പാഴ്ഭൂമിയെ മെരുക്കിയ പെണ്‍കരുത്ത്; ഭുവനേശ്വരിയിൽ പഠിക്കാനേറെയുണ്ട്– വിഡിയോ

HIGHLIGHTS
 • പ്രകൃതിയോടിണങ്ങിയ തീവ്ര നെൽകൃഷി
 • വിപണിയെ വീട്ടിലെത്തിക്കുന്ന ഫാം ടൂറിസം
 • കാര്യക്ഷമത കൂട്ടുന്ന യന്ത്രവൽക്കരണം
bhuvaneswari-10
SHARE

1998ൽ വെങ്കിടാചലപതി എന്ന പതിമാഷ് വിരമിച്ചപ്പോഴാണ് ഭുവനേശ്വരി വാടകവീട്ടിൽനിന്ന് എലപ്പുള്ളിയിലേക്കു താമസം മാറ്റുന്നത്. ഭർത്താവിന്റെ കുടുംബസ്വത്തായി കിട്ടിയ 12.5 ഏക്കർ ഭൂമിയിൽ അന്ന് തെങ്ങുകളല്ലാതെ മറ്റൊന്നുമില്ലായിരുന്നു. മക്കളെ  പഠിപ്പിക്കുന്നതിനും ജീവിതച്ചെലവിനും മാഷിന്റെ പെൻഷൻ മതിയാകുമോയെന്ന് ആശങ്ക. അധികവരുമാനം കണ്ടെത്തുകയേ നിവൃത്തിയുള്ളൂ. കർഷകകുടുംബത്തിൽ ജനിച്ചുവളർന്ന ഭുവനേശ്വരി അധികവരുമാനത്തിനായി കൃഷി തന്നെ തിരഞ്ഞെടുത്തത് സ്വാഭാവികം. വേനലിൽ വരണ്ടുണങ്ങുന്ന, അമ്ലത കൂടുതലുള്ള, കല്ല് നിറഞ്ഞ തരിശുഭൂമിയിൽ എന്തു കൃഷി? എങ്കിലും സ്ഥിരോത്സാഹത്തോട, രണ്ടു പതിറ്റാണ്ടിലേറെ നടത്തിയ കഠിനാധ്വാനവും പുത്തനാശയങ്ങൾക്കായുള്ള അന്വേഷണവുമാണ് ഭുവനേശ്വരിയെ കേരളത്തിന്റെ കർഷകശ്രീയായി മാറ്റിയത്.

പ്രധാനവിളകൾ: നെല്ല്, തെങ്ങ്, വാഴ, കപ്പ, മാവ്, പ്ലാവ്, മഞ്ഞൾ, എള്ള്, മുതിര, ചെറുപയർ, പശു, ഫലവൃക്ഷങ്ങൾ, പച്ചക്കറികൾ, ആട്, കോഴി, താറാവ്

വേറിട്ട നേട്ടങ്ങൾ

 • പ്രകൃതിയോടിണങ്ങിയ തീവ്ര നെൽകൃഷി
 • വിപണിയെ വീട്ടിലെത്തിക്കുന്ന ഫാം ടൂറിസം
 • തരിശുഭൂമിയെ ഫലഭൂയിഷ്ഠമാക്കിയ സ്ഥിരോത്സാഹം
 • നൂതനകൃഷിരീതികൾക്കൊപ്പം പാരമ്പര്യശൈലിയും
 • ചേറിലിറങ്ങാൻ മടിക്കാത്ത അധ്വാനസംസ്കാരം
 • കാര്യക്ഷമത കൂട്ടുന്ന യന്ത്രവൽക്കരണം
bhuvaneswari-7
ഭുവനേശ്വരി തൊഴിലാളികൾക്കൊപ്പം നെൽപ്പാടത്ത്

പാഴ്ഭൂമിയെ മെരുക്കിയ പെണ്‍കരുത്ത്

കുടയും ചൂടി വരമ്പത്തുനിൽക്കുന്ന കൃഷിക്കാരിയല്ല ഭുവനേശ്വരി. ജോലിക്കാരോടൊപ്പം ചേറിലിറങ്ങി പണിയെടുക്കുകയും  ഉച്ചയ്ക്ക് അവരോടൊപ്പം ഭക്ഷണം കഴിച്ചശേഷം  പാടത്തിനു നടുവിലെ കുടിലിൽ വിശ്രമിക്കുകയും ചെയ്യുന്ന തനി കൃഷിക്കാരി. യൂറോപ്പിലും ഓസ്ട്രേലിയയിലും ഊട്ടിയിലുമൊക്കെ മക്കളോടൊപ്പം ആഘോഷമായി ജീവിക്കാൻ സാഹചര്യമുള്ളപ്പോഴാണ് കാലിൽ ചേറു പുരളാനും പാലക്കാടൻ  വെയിലിന്റെ കാഠിന്യം സഹിക്കാനും ഈ വനിത തയാറാകുന്നത്. ജൈവഭക്ഷണം അനിവാര്യമായ ഒട്ടേറെ രോഗികൾക്ക് ഇവരുടെ സേവനം പ്രയോജനപ്പെടുന്നു.  ട്രാക്ടറും ടില്ലറും ബ്രഷ്കട്ടറുമൊക്കെ സ്വയം  പ്രവർത്തിപ്പിക്കാൻ അറിയാവുന്ന വീട്ടമ്മയാണവർ. എങ്കിൽ പോലും സമീപകോളനിയിലെ കർഷകത്തൊഴിലാളികൾക്ക്  വരുമാനം നഷ്ടപ്പെടാതിരിക്കാൻ ഭാഗികമായി മാത്രം യന്ത്രങ്ങൾ പ്രയോജനപ്പെടുത്തുന്നു.

അമ്ല–ക്ഷാരനില(പിഎച്ച്) 4.8 ആയിരുന്ന തരിശുഭൂമിയെ ഒന്നാംതരം കൃഷിയിടമാക്കി പുനരുജ്ജീവിപ്പിച്ചതാണ് ഭുവനേശ്വരിയുടെ നേട്ടത്തിന് അടിസ്ഥാനം. നാടൻപശുവിന്റെ ചാണകവും പച്ചിലകളുംകൊണ്ടു നടത്തുന്ന തീവ്ര നെൽകൃഷി മറ്റൊരു മികവ്. പത്തേക്കർ പാടത്ത് രണ്ട് പൂവ് നെല്ലിനു പുറമേ ഒരു പൂവ് എള്ളും മുതിരയും ഉഴുന്നുമൊക്കെ കൃഷി ചെയ്യുന്ന ഭുവനേശ്വരി മുന്തിയ വിലയ്ക്കാണ് ഇവയൊക്കെ വിൽക്കുന്നത്. പച്ചിലകളും ജീവാമൃതവുമൊക്കെ നൽകി ഏക്കറിന് 25 ക്വിന്റൽ വരെ വിളവ് നേടാൻ സാധിക്കുന്നത് ചെറിയ കാര്യമല്ലല്ലോ. കഴിഞ്ഞ വർഷം നെൽകൃഷിക്ക് രണ്ടര ലക്ഷം രൂപ ചെലവാക്കിയ ഭുവനേശ്വരി അരിയും അരിയുൽപന്നങ്ങളും വിറ്റുനേടിയത് 18 ലക്ഷം രൂപയാണ്! ജൈവോൽപാദനത്തിന്റെയും ചില്ലറവിപണനത്തിന്റെയും സാധ്യതകൾ പ്രയോജനപ്പെടുത്തി സ്വന്തമാക്കിയ നേട്ടം.

bhuvaneswari-3
യന്ത്രങ്ങൾ ഉപയോഗിക്കാനും പരിചയം

വളർച്ചയുടെ പടവുകൾ ഭുവനേശ്വരിയുടെ വാക്കുകളിൽ

? തരിശുഭൂമി കൃഷിയോഗ്യമാക്കിയതെങ്ങനെ

തുടക്കത്തിൽ പെട്ടെന്നുള്ള വരുമാനത്തിനായാണ് പശുവളർത്തൽ തിരഞ്ഞെടുത്തത്. പശുവിനെ വാങ്ങാൻ സബ്സിഡി കിട്ടുമോയെന്നറിയാനായി വെറ്ററിനറി സർജനായിരുന്ന ഡോ. ശുദ്ധോദനനെ സമീപിച്ചു. അദ്ദേഹം വേണ്ട സഹായങ്ങൾ ചെയ്തെന്നു മാത്രമല്ല, ചാണകവും ശീമക്കൊന്നയിലയുമൊക്കെ നിക്ഷേപിച്ച് പറമ്പ് കൃഷിയോഗ്യമാക്കാനും നിർദേശിച്ചു. അപ്രകാരം ചെയ്തപ്പോൾ മണ്ണ് മെച്ചപ്പെടുന്നതായി കണ്ടു. പരമ്പരാഗത പ്രകൃതി കൃഷിരീതികൾക്കൊപ്പം സുഭാഷ് പലേക്കർ പഠിപ്പിച്ച പാഠങ്ങളും സ്വീകരിച്ചതോടുകൂടി ഉൽപാദനം മെച്ചപ്പെട്ടു

? വിളവൈവിധ്യം

തെങ്ങിന് ഇടവിളകളായി മാവും പ്ലാവും വാഴയും കപ്പയുമൊക്കെ വന്നു. പാടത്ത് രണ്ടുപൂവ് നെല്ലിനു പുറമെ ഒരു പൂവ് എള്ളും വിതയ്ക്കുന്നുണ്ട്. ഉഴുന്നും മുതിരയും മുരിങ്ങയും മുതൽ ഒട്ടേറെ വിദേശ പഴവർഗങ്ങളും പൂച്ചെടികളുമൊക്കെ ഇവിടെ വളരുന്നു. മാവും വിയറ്റ്നാം ഏർളി പ്ലാവും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നു. സപ്പോട്ട, റംബുട്ടാൻ, ഷാന്താൾ, ലോങ്ങൻ, മാങ്കോസ്റ്റിൻ, അവക്കാഡോ, ഓറഞ്ച്, മുള്ളാത്ത, ഇലന്തപ്പഴം, രാമപ്പഴം, പപ്പായ, മുന്തിരി എന്നിങ്ങനെ ഒട്ടേറെ ഫലവൃക്ഷങ്ങളും ഇവിടെ കാണാം. ഉയരം കുറഞ്ഞ പ്ലാവുകൾക്കിടയിലൂടെ ഇടവിളയായി മഞ്ഞൾ കൃഷി ചെയ്യുന്നു.  കോവിഡ് ഭീതിമൂലം തൽക്കാലം സജീവമല്ലെങ്കിലും പച്ചക്കറികളുടെയും നാടൻ പൂച്ചെടികളുടെയുമൊക്കെ നഴ്സറിയും ഇവിടെയുണ്ട്.

bhuvaneswari-9
വളത്തിനായി നാടൻ പശുക്കൾ

? പക്ഷിമൃഗാദികൾ

നാടൻപശുവിനൊപ്പം ആടും കോഴിയും താറാവും നായ്ക്കളുമൊക്കെയുണ്ട്. 10 നാടൻപശുക്കളുടെ ചാണകമാണ് ഈ കൃഷിയിടത്തെ ഫലഭൂയിഷ്ടമാക്കുന്നത്. പാൽ വീട്ടാവശ്യത്തിനെടുത്തശേഷം ബാക്കിയുള്ളതിൽനിന്നു നെയ്യുണ്ടാക്കി വിൽ‍ക്കും. കിലോയ്ക്ക് 2000 രൂപ വില. ചാണകം ഗോമൂത്രം എന്നിവ ഉപയോഗിച്ച് ജീവാമൃതം, ബീജാമൃതം, ഖരജീവാമൃതം എന്നിവയുണ്ടാക്കുകയും അധികമുള്ളത് വിൽക്കുകയും ചെയ്യുന്നു. 20 ആടുകളും 3 നായ്ക്കളും കോഴി, ഗൂസ്, മണിതാറാവ്, പ്രാവ്, ലൗ ബേഡ്സ്, ടർക്കി എന്നിവയുമുണ്ട്. രണ്ടു കുളങ്ങളിലായി രണ്ടേക്കറോളം മത്സ്യക്കൃഷി. ഫിഷറീസ് വകുപ്പിൽനിന്നു ലഭിച്ച കട്‌ലയും തിലാപ്പിയയുമാണ് ഇപ്പോൾ കുളങ്ങളിലുള്ളത്.

? നൂതന ആശയങ്ങൾ

പരമ്പരാഗത മാവുകൃഷി തുടരുമ്പോൾതന്നെ അതിസാന്ദ്രതാകൃഷിപോലുള്ള പുതുപുത്തൻ രീതികളും ഇവിടെ കാണാം. വർഷങ്ങൾക്കുമുമ്പുതന്നെ ജെയിൻ ഇറിഗേഷനിൽനിന്നും പുതിയ കൃഷിരീതി പഠിച്ചെടുത്ത് നടപ്പാക്കി. വിദേശത്തും ഉത്തരേന്ത്യയിലുമൊക്കെയുള്ള ഉപഭോക്താക്കൾക്ക് മാമ്പഴം കൊറിയർ ചെയ്തുനൽകുന്നു.

? പൂർണമായും ജൈവകൃഷിയാണോ

ഇരുപതു വർഷമായി രാസവളവമോ രാസകീടനാശിനികളോ പ്രവേശിപ്പിക്കാത്ത കൃഷിയിടമാണിത്. സാക്ഷ്യപത്രത്തിന്റെ പിൻബലമില്ലാതെ ഉപഭോക്താക്കൾ തേടിയെത്തുന്നു. അർബുദരോഗികൾക്ക് ജൈവഭക്ഷണം തേടി ഡോക്ടർ ഗംഗാധരൻ ഉൾപ്പെടെയുള്ളവർ ഫാം സന്ദർശിക്കാറുണ്ട്. തീർത്തും വിഷരഹിതമായാണ് പച്ചക്കറികളും  കിഴങ്ങുവിളകളുമൊക്കെ  ഉൽപാദിപ്പിക്കുന്നത്. ഇവയിലേറെയും  ജൈവവിപണനശാലകളാണ് വാങ്ങുന്നത്. 

? വിപണനരീതികൾ

കൃഷിയിടത്തിലുണ്ടാകുന്ന അരിയും എള്ളും നാളികേരവുമൊക്കെ മൂല്യവർധിത ഉൽപന്നങ്ങളാക്കി വിൽ‌ക്കുകയാണ്. ഇത്തരം ഉൽപന്നങ്ങൾക്ക് ഓൺലൈനിലൂടെ ഓർഡർ നേടി ലോകമെമ്പാടും കൊറിയർ ചെയ്ത് എത്തിക്കുന്നു. ജൈവരീതിയിൽ ഉൽപാദിപ്പിച്ച അരിയും  പച്ചക്കറിയും മാമ്പഴവും മാത്രമല്ല, ഇഞ്ചി യും മഞ്ഞളും എള്ളെണ്ണയും വെളിച്ചെണ്ണയുമൊക്കെ ഇവിടെ ലഭ്യമാണ്. 4 വിധത്തിലാണ് വിപണി കണ്ടെ ത്തുന്നത്– സന്ദർശകർക്കും നാട്ടുകാർക്കും നേരിട്ടു വിൽക്കുന്നതിനു പുറമേ ഓൺലൈൻ മാധ്യമങ്ങളിലൂ ടെയും ജൈവ വിൽപനശാലകളിലൂടെയും ആശുപത്രികൾവഴിയും ആവശ്യക്കാരെ കണ്ടെത്തുന്നു.

bhuvaneswari-8
എട്ടിനിങ്ങളിലായി മികച്ച വിളവ് നൽകുന്ന മാവുകൾ

? മൂല്യവർധന നേട്ടമോ

ജൈവരീതിയിൽ ഉൽപാദിപ്പിക്കുന്നതിനാൽ ഒരു കിലോ അരിക്ക് 80–100 രൂപ വില കിട്ടുന്നു. അവൽ, അരിപ്പൊടി തുടങ്ങിയ മൂല്യവർധിത ഉൽപന്നങ്ങളും ആനുപാതികമായ വില നേടുന്നു. ഒന്നരയേക്കറിൽനിന്നു കിട്ടിയ 550 കിലോ എള്ള് നല്ലെണ്ണയായും എള്ളുണ്ടയായും വിറ്റുനേടിയത് ഒരു ലക്ഷം രൂപ. നാളികേരത്തിനു പാലക്കാട് ജില്ലയിൽ പൊതുവെ വില കുറവാണ്. എന്നാൽ വർഷംതോറും 2000 വിത്തുതേങ്ങ പാകി തൈകളാക്കുന്നു. തൈ 125 രൂപയ്ക്കാണ് വിൽക്കുന്നത്. ശരാശരി 15 രൂപ ലഭിക്കേണ്ട നാളികേരം പാകി മുളപ്പിച്ചപ്പോൾ അഞ്ചിരട്ടിയാണ് മൂല്യവർധന! ബാക്കി നാളികേരം കൊപ്രയാക്കി ആട്ടി വെളിച്ചെണ്ണയെടുക്കുന്നു– വില കിലോയ്ക്ക് 300 രൂപ.  എട്ടിനങ്ങളിലായി മുന്നൂറോളം മാവ് നട്ടുവളർത്തുന്നുണ്ട്. കഴിഞ്ഞവർഷം മാമ്പഴവും മാങ്ങാ അച്ചാറും വിറ്റുനേടിയത് 9 ലക്ഷം രൂപയാണ്. വാഴക്കുലകളിൽ ഒരു ഭാഗം ശർക്കരവരട്ടിയായും വാഴയ്ക്കാപ്പൊടിയായും മാറുന്നു.

? ഫാം ടൂറിസം

ഓടിട്ട  പഴയ വീടുകളും പുതിയ വീടിന്റെ രണ്ടാം നിലയും ഫാം ടൂറിസത്തിനായി മാറ്റിവച്ചിരിക്കുകയാണ്. വിദേശികൾ ഉൾപ്പെടെ ഒട്ടേറെപേർ മുൻകൂട്ടി ബുക്ക് ചെയ്തെത്തുന്നു. ഫാം സ്റ്റേയ്ക്ക് മിതമായ നിരക്ക് മാത്രം– 900 രൂപ. വാടകവരുമാനത്തിലുപരിയായി മൂല്യവർധിത ഉൽപന്നങ്ങളുടെ വിപണനത്തിനുള്ള അവസരമായാണ്  ഇതിനെ കാണുന്നത്. കൃഷിയിടത്തിലെത്തുന്ന  അതിഥി കാർഷികോൽപന്നങ്ങളുടെ ഉപഭോക്താവ് കൂടിയാണ്.

bhuvaneswari-2

ആതുരശുശ്രൂഷയ്ക്കും മുന്നിൽ

ഒന്നിനും സമയം തികയുന്നില്ലെന്നു പരാതിയുള്ളവർ ഈ  വനിതയെ കണ്ടുപഠിക്കണം. ഒമ്പതോളം സേവനപ്രസ്ഥാനങ്ങളിൽ അംഗമായ ഭുവനേശ്വരി സാമൂഹികപ്രവർത്തനങ്ങൾക്കായി സാമ്പത്തിക പിന്തുണയ്ക്കൊപ്പം സ്വന്തം സമയവും ഊർജവുമൊക്കെ ഏറെ നൽകുന്നു. ഒഴിവുദിവസങ്ങളിൽ സ്നേഹതീരം പാലിയേറ്റീവ് ട്രസ്റ്റിന്റെ സന്നദ്ധപ്രവർത്തകയായി കിടപ്പുരോഗികളെ ശുശ്രൂഷിക്കാൻ സമയം കണ്ടെത്താറുണ്ട്. കാൻസർ ബാധിതർക്കും മനോരോഗികൾക്കും ചികിത്സാസഹായമെത്തിക്കാൻ മുൻപന്തിയിലുണ്ട്. അനാഥരായ 14 വയോജനങ്ങൾക്കു പ്രതിമാസം 1000 രൂപ പെൻഷൻ നൽകുന്നു. കൊറോണാ ബാധിച്ച 50 കുടുംബങ്ങളിൽ ഭക്ഷണം എത്തിക്കാനും പഞ്ചായത്തിന്റെ കമ്യൂണിറ്റി കിച്ചണിലേക്കുവേണ്ട പച്ചക്കറികൾ, അരി, വെളിച്ചെണ്ണ, നാളികേരം എന്നിവ സൗജന്യമായി നൽകാനും ഭുവനേശ്വരി മുൻപന്തിയിലുണ്ടായിരുന്നു. തെരുവിൽ ജീവിക്കുന്നവർക്ക് പൊതിച്ചോറ് എത്തിക്കാനും കാൻസർ പുനരധിവാസ പ്രവർത്തനങ്ങൾ ക്കും  ഭുവനേശ്വരിയുടെ സഹായം ഉറപ്പാണ്.

തനതുവഴികൾ: പാഴ്ഭൂമിയെ മെരുക്കിയതിങ്ങനെ

 • വരണ്ടുണങ്ങി, കല്ലുകൾ നിറഞ്ഞ, പുളിരസമുള്ള  കൃഷിയിടത്തെപോലും തുടർച്ചയായ പരിചരണത്തിലൂടെ ഫലഭൂയിഷ്ഠമാക്കാമെന്നു ഭുവനേശ്വരി കാണിച്ചുതരുന്നു. മണ്ണുപരിശോധനയായിരുന്നു ആദ്യ ചുവടുവയ്പ്. പിഎച്ച് 4.8 ഉണ്ടായിരുന്ന അമ്ലമണ്ണിൽ കുമ്മായം വിതറി പൂട്ടിയ ശേഷം പയർ വിതച്ചെങ്കിലും മുളച്ചില്ല. മണ്ണ് മെച്ചപ്പെടുത്തുന്നതിനായി ശീമക്കൊന്നയുടെ മൂപ്പെത്തിയ അയ്യായിരം  കമ്പുകൾ മഴക്കാലത്ത് നട്ടുവളർത്തി. തുടർന്നുള്ള മഴക്കാലങ്ങളിൽ ശീമക്കൊന്നയിലയും ചാണകവും കൃഷിയിടത്തിൽ ഉടനീളം വിരിച്ചശേഷം ചാണകവും ഗോമൂത്രവും കലക്കിയൊഴിച്ചു. അതോടൊപ്പം കളസസ്യങ്ങളും പുതയാക്കിയ തോടെ ബാഷ്പീകരണം കുറയുകയും മണ്ണിലെ ഈർപ്പം വർധിക്കുകയും ചെയ്തു. ക്രമേണ സൂക്ഷമജീവി കളും മണ്ണിരയുമൊക്കെ പ്രത്യക്ഷപ്പെടുകയും പെരുകുകയും ചെയ്തു. തുടർച്ചയായി 5 വർഷം പച്ചകക്കയുടെ പൊടി വിതറി പൂട്ടി മറിച്ചതോടെ മണ്ണ് പരുവപ്പെടുകയായിരുന്നു.
 • 13 ഇനം നാറ്റപ്പൂച്ചെടി എമൽഷൻ മൺകലത്തിലാക്കി കുഴിച്ചിട്ടശേഷം കീടശല്യം കണ്ടു തുടങ്ങുമ്പോൾ തന്നെ പത്തിരട്ടി വെള്ളം ചേർത്ത് തളിക്കുന്നു
 • ജൈവരീതിയിൽ ഉൽപാദിപ്പിച്ച നെല്ല്  സപ്ലൈകോയ്ക്കു നൽകുന്നതിനു പകരം  സ്വന്തമായി പുഴുങ്ങി തവിടുകളയാതെ അരിയാക്കി വിൽക്കുമ്പോൾ അധികവില കിട്ടുമെന്നു മാത്രമല്ല അത്യാവശ്യക്കാരായ ഒട്ടേറെപ്പേർക്ക് പ്രയോജനപ്പെടുകയും ചെയ്യുന്നു.

പി. ഭുവനേശ്വരി, മാരുതി ഗാർഡൻസ്, വടക്കുകാട്ട്, പള്ളത്തേരി പി.ഒ, എലപ്പുള്ളി, പാലക്കാട്

ഫോൺ: 9946718866

English summary: Karshakasree Award Winner P. Bhuvaneswary

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA