ADVERTISEMENT

ഷവര്‍മയും മയോണൈസും ഫാസ്റ്റ്ഫുഡ് സംസ്‌കാരവുമെല്ലാം ഏതാനും ദിവസങ്ങളായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അടിക്കടിയുണ്ടാകുന്ന ഭക്ഷ്യവിഷബാധകള്‍ വിരല്‍ ചൂണ്ടുന്നത് കേവലം ഒരു ഉപഭോഗസംസ്ഥാനമായി കേരളം മാറ്റപ്പെടുന്നതിലേക്കാണ്. പാല്‍, മത്സ്യം, മാംസം എന്നിങ്ങനെ അതിവേഗം നശിക്കാവുന്ന ഭക്ഷ്യവസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്നതില്‍ കേരളം എത്രത്തോളം സ്വയംപര്യാപ്തത കൈവരിച്ചിട്ടുണ്ട്? ഇനി ഇത്തരം ഭക്ഷ്യവസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്നവര്‍ക്ക് ജീവിക്കാന്‍ കഴിയുന്ന സാഹചര്യമാണോ ഇവിടുള്ളത്?

കഴിഞ്ഞ 3-4 ആഴ്ചകളായി കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യവും നന്നായി വേവിക്കാത്ത ഇറച്ചിയുമാണ്. ശുദ്ധജല മത്സ്യകൃഷിക്ക് ഏറെ നടപ്പാക്കപ്പെട്ട പദ്ധതികളില്‍ ഉള്‍പ്പെട്ടവര്‍ ഉല്‍പാദിപ്പിച്ച മത്സ്യങ്ങള്‍ വിറ്റഴിക്കാനാവാതെ നട്ടം തിരിയുമ്പോള്‍ കടല്‍ മത്സ്യങ്ങള്‍ ഇവിടെ വന്‍തോതില്‍ വിറ്റഴിക്കപ്പെടുന്നു. കടലില്‍നിന്ന് കരയിലെത്തിയശേഷം മാസങ്ങള്‍ കഴിഞ്ഞാണ് ഇത്തരത്തിലുള്ള മത്സ്യങ്ങള്‍ ഉപഭോക്താവിന്റെ കൈകളിലെത്തുന്നത്. അതുകൊണ്ടു തന്നെ രാസവസ്തുക്കളുടെ ഉപയോഗം ഉണ്ട് എന്നതിന് തെളിവാണ് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഇടുക്കിയില്‍ മത്സ്യം കഴിച്ച പൂച്ചകള്‍ ചത്തതും ഒരു സ്ത്രീക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതും. നേരിയ രീതിയില്‍ ഫോര്‍മലിന്‍ പോലുള്ള രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ചാല്‍ കണ്ടെത്താനും ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെയാണ് പലപ്പോഴും ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത്. 

എത്രയൊക്കെ മോശമാണെങ്കിലും മലയാളികള്‍ക്ക് പ്രശ്‌നമില്ല, വിലക്കുറവ് മതി എന്ന ചിന്താഗതിയാണ് ഇത്തരം പ്രശ്‌നങ്ങളുടെ അടിത്തറ. ജീവനുള്ള പെടയ്ക്കണ മത്സ്യം വച്ചു നീട്ടിയാലും കടല്‍മത്സ്യങ്ങളോടാണ് പലര്‍ക്കും കമ്പം. അതുകൊണ്ടുതന്നെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സ്യങ്ങളുടെ വരവും കൂടുതലാണ്. 

fish-2
അടുക്കളക്കുളത്തിൽനിന്ന് പിടിച്ച തിലാപ്പിയ മത്സ്യങ്ങൾ

പ്രത്യക്ഷത്തില്‍ ഇത്തരം 'വരവ്'മത്സ്യങ്ങള്‍ നല്ലതെന്ന് തോന്നുമെങ്കിലും വൃത്തിയാക്കിയാല്‍ പഴകിയതാണെന്ന് വ്യക്തമാകും. അടര്‍ന്നു പോകുന്ന മാംസഭാഗങ്ങള്‍, കറുത്ത നിറത്തിലുള്ള ചെകിള എന്നിവയെല്ലാം പഴകിയതിന്റെ ലക്ഷണങ്ങളാണ്. എല്ലാത്തിനും ഉപരിയായി മത്സ്യത്തെ വൃത്തിയാക്കിയാല്‍ കൈകളില്‍ ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും. ട്രോളിങ് നിരോധനം അടുത്തു വരുന്ന സാഹചര്യത്തില്‍ മോശപ്പെട്ട മത്സ്യങ്ങളുടെ വരവ് വര്‍ധിക്കാം. ആരോഗ്യവും ജീവനും നമ്മുടേതാണ്. അത് മറ്റൊരാള്‍ക്ക് ലാഭമുണ്ടാക്കാന്‍ വേണ്ടി എന്തിന് നശിപ്പിക്കണം? അതും ജീവനുള്ള മത്സ്യങ്ങള്‍ നാട്ടില്‍ യഥേഷ്ടം ലഭിക്കുന്ന സാഹചര്യത്തില്‍?

ഇത്രയും പറഞ്ഞത് മത്സ്യങ്ങളുടെ കാര്യം. മാംസത്തിന്റെ കാര്യവും ഇതു തന്നെ അവസ്ഥ. കേരളത്തില്‍ കോഴിയും പന്നിയും പോത്തുമൊന്നും വളര്‍ത്തിയില്ലെങ്കിലും മലയാളിക്ക് ഇറച്ചിക്കു മുട്ടുണ്ടാവില്ല എന്ന് കര്‍ഷകര്‍ പറയാറുണ്ട്. കോഴി, പന്നി, കന്നുകാലി മേഖലകളിലെയെല്ലാം കര്‍ഷകര്‍ മുന്നോട്ട് പോകാന്‍ പറ്റാത്ത വിധത്തില്‍ പ്രതിസന്ധിയിലാണ്. തീറ്റലഭ്യതയുടെ പേരില്‍ പന്നിക്കര്‍ഷകരും തീറ്റവിലവര്‍ധനയുടെ പേരില്‍ കോഴിക്കര്‍ഷകരും ബുദ്ധിമുട്ടുകയാണ്. കേരളത്തില്‍ പന്നിക്കര്‍ഷകരോ കോഴിക്കര്‍ഷകരോ ഇല്ലെങ്കിലും പന്നിയിറച്ചിയും കോഴിയിറച്ചിയും അതിര്‍ത്തി കടന്ന് ഇവിടെത്തും. പലപ്പോഴും ഇത്തരത്തില്‍ എത്തുന്ന ജീവികള്‍ രോഗബാധിതരോ രോഗകാരികളോ ആയി മാറാറുണ്ട്. 

pig-2
ഇതര സംസ്ഥാനത്തുനിന്നെത്തിച്ച പന്നികളെ കൂട്ടത്തോടെ പാർപ്പിച്ചിരിക്കുന്നു

ഏതാനും നാളുകള്‍ക്കു മുന്‍പ് ഇത്തരത്തില്‍ എത്തിച്ച പന്നികളെ കണ്ണൂരിലെ കര്‍ഷകര്‍ പിടികൂടി അധികൃതരെക്കൊണ്ട് നടപടി എടുപ്പിച്ചിരുന്നു. റബര്‍ തോട്ടത്തില്‍ ഒരുക്കിയ താല്‍ക്കാലിക ഫാമില്‍ രോഗാവസ്ഥയിലുള്ളതും, മരണാസന്നരായതുമായ പന്നികളെയാണ് കണ്ടെത്തിയത്. ചത്ത പന്നികളുടെ ഇറച്ചി ഫ്രീസറില്‍ സൂക്ഷിക്കുകയും ചെയ്തിരുന്നു. നാട്ടിലെ കര്‍ഷകര്‍ക്ക് നല്‍കേണ്ട വിലയിലും താഴ്ന്ന് ഇത്തരത്തിലുള്ള വരവ് പന്നിയിറച്ചി ലഭിക്കുമെന്നതിനാല്‍ കച്ചവടക്കാര്‍ക്കും പ്രിയം അതിനോടാണ്. ഇത്തരത്തില്‍ കേരളത്തിലുടനീളം ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ഇറച്ചിക്കായി പന്നികള്‍ എത്തുന്നുണ്ട്. 

pig-1
തമിഴ്നാട്ടിൽനിന്ന് പന്നികളുമായി കേരളത്തിൽ എത്തിയ വാഹനം. വാഹനത്തിൽ പന്നികളെയും കാണാം

പ്രശസ്ത ഫുഡ് വ്‌ലോഗര്‍ മൃണാള്‍ ദാസ് കഴിഞ്ഞ ദിവസം പറഞ്ഞതുപോലെ ചത്ത കോഴികള്‍ വരെ 'മികച്ച ഭക്ഷണ'മായി തീന്‍മേശയില്‍ എത്തപ്പെടുന്നു. തമിഴ്‌നാട്ടില്‍നിന്ന് വരുമ്പോള്‍ ചത്തു പോകുന്ന കോഴികള്‍ തുച്ഛമായ വിലയില്‍ കച്ചവടക്കാരിലേക്കോ ഭക്ഷണ നിര്‍മാതാക്കളിലേക്കോ എത്തപ്പെടുന്നുണ്ട്. അതൊക്കെ ഏതൊക്കെ വിധത്തില്‍ ആരോഗ്യത്തെ ബാധിക്കുമെന്ന് കണ്ടറിയണം. 

ചുരുക്കത്തില്‍ പരമാവധി ഫ്രഷ് ആയതും കണ്‍മുന്നില്‍ തന്നെ വൃത്തിയാക്കുന്നതുമായ മത്സ്യ, മാംസാദികള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം എന്നതു തന്നെയാണ് ആരോഗ്യകാര്യത്തില്‍ നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടത്. അതുകൊണ്ടു തന്നെ നമുക്ക് ചുറ്റുമുള്ള കര്‍ഷകരെ കണ്ടില്ലായെന്ന് ഇനിയെങ്കിലും നടിക്കാതിരിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com