ADVERTISEMENT

സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍ ആവേശത്തിലാണ്, പതിവിലും നേരത്തെ ടാപ്പിങിന് അനുകൂല കാലാവസ്ഥ ഇക്കുറി ലഭ്യമായത് ഉല്‍പാദന രംഗത്ത് കുതിപ്പിനു വഴിതെളിക്കാം. വേനല്‍മഴ തോട്ടം മേഖലയ്ക്ക് സമ്മാനിക്കുക അധിക ഉല്‍പാദന ദിനങ്ങളാണ്. സാധാരണ ജൂണില്‍ ആരംഭിക്കുന്ന റബര്‍ സീസണ്‍ ഇക്കുറി അതിലും നേരത്തെയാകുമെന്നത് ചെറുകിട കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം പകരും.

മാര്‍ച്ചിനെ അപേക്ഷിച്ച് ഏപ്രില്‍ രണ്ടാം പകുതിയില്‍ പകല്‍ താപനില കുറഞ്ഞത് റബര്‍ മരങ്ങള്‍ക്ക് ഊര്‍ജം പകരും. എന്നാല്‍ തിരക്കിട്ട് വെട്ട് ആരംഭിക്കാന്‍ പലരും തയ്യാറല്ല, മരങ്ങളില്‍ നിന്നുള്ള യീല്‍ഡ് പ്രതീക്ഷയ്ക്ക് ഒത്ത് ഉയരില്ലെന്നാണ് വലിയോരു പങ്ക് കര്‍ഷകരുടെയും പക്ഷം. മഴ അല്‍പ്പം കനത്താല്‍ മരങ്ങള്‍ക്ക് കൂടുതല്‍ പാല്‍ ചുരത്താന്‍ അവസരം ലഭിക്കും.

ഏപ്രില്‍ അവസാന ദിനങ്ങളില്‍ റബര്‍വില താഴ്ന്ന തലങ്ങളില്‍നിന്ന് ഉയര്‍ന്ന് തുടങ്ങിയതും ഉല്‍പാദകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. കോട്ടയത്ത് നാലാം ഗ്രേഡ് കിലോ 170 രൂപയിലേക്ക് ചുവടുവച്ചു. റംസാന്‍ ആഘോഷങ്ങള്‍ കഴിയുന്നതോടെ 175ലേക്ക് വിപണി പ്രവേശിക്കുമെന്ന പ്രതീക്ഷയിലാണ് ഉല്‍പാദക മേഖല. ഇതിനിടെ റെയിന്‍ ഗാര്‍ഡുകള്‍ മരങ്ങളില്‍ ഘടിപ്പിക്കാനുള്ള തയ്യാറെടുപ്പ് ഒരു വശത്ത് പുരോഗമിക്കുന്നു.

മാസത്തിന്റെ രണ്ടാം പകുതിയില്‍ തെക്കന്‍ കേരളത്തിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ടാപ്പിങ് ഊര്‍ജിതമാകാനുള്ള സാധ്യത കണക്കിലെടുത്താല്‍ ജൂണിന് മുന്നേ ലാറ്റക്സും ഷീറ്റും വില്‍പ്പനയ്ക്ക് ഇറങ്ങാം. ഇത് മുന്നില്‍ക്കണ്ട് ഒരു വിഭാഗം സ്റ്റോക്കിസ്റ്റുകള്‍ കൈവശമുള്ള ഷീറ്റ് വിപണിയില്‍ ഇറക്കാനും ഇടയുണ്ട്. പുതിയ അധ്യായന വര്‍ഷം ആരംഭിക്കുന്നതിനാല്‍ പണത്തിന് ആത്യാവശ്യമുള്ളവര്‍ ചരക്കുമായി വിപണിയില്‍ പ്രവേശിക്കാം. റംസാന്‍ കഴിയുന്നതോടെ മലബാര്‍ മേഖലയിലെ വന്‍കിട തോട്ടങ്ങള്‍ വീണ്ടും സജീവമാകും. അഞ്ചാം ഗ്രേഡ് കിലോ 167 രൂപയിലും ഒട്ടുപാല്‍ 120ലും ലാറ്റക്സ് 107 രൂപയിലുമാണ്.

ഇതിനിടയില്‍ ആഭ്യന്തര വ്യവസായികളില്‍നിന്നുള്ള ശക്തമായ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് വാണിജ്യമന്ത്രാലയം ചില പ്രത്യേക തരം ചൈനീസ് ന്യൂമാറ്റിക് റേഡിയല്‍ ടയര്‍ ഇറക്കുമതിക്കുള്ള ആന്റി ഡംബിങ് ഡ്യൂട്ടി സെപ്റ്റംബറിന് ശേഷവും തുടരേണ്ടതിന്റെ ആവശ്യകത വിലയിരുത്താനുള്ള ഒരുക്കത്തിലാണ്. അഞ്ചു വര്‍ഷ കാലയളവിലേക്കായി 2017 സെപ്റ്റംബറിലാണ് ഇത്തരം ടയറുകള്‍ക്ക് ഡ്യൂട്ടി ഏര്‍പ്പെടുത്തിയത്. കരാര്‍ കാലാവധി അവസാനിക്കും മുന്നേ ഇക്കാര്യത്തില്‍ നീക്കം ആരംഭിച്ചില്ലെങ്കില്‍ ഇറക്കുമതി കുമിഞ്ഞു കുടാം. ഡ്യൂട്ടി ഉയര്‍ത്തിയാല്‍ ആഭ്യന്തര മാര്‍ക്കറ്റില്‍ നിന്നും കൂടുതല്‍ ഷീറ്റ് ശേഖരിക്കാന്‍ വ്യവസായികള്‍ താല്‍പര്യം കാണിക്കുമെന്നത് കര്‍ഷര്‍ക്കും നേട്ടമാവും.

വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി പ്രതിസന്ധി മൂന്ന് മാസക്കാലം തുടരാനുള്ള സാധ്യതകളിലേക്കാണ് കയറ്റുമതി രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ വിരല്‍ ചുണ്ടുന്നത്. ബ്രസീലില്‍നിന്നും കൂടുതല്‍ സോയാ ഓയില്‍ ഇന്ത്യ ഇറക്കുമതി നടത്തി ആഭ്യന്തര മാര്‍ക്കറ്റിലെ എണ്ണക്ഷാമം പിടിച്ചുനിര്‍ത്താനുള്ള ചരടുവലികള്‍ ഒരു വശത്ത് പുരോഗമിക്കുന്നു. എന്നാല്‍ ഈ നീക്കം എത്രമാത്രം വിജയിക്കുമെന്ന കാര്യത്തില്‍ വ്യക്തമായ ചിത്രത്തിനായി കാത്തിരിക്കേണ്ടിവരും. സോയാബീന്‍ ഉല്‍പാദത്തില്‍ ബ്രസീലിന് തൊട്ട് പിന്നില്‍ അര്‍ജന്റീനയും അമേരിക്കയുമാണ്. എന്നാല്‍ കനത്ത വേനല്‍ മൂലം ഈ മൂന്ന് രാജ്യങ്ങളിലും ഇക്കുറി ഉല്‍പാദനത്തില്‍ ഇടിവ് സംഭവിച്ചു. കഴിഞ്ഞ വര്‍ഷം 367.76 ദശലക്ഷം ടണ്‍ സോയാബീന്‍ ഈ മൂന്ന് രാജ്യങ്ങളിലുമായി ഉല്‍പ്പാദിപ്പിച്ചെങ്കില്‍ ഈ വര്‍ഷം അത് 350.72 ദശലക്ഷം ടണ്ണില്‍ ഒതുങ്ങുമെന്നാണ് അമേരിക്കന്‍ കൃഷി വകുപ്പിന്റെ വിലയിരുത്തല്‍. ആ നിലയ്ക്ക് വീക്ഷിച്ചാല്‍ വരും മാസങ്ങളില്‍ സോയാ എണ്ണ വിലയിലും വന്‍ കുതിപ്പ് പ്രതീക്ഷിക്കണം.  

കാര്‍ഷിക രാജ്യമാണെങ്കിലും ഇന്ത്യന്‍ ഭക്ഷ്യയെണ്ണ വിപണിയുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള എഴുപത് ശതമാനവും ഇറക്കുമതിയെ ആശ്രയിച്ചാണ്. കൊറോണയും ഉല്‍പാദന രംഗത്തെ മറ്റ് പ്രതിസന്ധികളും മൂലം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഇറക്കുമതി കുറഞ്ഞതിനാല്‍ കരുതല്‍ ശേഖരം ഇവിടെ കുറവാണ്.

പ്രാദേശിക മാര്‍ക്കറ്റില്‍ പാം ഓയില്‍ വില കത്തിക്കയറിയതാണ് കയറ്റുമതി നിരോധിക്കാന്‍ ഇന്തോനേഷ്യയെ പ്രേരിപ്പിച്ചത്. വില ലീറ്ററിന് 75 രൂപയിലേക്ക് താഴ്ത്താനുള്ള ശ്രമത്തിലാണ് ജക്കാര്‍ത്ത. ക്രൂഡ് പാം ഓയില്‍ കയറ്റുമതിയാണ് ഇന്തോനേഷ്യ നിരോധിച്ചത്. ഇന്ത്യന്‍ വ്യവസായികള്‍ പൂര്‍ണമായും ആശ്രയിക്കുന്നതും ഇതേ ക്രൂഡ് പാം ഓയിലിനെയാണ്. രാജ്യത്തെ ബിസ്‌ക്കറ്റ്, ബ്രഡ്, നൂഡില്‍സ് എന്നു വേണ്ട എല്ലാ മേഖലയും ആശ്രയിക്കുന്നത് പാം ഓയിലിനെയാണ്.

വിപണിയുടെ ചലനങ്ങള്‍ വിലയിരുത്തിയാല്‍ ഈ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ വ്യവസായികള്‍ നിര്‍ബന്ധിതരാവും. രാജ്യാന്തര വിപണിയില്‍ ക്രൂഡ് പാം ഓയില്‍ ടണ്ണിന് 1900 ഡോളറിലും സോയാബിന്‍ ഓയില്‍ 2000 ഡോളറിലും സൂര്യകാന്തിയെണ്ണ 2100 ഡോളറിലും എത്തി നില്‍ക്കുന്നു.

വിദേശ ഭക്ഷ്യയെണ്ണ വിപണികളെല്ലാം പതിവിലും ചൂടുപിടിച്ചിട്ടും വെളിച്ചെണ്ണ മാത്രം തണുപ്പന്‍ മട്ടില്‍ നീങ്ങുന്നത് നാളികേര കര്‍ഷകരെ നിരാശപ്പെടുത്തി. കൊപ്ര 9000 രൂപയിലും വെളിച്ചെണ്ണ 14,800 രൂപയിലുമാണ്. കാലവര്‍ഷം ആരംഭിക്കുന്നതോടെ മികച്ചയിനം കൊപ്രയ്ക്ക് ദൗര്‍ലബ്യം നേരിടുന്നതോടെ നിരക്ക് മെച്ചപ്പെടാം.

തോട്ടങ്ങളില്‍ ഏലപ്പൂക്കള്‍ വിരിഞ്ഞു തുടങ്ങി. കാലാവസ്ഥ കണക്കിലെടുത്താല്‍ മുന്‍ സീസണിലെ പോലെ ഉല്‍പാദനത്തില്‍ മികവ് നിലനിര്‍ത്താനാകുമെന്ന സൂചനയാണ് കര്‍ഷകരില്‍നിന്നും ലഭ്യമാവുന്നത്. അതേസമയം നിരക്ക് ഉയരുന്നതിന് ഇതു തടസമാകുമോയെന്ന ആശങ്കയും ഇല്ലാതില്ല. മാര്‍ച്ചിലെ കൊടും വേനലില്‍ വേണ്ടത്ര ജലസേചന സൗകര്യം ലഭിക്കാഞ്ഞ പല തോട്ടങ്ങളിലും വിളനാശം സംഭവിച്ചിട്ടുണ്ട്. ഇപ്പോള്‍ ലഭ്യമായ വേനല്‍ മഴ മുന്‍നിര്‍ത്തി വളം കിടനാശിനി പ്രയോഗത്തിന്റെ തിരക്കിലാണ് കര്‍ഷകര്‍. മാസാവസാനം നടന്ന രണ്ട് ലേലങ്ങളിലായി ഒന്നര ലക്ഷം കിലോ ഏലക്കയാണ് ലേലത്തിന് ഇറങ്ങിയത്. കാര്‍ഷിക മേഖലയിലെ കാലാവസ്ഥ കണക്കിലെടുത്താല്‍ ഉല്‍പാദനം പുനരാരംഭിക്കുന്ന ജൂണില്‍ വരവ് ഉയരും. ഈ അവസരത്തില്‍ വാങ്ങല്‍ താല്‍പര്യം ശക്തമായാല്‍ മാത്രമേ ഏലം കര്‍ഷകര്‍ക്ക് പിടിച്ച് നില്‍ക്കാനാവൂ. മാസാന്ത്യം ശരാശരി ഇനങ്ങള്‍ കിലോ 849 രൂപയിലാണ്.  

English Summary: Commodity Markets Review May 3

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com