കനത്ത മഴയും വെള്ളപ്പൊക്കവും ആവര്‍ത്തിക്കുമ്പോള്‍ മത്സ്യക്കര്‍ഷകര്‍ ശ്രദ്ധിക്കേണ്ടത്

HIGHLIGHTS
  • വെള്ളപ്പൊക്കം കൂടുതലായും ഉണ്ടാകുന്നത് ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ
  • പ്രളയ സാധ്യതയുള്ള സ്ഥലങ്ങളിൽ ടാങ്കുകൾ നിർമിക്കുന്നത് നന്നല്ല
flood-fish-farming
SHARE

മത്സ്യകൃഷിയിൽ നൂതന രീതികൾ പ്രചാരം നേടുകയും പ്രവാസികളുൾപ്പെടെ ഒട്ടേറെ സംരംഭകര്‍ ഈ മേഖലയില്‍ താല്‍പര്യം കാണിക്കുകയും  ചെയ്യുമ്പോഴാണ്  കനത്ത മഴയും വെള്ളപ്പൊക്കവും ആവര്‍ത്തിക്കപ്പെടുന്നത്.  പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ള മത്സ്യക്കൃഷിയെയും പുഴകളിലെയും കായലുകളിലെയും  കൂടുമത്സ്യക്കൃഷിയെയും പ്രളയക്കെടുതികൾ സാരമായി ബാധിക്കുന്നു. അലങ്കാര മത്സ്യ ക്കൃഷിക്കും ഇതു തടസ്സമാകുന്നു. വെള്ളപ്പൊക്കം  കൂടുതലായും ഉണ്ടാകുന്നത് ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയാണ്. അതിനാല്‍ മത്സ്യക്കൃഷിയുടെ കാലക്രമത്തിലുള്‍പ്പെടെ മാറ്റം വരുത്തേണ്ടതുണ്ട്. 

സ്വാഭാവിക കുളങ്ങളില്‍

ക്രിസ്മസ് വിപണി ലക്ഷ്യമാക്കിയാണ് മിക്ക കർഷകരും കട്‌‌ല, രോഹു, മൃഗാൽ, വാള, തിലാപ്പിയ തുടങ്ങിയ ശുദ്ധജല മത്സ്യങ്ങളെ കുളങ്ങളിൽ വളർത്തുന്നത്. പ്രളയഭീഷണിയുള്ള സ്ഥലങ്ങളിൽ വിളവെടുപ്പ് കഴിവതും ജൂലൈ മാസത്തിനകം നടത്തുന്നതാണ് നല്ലത്. കുളങ്ങൾക്ക് ചുറ്റും ചുരുങ്ങിയത് ഒരു  മീറ്റർ ഉയരത്തിലോ അല്ലെങ്കിൽ മുൻ വർഷങ്ങളിൽ വെള്ളം കയറിയ അളവിനു മുകളിൽ വരത്തക്ക രീതിയിലോ ഹൈ ഡെന്‍സിറ്റി പോളി എതിലിന്‍ (HDPE – 2മി. മീ.  X 40 മി. മീ.) വലകൾ ഉപയോഗിച്ചു വേലി കെട്ടുക. കുളങ്ങൾക്കു മുകളിൽ എച്ച്ഡിപിഇ (HDPE– 1.5മി. മീ. X 80 മി. മീ.) വലകൾ ഉപയോഗിച്ചു മൂടുക. കുളങ്ങളിലേക്ക് മറ്റിടങ്ങളിൽനിന്നു വെള്ളം ഒഴുകിവരാതിരിക്കാന്‍  നടപടിയെടുക്കുക. കുളങ്ങളുടെ ബണ്ടുകളുടെ ഉയരം പരമാവധി ഉയർത്തുക. ഇത്രയും മുൻകരുതലുകൾ എടുത്താൽ വെള്ളപ്പൊക്കത്തില്‍ മീൻ നഷ്ടപ്പെടുന്നത് ഒരു പരിധിവരെ തടയാം. 

കൃത്രിമക്കുളങ്ങളില്‍

പ്രളയ സാധ്യതയുള്ള സ്ഥലങ്ങളിൽ ടാങ്കുകൾ നിർമിക്കുന്നത് നന്നല്ല. ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തിൽ ടാങ്കുകൾ ഉണ്ടാക്കുമ്പോൾ തറ ഉയര്‍ന്നായിരിക്കണം. ജലനിരപ്പുയരുന്ന സമയത്തു വൈദ്യുതിതടസ്സമുണ്ടാകും എന്നതിനാൽ ജനറേറ്റര്‍ തീർച്ചയായും ഒരുക്കണം. കഴിയുമെങ്കിൽ ജൂലൈ മാസത്തിനുള്ളിൽത്തന്നെ വിളവെടുക്കുക.

അലങ്കാരമത്സ്യക്കൃഷി

പ്രളയസാധ്യതയുള്ള  പ്രദേശങ്ങളിലെ സ്വാഭാവിക കുളങ്ങളിൽ വിദേശ ഇനം മത്സ്യങ്ങൾ അടങ്ങുന്ന അലങ്കാരമത്സ്യക്കൃഷി പാടില്ല. അലിഗേറ്റർ ഗാർ, അരാപൈമ, അരോണ, മുഷി, കോയി കാർപ്, ഗോൾഡ് ഫിഷ്, റെഡ് ബെല്ലിഡ് പാക്കു, സക്കർ ക്യാറ്റ് ഫിഷ്, ഗിഫ്റ്റ് (ജെനറ്റിക്കലി ഇംപ്രൂവ്ഡ് ഫാംഡ് തിലാപ്പിയ) തുടങ്ങിയ വിദേശമത്സ്യങ്ങൾ പൊതുജലാശയങ്ങളിൽ എത്തി നാടൻമത്സ്യങ്ങളുടെ നിലനിൽപ്പിനു ഭീഷണിയാകുമെന്നതും ഇവ ആവാസവ്യവസ്ഥയിൽ മാറ്റം വരുത്താനിടയുണ്ട് എന്നതുമാണ് കാരണം. പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ ഉയരത്തിലുള്ള തട്ടുകൾ നിർമിച്ച് അതില്‍ മാത്രമേ അലങ്കാരമത്സ്യക്കൃഷി നടത്താവൂ.

കുളങ്ങളിലെ കരിമീൻ വിത്തുൽപാദനം 

കായലുകളിൽനിന്നു വെള്ളം കയറ്റിയിറക്കുന്ന ഓരുജലാശയങ്ങളിലാണ് കരിമീൻ വിത്തുൽപാദനം നടത്തിവരുന്നത്. വെള്ളപ്പൊക്കം  ഈ സംരംഭങ്ങളെയും കാര്യമായി ബാധിക്കുന്നു. ജലനിരപ്പുയരുന്നതിനൊപ്പം കളമത്സ്യങ്ങൾ കൂടി കയറി കുളങ്ങൾ വിത്തുൽപാദനത്തിനു  യോജ്യമല്ലാതാകുന്നതായാണ് കാണുന്നത്. കുളങ്ങളുടെ ചുറ്റുമുള്ള ബണ്ടുകളുടെ ഉയരം പരമാവധി ഉയർത്തുക. കുളങ്ങൾക്ക് ചുറ്റും ചുരുങ്ങിയത് ഒരു മീറ്റർ ഉയരത്തിലോ അല്ലെങ്കിൽ മുൻ വർഷങ്ങളിൽ വെള്ളം കയറിയ അളവിനു മുകളിൽ വരത്ത ക്കവിധം കണ്ണിവലുപ്പം കുറഞ്ഞ എച്ച്ഡിപിഇ (1 മി.മീ. X 16 മി.മീ. ) വലകൾ ഉപയോഗിച്ചു ജൈവ വേലി കെട്ടുക.

പ്രളയാനന്തരം ചെളി പൂർണമായും മാറ്റി വൃത്തിയാക്കി കളസസ്യങ്ങളെയും കളമത്സ്യങ്ങളെയും പരിപൂർണമായും മാറ്റിയ ശേഷമേ വീണ്ടും വിത്തുൽപാദനം തുടങ്ങാവൂ.  ഇതിനായി ടീസീഡ് പൊടി ഉപയോ ഗിക്കാം. ഒരു സെന്റ് കുളത്തിൽ 200 ഗ്രാം പൊടിയാണ് ആവശ്യം. ഇത് കല്ലുപ്പും ചേർത്ത് 24 മണിക്കൂർ വെള്ളത്തിൽ കുതിർത്തുവയ്ക്കുക. കുളത്തിലെ വെള്ളത്തിന്റെ അളവ് പരമാവധി കുറച്ചതിനുശേഷം ഈ മിശ്രിതം തളിക്കുക. ശേഷം, കുമ്മായം അല്ലെങ്കിൽ ഡോളോമൈറ്റ് സെന്റിന്  4 കിലോ എന്ന ക്രമത്തിൽ പ്രയോഗിക്കണം. ഇങ്ങനെയൊരുക്കിയ കുളങ്ങളിൽ ഏഴാം ദിവസം മത്സ്യങ്ങളെ നിക്ഷേപിക്കാം. 

കൂടുമത്സ്യക്കൃഷി 

കൂടുമത്സ്യക്കൃഷി ജൂലൈ മാസത്തിനുള്ളിൽ വിളവെടുക്കാവുന്ന വിധത്തില്‍ ആസൂത്രണം ചെയ്യുക. ജലാശയത്തില്‍ കൂടുകൾ വച്ചിരിക്കുന്നിടങ്ങളിൽ ചെളി അടിഞ്ഞുകൂടി ആഴം കുറയാനിടയുള്ളതിനാൽ കൂടുകൾ നല്ല ആഴമുള്ള സ്ഥലങ്ങളിൽ മാത്രം സ്ഥാപിക്കുക. വെള്ളം കയറി ഇറങ്ങിയ ശേഷം കൂടുകൾക്ക് കാഴ്ചയില്‍ കേടുപാടുകൾ ഇല്ലെങ്കിൽ കൂടി അവയുടെ വലകൾ അഴിച്ചെടുത്ത് പരിശോധിക്കേണ്ടതാണ്. പ്രളയസമയത്ത് പലതരം വസ്തുക്കള്‍  വലകളിൽ അടിഞ്ഞു ചെറിയ കീറലുകൾ ഉണ്ടായിട്ടുണ്ടാകാം.  ഇരുമ്പു പുറംചട്ടയുള്ള കൂടുകൾ പുറത്തേക്ക് എടുത്ത്, ഉണക്കി വൃത്തിയാക്കി ആന്റി ഫൗളിങ് പെയിന്റ് അടിച്ചതിനു ശേഷം മാത്രം ഉപയോഗിക്കുക. വെള്ളം കയറിയ ഇടങ്ങളിലെ കൂടുവലകൾ മാറ്റി പുതിയ വലകളിൽ മീനുകളെ ഇടണം.

fish-disease-karimeen

പ്രളയശേഷം കുമിള്‍രോഗം

പ്രളയത്തിനു ശേഷം ജലാശയങ്ങളിൽ മത്സ്യങ്ങൾക്ക് എപിസോട്ടിക് ആൾസ്റേറ്റിവ് സിൻഡ്രോം എന്ന കുമിൾരോഗം വരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്.  ഈ അസുഖം ശുദ്ധജലാശയങ്ങളിലും ഓരുജലാശയ ങ്ങളിലും വളരുന്ന മത്സ്യങ്ങൾക്കു വരാം.  ശരീരത്തിൽ വ്രണങ്ങൾ, ചെറിയ വട്ടത്തില്‍ ചുവന്ന പാടുകൾ, മുറിവുകൾ, പഴുപ്പ് എന്നിവയും ചെതുമ്പലുകൾ പൊന്തിയിരിക്കുന്നതുമാണ് ലക്ഷണങ്ങള്‍.  പ്രളയാനന്തരം  വെള്ളത്തിന്റെ താപനിലയിലും അമ്ലതയിലുമുണ്ടാകുന്ന കുറവാണ് രോഗകാരണം. അമ്ല–ക്ഷാരനില(പിഎച്ച്) അനുസരിച്ച് സെന്റ് ഒന്നിന് 100 ഗ്രാം മുതല്‍ 500 ഗ്രാംവരെ കുമ്മായമിട്ടാല്‍ ഈ അസുഖം പടരുന്നത് ഒരു പരിധിവരെ തടയാം. രോഗമുള്ള മത്സ്യങ്ങളെ എത്രയും വേഗം  കുളങ്ങളിൽനിന്നു മാറ്റണം, ഇല്ലെങ്കിൽ കൂടുതൽ മത്സ്യങ്ങളിലേക്ക് രോഗം പടരും.

വിലാസം: ജില്ല കൃഷിവിജ്ഞാനകേന്ദ്രം, ഞാറയ്ക്കല്‍, എറണാകുളം

ഇ മെയില്‍: kvk.Ernakulam@icar.gov.in 

English summary: Tips for Fish farming in rainy season

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പേടിയില്ല, ഇതും ഒരു തൊഴിൽ | Well of Death | Lady bike rider | Manorama Online

MORE VIDEOS
FROM ONMANORAMA