ADVERTISEMENT

എണ്‍പതുകളുടെ തുടക്കത്തില്‍ കൃഷിയിടത്തില്‍ തുള്ളിനന സംവിധാനം സ്ഥാപിച്ച കര്‍ഷകന്‍, വനില കേരളത്തില്‍ തരംഗമായ സമയത്ത് കൃഷിയിടം മുഴുവന്‍ മതില്‍കെട്ടി സംരക്ഷിച്ച കര്‍ഷകന്‍, സ്വന്തം ബ്രാന്‍ഡിലൂടെ വെളിച്ചെണ്ണ വില്‍പന, തീര്‍ന്നില്ല മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കു വേണ്ടി ഒരു ആശുപത്രി... മലപ്പുറം തിരൂര്‍ സ്വദേശി മുഹമ്മദ് കൃഷിയിടത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചത് ഇങ്ങനെയൊക്കെയാണ്. കൃഷിയിലും ആതുരസേവനത്തിലും മുഹമ്മദിനൊപ്പം താങ്ങും തണലുമായി നില്‍ക്കുന്നത് ഭാര്യ ഷക്കീലയാണ്. അതുകൊണ്ടുതന്നെയാണ് 2008ല്‍ മലയാള മനോരമ കര്‍ഷകശ്രീ പുരസ്‌കാരം ഇരുവര്‍ക്കുമായി നല്‍കിയത്. അതിനു മുന്‍പോ പിന്‍പോ ദമ്പതികള്‍ക്ക് കര്‍ഷകശ്രീ പുരസ്‌കാരം ലഭിച്ചിട്ടില്ല എന്നതു ശ്രദ്ധേയമാണ്. 

പത്തേക്കര്‍ വരുന്ന കൃഷിയിടത്തില്‍ തെങ്ങാണ് പ്രധാന വിള. മുന്‍പ് പ്രധാനമായും വെളിച്ചെണ്ണ ആക്കിയായിരുന്നു വില്‍പനയെങ്കില്‍ ഇന്ന് അങ്ങനല്ല. കരിക്കാണ് വില്‍പന. അതുകൊണ്ടുതന്നെ തെങ്ങിന് വലിയ പരിചരണമോ കൂലിച്ചെലവോ വേണ്ടി വരുന്നില്ല. ദിവസവും കരിക്ക് എടുക്കാന്‍ ആളുകള്‍ എത്തും. കരിക്കായി വില്‍ക്കുന്നതു കൊണ്ടു തന്നെ വെളിച്ചെണ്ണ ഉല്‍പാദിപ്പിക്കാന്‍ കൊപ്ര പുറമേ നിന്ന് വാങ്ങുകയാണ് ഇപ്പോള്‍. 

പാലിന് പശു

അറുനൂറോളം രോഗികളുള്ള ആശുപത്രിയാണ് മുഹമ്മദിന്റേത്. വീട്ടിലെ ആവശ്യത്തിന് ശേഷം ബാക്കിയുള്ള പാല്‍ ആശുപത്രിയിലേക്ക് എടുക്കുന്നു. പച്ചപ്പുല്ലാണ് പ്രധാനമായും പശുക്കള്‍ക്കു നല്‍കുക. ഒപ്പം നെല്‍കൃഷിയില്‍ നിന്നുള്ള വൈക്കോലുമുണ്ട്. സങ്കരയിനത്തില്‍പ്പെട്ട 15ല്‍പ്പരം പശുക്കള്‍ തൊഴുത്തിലുണ്ട്. തിരക്കുകള്‍ക്കിടയിലും ഇവയുടെ കാര്യങ്ങളും ഇരുവരും ശ്രദ്ധിക്കുന്നുണ്ട്. 

തൊഴുത്തില്‍ ജനിക്കുന്ന കിടാക്കളെ  പുറമെ കൊടുക്കാറില്ല. നല്ല കന്നുക്കുട്ടികളെ വളര്‍ത്തി ഫാമിലേക്കു ചേര്‍ക്കും. ബാക്കി വരുന്നവയെ വളര്‍ത്തി ഇറച്ചിക്കായി ഉപയോഗിക്കും. ആടുകളുടെ കാര്യത്തിലും അതുതന്നെയാണ് രീതി. ആശുപത്രിയിലേക്ക് പ്രതിവാരം 150 കിലോയോളം ഇറച്ചി ആവശ്യമുണ്ട്. അത് പലപ്പോഴും ഫാമില്‍ത്തന്നെ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നു. 

ആശുപത്രിയിലെ ഭക്ഷണാവശിഷ്ടങ്ങള്‍ നല്‍കി വിഗോവ ഇനം ഇറച്ചിത്താറാവുകളെയും വളര്‍ത്തുന്നുണ്ട്. ഭക്ഷണാവശിഷ്ടങ്ങള്‍ക്കൊപ്പം അരിത്തവിടും ചേര്‍ത്താണ് അവയ്ക്ക് നല്‍കുക. ചുരുക്കത്തില്‍ കുഞ്ഞുങ്ങളുടെ വില മാത്രമേ ചെലവായി വരുന്നുള്ളൂ. 

muhammed-and-shakkeela-2
വനില ബീൻസുകൾ ഉണക്കാൻ ഉപയോഗിച്ചിരുന്ന ട്രേയുമായി മുഹമ്മദ്

വനില, ഒരുകാലം

പത്തേക്കറില്‍ വനില നിറഞ്ഞു നിന്നിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് മുഹമ്മദ്. വനിലയുടെ സംരക്ഷണത്തിനായി കൃഷിയിടം മുഴുവന്‍ മതില്‍കെട്ടിയിരുന്നു. കൃഷിയിടത്തില്‍നിന്ന് വനില പൂര്‍ണമായും ഇല്ലാതായെങ്കിലും അന്ന് നിര്‍മിച്ച മതില്‍ ഇന്നും കൃഷിയിടത്തിന് സുരക്ഷ നല്‍കുന്നുണ്ട്.

വനില ബീന്‍സ് സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങളെല്ലാം ഇന്ന് ഉപയോഗശൂന്യമായി ഇവിടെയുണ്ടെന്നും മുഹമ്മദ് പറയുന്നു. ഷക്കീലയ്ക്കായിരുന്നു സംസ്‌കരണച്ചുമതല. വനിലയുടെ പ്രതാപകാലത്ത് ലഭിച്ച പണം പിന്നീടൊരിക്കലും കൃഷിയിടത്തില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നു മുഹമ്മദ്. 

muhammed-and-shakkeela-1
കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കുന്ന ഓട്ടോമാറ്റിക് പമ്പിങ് സംവിധാനത്തിന് സമീപം

80കളില്‍ തുള്ളിനന

കൃഷിയോടുള്ള താല്‍പര്യത്തില്‍ 19-ാം വയസ്സില്‍ കൃഷിയിടത്തില്‍ തുള്ളിനന സംവിധാനം സ്ഥാപിച്ച ആളാണ് മുഹമ്മദ്. എന്നാല്‍ അത് പരാജയം ആയിരുന്നെങ്കിലും ഇന്ന് കൃഷിയിടത്തിലുള്ള ഓട്ടോമാറ്റിക് ജലസേചന സംവിധാനത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആശുപത്രിയില്‍നിന്ന് ദിവസവും ഒരു ലക്ഷം ലീറ്ററിനു മുകളില്‍ വെള്ളം പുറംതള്ളപ്പെടുന്നുണ്ട്. ഇത് സംസ്‌കരിച്ചാണ് കൃഷിയിടത്തില്‍ എത്തുക.

English summary: Farm Tour with Karshakasree Award Winners Muhammed and Shakkeela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com