ADVERTISEMENT

ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിന്റെ അതിപ്രസരമാണ് ഇന്ന് നമ്മുടെ നാട്ടില്‍. ഗ്രാമങ്ങളില്‍ പോലും  ഷവര്‍മയും അല്‍ഫാമും തന്തൂരിയും ഷവായിയുമൊക്കെയാണ് കുട്ടികളുടെയും യുവതലമുറയുടെയും ഇഷ്ടവിഭവങ്ങള്‍. അതോടൊപ്പം തൊട്ടുകൂട്ടാന്‍ ലഭിക്കുന്ന 'മയോനൈസ്' എന്ന കുട്ടി വില്ലനെ പലപ്പോഴും നമ്മളാരും ശ്രദ്ധിക്കാതെ പോകുന്നു. മയോനൈസില്‍ എണ്‍പതു ശതമാനവും എണ്ണയാണെന്നും അതിന് ഉയര്‍ന്ന കലൊരിഫിക് വാല്യൂ ആണെന്നും ആരും ഓര്‍ക്കുന്നില്ല. ഇതാണ് കുട്ടികള്‍ ഇഷ്ടത്തോടെ വീണ്ടും വീണ്ടും ഓര്‍ഡര്‍ ചെയ്ത് കഴിച്ചുകൊണ്ടേ ഇരിക്കുന്നത്. കൂട്ടത്തില്‍ വറുത്തതും പൊരിച്ചതുമായ മാംസ വിഭവങ്ങള്‍ കൂടിയാകുമ്പോള്‍ ശരീരത്തിലോട്ട് കയറുന്ന കൊഴുപ്പും കലോറിയുമൊക്കെ എത്ര എന്നൊന്ന് ആലോചിച്ചു നോക്കൂ. 

പണ്ടൊക്കെ ആഴ്ചയിലൊരിക്കല്‍ നല്ല കോഴിക്കറിയും കൂട്ടി ഭക്ഷണം കഴിച്ചിരുന്ന കാലത്ത് ഇത്രയും ആരോഗ്യ പ്രശ്‌നങ്ങളും പോണ്ണത്തടിയുമൊക്കെ ഉണ്ടായിരുന്നോ എന്നൊന്ന് ആലോചിച്ചു നോക്കൂ? പലപ്പോഴും ഈ യഥാര്‍ഥ്യങ്ങള്‍ മറച്ചുവച്ചുകൊണ്ട് മനുഷ്യന്റെ സകലമാന ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പൊണ്ണത്തടിക്കും കാരണഭൂതന്‍ പാവം ബ്രോയിലര്‍ കോഴികള്‍ ആണെന്നാണ് വാട്‌സ്ആപ് അമ്മാവന്മാരുടെ പ്രചാരണം. സെലക്റ്റീവ് ബ്രീഡിങ് വഴി ഉയര്‍ന്ന തീറ്റ പരിവര്‍ത്തന ശേഷി, രോഗപ്രതിരോധ ശേഷി എന്നീ ഗുണങ്ങളോടെ ഉരുത്തിരിച്ചെടുത്ത ബ്രോയിലര്‍ കോഴികളെ മുന്‍നിര്‍ത്തിയുള്ള കുപ്രചാരണങ്ങള്‍ ഒഴിവാക്കി ഇത്തരം യഥാര്‍ഥ്യങ്ങള്‍ കൂടി മനസിലാക്കാന്‍ ശ്രമിക്കണം.

വ്യാവസായിക രീതിയില്‍ അല്ലാതെ വീട്ടില്‍ ഉല്‍പാദിപ്പിക്കുന്ന മയോനൈസ് നിര്‍മിക്കുന്നത് പച്ചമുട്ട ഉപയോഗിച്ചാണ്. കൃത്യമായി പറഞ്ഞാല്‍ മുട്ടയുടെ ഉണ്ണി, ഭക്ഷ്യ എണ്ണ, നാരങ്ങാ നീര് /വിനാഗിരി, ഉപ്പ് ആവശ്യത്തിനു കടുക്/ഉള്ളി എന്നിവ ചേര്‍ത്തു കൊണ്ടുള്ള ഒരു ബ്ലെന്‍ഡാണ് നമ്മുടെയൊക്കെ പ്രിയങ്കരനായി മാറിയ 'മയോനൈസ്'. ലോകമാകമാനം ഏറ്റവുമധികം ഭക്ഷ്യ വിഷബാധ സംഭവിക്കുന്നത് 'സാല്‍മൊണെല്ല' എന്ന ബാക്റ്റീരിയ മൂലമാണെന്നത് പലര്‍ക്കും അറിവുള്ള കാര്യമായിരിക്കും. പച്ചമുട്ടയുടെ ഉപഭോഗമാണ് ഈ വിഷബാധയ്ക്ക് ഒരു പ്രധാന കാരണം. അതിനാല്‍ പച്ചമുട്ട ഉപയോഗിച്ചുണ്ടാക്കുന്ന മയോനൈസ് ഒരു റിസ്‌ക് ആണ്. പോരാത്തതിന് നമ്മുടെ ഉഷ്ണ കാലാവസ്ഥയില്‍ നല്ലൊരു പോഷണ വസ്തു ആയ മയോനൈസില്‍ അതിവേഗം ബാക്റ്റീരിയകള്‍ പെരുകാനുള്ള സാഹചര്യം അപകടം വര്‍ധിപ്പിക്കുന്നു. ഫ്രിഡ്ജില്‍ ശീതികരിച്ചു വച്ചാല്‍ തന്നെ മൂന്നോ നാലോ ദിവസം മാത്രം സൂക്ഷിക്കാവുന്ന ഈ ഭക്ഷ്യ വസ്തു വളരെ നേരം അലക്ഷ്യമായി പുറത്തുവച്ച് കൈകാര്യം ചെയ്യുന്നതും അപകടം ക്ഷണിച്ചു വരുത്തും.

നിലവിലെ ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ക്കൊടുവില്‍ ഷവര്‍മ കടകള്‍ക്കും ഷവര്‍മ നിര്‍മാണത്തിനും പൊതുവായ ഒരു മാര്‍ഗ്ഗരേഖ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നത് ഏറെ പ്രശംസനീയമാണ്. ശാസ്ത്രീയമായി സംസ്‌കരിച്ചെടുത്ത മാംസം ഉപയോഗിച്ച്  ശുചിത്വമായ സാഹചര്യത്തില്‍ കൃത്യമായി വേവിച്ചെടുക്കുന്ന ഷവര്‍മയോടൊപ്പം പാസ്ച്ചുറൈസ് ചെയ്ത മുട്ട അല്ലെങ്കില്‍ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിച്ച മുട്ടപ്പൊടി ഉപോയിച്ച്  മയോനൈസ് ഉണ്ടാക്കണമെന്ന നിബന്ധന കൂടി വരണം. 

ഷവര്‍മ്മയോടൊപ്പം വിളമ്പുന്ന പച്ചക്കറി സലാഡ് നിര്‍മാണവും പ്രത്യേക ശ്രദ്ധയും ശുചിത്വവും പതിപ്പിക്കേണ്ട ഒന്നാണ്. പല കടകളിലെ ഷവര്‍മ സ്റ്റാന്റുകളും കടയ്ക്ക് പുറത്ത് റോഡരികില്‍ പൊടിഅടിച്ചു കയറാന്‍ പാകത്തിലാണ് കാണപ്പെടുന്നത്. ഇതും, നഗ്‌നമായ കൈകള്‍ ഉപയോഗിച്ച് ഇത്തരം ആഹാര വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതും അവസാനിപ്പിക്കേണ്ടതാണ്. അതോടൊപ്പം കടയില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണ നിലവാരം, പാകം ചെയ്യുന്ന ആളുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് എന്നിവ പരിശോധിക്കാനുള്ള സ്ഥിരം സംവിധാനങ്ങളും ഉണ്ടാകണം.

ഭക്ഷ്യ സുരക്ഷാ റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്ത കടകള്‍ യാതൊരു കാരണവശാലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുത്. സര്‍ക്കാര്‍ തലത്തിലുള്ള പരിശോധനകള്‍ എന്നും പ്രായോഗിക മല്ലാത്തതിനാല്‍ ഇത്തരം വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ചെന്ന് കാശു കൊടുത്ത് ഭക്ഷണം കഴിക്കില്ലെന്ന് ഓരോ മലയാളിയും തീരുമാനിക്കണം. ഇത്തരത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം ഒരു സാമൂഹിക ഓഡിറ്റ് കൂടി ഉണ്ടെങ്കിലേ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം വിളമ്പുന്ന സാമൂഹ്യദ്രോഹികള്‍ക്ക് മൂക്ക് കയറിടാന്‍ സാധിക്കുകയുള്ളൂ!

English Summary: Kerala shawarma food poisoning case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com