ADVERTISEMENT

പരിമിതികള്‍ ഏറെയുണ്ടെങ്കിലും മികച്ച രീതിയില്‍ പശുവളര്‍ത്തുമായി മുന്നോട്ടു പോകുന്ന യുവ കര്‍ഷകനാണ് എ.കെ. നജുമുദ്ദീന്‍, അതും ലക്ഷദ്വീപില്‍. ലക്ഷദ്വീപിലെ കല്‍പേനി ദ്വീപിലാണ് നജുമുദ്ദീന്റെ വീടും ഫാമും. പരിമിതമായ സൗകര്യങ്ങളുള്ള പ്രദേശത്ത് പശുക്കളും കിടാരികളും വിത്തുകാളയുമൊക്കെയായി 15ലധികം ഉരുക്കളാണ് ഫാമിലുള്ളത്. സ്ഥലപരിമിതിയും തീറ്റയുടെയും മരുന്നിന്റെയും ലഭ്യതക്കുറവുമെല്ലാമുള്ള സാഹചര്യത്തിലാണ് നജുമുദ്ദീന്‍ തന്റെ ക്ഷീരസംരംഭം വിജയകരമായി മുന്നോട്ടുകൊണ്ടുപോകുന്നത്.

പത്തു വര്‍ഷത്തിലേറെയായി പശുക്കളെ വളര്‍ത്തുന്ന നജുമുദ്ദീന്‍ ഇന്ന് തന്റെ ക്ഷീരസംരംഭം ഒരു പടികൂടി മുന്നോട്ടു കടത്തിയിരിക്കുന്നു. ഇത്രയും നാള്‍ പാല്‍ വിതരണത്തിലൂടെയായിരുന്നു വരുമാനം കണ്ടെത്തിയിരുന്നതെങ്കില്‍ ഇന്ന് പാലുല്‍പന്നങ്ങളും നജുമുദ്ദീന്റെ റാസീസ് ഡെയറി ഫാമില്‍നിന്ന് പുറത്തെത്തുന്നു. തൈര്, ഐസ്‌ക്രീം, സിപ്പപ് തുടങ്ങിയവയാണ് റാസീസ് ഡെയറി ഫാമില്‍നിന്ന് ആസാസ് ഡെയറി പ്രൊഡക്ടസ് എന്ന പേരില്‍ ദ്വീപുകളില്‍ വില്‍ക്കുന്നത്. കല്‍പേനിയില്‍ ചെറിയ തോതില്‍ വിറ്റുതുടങ്ങിയപ്പോള്‍ സമീപ ദ്വീപുകളില്‍നിന്നും ആവശ്യക്കാരുണ്ടായി എന്ന് നജുമുദ്ദീന്‍ പറയുന്നു.

najumudeen-1

പാലുല്‍പാദനം ഉയര്‍ന്നതിനാല്‍ അധികമുള്ള പാല്‍ വില്‍ക്കാന്‍ കഴിയാതെ വന്നതാണ് ഇത്തരത്തില്‍ പാലുല്‍പന്നങ്ങളിലേക്ക് തിരിയാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ഈ യുവ കര്‍ഷകന്‍ പറയുന്നു. പാലിന് സ്ഥിരം ആവശ്യക്കാരുണ്ട്. എന്നാല്‍, അടുത്തിടെ രണ്ടു പശുക്കള്‍ക്കൂടി പ്രസവിച്ചപ്പോള്‍ പാല്‍ അധികം വന്നു. അതാണ് പുതിയ വഴി തേടാന്‍ കാരണം. കൂടാതെ പശുക്കളെ വളര്‍ത്തുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ടായതായി നജുമുദ്ദീന്‍. മുന്‍പ് പശുക്കളെ വളര്‍ത്തുന്നവര്‍ ആരുംതന്നെ ഇല്ലെന്നു പറയാമായിരുന്നു. എന്നാല്‍, തന്റെ ഫാമിലെ പശുക്കള്‍ കൂടാതെ ഇന്ന് പതിനഞ്ചോളം പശുക്കള്‍ പുതുതായി ദ്വീപിന്റെ ഭാഗമായിട്ടുണ്ടെന്നും നജുമുദ്ദീന്‍ പറയുന്നു.

2011ല്‍ രണ്ടു പശുക്കളില്‍ തുടങ്ങിയ ഫാം നജുമുദ്ദീന്‍ 2013ല്‍ വിപുലീകരിക്കുകയായിരുന്നു. തുടക്ക കാലത്ത് 30 രൂപയ്ക്കായിരുന്നു പാല്‍ വില്‍പന. ഒരു പതിറ്റാണ്ട് പിന്നിടുമ്പോള്‍ അത് 75 രൂപയില്‍ എത്തിനില്‍ക്കുന്നു. ഉല്‍പാദനച്ചെലവ് അനുദിനം വര്‍ധിക്കുന്നതിനാല്‍ അതനുസരിച്ച് പാലിന്റെ വില കൂട്ടേണ്ടി വരുന്നുണ്ട്. 75-80 രൂപയ്ക്ക് പൂര്‍ണമായും പ്രാദേശിക വില്‍പന മാത്രം. ആവശ്യക്കാരുടെ വീടുകളില്‍ എത്തിച്ചു നല്‍കുകയും ചെയ്യുന്നു. രാവിലെയും വൈകുന്നേരവുമായി 80 ലീറ്ററോളം പാലാണ് ഒരു ദിവസത്തെ ശരാശരി ഉല്‍പാദനം. കരസ്പര്‍ശമേല്‍ക്കാതെ പാല്‍ക്കറവയ്ക്കായി ഡി ലെവല്‍ മില്‍ക്കിങ് മെഷീന്‍ ഫാമില്‍ എത്തിച്ചതാണ് ഏറ്റവും പുതിയ കാര്യം. ലക്ഷ്വദ്വീപ് ചരിത്രത്തിലെ ആദ്യ മില്‍ക്കിങ് മെഷീനാണിതെന്ന് നജുമുദ്ദീന്‍.

dairy-farm-lakshadweep-3
ഉരുവിൽ കാളയുമായി നജുമുദ്ദീൻ

കേരളത്തില്‍നിന്നും തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍നിന്നുമെല്ലാം വാങ്ങിയ പശുക്കളാണ് ഫാമിലുള്ളത്. ബെംഗളൂരുവില്‍നിന്ന് വാങ്ങിയ ഒരു വിത്തുകാളയും ഫാമിലുണ്ട്. കേരളത്തില്‍നിന്ന് ഉരുവില്‍ കടല്‍ താണ്ടി പശുക്കള്‍ ദ്വീപിലെത്തുന്നു. 4000 രൂപയോളം ഒരു പശുവിന് കടത്തുചെലവ് വരും. കാലാവസ്ഥ അനുയോജ്യമാണെങ്കില്‍ രണ്ടു പകലും ഒരു രാത്രിയുംകൊണ്ട് ഉരു ദ്വീപിലെത്തും. ദിവസം നീണ്ടുപോയാല്‍ പശുക്കള്‍ ക്ഷീണിക്കും. മുന്‍പൊരിക്കല്‍ കടല്‍ക്ഷോഭം ഉണ്ടായതിനെത്തുടര്‍ന്ന് ഉരു മറ്റൊരു ദ്വീപില്‍ അടുപ്പിക്കേണ്ടിവരികയും പശു ചത്തുപോവുകയും ചെയ്‌തെന്ന് നജുമുദീന്‍. ഓഖിയുടെ സമയത്തും പ്രതിസന്ധിയുണ്ടായി. കുടിവെള്ളത്തിലെല്ലാം കടല്‍വെള്ളം കയറി. പശുക്കളും തങ്ങളും കുടിവെള്ളമില്ലാതെ ദിവസങ്ങളോളം ബുദ്ധിമുട്ടിയിട്ടുണ്ട്. ഉപ്പുവെള്ളം കുടിച്ച് പശുക്കള്‍ക്ക് വയറിളക്കം വന്നത് ചില്ലറ ബുദ്ധമുട്ടൊന്നമല്ല വരുത്തിവച്ചത്‌നജുമുദീന്‍ ഓര്‍ക്കുന്നു.

കാലിത്തീറ്റയും പിണ്ണാക്കുകളും പ്രാദേശികമായി ലഭിക്കുന്ന പുല്ലും തെങ്ങോലയുമെല്ലാമാണ് പശുക്കള്‍ക്ക് ഭക്ഷണമായി നല്‍കുന്നത്. കുറച്ചു സ്ഥലത്ത് സിഒ-3 ഇനം തീറ്റപ്പുല്ല് കൃഷി ചെയ്തിട്ടുമുണ്ട്. കറവയില്ലാത്തതിനെ പകല്‍ തെങ്ങിന്‍തോപ്പുകളില്‍ അഴിച്ചു കെട്ടാറുണ്ട്. അവിടുത്തെ പുല്ലും മറ്റും കഴിച്ചശേഷം വൈകുന്നേരമാണ് തിരികെ ഫാമിലേക്ക് കയറ്റൂ. കറവപ്പശുക്കള്‍ക്ക് പുല്ല് ചെത്തി കൊണ്ടുവന്നു കൊടുക്കും. 

പശുക്കള്‍ക്കുള്ള കാലിത്തീറ്റ കൊച്ചിയില്‍നിന്ന് എത്തിക്കുന്നു. കെഎസ് സുപ്രീം കാലിത്തീറ്റയാണ് ഇപ്പോള്‍ നല്‍കുന്നത്. കൊച്ചിയില്‍നിന്ന് വാങ്ങുന്ന കാലിത്തീറ്റയ്ക്ക് ദ്വീപിലെത്തുമ്പോള്‍ 300 രൂപ അധികചെലവ് വരും. മുന്‍പ് കന്ദ്രസര്‍ക്കാരില്‍നിന്ന് കാലിത്തീറ്റയ്ക്ക് സബ്‌സിഡി ലഭിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ആ സ്ബ്‌സിഡി സ്‌കീം നിലവിലില്ല. അതുകൊണ്ടുതന്നെ തീറ്റച്ചെലവ് ഗണ്യമായി ഉയര്‍ന്നുവെന്നും നജുമുദ്ദീന്‍ പറയുന്നു.

dairy-farm-lakshadweep-4

അസുഖങ്ങള്‍ പിടിപെട്ടാല്‍ മരുന്നുകള്‍ ലഭ്യമല്ല എന്നതാണ് തങ്ങള്‍ നേരിടുന്ന പ്രധാന പ്രതിസന്ധിയെന്ന് നജുമുദ്ദീന്‍. ദ്വീപില്‍ വെറ്ററിനറി ഡോക്ടറുടെ സേവനമുണ്ട്. അടിയന്തിര സാഹചര്യങ്ങളിലെല്ലാം ഡോക്ടറുടെ സേവനം ഉടനടി ലഭ്യമാകുന്നുണ്ട്. പശുക്കളെ ഇടയ്ക്ക് കടലില്‍ ഇറക്കുന്ന രീതിയുണ്ട് നജുമുദ്ദീന്. കറവയില്ലാത്ത പശുക്കളെ ആഴ്ചയിലൊരിക്കല്‍ കടലില്‍ ഇറക്കും. കടലില്‍ കുളിപ്പിക്കുന്നതിനൊപ്പം അവ ഉപ്പുജലത്തില്‍ യഥേഷ്ടം നീന്തിത്തുടിക്കാറുണ്ട്. ഈ ഉപ്പുവെള്ളത്തിലെ കുളിയിലൂടെ കുളമ്പുകളുടെയും ശരീരത്തിന്റെയും ആരോഗ്യം മെച്ചപ്പെടുകയും പരാദങ്ങളുടെ ആക്രമണം ഒഴിവാക്കാനും സാധിക്കുന്നു.

dairy-farm-lakshadweep-5
നജുമുദ്ദീന്റെ പിതാവും സഹോദരനും. ഫാമിലെ പ്രവർത്തനങ്ങൾക്ക് ഇരുവരും എപ്പോഴും ഒപ്പമുണ്ട്

ലോക്ഡൗണ്‍ സമയത്ത് തീറ്റയുടെ കാര്യത്തില്‍ ഏറെ ബുദ്ധിമുട്ടി. ഉരു സര്‍വീസ് നിര്‍ത്തിയതോടെ 100 ചാക്ക് കാലിത്തീറ്റ മുന്‍കൂട്ടി എടുത്തു സൂക്ഷിച്ചു. വലിയൊരു മുതല്‍മുടക്ക് അതിലേക്ക് വേണ്ടിവന്നു. അതിനാല്‍ തീറ്റയ്ക്കു ബുദ്ധിമുട്ടേണ്ടിവന്നില്ല. മുന്‍പൊരിക്കല്‍ തീറ്റ എത്താന്‍ വൈകിയതിനാല്‍ രണ്ടു ദിവസം പുല്ലും ഓലയും മാത്രം കൊടുക്കേണ്ടിവന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്. 

പശുക്കളെ കൂടാതെ ആടും കോഴിയും താറാവുമെല്ലാം ഈ ഫാമിലുണ്ട്. മുപ്പതോളം താറാവുകളില്‍നിന്ന് ദിവസം ഇരുപതോളം മുട്ടകള്‍ ലഭിക്കും. പശുക്കളുടെ തീറ്റയവശിഷ്ടങ്ങളാണ് ഇവയുടെ ഭക്ഷണം. പാല്‍ വാങ്ങുന്നവര്‍തന്നെ മുട്ടകളും വാങ്ങും. ഒരു മുട്ടയ്ക്ക് 15 രൂപ ലഭിക്കും. 

dairy-farm-lakshadweep-6

തീറ്റയുടെ ലഭ്യതക്കുറവ് അനുഭവപ്പെടുമ്പോള്‍ പലപ്പോളും ഫാം നിര്‍ത്തുന്നുന്നതിനെക്കുറിച്ച് നജുമുദ്ദീന്‍ ചിന്തിച്ചുപോകാറുണ്ട്. എന്നാല്‍, അവയോടുള്ള താല്‍പര്യം മേഖലയില്‍ പിടിച്ചുനിര്‍ത്തുകയാണ്. മാത്രമല്ല ഇപ്പോഴത്തെ സാഹചര്യത്തില്‍ മറ്റൊരു വരുമാനമാര്‍ഗവുമില്ല. കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സ്‌കീമുകളില്‍ സഹായങ്ങള്‍ ലഭിക്കുമ്പോള്‍ ദ്വീപില്‍ അത്തരത്തിലൊരു സഹായവും ലഭിക്കുന്നില്ല. മാത്രമല്ല, ലഭ്യമായിരുന്ന സബ്‌സിഡി എടുത്തുകളയുകയും ചെയ്തു. പ്രതിസന്ധികള്‍ ഏറെയുണ്ടെങ്കിലും അവയിലൊന്നും തളരാതെ പശുക്കള്‍ക്കൊപ്പം മുന്‍പോട്ടു പോകാനാണ് ഈ യുവ കര്‍ഷകന്റെ തീരുമാനം. മാതാപിതാക്കളും സഹോദരങ്ങളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയുമെല്ലാം പിന്തുണയാണ് ഈ യുവാവിന്റെ ക്ഷീരസംരംഭത്തിന്റെ അടിത്തറ.

English summary: Dairy Farmer from Lakshadweep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com