൽകാം. പഴങ്ങൾ, നട്സ്, സാൻവിച്ച് തുടങ്ങി ആരോഗ്യപ്രദമായ സ്നാക്സ് സ്കൂളിൽ കൊടുത്തുവിടാൻ ശ്രദ്ധിക്കണം.

ആവശ്യത്തിനു കൊഴുപ്പ് ഉൾപെടുത്തുക

തലച്ചോറിന്റെ 60% കൊഴുപ്പാണ്. അതുകൊണ്ടുതന്നെ കൊഴുപ്പിൽ ഉണ്ടാകുന്ന കുറവ് ബുദ്ധിവളർച്ചയെ സാരമായി ബാധിക്കും. വോൾനട്ട്, നിലക്കടല, ബദാം, സൺഫ്ളവർ സീഡ്സ്, ഫ്ളാക്സ് സീഡ്, കസ്കസ്, എള്ള്, മീൻ, മീനെണ്ണ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. സൂപ്പ്, സാലഡ് എന്നിവയിലും ചപ്പാത്തിമാവിലോ കേക്ക് മിശ്രിതത്തിലോ ഇവ ചേർക്കാം. വറുത്തുപൊരിച്ചതും സംസ്കരിച്ചതുമായ ഭക്ഷണം ഒഴിവാക്കുക.

kid-2
picture courtesy shutterstock

വൈറ്റമിനുകളും ധാതുക്കളും

തലച്ചോറിന്റെ വളർച്ചയ്ക്ക് ഇവ അത്യാവശ്യമാണ്. പഴങ്ങളും പച്ചക്കറികളും തവിടു കളയാത്ത ഭക്ഷണവും ജീവകങ്ങളും ധാതുലവണങ്ങളും നിറഞ്ഞതാണ്. ദിവസേന ആവശ്യത്തിനു പഴങ്ങളും പച്ചക്കറികളും കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ചവച്ചു തിന്നാവുന്ന മൾട്ടി വൈറ്റമിൻ മിനറൽ ഗുളികകൾ നൽകാം. 

കുട്ടികളുടെ ഭക്ഷണത്തിൽ ഉറപ്പായും വേണ്ട ചില ചേരുവകൾ

  • മുട്ട: ഇതിലുള്ള കോളിൻ ഓർമശക്തി കൂട്ടും. 
  • തവിടു കളയാത്ത ധാന്യങ്ങൾ: തുടർച്ചയായി ഗ്ലൂക്കോസും ബി വൈറ്റമിനുകളും നൽകുന്നതിനാൽ നാഡീവ്യൂഹത്തിന്റെ പ്രവർത്തനം സുഗമമാക്കുന്നു. 
  • നിറമുള്ള പച്ചക്കറികളും പഴങ്ങളും: ആന്റി ഓക്സിഡന്റ് കലവറയായ ഇവ തലച്ചോറിലെ കോശങ്ങൾ കൂടുതൽ ആരോഗ്യപ്രദമാക്കുന്നു.
  • പാലും തൈരും: പ്രോട്ടീനും ബി വൈറ്റമിനും നിറഞ്ഞിരിക്കുന്നതിനാൽ തലച്ചോറിന്റെ വളർച്ചയ്ക്കു സഹായിക്കുന്നു. 
  • നട്സ്, എണ്ണക്കുരുക്കള്‍:  ആന്റി ഓക്സിഡന്റുകളും പ്രോട്ടീനും ഉള്ളതിനാൽ വളർച്ചയ്ക്കൊപ്പം പ്രതിരോധശേഷിയും വർധിപ്പിക്കും.

സൂപ്പർ ബ്രേക്ക്ഫാസ്റ്റ്

200 ഗ്രാം തൈരും 2 വലിയ സ്പൂൺ തേനും ചേർത്തടിക്കുക. ഒരു പാനിൽ കാൽ കപ്പ് ഓട്സ് ചേർത്തു വറുക്കണം. ഇളം ബ്രൗൺ നിറമാകുമ്പോൾ കാൽ കപ്പ് കോൺഫ്ളേക്സ് പൊടിച്ചതും 6 ബദാം അരിഞ്ഞതും കാൽ കപ്പ് സൺഫ്ലവർ സീഡ്സ് റോസ്റ്റ് ചെയ്തതും ചേർത്തു മാറ്റിവയ്ക്കുക. ഒരു ഗ്ലാസിന്റെ കാൽ ഭാഗം തൈരു മിശ്രിതം നിറയ്ക്കുക. കാൽ ഭാഗം ഓട്സ് മിശ്രിതം നിരത്തുക. ഇങ്ങനെ പല ലെയറുകളായി സെറ്റ് ചെയ്യണം. ഏറ്റവും മുകളിൽ ഓട്സ് വരണം. മുകളിൽ കാൽ കപ്പ് മാത ളനാരങ്ങ അല്ലികൾ വിതറി വിളമ്പാം

English summary: What foods are good for brain development in kids

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com