കുരുമുളകില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാം; കടുപ്പം കുറഞ്ഞ് തേയില

black-pepper
SHARE

കേരളം കുരുമുളക് സീസണിന് ഒരുങ്ങുന്നു, ഉല്‍പന്ന വിലയില്‍ മുന്നേറ്റ സാധ്യതയ്ക്ക് ഇടയിലും പുതിയ ചരക്കുവരവ് ചാഞ്ചാട്ടങ്ങള്‍ സൃഷ്ടിക്കാം. മഹാരാഷ്ട്രയിലും കര്‍ണാകയിലും ഇഞ്ചി ഉല്‍പാദനം ഉയര്‍ന്നു, പുതിയ ചുക്ക് വില്‍പ്പനയ്ക്കെത്തി. തേയിലയ്ക്ക് കടുപ്പം കുറഞ്ഞു, കയറ്റുമതി മേഖലയില്‍ മ്ലാനത. പച്ചത്തേങ്ങ സംഭരണം നാളികേരോല്‍പന്ന വിപണിക്കു പുതുജീവന്‍ പകരുമെന്ന പ്രതീക്ഷയ്ക്കിടയില്‍ തെങ്ങുകളെ ബാധിച്ച പൂപ്പല്‍ബാധ ആശങ്ക ഉളവാക്കുന്നു. രാജ്യാന്തര റബര്‍ മാര്‍ക്കറ്റിലെ തളര്‍ച്ച വിട്ടുമാറിയില്ല.    

പ്രതീക്ഷിക്കുന്നത് 20,000-25,000 ടണ്ണിന്റെ ഉല്‍പാദനം

തെക്കന്‍ കേരളം കുരുമുളക് വിളവെടുപ്പിന്റെ തിരക്കിലേക്ക്. ചെറുകിട കര്‍ഷകര്‍ അവരുടെ തോട്ടങ്ങളിലെ മൂത്തു വിളഞ്ഞ മുളകുമണികള്‍ പറിച്ച് ഉണക്കുന്ന തിരക്കിലാണ്. മികച്ച മഴ ഒരു പരിധി വരെ മുളകുമണികളുടെ വലുപ്പം കൂട്ടിയെങ്കിലും പല തോട്ടങ്ങളിലും പ്രതികൂല കാലാവസ്ഥയില്‍ തിരികള്‍ അടര്‍ന്നു വീണതിനാല്‍ ഉല്‍പാദനം കുറയും.  

പിന്നിട്ട വര്‍ഷം രാജ്യത്തെ മൊത്തം കുരുമുളക് ഉല്‍പാദനം 65,000 ടണ്ണായിരുന്നു. 2020 അപേക്ഷിച്ച് 4000 ടണ്ണിന്റെ അധികോല്‍പാദനമുണ്ടായിട്ടും ആഭ്യന്തര വിപണിയുടെ ആവശ്യങ്ങള്‍ക്ക് അവ തികയാതെ വന്നു. കര്‍ണാടകയിലെ വന്‍കിട തോട്ടങ്ങളില്‍ പോലും ഇക്കുറി വിളവ് കുറയും. ഫെബ്രുവരി അവസാനത്തോടെ ഉല്‍പാദനം സംബന്ധിച്ച് കുടുതല്‍ വ്യക്തത വരും. കാപ്പി വിളവെടുപ്പ് പുര്‍ത്തിയാക്കിയ ശേഷമേ അവര്‍ കുരുമുളകില്‍ പിടിമുറുക്കൂ.

കേരളത്തില്‍ 20,000-25,000 ടണ്ണിന്റെ ഉല്‍പാദനം പ്രതീക്ഷിക്കുന്നങ്കിലും ഇതില്‍ ഏറ്റകുറച്ചില്‍ സംഭവിക്കാം. നമ്മുടെ കര്‍ഷകരില്‍ എണ്‍പത് ശതമാനവും ചെറുകിടക്കാരായതിനാല്‍ വിളവെടുപ്പ് പൂര്‍ത്തിയായാല്‍ മാത്രം കണക്കുകളില്‍ പൂര്‍ണത വരൂ. ഏതായാലും മാര്‍ച്ച് അവസാനയോടെ 5000 ടണ്‍ ചരക്ക് വില്‍പ്പനയ്ക്ക് ഇറങ്ങാം. ഉയര്‍ന്ന കാര്‍ഷികച്ചെലവുകള്‍ മൂലം പുതിയ ചരക്കില്‍ ഒരു പങ്ക് തുടക്കത്തില്‍ വില്‍പന നടത്താന്‍ അവര്‍ നിര്‍ബന്ധിതരാവും.

കഴിഞ്ഞ വര്‍ഷം ഇതേ സന്ദര്‍ഭത്തില്‍ 32,500 രൂപ മാത്രമായിരുന്നു അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് ഇപ്പോള്‍ 18,000 രൂപ ഉയര്‍ന്ന് 50,500 രൂപയിലാണ്. രാജ്യത്തെ നിത്യാവശ്യങ്ങള്‍ക്ക് നാടന്‍ മുളകിനെയാണ് ഏറിയപങ്കും ആശ്രയിക്കുന്നത്. ഇറക്കുമതി ഭീഷണിയുണ്ടെങ്കിലും ഉല്‍പാദനക്കുറവ് കൂടി കണക്കിലെടുത്താല്‍ പുതിയ ചരക്കുവരവിനിടയില്‍ കിലോ 450-525 റേഞ്ചില്‍ ഉല്‍പന്നം സഞ്ചരിക്കാം. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മലബാര്‍ മുളക് പിന്തള്ളപ്പെട്ട അവസ്ഥയിലാണെങ്കിലും ടണ്ണിന് 7200 ഡോളറാണ് വില.    

ഉല്‍പാദനം കൂടി, ഇഞ്ചിയുടെ വില കുറഞ്ഞു

ഇഞ്ചിക്കൃഷി വ്യാപകമായതിനാല്‍ ചുക്ക് കൂടുതലായി ഉല്‍പാദിപ്പിക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് ഇടപാടുകാര്‍. മഹാരാഷ്ട്രയിലും കര്‍ണാടകത്തിലും ഇഞ്ചി ഉല്‍പാദനം ഉയര്‍ന്നതിനാല്‍ താഴ്ന്ന വിലയ്ക്കാണ് ചരക്ക് വിറ്റഴിക്കുന്നത്. മഹാരാഷ്ട്രയില്‍ കിലോ 14 രൂപയിലും കര്‍ണാടകത്തില്‍ 25 രൂപയിലും ഇഞ്ചി വ്യാപാരം നടന്നു. കൊച്ചിയില്‍ വില്‍പ്പനയ്ക്കെത്തിയ പുതിയ ചുക്ക് പല അവസരത്തിലും കിലോ 150160 റേഞ്ചില്‍ കൈമാറ്റം നടന്നു. ഉത്തരേന്ത്യ ശൈത്യത്തിന്റെ പിടിയിലാണെങ്കിലും വന്‍ ഓര്‍ഡറുകളുടെ അഭാവം മൂലം നാലു മാസമായി മികച്ചയിനങ്ങള്‍ കിലോ 175 രൂപയിലും ശരാശരി ഇനങ്ങള്‍ 165 രൂപയിലുമാണ്. മാസാവസാനതോടെ വരവ് ശക്തമായാല്‍ വിലയില്‍ ഏറ്റക്കുറച്ചില്‍ പ്രതീക്ഷിക്കാമെങ്കിലും വിദേശ ഓര്‍ഡറുകളെത്തിയാല്‍ സ്ഥിതിഗതികളില്‍ മാറ്റമുണ്ടാവും. അറബ് രാജ്യങ്ങള്‍ ഇക്കുറിയും വന്‍തോതില്‍ ഇന്ത്യന്‍ ചുക്ക് ശേഖരിക്കാം.

തേയില കയറ്റുമതിയില്‍ ഇടിവ്

ദക്ഷിണേന്ത്യന്‍ തേയിലത്തോട്ടങ്ങള്‍ മഞ്ഞുവീഴ്ച്ചയുടെ പിടിയിലാണ്. പകല്‍ താപനിലയിലെ വര്‍ധനയും രാത്രിയിലെ കൊടും തണുപ്പും മൂലം കൊളുന്ത് കരിഞ്ഞുണങ്ങുന്നത് ഉല്‍പാദനത്തെ ബാധിച്ചു. ഇതിനിടെ വിദേശ ഓര്‍ഡറുകളുടെ അഭാവം മൂലം കഴിഞ്ഞ വര്‍ഷം മൊത്തം കയറ്റുമതി 12 ശതമാനം ഇടിഞ്ഞു. 2020ല്‍ 207 ദശലക്ഷം കിലോ തേയില കയറ്റുമതി നടത്തിയ സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം കപ്പല്‍ കയറ്റിയത് 180 ദശലക്ഷം കിലോ മാത്രമാണ്. തേയില കയറ്റുമതി വരുമാനം 4250 കോടി രൂപയിലെത്തി. ഇറാനാണ് ഇന്ത്യന്‍ തേയില മുഖ്യമായും ശേഖരിക്കുന്നത്. കോവിഡ് പ്രതിസന്ധികള്‍ മൂലം പോയ വര്‍ഷം ഉല്‍പാദനം കുറഞ്ഞത് ഒരു പരിധി വരെ വിപണിക്ക് താങ്ങായി.

തെങ്ങുകളില്‍ പൂപ്പല്‍ ബാധയ്ക്കൊപ്പം വെള്ളീച്ച ആക്രമണവും

സര്‍ക്കാര്‍ ഏജന്‍സി വ്യാപകമായി പച്ചത്തേങ്ങ സംഭരിച്ചാല്‍ സീസണ്‍ ആരംഭത്തിലെ വിലത്തകര്‍ച്ച മറികടക്കാന്‍ കാര്‍ഷിക മേഖലയ്ക്കാവും. പുതുക്കിയ കൊപ്രയുടെ താങ്ങുവില വിപണിവിലയേക്കാള്‍ ക്വിന്റലിന് 1200 രൂപ ഉയര്‍ന്നു നില്‍ക്കുകയാണ്. നാഫെഡ് രംഗത്തെത്തിയാല്‍ നാളികേരോല്‍പ്പന്നങ്ങളില്‍ ഉണര്‍വ് പ്രതീക്ഷിക്കാം. വിദേശ പാം ഓയില്‍ ഇറക്കുമതിക്ക് മാര്‍ച്ചു വരെ അനുവധിച്ച ഇളവുകള്‍ അവസാനിച്ചാല്‍ വെളിച്ചെണ്ണ വിപണി സജീവമാകും. കാങ്കയത്ത് കൊപ്ര വില 9000 രൂപയാണ്.

അതേസമയം ബഹുരാഷ്ട്ര കമ്പനികള്‍ കൊപ്രയോട് കാണിക്കുന്ന താല്‍പര്യത്തെ ആസ്പദമാക്കിയാവും വിപണിയുടെ കുതിപ്പും കിതപ്പും. ആന്‍ഡമാന്‍ ദ്വീപ് സമൂഹങ്ങളില്‍നിന്നുള്ള കൊപ്രവരവ് വിലയെ സ്വാധീനിക്കാമെങ്കിലും പ്രദേശിക തലത്തില്‍ വെളിച്ചെണ്ണയ്ക്ക് ഡിമാന്‍ഡ് ഉയര്‍ന്നാലെ പ്രതിസന്ധി വിട്ടുമാറു. കൊച്ചിയില്‍ വെളിച്ചെണ്ണ വില 15,400 രൂപയാണ്. എണ്ണ വിപണി ചൂടുപിടിച്ചാല്‍ കൊപ്ര 10,000നു മുകളില്‍ ഇടം പിടിക്കും.

ഇതിനിടെ മധ്യകേരളത്തിലെയും തെക്കന്‍ കേരളത്തിലെയും പല പ്രദേശങ്ങളിലെ തെങ്ങുകളില്‍ പൂപ്പല്‍ ബാധയ്ക്കൊപ്പം വെള്ളീച്ച ആക്രമണവും അനുഭവപ്പെട്ടതോടെ മച്ചിങ്ങ പൊഴിച്ചില്‍ വ്യാപകമായി. കാലാവസ്ഥാ വ്യതിയാനങ്ങളും രോഗങ്ങളും മൂലം മച്ചിങ്ങ പൊഴിച്ചില്‍ രൂക്ഷമായത് കണക്കിലെടുത്താല്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ നാളികേര ഉല്‍പാദനം കുറയും.

രാജ്യാന്തര വിപണിയില്‍ റബര്‍വില മാറ്റമില്ലാതെ തുടരുന്നു

രാജ്യാന്തര റബര്‍ വിപണി താഴ്ന്ന റേഞ്ചില്‍ നീങ്ങുന്നതിനാല്‍ ഇറക്കുമതി രാജ്യങ്ങള്‍ തിരക്കിട്ടുള്ള ചരക്ക് സംഭരണത്തിന് ഉത്സാഹം കാണിച്ചില്ല. പുതുവത്സരാഘോഷങ്ങള്‍ കഴിഞ്ഞ് വ്യവസായികള്‍ രംഗത്ത് തിരിച്ചെത്തിയിട്ടും വിലയില്‍ കാര്യമായ മാറ്റമില്ല. ഇതിനിടയില്‍ ഒരാഴ്ച്ച നീളുന്ന ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കത്തിലാണ് ചൈന. ഉത്സവ ദിനങ്ങള്‍ക്കു ശേഷം പുതിയ കച്ചവടങ്ങള്‍ ഉറപ്പിക്കാമെന്ന നിലപാട് അവര്‍ സ്വീകരിച്ചാല്‍ രാജ്യാന്തര റബര്‍ വില ഇതേ നിലയില്‍ തുടരാം. ഫെബ്രുവരി ഒന്നിനാണ് ചൈനീസ് പുതുവത്സരം. സംസ്ഥാനത്ത് നാലാം ഗ്രേഡ് റബര്‍ കിലോ 159 വരെ താഴ്ന്നു.

English summary: Commodity Markets Review January 10

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA