ADVERTISEMENT

കൊയ്തുകഴിഞ്ഞു രണ്ടാം വിളവിറക്കുന്നതിനായി ഉഴുതുമറിച്ച മലബാർ പ്രദേശത്തെ വിശാലമായ പാടങ്ങൾ പലതും വ്യത്യസ്തമായ ഒരു കായികോത്സവത്തിന്റെ ആവേശത്തിലാണിപ്പോൾ. മലബാറിന്റെ പാരമ്പരാഗത കാർഷിക കായികവിനോദമായ കാളപൂട്ടാണ് കൊയ്തുകഴിഞ്ഞ പാടങ്ങളെ ആർപ്പും ആരവവും ആവേശവും കൊണ്ട് നിറയ്ക്കുന്ന ആ കായികോത്സവം. ലക്ഷണമൊത്ത കാളക്കൂറ്റന്മാർ മാത്രമല്ല എണ്ണക്കറുപ്പിന്റെ മേനിയഴകും കരുത്തുമുള്ള പോത്തുകളും പൂട്ടുപാടങ്ങളിൽ മാറ്റുരയ്ക്കും. കാളകൾക്കും പോത്തുകൾക്കുമായി മത്സരങ്ങൾ വെവ്വേറെയുണ്ട്. തമിഴ്‌നാട്ടിൽ നടന്നുവരുന്ന ജെല്ലിക്കെട്ട്, കർണാടകയിലെ പോത്തോട്ടമത്സരമായ കംബള എന്നിവയെല്ലാം പോലെ കാളപൂട്ടും അടിസ്ഥാനപരമായി ഒരു വിളവെടുപ്പുത്സവം തന്നെയാണ്. തെക്കൻ കേരളത്തിൽ നടന്നുവരുന്ന മരമടി, ചിലയിടങ്ങളിൽ നടക്കുന്ന പോത്തോട്ടം എന്നിങ്ങനെ പ്രാദേശിക വകഭേദങ്ങൾ ഉണ്ടെങ്കിലും മലബാറിലെ കാളപൂട്ടുകൾ തന്നെയാണ് കേരളത്തിലെ കാർഷികകായികവിനോദങ്ങളിൽ ഏറ്റവും പ്രസിദ്ധം. ഹല്ലികർ, അമൃതമഹൽ, കാങ്കേയം, പുലിക്കുളം, ഉമ്പളചേരി, അളംബാദി തുടങ്ങിയ ജനുസ്സുകളിൽപ്പെട്ട മെയ്ക്കരുത്തിന് പേരുകേട്ട കാളകളാണ് കാളപൂട്ടിന് മാറ്റുരക്കാനെത്തുന്നവയിൽ പ്രധാനം. പോത്തോട്ടമാണെങ്കിൽ എണ്ണകറുപ്പിന്റെ ശരീരവും ഉശിരുള്ള മുറ ജനുസ്സ് പോത്തുകളാണ് പൂട്ടുപാടത്ത് അണിനിരക്കുക..

paddy-4

ചേറിൽ കുതിച്ചുപാഞ്ഞ് കാളക്കൂറ്റന്മാർ

ഒരു ജോഡി പോത്തുകൾ, ഒരു ജോഡി കാളകൾ, അല്ലെങ്കിൽ ഒരു കാള, ഒരു പോത്ത് എന്നിങ്ങനെ കാളപൂട്ടിനും പോത്തുപൂട്ടിനും തരംതിരിവുകളുണ്ട്. മത്സരത്തിനൊരുങ്ങിയ കാളകളെ അവയുടെ പൂട്ടുകാർക്കൊപ്പം ഒറ്റയ്ക്കും, ജോഡികളായും മത്സരത്തിനു മുന്നോടിയായി പൂട്ടുപാടങ്ങളിൽ (പൂട്ടുകണ്ടം/കാളപൂട്ട് നടക്കുന്ന പാടം) ഇറക്കി ചുറ്റിക്കുന്നതോട്  (വയലിൽ ഇറക്കി പാടം വലംവെക്കൽ  വെക്കൽ)  കൂടി കാളപൂട്ടിനു തുടക്കമാവുന്നു. ഇത് ‘കണ്ടം പഴകാനും’ (പൂട്ടു കണ്ടത്തെ കുറിച്ചു ഉരുക്കളെയും അവയുടെ നുകക്കാരനെയും  ബോധ്യപ്പെടുത്താൻ), ‘ചേറുണർത്താനുമാണെന്നാണ്’ (പാടത്തെ മണ്ണ് ഇളകി മറിയാനും ) കാളപൂട്ടിന്റെ ചട്ടം. പൂട്ടുകണ്ടങ്ങൾ തെളിക്കണ്ടം എന്നപേരിലും അറിയപ്പെടുന്നു. പൂട്ടുപാടത്തിന്റെ ഒരരികിൽ മരവവും നുകവും കെട്ടിബന്ധിപ്പിച്ച് ഇറക്കുന്ന ഒരുജോഡി കാളകളെ അതിവേഗത്തിൽ, വൃത്താകൃതിയിൽ പാടം വലംവയ്ക്കാൻ വിടുന്നു. തെളിവടിയുമായി ഒരു നുകക്കാരനും രണ്ടുസഹായികളും കാളകൾക്കൊപ്പം ചേരും. കാളകൾ കണ്ടം നിറഞ്ഞോടുമ്പോൾ ആർപ്പുവിളിക്കുന്ന ആൾകൂട്ടം ഒരു ഫുട്ബോൾ ഗാലറിയുടെ പ്രതീതിയുളവാക്കും. കളിക്കാരൻ ഗോൾവലനിറയ്ക്കുമ്പോൾ ഗാലറിയിലൊന്നാകെ ആവേശത്തിലാവുന്നതു പോലെ, ഓരോ കാളപൂട്ടുകാരനും പൂട്ടുകണ്ടം വലംവച്ച് തിരിച്ചെത്തുമ്പോൾ പാടവരമ്പുകൾ അത്യാവേശത്തിന്റെ  മറ്റൊരു ഗാലറിയായി പരിണമിക്കും.

കുതിച്ചുപാഞ്ഞ് ഏറ്റവും ചുരുങ്ങിയ  സമയത്തിനുള്ളിൽ പാടം ഒരു തവണ വലംവച്ച് തിരിച്ച് ആരംഭസ്‌ഥാനത്തുതന്നെ തിരിച്ചെത്തുന്ന കാളകളും അവയുടെ പൂട്ടുകാരനും പ്രസ്തുത ‘പൂട്ട്  കൊണ്ട് പോവുന്നു’. പൂട്ടു കൊണ്ടുപോവൽ എന്നാണ് കാളപൂട്ട് മത്സരത്തിന്റെ വിജയത്തെ പ്രാദേശികമായി വിശേഷിപ്പിക്കുന്നത്. കേവലം പത്തു മുതൽ ഇരുപത് സെക്കന്റ് വരെ മാത്രം നീണ്ടുനിൽക്കുന്നതാണ് ഓരോ കാളപൂട്ടുകാരന്റെയും ഊഴം. സെക്കൻഡുകളുടെ വ്യത്യാസത്തിൽ വിജയികളെ നിർണയിക്കുന്നു. ഡിജിറ്റൽ വാച്ചുകളും സ്റ്റോപ്പറുകളും ഒക്കെ സജ്ജമാക്കിവച്ചാണ് ഇന്നു ഓരോ മത്സരങ്ങളും നടക്കുന്നത്. സെക്കൻഡുകൾ പോലും വിധി നിർണയിക്കുന്നു. മലപ്പുറം ജില്ലയിൽ പൊതുവെ കാണുന്ന കാളപൂട്ട് കണ്ടങ്ങളിൽ നിന്നും വ്യത്യസ്‍തമായി എൺപത് മീറ്റർ വരെ നീളമുള്ള ട്രാക്കുകളാണ് പാലക്കാട് ജില്ലയിൽ കാളപൂട്ടിനായി തയാറാക്കുന്നത്. വലിയ തുകയുടെ ക്യാഷ് പ്രൈസുകളും  ഒരാൾ പൊക്കത്തിലുള്ള കൂറ്റൻ ട്രോഫികളും ഉൾപ്പെടെ വലിയ വലിയ സമ്മാനങ്ങളാണ് ചെളിപ്പാടത്തെ വേഗരാജാവായ ഓരോ കാളപൂട്ട് മത്സരവിജയിക്കും ലഭിക്കുക. മത്സരാവസാനം വേഗതയിലും വീറിലും ഒന്നാമതായ കാളക്കൂറ്റന്മാരെയും പോത്തുകളെയും മോഹവില നൽകി സ്വന്തമാക്കാൻ കാളപൂട്ട് പ്രേമികളുടെ ഒരു നിരതന്നെ മത്സരവേദിക്ക് സമീപം കാത്തുനിൽപ്പുണ്ടാവും.

paddy-5
കാളകളെ നുകം കെട്ടിയൊരുക്കുന്നു

മുപ്പതു മുതൽ എഴുപത് ജോഡി വരെ കാളകൾ ഓരോ കാളപൂട്ടു ഉത്സവങ്ങളിലും തങ്ങളുടെ നുകക്കാർക്കൊപ്പം കരുത്ത് മാറ്റുരയ്ക്കും. കേവലമായ ഒരു മത്സരം എന്നതിനപ്പുറം പ്രാദേശികമായി നിലനിൽക്കുന്ന ഒട്ടേറെ നിയമങ്ങൾ  ഓരോ കാളപൂട്ടുകൾക്കുമുണ്ട്. അത്തരം നാട്ടുനിയമങ്ങൾ മത്സരത്തിന് മുൻപോ മത്സരത്തിനിടയിലോ ഉരുക്കളെ ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കുന്നതിനെ പോലും നിരുത്സാഹപ്പെടുത്തുന്നതാണ്. ജാതി, മതം, രാഷ്ട്രീയം തുടങ്ങി വ്യത്യാസങ്ങൾ ഒന്നുമില്ലാതെ ജനസഞ്ചയമൊന്നാകെ  കാളപൂട്ട് കാണാൻ പൂട്ടുകണ്ടത്തിൽ ഒത്തുചേരുമ്പോൾ, അവിടെ കൂട്ടായ്മയുടെ ആർപ്പുവിളികളാണുയരുന്നത്. ഓരോ കാളപൂട്ടുപാടങ്ങളുടെയും ചേറ്റിൽ വിളയുന്നത് സുന്ദരമായ  സൗഹൃദബോധവും, മൃഗങ്ങളും മനുഷ്യരും  തമ്മിൽ പിറവിതൊട്ടുള്ള പരസ്പരസമന്വയത്തിന്റെ  പാഠങ്ങളും തന്നെയാണ്.

paddy-6
കാളപൂട്ടിനു മുന്നോടിയായുള്ള ചേറുണർത്തൽ ചടങ്ങ്

കാളപൂട്ടും കാലപ്പഴക്കവും

മലബാറിലെ വയലുകളിൽ ഒരു വിളവെടുപ്പുത്സവം എന്ന നിലയിൽ എന്ന് മുതലാണ് കാളപൂട്ട് ആരംഭിച്ചിട്ടുണ്ടാവുക? കാളപൂട്ടിന്റെ കാലപ്പഴക്കത്തെ പറ്റിയുള്ള കൃത്യമായ വിവരങ്ങൾ നിലവിൽ ലഭ്യമല്ല. അത്തരം പഠന ഗവേഷങ്ങളും ഉണ്ടായിട്ടില്ല. ഒരുപക്ഷേ  നൂറ്റാണ്ടുകൾക്ക്  മുൻപ് മുതൽ തന്നെ കാളപൂട്ടിന്റെ ആരവങ്ങൾ മലബാറിലെ വയലുകളിൽ ഉയർന്നിരിക്കാം. വയൽ ചേറ്റിനെ ഇളക്കി മറിച്ചു കൊണ്ട് കാളക്കൂറ്റന്മാർ കഴിവും കരുത്തും തെളിയിച്ചിരിക്കാം. ഓർത്തെടുക്കാൻ പോലും പറ്റാത്ത വിധം മൺമറഞ്ഞുപോയ കാലങ്ങളിൽ കാളകൂറ്റന്മാർക്കൊപ്പം, ചേറിൽ എല്ലു മുറിയെ പണിയെടുത്തവരുടെ വിയർപ്പിനാൽ, അവരുടെ വിജയാരവങ്ങളാൽ ഈ പൂട്ടുപാടം കോരി തരിച്ചിരിക്കാം. ആദ്യകാലങ്ങളിൽ കേവലം ഒരു വിനോദമായി തുടങ്ങിയ കാളപൂട്ടും പോത്തുപൂട്ടും ഒരു മത്സരമായി പരിണമിച്ചത് നമ്മുടെ കാർഷികഭൂതകാലത്തിന്റെ സമൃദ്ധമായ ഏതെങ്കിലും ഒരുഘട്ടത്തിലായിരിക്കാം. കാളപൂട്ടിനു സമാനമല്ലെങ്കിലും, തമിഴ്‌നാട്ടിൽ വിളവെടുപ്പുത്സവമായ പൊങ്കലിനൊപ്പം നടന്നുവരുന്ന കാളകളെ ഉപയോഗിച്ചുള്ള മറ്റൊരു  മറ്റൊരു കാർഷികകായികവിനോദമായ ജെല്ലിക്കെട്ടിനു, മുവ്വായിരത്തിയഞ്ഞൂറിലധികം വർഷത്തെ പഴക്കമുണ്ടെന്ന് പ്രാചീന ഗുഹാചിത്രങ്ങളിൽ നടത്തിയ പഠനത്തിൽ  നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പഴക്കത്തെ കുറിച്ചുള്ള ശാസ്ത്രീയമായ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെങ്കിലും, കൃഷി അനുബന്ധിയായി രൂപപ്പെട്ട കായികയിനം എന്ന നിലയിൽ ജെല്ലിക്കെട്ടിനൊപ്പം തന്നെ കാളപൂട്ടിന്റെ ചരിത്രത്തെയും അതിന്റെ കാലപ്പഴക്കത്തെയും ചേർത്ത് വായിക്കാവുന്നതാണ്.

paddy-2

കാളപൂട്ട് കന്നുകാലികൾക്ക്  നേരെയുള്ള ക്രൂരതയോ?

കാളപൂട്ട്, മരമടി, പോത്തോട്ടം അടക്കമുള്ള കാർഷികകായികവിനോദങ്ങൾ മൃഗങ്ങൾക്ക് നേരെയുള്ള  ക്രൂരതയാണെന്നും പീഡനമാണെന്നും കരുതുന്നവരും, ഇത്തരം വിനോദങ്ങൾ എതിർക്കുന്നവരും ഇന്നുണ്ട് നമ്മുടെ നാട്ടിൽ. ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട്  ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, ഒരുവേള രാജ്യത്തെ പരമോന്നത നീതിപീഠം ജെല്ലിക്കെട്ട്, കാളപൂട്ട്, മരമടി, കംബള അടക്കം മൃഗങ്ങളെ ഉൾപ്പെടുത്തിയുള്ള കായിക വിനോദങ്ങൾ  മുഴുവനും നിരോധിക്കുക പോലുമുണ്ടായി. ഇതിനെത്തുടർന്ന് വലിയ പ്രക്ഷോഭങ്ങൾക്കും പ്രതിഷേധങ്ങൾക്കുമാണ് രാജ്യം സാക്ഷ്യം വഹിച്ചത്. പിന്നീട് സംസ്ഥാനങ്ങളിൽ പ്രത്യേകം പ്രത്യേകം നിയമനിർമാണം വഴിയാണ് ഈ കാർഷികകായികവിനോദങ്ങൾ നടത്താനുള്ള അവകാശം കർഷകർക്ക് പുനഃസ്‌ഥാപിച്ച് നൽകിയത്. എന്നാൽ യഥാർഥത്തിൽ ഈ  കാർഷികകായിക വിനോദങ്ങൾ മൃഗങ്ങൾക്കെതിരായ പീഡനമാണോ?

ഈ കായികരൂപങ്ങളത്രയും  കാർഷികാനുബന്ധിയായി  രൂപപ്പെട്ടതും, കൃഷി എന്ന അടിസ്ഥാന തൊഴിലിനോട് അഭേദ്യമായി ബന്ധപ്പെട്ടതുമാണെന്നതാണ് നാം ആദ്യം പരിഗണിക്കേണ്ട വസ്തുത. മറ്റു മത്സരങ്ങൾ പോലെ കേവല വിനോദങ്ങൾ മാത്രമോ, അല്ലെങ്കിൽ ക്രിക്കറ്റോ മറ്റോ പോലെ മത്സരാധിഷ്ഠിതമായി രൂപപെട്ടതോ അല്ല, മറിച്ച് ഞാറുനടൽ ഉത്സവം പോലെയൊ, വിളവെടുപ്പുത്സവം പോലെയൊ കാർഷികാനുബന്ധിയായ ഒരു ചടങ്ങ് എന്ന നിലയിൽ മാത്രമാണ് കാളപൂട്ടുകളെ പരിഗണിക്കുകയും, വിലയിരുത്തുകയും  ചെയ്യേണ്ടത്. ഒരു വിളവെടുപ്പുകാലം മുഴുവൻ നടുനിവർത്താതെ വയലിൽ പണിയെടുത്ത കർഷകർ, തങ്ങളുടെ അധ്വാനത്തിനറെ ഫലത്തിൽ ആഹ്ളാദിക്കാനും, അതിൽ അഭിമാനിക്കാനും, തങ്ങളോടൊപ്പം താങ്ങായി നിന്ന കാർഷിക മൃഗങ്ങൾക്കൊപ്പം നടത്തുന്ന കേവല വിനോദങ്ങൾ എന്നതിനപ്പുറം മൃഗങ്ങൾക്ക് നേരെയുള്ള ക്രൂരതയുടെ ഏത് അശംങ്ങളെയാണ് കാളപൂട്ടു മത്സരങ്ങളിൽ നിന്നും കണ്ടെടുക്കാൻ സാധിക്കുക ? മൃഗങ്ങൾക്ക് നേരെയുള്ള ക്രൂരത എന്ന തികച്ചും ഏകപക്ഷീയമായ വാദമുയർത്തി ഇത്തരം കാർഷികഉത്സവങ്ങളെ നിയമം വഴി നിരോധിക്കാമെങ്കിലും, ഒരു ജനതയുടെ ആത്മാവിൽ അലിഞ്ഞുചേർന്ന, അവരുടെ സിരകളിൽ തലമുറകളായി അണമുറിയാതെയൊഴുകുന്ന സാംസ്കാരിക സത്വങ്ങളെ മായ്ച്ചുകളയാനും, മറന്നുകയാൻ ആവശ്യപ്പെടാനും ആർക്കാണ് സാധിക്കുക ? 

paddy-1
വയൽ വരമ്പിൽ ജനസഞ്ചയം, പൂട്ടുവയലിൽ കാളക്കൂറ്റന്മാർ

കാളപൂട്ടും ജനിതകസമ്പത്തിന്റെ സംരക്ഷണവും 

കാളപൂട്ടുമത്സരങ്ങൾ എങ്ങനെയാണ് ജൈവവൈവിധ്യത്തിന്റെ സംരക്ഷണ ശ്രമങ്ങൾ ആവുന്നത് ? കാലിത്തൊഴുത്തുകളിൽനിന്ന് കശാപ്പുശാലകളിലേക്കും അവിടെ നിന്ന് നമ്മുടെ തീന്മേശകളിലേക്കുമുള്ള മരണയാത്രയിൽനിന്നും രക്ഷപ്പെടുത്തി, ജീവിക്കാനുള്ള മിണ്ടാപ്രാണികളുടെ അവകാശം അംഗീകരിച്ചു കൊടുക്കലിന്റെ മാനവികതയാണ് ഓരോ കാളപൂട്ടുകളും വിളിച്ചു പറയുന്നത്. കാങ്കേയം കാളകൾ പ്രത്യേകിച്ച് വിത്തുകാളകൾ, പുലിക്കുളം കാളകൾ, തിരുചെങ്ങോട് കാളകൾ, ബാർഗുർ കാളകൾ  / സീമറായി കാളകൾ, പളമളായി കാളകൾ, ഉമ്പളചേരി കാളകൾ, അളംബാദി കാളകൾ  തുടങ്ങിയ തമിഴ്‌നാട്ടിലെ പ്രാദേശിക കാളയിനങ്ങളുടെ സംരക്ഷണത്തിൽ ജെല്ലിക്കെട്ട് ഉത്സവത്തിന് വലിയ പങ്കുണ്ടെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 

തമിഴ്‌നാട്ടിലെ വിളവെടുപ്പുത്സവമായ പൊങ്കൽ ഉത്സവത്തിന്റെ ഭാഗമായി മാട്ടുപ്പൊങ്കൽ നാളിലാണ് ജെല്ലിക്കെട്ട് അരങ്ങേറുന്നത്. പണ്ടുകാലത്തെ അപേക്ഷിച്ച് നിലം ഉഴുതുമറിക്കാൻ അത്യാധുനിക ട്രാക്ടറുകളും, ചരക്കുകടത്തലിനും യാത്രകൾക്കും വിവിധ വാഹനങ്ങളും ലഭ്യമായ ഈ കാലത്തു കാളകൾ ഒരു അനിവാര്യതയല്ല, മാത്രവുമല്ല അവയെ സംരക്ഷിക്കൽ വലിയ ചിലവുള്ള കാര്യവുമാണ്. എന്നാൽ ജെല്ലിക്കെട്ടിനെ മാത്രം ലക്ഷ്യംവച്ചുകൊണ്ട് നൂറുകണക്കിന് നാടൻ കാളകളെ കർഷകർ  സംരക്ഷിക്കുന്നു. ജെല്ലിക്കെട്ടിനുപയോഗിക്കുന്ന കാളകളെ ഉൽപാദിപ്പിക്കുന്നതിനും,  ഗവേഷണത്തിനും മാത്രമായി തമിഴ്‌നാട്ടിലെ ഈറോഡ്‌ ജില്ലയിൽ സേനാപതി കാങ്കേയം കാറ്റിൽ റിസർച്ച്‌ ഫൗണ്ടേഷൻ എന്ന പേരിൽ ഒരു ബ്രഹത് സ്ഥാപനം പോലും പ്രവർത്തിക്കുന്നുണ്ട്. കാർഷികകായികോത്സവങ്ങൾ ജൈവവൈവിധ്യസംരക്ഷണത്തിന്റെ, പ്രത്യേകിച്ച് ഉറവിടങ്ങളിൽ തന്നെയുള്ള ജനിതക സംരക്ഷണത്തിന്റെ ( In-situ conservation) മാതൃകയാവുന്നതിന്റെ ഏറ്റവും മികച്ച മാതൃകകളിൽ ഒന്നാണിത്. സമാനമായി കർണാടകയുടെ  തീരപ്രദേശങ്ങളിൽ  നടന്നുവരുന്ന പോത്തോട്ട മത്സരമായ കംബള  ഉത്സവം ‘ദക്ഷിണ കന്നഡ’ എന്നയിനം പോത്തുകളുടെ സംരക്ഷണത്തിലും നിലനില്പിലും വലിയ പങ്കിവഹിച്ചിട്ടുണ്ട് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് .

kandam-pazhakal
കാളപൂട്ടിന് മുന്നോടിയായി നടത്തുന്ന 'കണ്ടം പഴകൽ' ചടങ്ങ്

ഈയൊരു മാതൃകയെ നമ്മുടെ നാട്ടിലെ കാളപൂട്ടുകളുമായും ബന്ധപെട്ടും കണ്ടെത്താൻ  സാധിക്കും. കാർഷികമേഖലയിൽ ഏതാവശ്യങ്ങൾക്കും അത്യധുനികയന്ത്രങ്ങൾ നാട്ടിൻ പുറത്തുപോലും സുലഭമായ ഈ കാലത്ത് കാളകളെ വളർത്തുന്നത് എന്തിനാണ് ? എന്നാൽ കാളപൂട്ടിനു മാത്രമായി നൂറുകണക്കിന് നാടൻ കാളകളാണ് അവയുടെ ജനിതകമേന്മയിൽ പോലും കോട്ടം വരാതെ പൊന്നുപോലെ നമ്മുടെ നാട്ടിൽ സംരക്ഷിക്കപ്പെടുന്നത്. കാളപൂട്ടിന് വേണ്ടി ഒരുക്കുന്ന കന്നുകൾക്ക് മികച്ച പരിചരണം തന്നെയാണ് കർഷകർ നൽകുന്നത്. പ്രത്യേകം പണികഴിപ്പിച്ച തൊഴുത്തുകളും തീറ്റക്രമവും പരിശീലനവും എല്ലാമുണ്ട്.  തീറ്റപ്പുല്ലിനും വൈക്കോലിനും പുറമെ കരുത്തുകൂട്ടുന്നതിനായി മുതിര , കോഴിമുട്ട, പൊടിച്ച കോഴിയിറച്ചി, കോഴി സൂപ്പ് എന്നിവയെല്ലാം തീറ്റയിൽ ഉൾപ്പെടുത്തും . വർഷത്തിൽ അഞ്ചോ ആറോ തവണ,  കേവലം  പതിനഞ്ചോ ഇരുപതോ  സെക്കൻഡ്  മാത്രം നീണ്ടുനിൽക്കുന്ന  മത്സരങ്ങൾക്കായി വളർത്തുന്ന കാളകളുടെ പരിചരണത്തിനായി പ്രതിദിനം വലിയ തുകയാണ് കാളപൂട്ട് പ്രേമികൾ ചെലവഴിക്കുന്നത്. ഒമിക്രോണിന്റെ വരവും കോവിഡ് നിയന്ത്രണങ്ങളും ആശങ്കയായി നിൽക്കുന്നുണ്ടെങ്കിലും മലപ്പുറത്തെയും പാലക്കാട്ടെയും കോഴിക്കോട്ടെയും അനേകം പൂട്ടുപാടങ്ങളാണ് കാളപൂട്ടിന്റെ ആരവങ്ങൾക്ക്  സജ്ജമായി കാളകൂറ്റന്മാർക്കും കാളപൂട്ട് പ്രേമികൾക്കുമായി കാത്തിരിക്കുന്നത്.

English summary: Kerala Farmers Participate In A Bull Racing In Paddy Fields

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com