ഡിമാൻഡ് ഉണ്ടെങ്കിലും വിലയില്ലാതെ ഏലം, നാളികേരത്തിന് സർക്കാർ താങ്ങ്: വിപണി അവലോകനം

HIGHLIGHTS
  • ഏലക്കർഷകർ കാർഷികച്ചെലവ്‌ ഉറപ്പു വരുത്താനാവാത്ത അവസ്ഥയിലാണ്‌
  • സർവകാല റെക്കോർഡ്‌ വിലയിൽനിന്ന് ആടിയുലയുകയാണ്‌ അടയ്‌ക്ക
cardamom
SHARE

കാർഷിക കേരളം പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേറ്റു. സുഗന്ധവ്യഞ്‌ജനങ്ങൾ പുതിയ സീസണിൽ മികച്ച പ്രകടനങ്ങൾക്കുള്ള തയാറെടുപ്പിലാണ്‌. കുരുമുളകും ചുക്കും മഞ്ഞളും ജാതിക്കയും മികവു നിലനിർത്താമെങ്കിലും ഇറക്കുമതി ഭീഷണി തുടരും. അധികോൽപാദനം ഏലക്കയുടെ മുന്നേറ്റത്തിന്‌ തടസമായി. നാളികേരോൽപ്പന്നങ്ങളെ താങ്ങാൻ കേന്ദ്ര സംസ്ഥാനങ്ങൾ നീക്കം തുടങ്ങിയത്‌ പ്രതീക്ഷപകരുന്നു. അനുകൂല കാലാവസ്ഥയിൽ റബർ ഉൽപാദനം ഉയർത്താനുള്ള കഠിന ശ്രമത്തിൽ തോട്ടം മേഖല.  

ആഭ്യന്തര‐വിദേശ ഓർഡറുകളുടെ പിൻബലത്തിൽ സുഗന്‌ധവ്യഞ്‌ജനങ്ങൾ വരും മാസങ്ങളിൽ തിളക്കം നിലനിർത്തുമെന്ന വിശ്വാസത്തിലാണ്‌ ഉൽപാദകർ. കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലം കുരുമുളകിന്റെ വിളവ്‌ മുൻ വർഷത്തെ അപേക്ഷിച്ച്‌ കുറയുമെന്നാണ്‌ ഉൽപാദകകേന്ദ്രങ്ങളിൽ ഡിസംബർ അവസാനം നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നത്‌. 

ഉൽപാദനം കുറഞ്ഞ് കുരുമുളക്

സംസ്ഥാനത്ത്‌ കാലവർഷവും തുലാവർഷവും പതിവിലും കനത്തത്‌ കുരുമുളകുതോട്ടങ്ങളെ ഏറെ പ്രതിസന്ധിലാക്കി. ശക്തമായ മഴയ്‌ക്ക്‌ മുന്നിൽ പിടിച്ചു നിൽക്കാനാവാതെ മൂപ്പെത്തും മുമ്പേ ഒട്ടുമിക്ക തോട്ടങ്ങളിലെയും കുരുമുളകുകൊടികളിൽ തിരികൾ അടർന്നു വീണത്‌ ഞെട്ടലോടെ നോക്കി നിൽക്കാൻ മാത്രമേ ഉൽപാദകർക്കായുള്ളു. കേരളത്തിൽ മാത്രമല്ല, കർണാടകത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. കൂർഗ്ഗ്‌, ചിക്കമംഗലൂർ, ഷിമോഗ, മഡിക്കേരി ഭാഗങ്ങളിലും മുളക്‌ ഉൽപാദനം ആദ്യ കണക്കുകൂട്ടിയതിലും കുറയുമെന്ന അവസ്ഥയാണ്‌. 

കർണാടകത്തിൽ ഇക്കുറി ഉൽപാദനം 30 ശതമാനം വരെ ചുരുങ്ങാം. കഴിഞ്ഞ സീസണിൽ 35,000 ടൺ ചരക്ക്‌ ഉൽപാദിപ്പിച്ച അവർ ഇക്കുറി വിളവ്‌ 25,000 ടണ്ണിൽ ഒതുങ്ങുമെന്നാണ്‌ വിലയിരുത്തുന്നത്‌. പലതും വൻകിട തോട്ടങ്ങളായതിനാൽ കാപ്പി വിളവെടുപ്പിനാണ്‌ ഇപ്പോൾ അവർ മുൻതൂക്കം നൽക്കുന്നത്‌. 

ഫെബ്രുവരി മധ്യത്തോടെ കാപ്പി വിളവെടുപ്പ്‌ പുർത്തിയാക്കി കുരുമുളകിലേക്കു ചുവടു മാറ്റും. അതായത്‌ മാർച്ച്‌ ആദ്യ പകുതിയിൽ പുതിയ മുളക്‌ വിൽപ്പനയ്‌ക്ക്‌ സജ്ജമാകും. കേരളത്തിലും ഉൽപാദനത്തിൽ ഗണ്യമായ കുറവ്‌ കണക്കാക്കുന്നുണ്ടങ്കിലും വിളവെടുപ്പുവേളയിൽ തന്നെ കാർഷികച്ചെലവുകൾ മുൻ നിർത്തി കർഷകരിൽ വലിയോരു പങ്ക്‌ ഉൽപ്പന്നവുമായി വിപണിയെ സമീപിക്കാം. എന്നാൽ, ഉൽപാദനത്തിലെ ശോഷിപ്പ്‌ കണക്കിലെടുത്താൽ മാർച്ച്‌‐ഏപ്രിൽ കാലയളവിൽ വില തകർച്ചയ്‌ക്ക്‌ സാധ്യതയില്ലെങ്കിലും ഇറക്കുമതി ഭീഷണി മുഴക്കി വിപണിയെ അമ്മാനമാടാൻ വ്യവസായികൾക്കൊപ്പം കയറ്റുമതി ലോബിയും ഒന്നിക്കാം.

കൊച്ചിയിൽ അൺ ഗാർബിൾഡ്‌ കുരുമുളക്‌ കിലോ 502 രൂപയിൽ നീങ്ങുമ്പോൾ കർണാടകത്തിൽ വില 480‐500 റേഞ്ചിലാണ്‌. അതേസമയം മുഖ്യ ഉൽപാദന രാജ്യമായ വിയറ്റ്‌നാമിൽ വില 330 രൂപയും. ചൈനീസ്‌ ന്യൂ ഇയർ ആഘോഷങ്ങൾക്ക്‌ ശേഷം മാത്രം അവിടെ വിളവെടുപ്പ്‌ ആരംഭിക്കൂ. 

ഡിമാൻഡ് ഉണ്ടെങ്കിലും വിലയില്ലാതെ ഏലം

ഏലക്കർഷകർ കാർഷികച്ചെലവ്‌ ഉറപ്പു വരുത്താനാവാത്ത അവസ്ഥയിലാണ്‌. ഉൽപാദനം ഉയർന്നത്‌ നേട്ടമാക്കാൻ കാർഷിക മേഖലയ്‌ക്കായില്ല. മികച്ച കാലാവസ്ഥ ലഭ്യമായത്‌ ഏലം ഉൽപാദനത്തിൽ കുതിച്ചുചാട്ടത്തിന്‌ വഴിതെളിച്ചങ്കിലും വിലയിടിവ്‌ മൂലം നിലനിൽപ്പ്‌ ഭീഷണിയിലാണ്‌ പലരും. ശരാശരി ഇനം ഏലക്ക വില കിലോ 850‐900 രൂപ മാത്രമാണ്‌, ഉൽപാദനച്ചെലവാകട്ടെ ശരാശരി 750 രൂപയും.

2018 ലെ കനത്ത മഴയും പ്രളയവും കൃഷിനാശത്തിന്‌ ഇടയാക്കിയത്‌ തൊട്ടടുത്ത വർഷം റെക്കോർഡ്‌ വിലക്കയറ്റത്തിന്‌ വഴിയൊരുക്കി.  2019ലെ റെക്കോർഡ്‌ വില കണ്ട്‌ കൃഷി വ്യാപിപ്പിച്ചത്‌ ഉൽപാദകരുടെ കണക്കുകൂട്ടലുകൾ തകിടം മറിച്ചു. അന്ന്‌ മികച്ചയിനങ്ങുടെ വില കിലോ 7000 ലേക്ക് മുന്നേറിയപ്പോൾ ശരാശരി ഇനങ്ങൾ 4700 റേഞ്ചിലെത്തി. എന്നാൽ കേവലം രണ്ടു വർഷം കൊണ്ട്‌ സുഗന്ധറാണിയുടെ വില കുത്തനെ ഇടിഞ്ഞു. 

വളം, കിടനാശിനി വില വർധനയും കർഷകരെ മുൾമുനയിലാക്കി. അതേസമയം ഏലത്തിന്‌ ആഭ്യന്തര വിദേശ വിപണികളിൽ ശക്തമായ ഡിമാൻഡ് ഉണ്ട്‌. കോവിഡ്‌ വ്യാപനം മൂലം ഒക്‌ടോബർ വരെയുള്ള കാലയളവിൽ വിൽപ്പനയിലെ കുറവ്‌ വിലയെ ബാധിച്ചു

ദീപാവലിക്ക്‌ ശേഷം ആഭ്യന്തര ഏലം വിൽപ്പന ചൂടുപിടിച്ചങ്കിലും അതിന്‌ അനുസൃതമായി ലേല കേന്ദ്രങ്ങളിൽ വീറും വാശിയും ഉയർന്നില്ല. പല അവസരത്തിലും വിലക്കയറ്റത്തെ പിടിച്ചു നിർത്തി ഇടപാടുകാർ ചരക്ക്‌ സംഭരിച്ചത്‌ മുന്നേറ്റത്തിന്‌ തടസമായെന്നാണ്‌ ഉൽപാദകരുടെ പക്ഷം. വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യൻ ഏലത്തിന്‌ ആവശ്യക്കാരുണ്ട്‌. വിൽപ്പനയ്‌ക്കെത്തുന്ന മുഴുപ്പ്‌ കൂടിയ ഇനങ്ങൾ കയറ്റുമതിക്കാർ മത്സരിച്ചാണ്‌ വാരിക്കൂട്ടുന്നത്‌.

വിലത്തകർച്ചയിൽ നാളികേരം

നാളികേരോൽപ്പന്നങ്ങൾക്ക്‌ പെട്ടെന്ന് നേരിട്ട വിലത്തകർച്ചയിൽ പകച്ചു നിൽക്കുകയാണ്‌ ദക്ഷിണേന്ത്യൻ ഉൽപാദകർ. വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതിക്ക്‌ വരുത്തിയ ഇളവുകൾ പ്രദേശിക തലത്തിൽ വെളിച്ചെണ്ണയ്‌ക്ക്‌ കനത്ത വെല്ലുവിളി ഉയർത്തി. ചെറുകിട വിപണികളിൽ വെളിച്ചെണ്ണ വിൽപ്പന ചുരുങ്ങിയതോടെ വൻകിട‐ചെറുകിട മില്ലുകാർ കൊപ്ര സംഭരണം നിയന്ത്രിച്ചു. ഇതോടെ 10,000 രൂപയിലെ നിർണായക താങ്ങ്‌ തകർത്ത്‌ കൊച്ചിയിൽ കൊപ്ര 9300ലേക്ക്‌ ഇടിഞ്ഞു.  കാങ്കയത്ത്‌ വില 8800 വരെ താഴ്‌ന്നു. 

വിലത്തകർച്ചയിൽ പരിഭ്രാന്തരായി ഒരു വിഭാഗം നാളികേര വിളവെടുപ്പ്‌ ഊർജിതമാക്കി, പരമാവധി നേരത്തെ പച്ചത്തേങ്ങ വിറ്റുമാറാൻ. അതേസമയം കർഷകർക്ക്‌ താങ്ങ്‌ പകരാൻ പച്ചത്തേങ്ങ സംഭരണത്തിനുളള തിരക്കിട്ട നീക്കത്തിലാണ്‌ സംസ്ഥാന കൃഷി വകുപ്പ്‌. കേരഫെഡ്‌ മുഖാന്തരം കിലോ 32 രൂപയ്‌ക്ക്‌ സംഭരണം വ്യാപകമാക്കിയാൽ ഒരു പരിധി വരെ ഉൽപാദകർക്ക്‌ താങ്ങാവും. കിലോ 42 രൂപയിൽനിന്ന് 29ലേക്ക് ഇടിഞ്ഞതാണ്‌ സർക്കാർ ഏജൻസിയെ രംഗത്ത്‌ ഇറക്കാൻ പ്രേരിപ്പിച്ചത്‌. 

ഇതിനിടെ മില്ലിങ്‌ കൊപ്രയുടെ താങ്ങുവില കേന്ദ്രം ക്വിന്റലിന്‌ 10,335 രൂപയിൽനിന്ന് 10,590 രൂപയാക്കി. കാർഷിക മേഖലയുടെ വരുമാനം ഉയർത്തുകയെന്ന ലക്ഷ്യതോടെയാണ്‌ എല്ലാ വർഷവും സീസൺ ആരംഭത്തിൽ താങ്ങുവില പരിഷ്‌കരിക്കുന്നത്‌. സംസ്ഥാനത്ത്‌ വിളവെടുപ്പ്‌ ഊർജിതമാക്കുന്ന അവസരത്തിൽ സംഭരണ ഏജൻസികൾ രംഗത്ത്‌ നിലയുറപ്പിച്ചാൽ താങ്ങുവിലയുടെ നേട്ടം കർഷകരിലേക്ക് എത്തും. 

ആടിയുലഞ്ഞ് അടയ്ക്ക

സർവകാല റെക്കോർഡ്‌ വിലയിൽനിന്ന് ആടിയുലയുകയാണ്‌ അടയ്‌ക്ക. ക്വിന്റലിന്‌ അരലക്ഷം രൂപയ്‌ക്കു മുകളിൽ സഞ്ചരിച്ച്‌ കവുങ്ങു കർഷകരെ ആവേശം കൊള്ളിച്ച അടയ്‌ക്കവില 37,500ലേക്ക് ഇടിഞ്ഞു. വിളവെടുപ്പ്‌ പുരോഗമിച്ചതാണ്‌ ചുരുങ്ങിയ ആഴ്‌ച്ചകളിലെ വിലത്തകർച്ചയ്‌ക്ക്‌ തുടക്കമിട്ടത്‌. 

കേരളത്തിൽ മാത്രമല്ല കർണാടകത്തിലും പുതിയ അടയ്‌ക്ക വിൽപ്പനയ്‌ക്ക്‌ ഇറങ്ങുന്നുണ്ട്‌. കേരളത്തെ അപേക്ഷിച്ച്‌ എറ്റവും കുടുതൽ അടയ്‌ക്കക്കൃഷി കർണാടകത്തിലെ ചിക്കമംഗലൂർ, ഷിമോഗ, ദാവൻഗെരെ, ദക്ഷിണ കന്നഡ, തുംകൂർ, ചിത്രദുർഗ, ഉത്തര കന്നഡ മേഖലകളിലാണ്‌. കാലാവസ്ഥാ വ്യതിയാനങ്ങളും കവുങ്ങളെ ബാധിച്ച രോഗങ്ങളും മൂലം പല തോട്ടങ്ങളിലും ഉൽപാദനം മുൻ വർഷത്തെ അപേക്ഷിച്ച്‌ കുറഞ്ഞു. ആ നിലയ്‌ക്ക്‌ വീക്ഷിച്ചാൽ പുതിയ ചരക്കുനീക്കം ചുരുങ്ങുന്നതോടെ ഉൽപ്പന്ന വിലയിൽ വീണ്ടും മുന്നേറ്റം പ്രതീക്ഷിക്കാം. പാൻ മസാല വ്യവസായികളാണ്‌ അടയ്‌ക്ക മുഖ്യമായും ശേഖരിക്കുന്നത്‌. ഇറക്കുമതിക്ക്‌ നിലനിൽക്കുന്ന നിയന്ത്രണങ്ങൾ വിപണിയുടെ അടിത്തറ കൂടുതൽ ശക്തമാക്കാം.  

റബർ ഉൽപാദനം ഉയർന്നേക്കും

റബർ ഉൽപാദനം ഉയർത്താനുള്ള ശ്രമത്തിലാണ്‌ കർഷകർ. പ്രതികൂല കാലാവസ്ഥ മൂലം പല അവസരത്തിലും ടാപ്പിങിന്‌ നേരിട്ട തടസങ്ങൾ ഉൽപാദനത്തെ ബാധിച്ചതിനാൽ ശേഷിക്കുന്ന ദിവസങ്ങളിൽ തോട്ടങ്ങളിൽ കൂടുതൽ സജീവമാകാനുള്ള ശ്രമത്തിലാണ്‌ കർഷകർ. ഫെബ്രുവരിയിലും ഉൽപാദനം മുന്നോട്ട്‌ കൊണ്ടു പോകാനാവുമെന്ന കണക്കുകൂട്ടലിലാണ്‌ ചെറുകിടകാർ. രാജ്യാന്തര വിപണിയിലെ ചലനങ്ങൾ ഉൽപാദകർക്ക്‌ അനുകൂലമാകുമെന്ന നിഗമനത്തിലാണ്‌ തോട്ടം മേഖല.  

English summary: Commodity Markets Review

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA