ADVERTISEMENT

ശ്രീലങ്കയിലെ സാമ്പത്തിക മാന്ദ്യം ദക്ഷിണേന്ത്യൻ കുരുമുളക്‌ കർഷകർക്ക്‌ ആശ്വാസം പകരും. ശ്രീലങ്കൻ രൂപ കനത്ത മൂല്യത്തകർച്ചയിൽ അകപ്പെട്ടു, ഡോളറിന്‌ മുന്നിൽ മൂല്യ ശോഷണം മുപ്പത്‌ ശതമാനമായതോടെ സാമ്പത്തികനില കൂടുതൽ പരുങ്ങലിലായി. കരുതൽ ധനം കുറഞ്ഞ പ്രതിസന്ധി പരിഹരിക്കാൻ കയറ്റുമതി മേഖലയിൽ കൂടുതൽ നിയന്ത്രണങ്ങൾ വരുത്തി. വിദേശ ഇടപാടുകൾ നടത്തിയാൽ 180 ദിവസത്തിനുള്ളിൽ വിദേശനാണ്യ ശേഖരം നാട്ടിൽ എത്തിക്കണമെന്ന പുതിയ ഉത്തരവുമായി വാരാന്ത്യം ശ്രീലങ്കൻ കേന്ദ്ര ബാങ്ക്‌ രംഗത്തെത്തി.   

പുതിയ സാഹചര്യത്തിൽ വിയറ്റ്‌നാമിൽനിന്നും മറ്റ്‌ ഉൽപാദകരാജ്യങ്ങളിൽനിന്നുമുള്ള കുരുമുളക്‌ ഇറക്കുമതി അവർ താൽക്കാലികമായി കുറയ്ക്കും. ശ്രീലങ്കൻ രൂപയ്‌ക്ക്‌ നേരിട്ട മൂല്യത്തകർച്ച ഇറക്കുമതി ലോബിക്കു മേൽ കടിഞ്ഞാണാകും. വിദേശ കുരുമുളക്‌ കൊളംബോ തുറമുഖത്ത്‌ ഇറക്കുമതി നടത്തി അതേ ചരക്ക്‌ ഇന്ത്യയിലേക്ക്‌ റീ ഷിപ്പ്‌മെന്റ് നടത്തി ആയിരകണക്കിന്‌ കോടി രൂപയുടെ വ്യാപാരമാണ്‌ ഏതാനും വർഷങ്ങളായി ഇക്കൂട്ടർ നടത്തുന്നത്‌. വില കുറഞ്ഞ വിദേശ കുരുമുളക്‌ ശേഖരിക്കുന്ന ശ്രീലങ്കൻ ലോബി അത്‌ ഇന്ത്യയിലേക്ക്‌ മറിച്ചു വിൽപ്പന നടത്തുക വഴി കോടികൾ വാരികൂട്ടുന്നുണ്ട്‌. 

വിയറ്റ്‌നാം കുരുമുളക്‌ ടണ്ണിന്‌ 4000 ഡോളറിനു വാങ്ങി ഇന്ത്യൻ വ്യവസായികൾക്ക്‌ അതേ ചരക്ക്‌ 5900 ഡോളറിന്‌ മറിച്ചു വിൽക്കുകയാണ്‌. ഓരോ ടണ്ണിനും 1500‐1700 ഡോളറിൽ അധികം ഉറപ്പായ ലാഭം. അതേസമയം വില കുറഞ്ഞ വിദേശ ചരക്ക്‌ ഇന്ത്യയിൽ എത്തുന്നതോടെ നാടൻ കുരുമുളകിനു വിലത്തകർച്ചയും സംഭവിക്കുന്നു. ഓരോ വർഷവും പതിനായിരം ടണ്ണിലധികം കുരുമുളകാണ്‌ ഇത്തരത്തിൽ രാജ്യത്തെ വിവിധ തുറമുഖങ്ങളിൽ എത്തുന്നത്.

ഇതു കൂടാതെ ഇൻഡോ‐ശ്രീലങ്കൻ വാണിജ്യ ഉടമ്പടിയുടെ ഭാഗമായി പ്രതിവർഷം 2500 ടൺ കുരുമുളക്‌ നികുതി രഹിതമായും ഇവിടെ എത്തുന്നു. അനിയന്ത്രിതമായ ഇറക്കുമതി പ്രതിരോധിക്കാനും ദക്ഷിണേന്ത്യൻ കർഷകർക്ക്‌ താങ്ങ്‌ പകരാനും കിലോ 500 രൂപയിൽ താഴ്‌ന്ന വിലയുള്ള മുളക്‌ ഇറക്കുമതിക്ക്‌ കേന്ദ്രം ക്യാപ്‌ ഏർപ്പെടുത്തി. ഇതിനെ മറികടക്കാൻ ഉൽപ്പന്നത്തിന്‌ കൃത്രിമ വില രേഖപ്പെടുത്തിയും വ്യവസായ ലോബി ചരക്ക്‌ എടുത്തു. ഇത്തരത്തിൽ എത്തിക്കുന്ന ചരക്ക്‌ മൂല്യവർധിത ഉൽപ്പന്നമാക്കി മലബാർ കുരുമുളകെന്ന വ്യാജേനെയും വിദേശത്തേക്ക്‌ റീ എക്‌സ്‌പോർട്ട്‌ ചെയുന്നുമുണ്ട്‌.

ഉത്തരേന്ത്യ കേന്ദ്രമായി നടത്തുന്ന ഈ തിരിമറികൾ താൽക്കാലം കുറയുമെന്നത്‌ ഇന്ത്യൻ കുരുമുളകിന്‌ അനുകൂലമാണ്‌. ഇതിനിടയിൽ വിയറ്റ്‌നാം കുരുമുളകിൽ കീടനാശിനികളുടെ അംശം ഉയർന്ന്‌ നിൽക്കുന്നതായി ആക്ഷേപം തല ഉയർത്തുന്നു. കയറ്റിറക്കുമതി ലോബിക്കിടയിലെ കിടമത്സരങ്ങൾ ഈ ആരോപണങ്ങൾക്ക്‌ പിന്നിലുണ്ടാവാം. മൂല്യവർധിത ഉൽപ്പന്നമാക്കി ഷിപ്പ്‌മെന്റ് നടത്തുന്ന ഈ ‘ഇന്ത്യൻ കുരുമുളകിൽ’ കീടനാശിനിയുടെ അംശം യുഎസ്‌‐യൂറോപ്യൻ ബയറർമാർ കണ്ടത്തിയാൽ ഫലത്തിൽ തിരിച്ചടിയാകുക മലബാർ ബ്ലാക്ക്‌ പെപ്പറെന്ന ആഗോള ബ്രാൻഡ്‌ നാമത്തിനാവും. ഒപ്പം കേരളത്തിലും കർണാടകത്തിലും പൊന്ന്‌ വിളയിക്കുന്ന നമ്മുടെ കർഷകർക്കും കനത്ത ആഘാതമാകും.  

കാർഷിക മേഖലയിൽനിന്നു പിന്നിട്ടവാരം 360 ടൺ കുരുമുളക്‌ കൊച്ചിയിൽ വിൽപ്പനയ്‌ക്ക്‌ വന്നു. മുൻ വാരങ്ങളെ അപേക്ഷിച്ച്‌ വരവ്‌ അൽപ്പം ഉയർന്നങ്കിലും അന്തർസംസ്ഥാന വ്യാപാരികളിൽനിന്നുള്ള പിന്തുണ വിപണിക്ക്‌ താങ്ങായി. കൊച്ചിയിൽ അൺ ഗാർബിൾഡ്‌ കുരുമുളക്‌ 51,600 രൂപ. 

ഏലക്ക ഉൽപാദനം റെക്കോർഡ്‌ തലത്തിലേക്ക്‌ ഉയർന്നതോടെ ഉൽപ്പന്നത്തിന്‌ നേരിട്ട വിലത്തകർച്ചയ്‌ക്ക്‌ തടയിടാൻ ഫെബ്രുവരിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അവസാനിച്ചു. ഒരു ലേലത്തിൽ പരമാവധി 65,000 കിലോ ചരക്കായാണ്‌ നിയന്ത്രിച്ചത്‌. വരവ്‌ നിജപ്പെടുത്തിയത്‌ ചെറിയ അളവിൽ ഉൽപ്പന്ന വില ഉയർത്തി. ഒരു മാസത്തിൽ മികച്ചയിനം ഏലത്തിന്‌ ലഭിച്ച ഉയർന്ന വില 1496 രൂപയും ശരാശരി ഇനങ്ങൾക്ക്‌ ലഭിച്ച കൂടിയ വില ആയിരത്തിൽ കുറവുമായിരുന്നു. 

പ്രതികൂല കാലാവസ്ഥയോടും മണ്ണിനോടും മത്സരിച്ച്‌ പൊന്ന്‌ വിളയിച്ചവർക്ക്‌ വെളളിയുടെ വില പോലും ഉറപ്പ്‌ വരുത്താനാവാഞ്ഞത്‌ നോക്കി നിൽക്കാൻ മാത്രമേ അധികാര വർഗ്ഗവും തയാറായുള്ളൂ. പ്രതിവർഷം ഏകദേശം 500 കോടി രൂപയ്‌ക്ക്‌ അടുത്ത്‌ വിദേശ നാണ്യം നേടുന്ന ഒരു കാർഷികോൽപ്പന്നത്തിന്‌ ആവശ്യമായ താങ്ങും തണലും നൽക്കാൻ ബന്ധപ്പെട്ടവർ ആരും മുന്നോട്ടു വന്നില്ല. മുഖ്യ വിദേശ വിപണിയായിരുന്ന സൗദി അറേബ്യയിലേക്കുള്ള കയറ്റുമതി നിലച്ചിട്ട്‌ നാളുകളേറെയായി. ആ വൻ വിപണി തിരിച്ചു പിടിക്കാൻ ഇതിന്‌ പിന്നിലുള്ള ഏജൻസി ഉണർന്ന്‌ പ്രവർത്തിച്ചില്ലെന്നത്‌ കർഷകരെ ഏറെ വേദനിപ്പിച്ചു.     

ഇരുപത്തി രണ്ട്‌ മാസങ്ങൾക്ക്‌ മുൻപ്‌ ഇന്ത്യയിൽ നിന്നും സൗദിയിലേക്ക്‌ കയറ്റുമതി നടത്തിയ ഏലക്കയിൽ രാസപാദർഥ അംശം കണ്ടത്താണ്‌ ഇറക്കുമതി നിരോധനത്തിന്‌ പിന്നിൽ. സൗദി അവരുടെ ആഭ്യന്തര ആവശ്യത്തിനുള്ള 85 ശതമാനം ഏലക്കയും ശേഖരിച്ചിരുന്നത്‌ ഇവിടെ നിന്നായിരുന്നു. വിപുലമായ ഒരു വിപണി നഷ്‌ടപ്പെട്ട്‌ മാസങ്ങൾ പലത്‌ കഴിഞ്ഞിട്ടും അത്‌ തിരിച്ചു പിടിക്കാൻ ബന്ധപ്പെട്ടവർ ഉത്സാഹിച്ചില്ല. മലയോര മേഖലയിലെ നമ്മുടെ കർഷകരല്ല, സംസ്ഥാന കൃഷി വകുപ്പും സ്‌പൈസസ്‌ ബോർഡുമാണ്‌ ഇക്കാര്യത്തിൽ ഉണർന്ന്‌ പ്രവർത്തിക്കേണ്ടത്‌. 

വരൾച്ച മൂലം ഏലം വിളവെടുപ്പ്‌ അവസാനിപ്പിച്ച്‌ ഉൽപാദകർ തോട്ടങ്ങളിൽനിന്ന്‌ പിന്മാറിയതോടെ ഓഫ്‌ സീസണിലെ വിലക്കയറ്റം അവർ സ്വപ്‌നം കണ്ടു. എന്നാൽ സീസൺ അവസാനിച്ചിട്ടും ലേലത്തിൽ ചരക്ക്‌ പ്രവഹിച്ചു. കർഷക രക്ഷയ്‌ക്കായി കൂടുതൽ നിയന്ത്രണങ്ങൾക്ക്‌ തയാറായില്ലെങ്കിൽ അടുത്ത സീസണിൽ ഉൽപാദനം കുത്തനെ കുറയും. ഈസ്റ്ററിനുള്ള ചരക്ക്‌ സംഭരണ തിരക്കിലാണ്‌ പല ഇറക്കുമതി രാജ്യങ്ങളും. ആഗോള സാമ്പത്തിക മേഖലയിലെ ചലനങ്ങൾ  കണക്കിലെടുത്താൽ മുൻ വർഷത്തെ അപേക്ഷിച്ച്‌ വിദേശത്ത്‌ നിന്നും കുടുതൽ ഓർഡറുകൾ പ്രതീക്ഷിക്കാം. റാംസാൻ നോമ്പിന്‌ മുന്നോടിയായുള്ള ഏലക്ക സംഭരണത്തിന്‌ അറബ്‌ രാജ്യങ്ങളും രംഗത്തുണ്ട്‌. വിഷു അടുത്തതിനാൽ പ്രദേശിക ഡിമാൻഡ് ഉയരുന്നതിനൊപ്പം ഉൽപന്ന വിലയും ഉയരേണ്ടിയിരിക്കുന്നു.   

ദക്ഷിണേന്ത്യയിൽ വൻ ആവേശത്തിലാണ്‌ നാളികേര വിളവെടുപ്പ്‌. ഇറക്കുമതി ഭക്ഷ്യയെണ്ണകളുടെ വിലയിൽ ചുരുങ്ങിയ ആഴ്‌ചകളിലുണ്ടായ അതിശക്തമായ വിലക്കയറ്റം വെളിച്ചെണ്ണയ്‌ക്ക്‌ വീര്യം പകരുമെന്ന വിശ്വാസത്തിലാണ്‌ നാളികേര മേഖല. സുര്യകാന്തി, സോയാ. പാം ഓയിൽ വിലകൾ ഈ വർഷത്തെ ഏറ്റവും ഉയർന്ന തലത്തിലാണ്‌. ഇത്‌ വെളിച്ചെണ്ണയ്‌ക്കും നേട്ടം പകരും. തമിഴ്‌നാട്ടിൽ വിളവെടുപ്പ്‌ സജീവമായി, പുതിയ കൊപ്ര വിൽപ്പനയ്‌ക്ക്‌ എത്തുന്നുണ്ടങ്കിലും മാസത്തിന്റെ രണ്ടാം പകുതിയിൽ ലഭ്യത ഉയരുമെന്നാണ്‌ മില്ലുകാരുടെ കണക്കുകൂട്ടൽ. കാങ്കയത്ത്‌ കൊപ്ര 9300 ലും കൊച്ചിയിൽ 9700 ലുമാണ്‌ വ്യാപാരം നടക്കുന്നത്‌. 

English summary: Commodity Markets Review March 14 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com