ADVERTISEMENT

ആഗോള ഭക്ഷ്യയെണ്ണ വിപണിയിലെ ചൂട് വെളിച്ചെണ്ണയില്‍ പ്രതിഫലിക്കുമെന്ന നിഗമനത്തിലാണ് നാളികേര ഉല്‍പാദകര്‍. വിവിധ പാചകയെണ്ണകള്‍ക്കായി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നതിനാല്‍ ലഭ്യത മുന്‍ മാസങ്ങളെ അപേക്ഷിച്ച് മാര്‍ച്ച്-മേയ് കാലയളവില്‍ കുറയുമെന്ന് ആഭ്യന്തര എണ്ണക്കുരു കര്‍ഷകര്‍ക്ക് നേട്ടം സമ്മാനിക്കാം.

ദക്ഷിണേന്ത്യന്‍ കൊപ്ര ഉല്‍പാദകരും നാളികേര കര്‍ഷകരും പാചകയെണ്ണ വിപണിയിലെ ബുള്‍ തരംഗം തങ്ങള്‍ക്ക് അനുകൂലമായി മാറുമെന്ന വിശ്വാസത്തിലാണ്. കേരളത്തില്‍ നാളികേര സീസണാണ്, തമിഴ്നാട്ടിലെ വന്‍കിട തോട്ടങ്ങളില്‍ വിളവെടുപ്പിന് തുടക്കം കുറിച്ച പശ്ചാത്തലത്തില്‍ മാസത്തിന്റെ രണ്ടാം പകുതിയില്‍ പച്ചതേങ്ങയും കൊപ്രയും അവിടെ വന്‍ തോതില്‍ വില്‍പ്പനയ്ക്ക് ഇറങ്ങുമെന്നാണ് തോട്ടങ്ങളില്‍ നിന്നുള്ള വിവരം.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പല തോട്ടങ്ങളിലും ഉല്‍പാദനം അഞ്ച് മുതല്‍ പത്ത് ശതമാനം വരെ ഉയരുമെന്നാണ് കര്‍ഷകരുടെ പ്രാഥമിക വിലയിരുത്തല്‍. പൊള്ളാച്ചി, തിരിപ്പുര്‍, കോയമ്പത്തൂര്‍, തഞ്ചാവൂര്‍, പഴനി ഭാഗങ്ങളില്‍ എല്ലാം മികച്ച വിളവാണ് കണക്കാക്കുന്നത്. അടുത്ത രണ്ടാഴ്ച്ചകളില്‍ കാങ്കയം വിപണിയില്‍ ചരക്കുവരവ് ശക്തിയാര്‍ജിക്കുന്നതിനെ ഉറ്റുനോക്കുകയാണ് കൊപ്രയാട്ട് വ്യവസായികള്‍.

തമിഴ്നാട്ടിലെ വെളിച്ചെണ്ണ മില്ലുകാര്‍ മാത്രമല്ല, മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികളും വന്‍തോതില്‍ കൊപ്ര സംഭരിക്കാനുള്ള തയ്യാറെടുപ്പിലാണ്. തമിഴ്നാട്ടില്‍ ലഭ്യത ഉയര്‍ന്ന ശേഷമേ അവര്‍ വിപണി ഇടപെടലുകള്‍ക്ക് ഉത്സാഹിക്കൂ. എല്ലാ മേഖലകളില്‍നിന്നുമുള്ള ചരക്ക് പ്രവഹിക്കുന്നതോടെ താഴ്ന്ന വിലയ്ക്ക് കൊപ്ര സംഭരണം വ്യവസായികള്‍ ഊര്‍ജിതമാക്കാം. ഇതിനിടയില്‍ അടുത്ത മാസം കര്‍ണാടകത്തിലും ഏപ്രിലില്‍ ആന്ധ്രയിലും നാളികേര വിളവെടുപ്പ് ആരംഭിക്കും.  

മാര്‍ച്ച് മാസമായതിനാല്‍ നാഫെഡിനു വേണ്ടിയുള്ള കൊപ്ര സംഭരണത്തിന് എജന്‍സികള്‍ കാര്യമായ ഉത്സാഹം കാണിക്കില്ല. പുതിയ സാമ്പത്തിക വര്‍ഷം പിറന്ന ശേഷം സംഭരണം ഊര്‍ജിതമാക്കാനാണ് സാധ്യത. കേന്ദ്ര ഏജന്‍സിക്കു വേണ്ടി 50,000 ടണ്‍ കൊപ്രയാവും ആദ്യഘട്ടത്തില്‍ കര്‍ഷകരില്‍നിന്ന് ശേഖരിക്കുക. വിപണിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയാല്‍ താങ്ങ് വിലയിലേയ്ക്ക് കൊപ്രയുടെ വിപണി വില ഏപ്രിലും ഉയരാനുള്ള സാഹചര്യം ഇനിയും തെളിഞ്ഞിട്ടില്ല.

ദക്ഷിണേന്ത്യന്‍ തോട്ടങ്ങളില്‍ നിന്നുള്ള നാളികേര ലഭ്യത ഉയരുമെന്ന സൂചനകള്‍ വിലയിരുത്തിയാല്‍ ഇതര ഭക്ഷ്യയെണ്ണകളിലെ വിലക്കയറ്റം വെളിച്ചെണ്ണയില്‍ വേണ്ട വിധം പ്രതിഫലിക്കാന്‍ വിഷു വരെ കാത്തിരിക്കണം. ഓണാഘോഷ വേള മുതല്‍ തളര്‍ച്ചയില്‍ അകപ്പെട്ട വെളിച്ചെണ്ണ നീണ്ട ഇടവേളയ്ക്കു ശേഷം പിന്നിട്ടവാരം ചെറിയ മുന്നേറ്റത്തിലൂടെ 14,800ല്‍നിന്ന് 15,300 രൂപയായതോടെ 500 രൂപയുടെ മികവില്‍ കൊപ്ര 9500ലേക്ക് ഉയര്‍ന്നു.

ഗള്‍ഫ് വിപണിയില്‍ വെളിച്ചെണ്ണയുടെ നിയന്ത്രണം മലേഷ്യയുടെ കരങ്ങളിലാണ് നീങ്ങുന്നതെങ്കിലും ദക്ഷിണേന്ത്യയില്‍ സീസണ്‍ സജീവമാക്കുന്നതോടെ വിദേശ മാര്‍ക്കറ്റുകളില്‍ മത്സരിക്കാന്‍ നമ്മുടെ കയറ്റുമതി മേഖല സജ്ജമാകും. ഇതര ഭക്ഷ്യയെണ്ണകളിലെ ചൂടില്‍ മലേഷ്യന്‍ വെളിച്ചെണ്ണ വില പത്ത് രൂപയുടെ മികവില്‍ കിലോഗ്രാമിന് 130 രൂപയായി ഉയര്‍ന്നു.  

കര്‍ണാടകത്തിലെ തോട്ടങ്ങളില്‍ കാപ്പി വിളവെടുപ്പ് പുര്‍ത്തിയാക്കി അവര്‍ കുരുമുളകിലേക്കു ശ്രദ്ധതിരിച്ചു. പുതിയ മുളകിന് ആവശ്യക്കാര്‍ എത്തിയതോടെ കിലോ 510-515 രൂപയിലാണ് നീങ്ങുന്നത്. മാസത്തിന്റെ രണ്ടാം പകുതിയില്‍ കൂര്‍ഗ്ഗില്‍നിന്നുള്ള മുളകുവരവ് ഉയരുമെന്ന പ്രതീക്ഷയിലാണ് വ്യാപാര രംഗം. ചിക്കമംഗലൂരിലെ തോട്ടങ്ങളിലും ചെറിയ അളവില്‍ വിളവെടുപ്പ് തുടങ്ങി.

കര്‍ഷകര്‍ക്ക് താങ്ങ് പകരാനും സീസണ്‍ ആരംഭത്തിലെ അനിയന്ത്രിതമായ വിലത്തകര്‍ച്ചയെ തടയുകയെന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏജന്‍സിയും ചരക്കുസംഭരണത്തിന് വല വിരിച്ചത് വിപണിയുടെ അടിത്തറയ്ക്ക് ശക്തിപകരും. കഴിഞ്ഞ സീസണിലും ഈ ഏജന്‍സികള്‍ രംഗത്തുണ്ടായിരുന്നത് ചെറുകിട കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വിലയ്ക്ക് അവസരം ഒരുക്കി. ഇക്കുറി ഉല്‍പാദനം കുറവായതിനാല്‍ കൂടുതല്‍ മുളക് സംഭരിക്കാനുള്ള നീക്കത്തിലാണ് മംഗലാപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ ഏജന്‍സി.      

ഇതിനിടയില്‍ രാജ്യാന്തര വിപണിയില്‍ വില ഇടിച്ച് പുതിയ വിദേശ കച്ചവടങ്ങള്‍ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് വിയറ്റ്നാമിലെ കയറ്റുമതി സമൂഹം. വിളവെടുപ്പ് ആരംഭിക്കും മുമ്പേ നിരക്ക് താഴ്ത്തി ക്വട്ടേഷന്‍ ഇറക്കിയെങ്കിലും യൂറോപ്യന്‍ ബയറര്‍മാരില്‍ നിന്നും കാര്യമായ പ്രതികരണമുണ്ടായില്ല.

റഷ്യ-യുക്രെയ്ന്‍ പ്രശ്നങ്ങള്‍ മൂലം കപ്പല്‍ കമ്പനികളും പുതിയ ബുക്കിങ്ങില്‍ നിന്നും കയറ്റുമതിക്കാരെ പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. പുതിയ ഓര്‍ഡറുകളുടെ കാലാവധി നീട്ടിയെടുക്കാനുള്ള കപ്പല്‍ കമ്പനികളും ഉപദേശങ്ങള്‍ കണക്കിലെടുത്താല്‍ വിപണി നിയന്ത്രണം ബയറര്‍മാരുടെ കരങ്ങളിലേക്ക് തിരിയാം.

ഫെബ്രുവരി മൂന്നാം വാരം ടണ്ണിന് 4500 ഡോളറിന് വരെ ക്വട്ടേഷന്‍ ഇറക്കിയ വിയറ്റ്നാം കഴിഞ്ഞ ദിവസം 3950 ഡോളറിന് മുളക് വാഗ്ദാനം ചെയ്തു. ഇത് കണ്ട് ബ്രസീലും ഇതേ നിരക്കില്‍ മുളക് വില്‍പ്പനയ്ക്ക് ശ്രമം നടത്തി. ഇന്തോനേഷ്യയും മലേഷ്യയും വിപണിയുടെ ചലനങ്ങള്‍ നിരീക്ഷിച്ചതല്ലാതെ തിരക്കിട്ട് വില കുറയ്ക്കാന്‍ തയ്യാറായില്ല. കുരുമുളകുവില നൂറ് ഡോളര്‍ ഉയര്‍ത്താനും ജക്കാര്‍ത്തയിലെ കയറ്റുമതിക്കാര്‍ ധീരത കാണിച്ചു.

ആഭ്യന്തര ഡിമാന്‍ഡ് മങ്ങിയത് മൂലം രാജ്യാന്തര മാര്‍ക്കറ്റില്‍ ഇന്ത്യന്‍ കുരുമുളകുവില ടണ്ണിന് 7350 ഡോളറില്‍ നിന്നും 7200 ഡോളറായി. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളക് ക്വിന്റലിന് 53,500 രൂപ.  

സീസണ്‍ അവസാനിച്ചതോടെ ഏലക്ക വില ഉയരുമെന്ന പ്രതീക്ഷയിലാണ് കാര്‍ഷിക മേഖലയെങ്കിലും വന്‍ വിലയ്ക്ക് ചരക്ക് സംഭരിക്കാന്‍ ഇടപാടുകാര്‍ ഉത്സാഹിച്ചില്ല. വന്‍കിട വ്യവസായികളും സ്റ്റോക്കിസ്റ്റുകളും കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ലഭിക്കാവുന്ന പരമാവധി ചരക്ക് കൈക്കലാക്കിയ ശേഷം വിപണിയില്‍ ബുള്‍ തരംഗം സൃഷ്ടിക്കാമെന്ന മനക്കണക്കിലാണ്. ഓഫ് സീസണായതോടെ ലേലത്തിന് എത്തുന്ന മികച്ചയിനങ്ങളുടെ അളവ് കുറഞ്ഞങ്കിലും ശരാശരി ഇനങ്ങള്‍ കഴിഞ്ഞ മാസം വില്‍പ്പനയ്ക്ക് ഇറങ്ങിയ അതേ അളവില്‍ ഉല്‍പാദന കേന്ദ്രങ്ങളില്‍ നിന്നും പ്രവഹിച്ചു. ആഭ്യന്തര വിദേശ ഡിമാന്‍ഡില്‍ മികച്ചനങ്ങള്‍ കിലോഗ്രാമിന് 1468 രൂപ വരെ കയറി. എന്നാല്‍ ശരാശരി ഇനങ്ങള്‍ വാരാവസാനം കിലോ 859 രൂപയായി താഴ്ന്നു.

വരണ്ട കാലാവസ്ഥയില്‍ റബര്‍ ടാപ്പിങ് പുര്‍ണമായി സ്തംഭിച്ചതോടെ ഷീറ്റ് വില തുടര്‍ച്ചയായ രണ്ടാം വാരത്തിലും ഉണര്‍വ് നിലനിര്‍ത്തി. കാര്‍ഷിക മേഖലകളില്‍ നിന്നുള്ള ചരക്ക് വരവ് ചുരുങ്ങിയതോടെ വ്യവസായികള്‍ മികച്ചയിനം ഷീറ്റ് വില കിലോ 167 രൂപയ്ക്ക് സംഭരിക്കാന്‍ ഉത്സാഹിച്ചതുകണ്ട് ഒരു വിഭാഗം സ്റ്റോക്കിസ്റ്റുകള്‍ വില്‍പ്പനയ്ക്ക് താല്‍പര്യം കാണിച്ചു. ഇതിനിടയില്‍ രാജ്യാന്തര റബര്‍ അവധി വിലകളിലെ സാങ്കേതിക തിരുത്തല്‍ ബാങ്കോക്കില്‍ റബര്‍ മുന്നേറ്റത്തെ ചെറിയ അളവില്‍ പിടിച്ചു നിര്‍ത്തി. 

English summary: Commodity Markets Review March 8

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com