ADVERTISEMENT

യാഥാർഥ്യമായിക്കഴിഞ്ഞ കലാവസ്ഥ വ്യതിയാനത്തിൽ വർഷങ്ങളായി ഉപയോഗിക്കുന്നതും ശീലിച്ചതുമായ കൃഷിരീതികളും, പ്രത്യേകിച്ച്, യന്ത്രവൽകരണ സംവിധാനത്തിൽ വലിയ മാറ്റം വരുത്തേണ്ടിവരുമോ?

കൃഷിയിറക്കാൻ മണ്ണ് ഇളക്കിമറിക്കാതെയുളള നിലമൊരുക്കലിന് യന്ത്രങ്ങളുടെ പുതിയ രൂപങ്ങളെത്തുമോ? കൃഷി രീതിയിലും ശീലങ്ങളിലും സമീപനങ്ങളിലും മാറ്റം വരുത്തിയേ തീരുവന്നും അത് ഏത്രയും പെട്ടന്ന് ആരംഭിക്കണമെന്നുമാണ് ശാസ്ത്രലോകം വ്യക്തമാക്കുന്നത്. പലരാജ്യങ്ങളിലും അതു തുടങ്ങിക്കഴിഞ്ഞു. മാറിയ കാലാവസ്ഥയിൽ കൃഷിക്ക് മണ്ണൊരുക്കുന്ന യന്ത്രരീതികളിൽ മാറ്റംവരുത്തിയപ്പോൾ വിള ഉൽപാദനം 30% വരെ വർധിച്ചതായി അടുത്തിടെ വിവിധരാജ്യങ്ങളിൽ നടന്ന ഗവേഷണ ഫലം വ്യക്തമാക്കുന്നു. നെല്ല്, ഗോതമ്പ് കൃഷികളിലാണ് ഇന്ത്യയുൾപ്പെടെയുളള രാജ്യങ്ങളിൽ മണ്ണിന് പരുക്കേൽക്കാത്ത രീതി എഡിബിഐ(ഏഷ്യൻ ഡവലപ്പ്മെന്റ് ബാങ്ക് ഇൻസ്റ്റിട്ട്യൂട്ട് ) സഹായത്തോടെ പരീക്ഷിച്ചു വിജയിച്ചത്. ഉൽപാദന വർധനയും വിപണിയും ലക്ഷ്യമിട്ടു നടത്തിയ യന്ത്രവൽകരണ നടപടികളിൽ പലതും മണ്ണിന്റെ ഘടനയെ അട്ടിമറിച്ചുവന്ന ഗവേഷകരുടെ കണ്ടെത്തൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്. ശാസ്ത്രീയമായി വിവരിക്കാൻ അറിവില്ലായിരുന്നുവെങ്കിലും, മണ്ണിന്റെ കാര്യത്തിൽ പരമ്പരാഗത കൃഷിയിൽ നേരത്തെ നിരീക്ഷിച്ചകാര്യങ്ങളിൽ പലതും ശരിവയ്ക്കുന്നതാണ് പുതിയ ഗവേഷണത്തിലെ കണ്ടെത്തലുകൾ.

കാലാവസ്ഥാ വ്യതിയാനം തുടർന്നാൽ വിളവിന്റെയും മണ്ണിന്റെയും സ്ഥിതി എന്തായിരിക്കുമെന്നത് കൃഷിരംഗത്തുള്ള വലിയ സ്ഥാപനങ്ങൾ മുതൽ നാട്ടിൻപുറത്ത് അര ഏക്കറിൽ നെൽകൃഷി ചെയ്യുന്നവരെ വരെ അലട്ടുന്ന വിഷയത്തിനുളള ഉത്തരംകൂടിയാണ് ഇപ്പോൾ പല രാജ്യങ്ങളിലും ചൂടുപിടിച്ച ചർച്ചയായിരിക്കുന്നത്. എഡിബിഐയുടെ ഗവേഷണ പരീക്ഷണത്തിനെതിരെ എതിർവാദങ്ങൾ ശക്തമാണെങ്കിലും ഗവേഷണങ്ങളിൽ തെളിയിച്ച വസ്തുതകളാണ് അവർ കഴിഞ്ഞദിവസം ലോകത്തിന് മുൻപിൽ അവതരിപ്പിച്ചത്. മണ്ണ് ഉഴുതുമുറിക്കുന്ന പവർട്രില്ലർ കാർഷിക മേഖലയിൽ പ്രധാന വില്ലനായി മാറിയെന്നാണ് ശാസ്ത്രജ്ഞരുടെയും കലാവസ്ഥവിദഗ്ധരുടെയും കണ്ടെത്തൽ. കാളയെയും പോത്തിനെയും ഉപയോഗിച്ച് പാടം ഉഴുതിരുന്ന കാലത്തേക്ക് തിരിച്ചുപോകുകയെന്നല്ല, മണ്ണിന്റെ ഘടന താറുമാറാക്കാത്ത പുതിയ രീതിയിലുള്ള യന്ത്രങ്ങൾ വേണമെന്നാണ് ഇവയൊക്കെ ആവശ്യപ്പെടുന്നത്.  നിലവിലുളളവ അത്തരത്തിൽ മാറ്റിയെടുക്കേണ്ടിവരും. പലയിടത്തും അതിനു തുടക്കം കുറിച്ചുകഴിഞ്ഞു. എന്നാൽ, ഇതൊന്നും പ്രായോഗികമല്ലെന്ന് നിർദ്ദേശങ്ങളെ എതിർക്കുന്നവർ വ്യക്തമാക്കുന്നു. ആധുനീകസംവിധാനങ്ങളിൽനിന്നൊരു മാറ്റം ബുദ്ധിമുട്ടുണ്ടാക്കുന്നതും ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്നും അവർ വാദിക്കുന്നു. 

അതേസമയം ആയിരക്കണക്കിന് ഹെക്ടർ കൃഷിയിൽ മണ്ണിന്റെ ഘടനയിലെ മാറ്റംമൂലം ഉണ്ടാകുന്ന 30 % വരെയുളള വിളവിലെ കുറവ്, ഇപ്പോഴത്തെ കൃഷിരീതി തുടർന്നാൽ വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് കണ്ടെത്തലുകളുടെ വിദഗ്ധർ വ്യക്തമാക്കുന്നത്.

നിലവിലുള്ള പവർ ടില്ലറുകൾ കൃഷിയെ പ്രതികൂലമായി ബാധിക്കുന്നു. കലാവസ്ഥ വ്യതിയാനത്തിന് ചേർന്ന വിധത്തിൽ കാർഷികരംഗത്ത് വരുത്തേണ്ട മാറ്റം സംബന്ധിച്ചു എഡിബിഐ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ശാസ്ത്രജ്ഞന്മാരുടെ അന്തർദേശീയ യോഗത്തിൽ വിഷയം ആഴത്തിൽ ചർച്ച ചെയ്യപ്പെട്ടു. പകരം, പൊതുവായി ലഭ്യമാകുന്ന സംവിധാനം എന്ന ചോദ്യത്തിന് വ്യക്തവും കൃത്യവുമായ ഉത്തരം നൽകാൻ ഇപ്പോൾ ആർക്കും കഴിയുന്നില്ല. പക്ഷേ, അത് അനിവാര്യമായി രൂപപ്പെട്ടുവരുമെന്നാണ് നിരീക്ഷണം.  മണ്ണ് കൃഷിക്കു പാകപ്പെടുത്താൻ കഴിയുന്ന പുതിയ യന്ത്രങ്ങൾ വ്യാപകമാകാൻ ഏത്രകാലമെടുക്കും?  അതുവരെ കാർഷിക ഉൽപാദനത്തിന്റെ സ്ഥിതി എന്തായിരിക്കും? ഇതിനിടയിൽ ഏത്രത്തോളമായിരിക്കും പ്രതിസന്ധി? ഒട്ടേറെ ചോദ്യങ്ങളും പുതിയ കണ്ടെത്തുലുകൾ ഉയർത്തുന്നുണ്ട്.

കേരളംപോലെ കാലവർഷം കൃത്യമായിരുന്ന പ്രദേശത്ത് യോജിച്ച വിത്തുകൾ, വിത്തിനു പറ്റിയ മണ്ണ്, അതിനെ ഒരുക്കൽ, മുളപൊട്ടൽ, വളർച്ച, വളം ചേർക്കൽ, കതിരിടൽ, മൂപ്പും പഴുപ്പും തുടങ്ങി കൊയ്ത്തുവരെ എല്ലാം നിശ്ചിത രീതിയിലാണ് കാലാകാലങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. മഴയിലും വേനലിലും വന്ന വലിയ മാറ്റം ഈ സംവിധാനങ്ങളിൽ വിള്ളലുണ്ടാക്കിയിട്ടുണ്ട്. പല മേഖലയിലും ഉൽപാദനക്കുറവും അനുഭവപ്പെടുന്നു. 

അടുക്കളയിലെത്തി കലാവസ്ഥ വ്യതിയാനം

സമയക്രമം തെറ്റിച്ചു നീളുന്ന മഴയുടെയും തണുപ്പിന്റെയും കാറ്റിന്റെയും ഗതിമാറ്റത്തിലും പിന്നാലെയുളള അത്യുഷ്ണത്തിലും ഇപ്പോഴത്തെ കൃഷിരീതിയുമായി അധികം മുന്നോട്ടു പോകാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. നിലവിലുളള സംവിധാനം വളർത്തിയെടുക്കാൻ പങ്കുവഹിച്ചവർകൂടിയായ ശാസ്ത്രജ്ഞരും മണ്ണ്, കലാവസ്ഥ വിദഗ്ധരും അതിനെ പിൻതുണയ്ക്കുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയെന്നതു കലാവസ്ഥ വ്യതിയാനകാലത്തു നേരിടുന്ന വലിയൊരു വെല്ലുവിളിയാണ്. തുടർച്ചയായ കടുത്ത മഴയിൽ കൃഷി വ്യാപകമായി നശിച്ചതോടെ രാജ്യത്ത് അനുഭവപ്പെട്ട തക്കാളിയുടെ ഉയർന്നവില ഈ സാഹചര്യത്തിന്റെ പ്രതിഫലനമായിട്ടുവേണം കാണാൻ. അതായത് കാലാവസ്ഥാ വ്യതിയാനം അടുക്കളകളിലും എത്തിക്കഴിഞ്ഞുവന്നു ചുരുക്കം.

കാലാവസ്ഥാ മാറ്റത്തിന് യോജിച്ച കൃഷിരീതി വളർത്തിയെടുക്കാനുളള ശ്രമം വൈകരുതെന്നാണ് ഭക്ഷ്യസുരക്ഷയിലും കലാവസ്ഥ വ്യതിയാനത്തിലും ഊന്നി കഴിഞ്ഞ ദിവസം എഡിബിഐ നടത്തിയ ത്രിദിനസമ്മേളനം നൽകുന്ന സന്ദേശവും മുന്നറിയിപ്പും.  കണ്ണൂർ അഴീക്കോട് വായിപ്പറമ്പ് സ്വദേശിയായ അന്തരീക്ഷ പഠനശാസ്ത്രജ്ഞനും യൂറോപ്യൻ സ്പെയ്സ് ഏജൻസി പോജക്റ്റ് ഡപ്യൂട്ടി ഡയറക്ടറും മണിപ്പാൽ സർവകലാശാല വിസിറ്റിങ് പ്രഫസറുമായ ഡോ. എം.കെ.സതീഷ്കുമാറും ഈ സുപ്രധാന സമ്മേളനത്തിൽ പങ്കെടുത്തു. മുഖ്യപ്രബന്ധം അവലോകനം ചെയ്തതും അദ്ദേഹമാണ്. കലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിച്ച് ഭക്ഷ്യസുരക്ഷലക്ഷ്യമിട്ടുളള പരിപാടിയിൽ വിവിധ രാഷ്ട്രങ്ങളിൽനിന്ന് 55 പ്രതിനിധികളാണ് പങ്കെടുത്തത്. മണ്ണിന്റെ താറുമാറായ സാഹചര്യം മാറ്റിയെടുത്ത് നടത്തിയ കൃഷിയിലുണ്ടായ ഉൽപാദനവർധനയെക്കുറിച്ച് അവർ വിശദമായി പ്രതിപാദിച്ചു.

satish-kumar
എഡിബിഐ സമ്മേളനത്തിൽ ഡോ. എം.കെ.സതീഷ്കുമാർ

പവർടില്ലറെന്ന വില്ലൻ

കാർഷികമേഖലയിലെ അനിവാര്യമായ ഉപകരണമാണിപ്പോൾ പവർ ടില്ലറെങ്കിലും അത് മണ്ണിൽ കടുത്ത സമ്മർദ്ദമാണ് ഉണ്ടാക്കുന്നത്.

മണ്ണിന്റെ വളക്കൂറ്(ഫലഭൂവിഷ്ഠത) നഷ്ടപ്പെടുത്തുന്നു. ടില്ലർകൊണ്ട് ഉഴുതുമറിക്കുമ്പോൾ മണ്ണിനടിയിലെ വിള്ളലുകൾ വികസിക്കുന്നതായി ഗവേഷകർ കണ്ടെത്തി. മഴക്കാലത്തും ജലസേചന സമയത്തും ഈ വിളളലിൽ ജലം നിറഞ്ഞ് കെട്ടിനിൽക്കുന്ന അവസ്ഥയുണ്ട്. അത് പിന്നീട് മണ്ണിലെ സൂക്ഷ്മപാളികളിലൂടെ പുറത്തേക്ക് ഒഴുകും. കൃഷിക്കു നൽകുന്ന വളവും മറ്റു ജൈവഅവശിഷ്ടങ്ങളും ഈ വെളളത്തിലൂടെ നഷ്ടപ്പെടുകയാണെങ്കിലും നേരത്തെ ഇതൊന്നും സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നില്ല. ഇങ്ങനെ മണ്ണിന്റെ പിഎച്ച് (അമ്ല–ക്ഷാര നില) മൂല്യം കുറയുന്നു. ഒപ്പം ജലം ആഗിരണം ചെയ്യാനുള്ള മണ്ണിന്റെ ശേഷിയും കുറയും. ഇത്രയും പ്രത്യാഘാതം പവർ ടില്ലറിന്റെ തുടർച്ചയായ ഉപയോഗം ഉണ്ടാകുന്നവെന്ന കണ്ടെത്തലാണ് യന്ത്രവൽക്കരണം കുറയ്ക്കുന്ന കൃഷിരീതി എഡിബിഐയുടെ സഹായത്തോടെ പല രാജ്യങ്ങളിലും പരീക്ഷിച്ചുതുടങ്ങിയതെന്ന് ഡോ. എം.കെ.സതീഷ്കുമാർ മനോരമ ഓൺലൈൻ കർഷകശ്രീയോടു പറഞ്ഞു.

മണ്ണിനെ ആകെ മറിച്ചിടുന്നു

ട്രില്ലർ മണ്ണിനെ മറിച്ചിടുകയാണ് ചെയ്യുന്നത്. അതുവഴി മണ്ണിന്റെ പോഷക ഘടകങ്ങൾ മേൽഭാഗത്ത് എത്തുന്നതിനാൽ ചെടിയുടെ വേരിന് കാര്യമായി പോഷകം ലഭിക്കാതാകുന്നുണ്ട്. ജലം സൂക്ഷിച്ചുവയ്ക്കാനുള്ള ശേഷിക്കും കുറവുവരും. മൺപാളികൾക്ക് സ്ഥാനചലനം സംഭവിക്കുന്നുണ്ട്. മുൻകാലങ്ങളിലെ കാലാവസ്ഥയ്ക്കനുസരിച്ചു വികസിപ്പിച്ചെടുത്ത ഈ യന്ത്ര രീതിയിൽ നിന്നുള്ള മാറ്റമാണ് ഇനിവേണ്ടതെന്നാണ് പല രാജ്യങ്ങളിൽ നിന്നുളള പ്രതിനിധികൾ ആവർത്തിച്ചു പറഞ്ഞത്.

ഫിലിപ്പീൻസ്, തായ്‌വാൻ, മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ 2007 മുതലാണ് കലാവസ്ഥ വ്യതിയാനം കൃഷിയിലും മണ്ണിലുമുണ്ടാക്കുന്ന മാറ്റത്തെക്കുറിച്ചു ഗവേഷണം ആരംഭിച്ചത്. നെൽകൃഷി, ഗോതമ്പ് എന്നീ കൃഷികളിൽ മണ്ണിനെ ഇളക്കിമറിക്കാതെയുളള രീതിയിൽ  നാലുവർഷംകൊണ്ട്  വലിയമാറ്റം ഉണ്ടായതായി ഗവേഷകർ അവകാശപ്പെട്ടു. പവർടില്ലർ ഒഴിവാക്കിയതാണ് നേട്ടത്തിനു പ്രധാന കാരണം. മണ്ണിന്റെ ഘടനമാറ്റാതെയുളള കൃഷിയാണ് കലാവസ്ഥ വ്യതിയാനകാലത്ത് ആവശ്യം–അവർ സംശമില്ലാതെ വിശദമാക്കുന്നു. നേപ്പാൾ, ടിബറ്റ് ഭാഗത്ത് കിഴക്കൻ ഗംഗാതടത്തിലും ബംഗാളിന്റെ കിഴക്കുഭാഗത്തും പഞ്ചാബിലും പവർടില്ലർ ഉപയോഗിക്കാതെ കൃഷിയിറക്കിവർക്ക് മുൻകാലത്തെക്കേൾ കൂടുതൽ വിളവ് ലഭിച്ചു. നെല്ലിൽ 20 %, ഗോതമ്പിൽ 30% എന്നിങ്ങനെ വിളവ് വർധിച്ചു. ഗംഗാതടത്തിലാണ് കലാവസ്ഥ വ്യതിയാനം രൂക്ഷമായി അനുഭവപ്പെടുന്നതും.

പുല്ലും വൈക്കോലും പാടത്തു കിടക്കട്ടെ

മണ്ണിനെ താറുമാറാക്കുന്ന അമിത യന്ത്രവൽക്കരണത്തിൽ മാത്രമല്ല കുറവു വരുത്തേണ്ടത്. പാടത്ത് പുല്ലും മറ്റ് അവശിഷ്ടങ്ങളും കൂട്ടിയിട്ടുകത്തിക്കുമ്പോൾ അത് അന്തരീക്ഷമലിനീകരണം ഉണ്ടാക്കുന്നതിനൊപ്പം മണ്ണിന്റെ വളക്കൂറും നഷ്ടപ്പെടുത്തുന്നു. പാടത്ത് ശേഷിക്കുന്ന വൈക്കോൽ വലിയൊരു വളംകൂടിയാണെന്ന മുൻകാലത്തെ കർഷകരുടെ അറിവിനെയും ഇപ്പോൾ വിദഗ്ധർ ശരിവയ്ക്കുകയാണ്. അവ ചീഞ്ഞ് അഴുകിയാൽ മണ്ണിന് ഗുണകരമായ ഒട്ടേറെ ബാക്ടീരിയകൾ ഉണ്ടാകും. ഇപ്പോൾ ഇത്തരം സൂക്ഷ്മജീവികളെ ഇല്ലാതാക്കുന്ന രീതികളാണ് നടക്കുന്നത്. മണ്ണിൽ നിന്നു പുറത്തേക്കുവരുന്ന ഒട്ടേറെ അനാവശ്യ വാതകങ്ങളും പുല്ലും മറ്റും അവിടെ തന്നെ ചേർക്കുന്നതുവഴി കുറയുന്നു. ആഫ്രിക്ക, വിയറ്റ്നാം, തായ്‌വാൻ,ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലും ഇത്തരം ഗവേഷണം വിജയമായി.  

ചൈനീസ് സർക്കാരിന്റെ വിവിധ ഏജൻസികൾ ആഫ്രിക്കയിലാണ് വലിയ തോതിൽ സ്ഥലം ലീസിനെടുത്തു കലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്ന രീതിയും യന്ത്രങ്ങളും വികസിപ്പിച്ചെടുക്കുന്നത്. ഇതിനാവശ്യമായ സാങ്കേതിക സഹായം എഡിബിഐ നൽകുന്നുണ്ട്. രാജ്യങ്ങൾക്കും ഗവേഷണകേന്ദ്രങ്ങൾക്കും സമീപിക്കാം. കേന്ദ്ര കാർഷികമന്ത്രാലയവും വിവിധ ഏജൻസികളും ഉത്തരേന്ത്യയിൽ മാറിയ കാലാവസ്ഥയ്ക്ക് യോജിച്ച രീതി വികസിപ്പിച്ചെടുക്കാൻ നീക്കങ്ങൾ തുടങ്ങി. എന്നാൽ കലാവസ്ഥ ഏറ്റവും കൂടുതൽ ബാധിക്കുന്ന ദക്ഷിണ സംസ്ഥാനങ്ങളിൽ വിഷയം ഇനിയും ഗൗരവമായി എടുത്തിട്ടില്ലെന്നത് കൂടുതൽ വിഷമം ഉണ്ടാക്കുമെന്നാണ് നിരീക്ഷണം.

തയാറായി ഇരിക്കുക

കാർബൺ ന്യൂട്രാലിറ്റി നിലനിർത്താൻ പാടങ്ങളിൽ വൈക്കോൽ കത്തിക്കുന്നത് ഉപേക്ഷിക്കണമെന്ന് ഡോ. എം.കെ.സതീഷ്കുമാർ നിർദ്ദേശിക്കുന്നു. പകരം അവ പാടത്തു ചീഞ്ഞു വളമാകാൻ അനുവദിക്കണം. ഹരിതഗൃഹവാതകങ്ങൾ അന്തരീക്ഷത്തിലെത്തുന്നതു നിയന്ത്രിക്കാനും ഈ രീതി സഹായിക്കും. മേൽമണ്ണു മാത്രം എടുക്കുന്ന യന്ത്രങ്ങളാണ് ഇനിയങ്ങോട്ട് കൃഷിയിൽ  ആവശ്യം. അല്ലെങ്കിൽ ഒരോ വർഷവും മണ്ണിൽചേർക്കുന്ന വളങ്ങളുടെയും ഇതരപോഷകങ്ങളുടെയും ഗുണം ഇല്ലാതായിക്കൊണ്ടിരിക്കും. കാലാവസ്ഥ വ്യതിയാനം നിലവിലുളള രീതികളെ പതുക്കെ, പതുക്കെ മാറ്റിക്കൊണ്ടിരിക്കുകയാണ്. മണ്ണിനെ താറുമാറാക്കുന്ന ഒന്നും ഇനി യോജിക്കണമെന്നില്ല. എല്ലാതരത്തിലുളള മാറ്റത്തിനും മാനസികമായി തയാറെടുക്കുകയെന്നതാണ് പ്രധാനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com