ADVERTISEMENT

മധ്യവയസ്സിൽ ഭക്ഷ്യസംസ്കരണ സംരംഭത്തിലേക്കു വന്ന പ്രവാസികൾ വിജയത്തിലേക്ക്. കോഴിക്കോട് നാദാപുരം വാച്ചാൽ ഷഫിക്കും തോട്ടുങ്കൽ മുഹമ്മദും ഗൾഫിലെ ബിസിനസ് വിട്ട്  മടങ്ങിയതും നാട്ടിലൊരു സംരംഭം മനസ്സിൽ കണ്ടുതന്നെ.

ഇന്ത്യയിലെ ഒട്ടേറെ ഭക്ഷ്യസംസ്കരണ, കാർഷികഗവേഷണസ്ഥാപനങ്ങളില്‍ പോയി ആഴത്തിൽ പഠിച്ചപ്പോൾ ഏറ്റവും സാധ്യത ചക്ക ഉൽപന്നങ്ങൾക്കാണെന്ന് തിരിച്ചറിഞ്ഞതായി ഷഫീക്കും മുഹമ്മദും പറയുന്നു. അതിനാൽ പരമാവധി ചക്ക ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാനാണ് ശ്രമം. സംരംഭത്തിനിറങ്ങും മുൻപ് ആലപ്പുഴ കൃഷിവിജ്ഞാനകേന്ദ്രത്തിൽ ഇതു സംബന്ധിച്ചുള്ള പരിശീലനത്തിൽ ഇരുവരും പങ്കെടുത്തു. ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കാനുതകുന്ന ആരോഗ്യദായക ഭക്ഷണമെന്ന നിലയിൽ പച്ചക്കറിയിൽനിന്ന് റെഡി–റ്റു ഈറ്റ് പുഴുക്ക് (വെജ്/ നോൺ വെജ്  രുചിയിൽ), റെഡി–റ്റു–കുക്ക്, ഫ്രോസൺ ഇടിച്ചക്ക, പച്ചച്ചക്ക, ചക്കപ്പൊടി ചേർത്ത് ഫൈബർ സമ്പുഷ്ടമാക്കിയ പൊറോട്ട, റുമാൽ റൊട്ടി, സമോസ പാറ്റീസ്, ചക്കക്കുരുവിൽനിന്ന് ഷെയ്ക്ക് മിക്സ്, ഫ്രോസൺ ചക്കപ്പഴം, ഫ്രോസൺ ചക്കപ്പൾപ്പ്, ചക്ക ജ്യൂസ്, ചക്കപ്പായസം, ചക്ക ബർഗർ പാറ്റി (വെജ്, നോൺ വെജ് ), ചക്കപ്പഴം ഉണ്ണിയപ്പം, അച്ചാറുകൾ എന്നിങ്ങനെ സാധ്യമായ എല്ലാ ഉൽപന്നങ്ങളും തയാറാക്കുന്നുണ്ട് എച്ച്ഐ ക്യൂ (Hi Q) എന്ന ഈ സംരംഭം. ഉൽപന്നങ്ങളുടെ പുതുമയും രുചിയും നിലനിർത്തുന്നതിനും രാസവിമുക്തമാക്കുന്നതിനും  ഫ്രോസൺ റിട്ടോർട്ടിങ് രീതിയാണ് അവലംബിക്കുന്നത്. ഷഫീക്കും അഹമ്മദും തലശ്ശേരിക്കാരായതുകൊണ്ട് ഉൽപന്നങ്ങൾക്കു തലശ്ശേരിരുചി വേണമെന്നു നിർബന്ധം. അതിനാൽ പ്രധാന ഷെഫുമാരെല്ലാം തലശ്ശേരിക്കാർ തന്നെ.

മൂവാറ്റുപുഴയ്ക്കടുത്തുള്ള നെല്ലാടി കിൻഫ്രാ പാർക്കിലെ 18 ടൺ ഫ്രോസൺ ഉൽപന്നങ്ങൾ സംഭരിക്കുന്നതിനു സൗകര്യമുള്ള സംസ്കരണയൂണിറ്റും അനുബന്ധ യന്ത്രസൗകര്യങ്ങളുമുണ്ട്. കോഴിക്കോട് വടകരയിൽ ചക്കയും മറ്റു വിഭവങ്ങളും ഉണക്കുന്നതിനുള്ള യൂണിറ്റ് സജ്ജമായി വരുന്നു. അരൂരിലും ചേർത്തലയിലും മത്സ്യവിഭവയൂണിറ്റും വൈകാതെ തുടങ്ങും. പാഷൻ ഫ്രൂട്ട്, കരിക്ക്, പൈനാപ്പിൾ, പഴങ്ങൾ എന്നിവ‌യുടെ ഫ്രോസൺ പൾപ്പ്, കല്ലുമ്മക്കായ വിഭവങ്ങൾ, കപ്പപ്പുഴുക്ക്, കപ്പവറ്റൽ എന്നിങ്ങനെ മുപ്പതിലേറെ മറ്റു വിഭവങ്ങളും വിപണിയിലെത്തിക്കാൻ ഉദ്ദേശ്യമുണ്ട്. കയറ്റുമതി സാധ്യത കണക്കിലെടുത്ത് ഫ്രോസൺ വിഭവങ്ങൾക്കാണ് മുൻഗണന. ചക്കയുടെയും മറ്റു പഴങ്ങളുടെയും കരിക്കിന്റെയും പുതിയ ഉൽപന്നങ്ങൾ ഉരുത്തിരിച്ചെടുക്കാനും അവയുടെ സൂക്ഷിപ്പുഗുണം വർധിപ്പിക്കാനുമുള്ള സാങ്കേതികവിദ്യകള്‍ക്കായി ആലപ്പുഴ കെവികെയുടെ ഇൻക്യുബേഷൻ സെന്റർ പ്രയോജനപ്പെടുത്തുന്നുണ്ട്.

കേരളീയരുടെ, പ്രമേഹമുൾപ്പെടെയുള്ള ജീവിതശൈലീരോഗങ്ങളെ നിയന്ത്രിക്കാൻ ചക്കയെ ഫലപ്രദമായി പ്രയോജനപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ കൂടുതൽ റെഡി–റ്റു–ഈറ്റ് ഭക്ഷ്യ വിഭവങ്ങളും ചക്ക ഉപയോഗിച്ചാണു തയാറാക്കുന്നത്. പെറോട്ടയിലും റുമാൽ റൊട്ടിയിലും ദോശയിലുമൊക്കെ ചക്കപ്പൊടി ചേർത്ത് അവയെ കൂടുതൽ ആരോഗ്യദായകമാക്കാൻ സ്വന്തം നിലയ്ക്ക് ഒട്ടേറെ പരീ ക്ഷണങ്ങളാണ് ഇവർ നടത്തിയത്. സംരംഭത്തിൽ അമ്പതോളം ജീവനക്കാരുണ്ട്.

ചക്കയുടെ ഗുണങ്ങൾ പ്രചരിപ്പിക്കുന്നതിന് കേരളത്തിലെ പ്രധാന നഗരങ്ങളിൽ ചക്ക ഹെൽത്ത് ഫുഡ് കോർണറുകള്‍ എച്ച്ഐ ക്യു ടീം ലക്ഷ്യമിടുന്നുണ്ട്. അസംസ്കൃതവസ്തുക്കൾ നൽകുന്ന കർഷകർക്കും നേട്ടമുണ്ടാകണമെന്ന ലക്ഷ്യത്തോടെ കേരളമൊട്ടാകെ സംഭരണകേന്ദ്രങ്ങൾ തുറക്കും.

ഗൾഫ് നാടുകളിലെ ഹോട്ടലുകളിലേക്കാണ് നിലവിൽ ഓർഡറുള്ളത്. പായ്ക്കിങ്, ബ്രാൻഡിങ്, ലൈസ ൻസിങ് എന്നിവയ്ക്ക് പ്രഫഷനലുകളെ പ്രയോജനപ്പെടുത്തുന്നു. ഭക്ഷസുരക്ഷിതത്വവും ഗുണമേന്മയും ഉറപ്പാക്കാൻ കർശന നടപടികൾ എടുക്കുന്നുമുണ്ട്.

ഫോൺ: 9495178800

English summary: Kerala Startup processed Jackfruit into a versatile product

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com