ADVERTISEMENT

നാളെ ലോക വെറ്ററിനറി ദിനമാണ്. എല്ലാ വര്‍ഷവും എപ്രില്‍ മാസത്തെ അവസാന ശനിയാഴ്ചയാണ് ലോക വെറ്ററിനറി ദിനമായി ആചരിക്കുന്നത്. മൃഗസംരക്ഷണമേഖലയിലെ എല്ലാവിധ ചികിത്സകള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന വെറ്ററിനറി ഡോക്ടര്‍മാര്‍ക്കുവേണ്ടിയുള്ള ദിനം. എന്നാല്‍ എത്ര ഡോക്ടര്‍മാര്‍ക്ക് തങ്ങളുടെ ജോലി പൂര്‍ണ്ണമായും ചെയ്യാന്‍ സാധിക്കുന്നുണ്ട്? പഠിച്ച ജോലി ഭംഗി നിറവേറ്റാന്‍ പലപ്പോഴും ഡോക്ടര്‍മാര്‍ക്ക് സാധിക്കുന്നില്ല. 

ഒരു വെറ്ററിനറി സര്‍ജന്‍ അമാനുഷിക ശക്തികളാല്‍ അനുഗ്രഹിക്കപ്പെട്ട് ഭൂമിയില്‍ എത്തിയ ആളാണോ? ആകാശത്തിനു കീഴെ മനുഷ്യനും സസ്യങ്ങളും ഒഴിച്ചുള്ള സകല ജീവജാലങ്ങളെയും ചികിത്സിക്കാന്‍ വിധിക്കപ്പെട്ടവര്‍. എല്ലാ ചികിത്സാ വിഭാഗങ്ങളിലും സ്‌പെഷലൈസേഷന്‍ ഇല്ലാതെ തന്നെ സ്‌പെഷലിസ്റ്റുകള്‍. സര്‍ജന്‍ ആയും അനസ്തസ്റ്റിസ്റ്റ് ആയും ഓര്‍ത്തോപീഡിഷ്യന്‍ ആയും ഒരേസമയം പല റോളുകള്‍. രാവെന്നോ പകലെന്നോ മഴയെന്നോ വെയിലെന്നോ വ്യത്യാസമില്ലാതെ സേവനം നല്‍കുന്നവര്‍. സ്ത്രീകള്‍ക്കാവട്ടെ വീട്ടുകാര്യം ബോണസും.

പശു, ആട്, കോഴി, നായ, പൂച്ച, ഓമനപ്പക്ഷികള്‍ എന്നിങ്ങനെയുള്ള ചികിത്സിക്കാന്‍ വിധിക്കപ്പെട്ട രോഗികളുടെ നീണ്ട നിരയ്ക്കിടയില്‍ അലോസരപ്പെടുത്തുന്ന പല തരം മീറ്റിങ്ങുകള്‍, റിപ്പോര്‍ട്ടുകള്‍, സെമിനാറുകള്‍, ടാര്‍ജറ്റുകള്‍, ഫോണ്‍കോളുകള്‍, കര്‍ഷക ഭവനസന്ദര്‍ശനങ്ങള്‍, മൃഗങ്ങളെ ഇന്‍ഷുര്‍ ചെയ്യല്‍, ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകള്‍ തയാറാക്കല്‍... എല്ലാം എല്ലാം ഒറ്റയ്ക്ക് ചെയ്യുന്ന അമാനുഷന്‍. ശാരീരികമായും മാനസികമായും തളരുന്ന അവസരങ്ങള്‍ ഏറെ. സാമൂഹികമായും വൈകാരികമായും ഒറ്റപ്പെട്ട് പോകുന്നവര്‍ ഏറെ. വ്യത്യസ്ത റോളുകള്‍ കൈകാര്യം ചെയ്യേമ്പോള്‍ പഠിച്ച ചികിത്സ എന്ന കാര്യം പിന്നാമ്പുറത്തേക്ക് ഒഴിച്ചിട്ട് ഒരു ഗുമസ്ത പണി ചെയ്യേണ്ടി വരുന്ന അവസ്ഥ.

ഒരു മാറ്റം അനിവാര്യമാണ്. വെറ്ററിനറി സമൂഹം അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങളില്‍ നിന്നും മോചനം നേടണം. തൊഴില്‍പരമായും സാമൂഹികമായും വൈകാരികമായുമുള്ള സമ്മര്‍ദ്ദങ്ങള്‍ അതിജീവിച്ചേ മതിയാവൂ ലോക വെറ്ററിനറി ദിനത്തോടനുബന്ധിച്ചുള്ള ഈ വര്‍ഷത്തെ തീം ഇതാണ് Strengthening veterinary resilience. അതേ ഇനി നമുക്ക് നമ്മളാവാം. നമ്മുടെ ഉള്ളിലെ വെറ്ററിനേറിയന്‍ അമാനുഷന്‍ ആവണ്ട. മറിച്ച് മനുഷ്യനായാല്‍ മതി. അതിനായി നമുക്ക് സ്വയം ശക്തീകരിക്കാം.

ഒരു വെറ്ററിനറി ഡോക്ടറുടെ ഒരു ദിവസം എങ്ങനെയാണെന്ന് വ്യക്തമാക്കുന്ന ചെറു വീഡിയോയും വെറ്റിനറി ദിനത്തോടനുബന്ധിച്ച് വെറ്ററിനറി ഡോക്ടര്‍മാര്‍ പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ തിരുവനന്തപുരം സെക്രട്ടറി ഡോ. പ്രീതാകുമാരിയുടെ ആശയത്തില്‍ അശ്വിന്‍ ബാലനാണ് വെറ്റ് ദ സൂപ്പര്‍ഹീറോ എന്ന വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. 

മൃഗസംരക്ഷണ വകുപ്പ് റിട്ട. അസിസ്റ്റന്റ് ഡയറക്ടറും ഐവിഎ സംസ്ഥാന വൈസ് പ്രസിഡന്റുമാണ് ലേഖിക

English summary: World Veterinary Day 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com