വില്ലന്‍ പരിവേഷത്തില്‍ ഷവര്‍മ; ഇറച്ചിയില്‍ പ്രശ്‌നമായേക്കാവുന്നത് ആറിലധികം ബാക്ടീരിയകള്‍

HIGHLIGHTS
  • ഭക്ഷണം മിച്ചം വന്നാല്‍ അത് രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ ഫ്രിഡ്ജില്‍ തണുപ്പിച്ചു സൂക്ഷിക്കണം
  • ചുരുക്കം ചില വൈറസുകളും പരാദങ്ങളും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാറുണ്ട്
SHAWARMA
SHARE

കാസര്‍കോട്ട് ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ഥിനി മരണമടയുകയും ഒട്ടേറെ പേര്‍ക്ക് അസുഖം ബാധിച്ചതുമായ സംഭവം ഞെട്ടിക്കുന്നതും അത്യന്തം വേദനാജനകവുമാണ്. ചെറിയൊരു ഇടവേളയ്ക്കു ശേഷം ഷവര്‍മയ്ക്ക് വീണ്ടും വില്ലന്‍ പരിവേഷം കൈവന്നിരിക്കുകയാണ്. ഫാസ്റ്റ്ഫുഡ് സംസ്‌കാരം വ്യാപകമായ ഈ കാലത്ത് ചെറിയ തോതിലെങ്കിലും ഒരു ഭക്ഷ്യവിഷബാധ ഏല്‍ക്കാത്ത ആളുകള്‍ ഉണ്ടാകില്ല. വയറുവേദന, വയറിളക്കം, ഛര്‍ദില്‍, പനി എന്നിവയിലേതെങ്കിലുമാകാം ഇവയുടെ പ്രാഥമിക ലക്ഷണങ്ങള്‍. കേടായതോ പഴകിയതോ ആയ ഭക്ഷണം, മലിനജലം, പാചകം ചെയ്യുന്ന ആളിന്റെ ശുചിത്വക്കുറവ് എന്നിവയിലേതെങ്കിലും ആകാം ഭക്ഷ്യവിഷബാധയ്ക്ക് കാരണം.

മാംസാഹാരം നന്നായി പാകം ചെയ്താല്‍, അതായത് മാംസത്തിന്റെ ഉള്‍ഭാഗം 75 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ എത്തുന്ന വിധത്തില്‍ പാകം ചെയ്താല്‍ അണുക്കള്‍ പൂര്‍ണമായും നശിക്കും. അതുപോലെ പാകം ചെയ്ത ഭക്ഷണം മിച്ചം വന്നാല്‍ അത് രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ ഫ്രിഡ്ജില്‍ തണുപ്പിച്ചു സൂക്ഷിക്കണം. അല്ലാത്ത പക്ഷം ബാക്റ്റീരിയകള്‍ വളര്‍ന്നു തുടങ്ങുകയും അതു പിന്നീട് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായിത്തീരുകയും ചെയ്യും. ഇത്തരത്തില്‍ ഉയര്‍ന്ന താപനിലയില്‍ പാകം ചെയ്യാന്‍ സാധ്യത ഇല്ലാത്ത ഭക്ഷണവിഭവങ്ങള്‍ ആയതിനാലാണ് ഷവര്‍മ, സാന്‍ഡ്‌വിച് എന്നിവ പൊതുവെ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായിത്തീരുന്നത്.

ഭൂരിപക്ഷം പേരും നിയമം അനുസരിച്ചും ശാസ്ത്രീയമായും കടകള്‍ നടത്തിപ്പൊരുന്ന നമ്മുടെ നാട്ടില്‍  ചുരുക്കം ചില പുഴുക്കുത്തുകളും കണ്ടുവരുന്നുണ്ട്. തമിഴ്‌നാട്ടില്‍നിന്നും മറ്റും ബ്രോയിലര്‍ കോഴികളെ വണ്ടിയില്‍ കൊണ്ടുവരുമ്പോള്‍ ചത്തുപോകുന്ന കോഴിയെപ്പോലും ഷവര്‍മയ്ക്കായി എടുക്കാന്‍ ആളുണ്ടെന്ന വാര്‍ത്ത ഇടയ്ക്ക് നാം കണ്ടിരുന്നു. ഇതിന് 'സുനാമി ഇറച്ചി' എന്ന വിളിപ്പേരും ഉണ്ടത്രേ!.. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി നശിപ്പിച്ച പഴകിയ ഇറച്ചി കുഴിതോണ്ടി എടുത്ത ചരിത്രവും നമ്മുടെ നാട്ടില്‍ വാര്‍ത്ത ആയിട്ടുണ്ട്. അതിനാല്‍ത്തന്നെ ഇത്തരം വിഷബാധകളും, മരണവും സംസ്ഥാനത്ത് ആദ്യ വാര്‍ത്തയല്ല.

പഴകിയ മാംസത്തില്‍ രൂപപ്പെടുന്ന ഇ-കോളി, സാല്‍മോണെല്ല, ലിസ്റ്റീരിയ, സ്റ്റഫയിലോ കോക്കസ്, ക്ലോസ്ട്രിഡിയം, ക്യാമ്പയിലോബാക്ടര്‍ പോലുള്ള ബാക്റ്റീരിയകള്‍ അത്യന്തം അപകടകാരികളാണ്. ഇതിന് പുറമെ ചുരുക്കം ചില വൈറസുകളും പരാദങ്ങളും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാറുണ്ട്. ചിലപ്പോള്‍ 'വില്ലന്‍' ഈ പറഞ്ഞ ഷവര്‍മ പോലും ആകണമെന്നില്ല. അതിന്റെ കൂടെ കിട്ടുന്ന സാലഡ്, മയോണൈസ്, അവിടെ ഉപയോഗിച്ച അഴുക്കുവെള്ളം എന്നിവയില്‍ നിന്നേതിലെങ്കിലുമായേക്കാം അണുബാധ സംഭവിച്ചിട്ടുള്ളത്. ലാബ് പരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമേ ഭക്ഷ്യവിഷബാധയുടെ കൃത്യമായ ഉറവിടം പറയാന്‍ സാധിക്കുകയുള്ളൂ.

നമ്മുടെ നാട്ടില്‍ ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ രൂപപ്പെട്ടിട്ടുണ്ടെങ്കിലും കൃത്യമായ ബോധവല്‍ക്കരണവും, പരിശോധനകളും ഈ മേഖലയില്‍ അത്യാവശ്യമാണ്.

കേരള വെറ്ററിനറി പബ്ലിക് ഹെല്‍ത്ത് വിംഗ് രൂപീകരിക്കുകയും, ശാസ്ത്രീയ അറവുശാലകള്‍ സ്ഥാപിക്കുകയും, ഫുഡ് സേഫ്റ്റി ഓഫീസുകള്‍ ബ്ലോക്ക് തലത്തിലെങ്കിലും ആരംഭിക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണ്. അതോടൊപ്പം നേരായ മാര്‍ഗ്ഗത്തിലൂടെ കച്ചവടം നടത്തുന്ന സ്ഥാപനങ്ങളും, കോഴിക്കര്‍ഷകരും, വിതരണക്കാരും ഇത്തരം പുഴുക്കുത്തുക്കളെ പുറത്ത്‌കൊണ്ടുവരാന്‍  മുന്‍കൈ എടുക്കുകയും വേണം.

English summary: Student dies of food poisoning after consuming shawarma in Kasaragod

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA