ADVERTISEMENT

വർഷത്തിന്റെ ആദ്യ പകുതിയിൽ മികവ്‌ കാഴ്‌ച്ചവച്ച ആഗോള കുരുമുളകുവിപണി പുതിയ ദിശ തേടുകയാണ്‌. വിയറ്റ്‌നാമിൽനിന്നും ഇന്തോനേഷ്യയിൽനിന്നുമുളള പുതിയ മുളകുവരവ്‌ വിലയെ ഏതു വിധം സ്വാധീനിക്കുമെന്ന്‌ ഉറ്റുനോക്കുകയാണ്‌ യൂറോപ്യൻ രാജ്യങ്ങൾ. ഇന്തോനേഷ്യൻ ലൈറ്റ്‌ പെപ്പർ വരവിനെ കാത്ത്‌ നിൽക്കുകയാണ്‌ ഇന്ത്യൻ ഒലിയോറസിൻ നിർമാതാക്കളും. 

നിലവിലെ കാലാവസ്ഥയിൽ ഉൽപാദനം സംബന്ധിച്ച്‌ ജക്കാർത്ത പുതിയ കണക്കുകൾ ഒന്നും അവതരിപ്പിച്ചിട്ടില്ലെങ്കിലും ലഭ്യത കുറയുമെന്നാണ്‌  നേരത്തെ അവർ വ്യക്തമാക്കിയിരുന്നത്‌. ആ നിലയ്‌ക്ക്‌ വീക്ഷിച്ചാൽ സത്ത്‌ നിർമാണത്തിന്‌ ആവശ്യമായ പൊള്ള മുളക്‌ ഉയർന്ന വിലയ്‌ക്ക്‌ വ്യവസായികൾ ശേഖരിക്കാം. ശ്രീലങ്കയിലെ പ്രതിസന്ധികൾ മൂലം കേരളത്തിലെ പല വ്യവസായികൾക്കും അവരുടെ ആവശ്യാനുസരണം മുളക്‌ സംഭരിക്കാനായില്ല. ഇറക്കുമതിക്കാർ ഇന്തോനേഷ്യയുമായി വിലപേശൽ നടത്തുന്നുണ്ട്‌. നേരത്തെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുള്ള ലൈറ്റ്‌ പെപ്പർ ഉയർന്ന വിലയ്‌ക്ക്‌ സത്ത്‌ നിർമാതാക്കൾ സംഭരിച്ചു.

പ്രമുഖ കുരുമുളക്‌ ഉൽപാദക രാജ്യങ്ങളെല്ലാം വിപണിയുടെ ചലനങ്ങൾ നിരീക്ഷിക്കാനാണ്‌ മേയ്‌ ആദ്യ വാരം താൽപര്യം കാണിച്ചത്‌. കോവിഡിനു ശേഷം സാമ്പത്തികരംഗത്തെ മാറ്റങ്ങളും പണപ്പെരുപ്പം രൂക്ഷമാക്കുന്നതും ഉൽപ്പന്നവിലകളിൽ വൻ സ്വാധീനം ചെലുത്തുമെന്നതിനാൽ നിരക്ക്‌ താഴ്‌ത്തി ക്വട്ടേഷൻ ഇറക്കാൻ കുരുമുളക്‌ കയറ്റുമതി മേഖല തയാറല്ല. 

ഇന്തോനേഷ്യൻ കയറ്റുമതിക്കാർ ടണ്ണിന്‌ 200 ഡോളർ ഉയർത്തി 4500 ഡോളറിന്‌ ക്വട്ടേഷൻ ഇറക്കിയെന്ന്‌ ഒരു വിഭാഗം അവകാശപ്പെടുമ്പോൾ അന്താരാഷ്‌ട്ര കുരുമുളക്‌ സമൂഹത്തിന്റെ കണക്കിൽ അവരുടെ നിരക്ക്‌ 4100 ഡോളറാണ്‌. ബ്രസീൽ 4000 ഡോളറിനും മലേഷ്യ 5900 ഡോളറിനും വിയറ്റ്‌നാം 4240 ഡോളറിനും മുളക്‌ വാഗ്‌ദാനം ചെയ്‌തു. മലബാർ മുളകിന്‌ വിദേശ ആവശ്യക്കാരില്ലെങ്കിലും ഒരവസരത്തിൽ 7253 ഡോളർ വരെ ഉയർത്തി. 

ഇതിനിടെ വെള്ളക്കുരുമുളകിന്‌ യൂറോപിൽ ഡിമാൻഡ്. ബ്രസീലിൽ സ്‌റ്റോക്ക്‌ ചുരുങ്ങിയ വിവരം പുറത്തുവന്നതോടെ വെറ്റ്‌ പെപ്പർ കൈവശമുള്ള മലേഷ്യ 7600 ഡോളർ ആവശ്യപ്പെട്ടപ്പോൾ 6040 ഡോളറിന്‌ കയറ്റുമതി നടത്താമെന്ന വാഗ്‌ദാനവുമായി വിയറ്റ്‌നാം രംഗത്ത്‌ ഇറങ്ങി. ഓഗസ്‌റ്റിൽ പുതിയ ചരക്ക്‌ ബ്രസീലിൽ വിൽപ്പനയ്‌ക്ക്‌ സജ്ജമാക്കുമെന്നാണ്‌ അവിടെ നിന്നുള്ള വിവരം.   

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കുരുമുളകിന്‌ ആവശ്യം കുറഞ്ഞു. പകൽച്ചൂട്‌ കനത്തതോടെ പല ഭാഗങ്ങളിലും വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം വെട്ടികുറച്ചത്‌ വിൽപ്പനയെ ബാധിച്ചു. വിവിധ സംസ്ഥാനങ്ങളിൽ സുഗന്‌ധവ്യഞ്‌ജനങ്ങളുടെ വിൽപ്പന പതിവിലും ചുരുങ്ങി. ഇതോടെ മലഞ്ചരക്ക്‌ സംഭരണം അന്തർസംസ്ഥാന വ്യാപാരികൾ കുറച്ചെങ്കിലും ഇത്‌ വിലയെ സ്വാധീനിച്ചില്ല. കാർഷിക മേഖല കഴിഞ്ഞ ദിവസങ്ങളിൽ ചരക്കുനീക്കം നിയന്ത്രിച്ചത്‌ വില തകർച്ചയെ തടയാൻ ഉപകരിച്ചു. 140 ടൺ ചരക്കാണ്‌ കഴിഞ്ഞവാരം കൊച്ചിയിൽ വിൽപ്പനയ്‌ക്ക്‌ എത്തിയത്‌, തൊട്ട്‌ മുൻവാരം വരവ്‌ 270 ടണ്ണായിരുന്നു. അൺ ഗാർബിൾഡ്‌ കുരുമുളക്‌ 51,300 രൂപയിൽ വിൽപ്പന നടന്നു. ഇറക്കുമതി ചരക്ക്‌ ഉത്തരേന്ത്യയിൽ ഇതേ വിലയ്‌ക്ക്‌ ലഭ്യമാണ്‌. 

പുതിയ ഏലക്ക ജൂൺ‐ജൂലൈയിൽ വിൽപ്പനയ്‌ക്ക്‌ ഇറക്കാനാവുമെന്ന വിശ്വാസത്തിലാണ്‌ ഉൽപാദന കേന്ദ്രങ്ങൾ. ഹൈറേഞ്ചിലെ പല തോട്ടങ്ങളിലും ഏലപ്പൂ വിരിഞ്ഞു. മഴ കാര്യമായ പരിക്കുകൾ എൽപ്പിച്ചില്ലെങ്കിൽ മികച്ച വിളവിന്‌ അവസരം ഒരുങ്ങും. വേനൽമഴയുടെ വരവിനിടെ വൻകിട വാങ്ങലുകാർ ലേല കേന്ദ്രങ്ങളിൽ സ്വീകരിച്ച അതേ നിലപാട്‌ ഈ മാസവും തുടരാനാണ്‌ സാധ്യത. 

അടുത്ത സീസണിൽ വിളവ്‌ ഉയരുമെന്നത്‌ വിലക്കയറ്റത്തിന്‌ ഭീഷണിയായി മാറുമോയെന്ന ആശങ്കയിലാണ്‌ ചെറുകിടക്കാർ. ഓഫ്‌ സീസണിൽ പോലും ഭേദപ്പെട്ട വില ഉറപ്പ്‌ വരുത്താനാവാഞ്ഞത്‌ പലരുടെയും കണക്കുകൂട്ടലുകൾ പാടെ തകിടം മറിച്ചു. പിന്നിട്ടവാരം ശരാശരി ഇനങ്ങൾ കിലോ 723 രൂപയിലേക്ക്‌ ഇടിഞ്ഞ്‌ കൈമാറ്റം നടന്നു. ഒരു വർഷത്തിനിടയിൽ ഏലക്ക വില ഇത്രയേറെ ഇടിയുന്നത്‌ ആദ്യമാണ്‌. സീസണിൽ നിലനിർത്തിയ കരുത്ത്‌ ഓഫ്‌ സീസണിൽ കാഴ്‌ച്ചവയ്ക്കാൻ ഏലം ക്ലേശിക്കുന്നത്‌ ഉൽപാദകരുടെ ആത്‌മവിശ്വാസത്തിന്‌ മങ്ങലേൽപ്പിച്ചു. 

ഇതിനിടയിൽ ഓഫ്‌ സീസണിലും പ്രമുഖ ലേലങ്ങളിൽ ചരക്കുവരവ്‌ ശക്തമായി തുടരുന്നതിൽ അസ്വാഭാവികതയുള്ളതായി ഉൽപാദന കേന്ദ്രങ്ങളിൽ നിന്നും അക്ഷേപം ഉയരുന്നു. വിൽപ്പനയ്‌ക്ക്‌ എത്തുന്ന ഏലക്ക അത്രയും ശേഖരിക്കാൻ ഒരു വശത്ത്‌ ഇടപാടുകാർ മത്സരിക്കുന്നുണ്ട്‌. വാരാന്ത്യം നടന്ന ലേലത്തിൽ മികച്ചയിനങ്ങൾ കിലോ 1360 രൂപയിൽ കൈമാറി. അറബ്‌ രാജ്യങ്ങളിൽ നിന്നുള്ള ഓർഡറുകൾ മുൻ നിർത്തി കയറ്റുമതിക്കാർ ഏലക്ക സംഭരിച്ചു. ആഭ്യന്തര വ്യാപാരികൾ ശരാശരി ഇനങ്ങളിൽ താൽപര്യം കാണിച്ചു. 

മെച്ചപ്പെട്ട വിലയ്‌ക്ക്‌ വേണ്ടിയുള്ള കൊപ്ര ഉൽപാദകരുടെ കാത്തിരിപ്പ്‌ തുടരുന്നു. സീസൺ ആരംഭം മുതൽ ഉയർന്ന്‌ വില ഉറപ്പ്‌ വരുത്താൻ കാർഷിക മേഖല മുറവിളിക്കുട്ടുന്നുണ്ടങ്കിലും അവരുടെ പ്രതീക്ഷയ്‌ക്കൊത്ത്‌ വിപണി വില ഉയർന്നില്ല. ഇതിനിടയിൽ പച്ചത്തേങ്ങയും കൊപ്രയും സംഭരിക്കാൻ വിവിധ ഏജൻസികൾ രംഗത്ത്‌ ഇറങ്ങിയതല്ലാതെ വിപണിയിൽ ചെറു ചലനം പോലും സൃഷ്‌ടിക്കാൻ അവർക്കായില്ല. 

സംഭരണം നാമമാത്രമായി ചുരുങ്ങിയത്‌ അവസരമാക്കി ബഹുരാഷ്‌ട്ര കമ്പനികൾ പരമാവധി താഴ്‌ന്ന വിലയ്‌ക്ക് കൊപ്ര വാരിക്കൂട്ടുകയാണ്‌. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വൻകിട മില്ലുകാരുടെ ഗോഡൗണുകൾ നിറഞ്ഞാൽ ഇന്നത്തെ നിലയ്‌ക്ക്‌ വിപണിയിൽ ഉണർവിന്‌ അവസരം തെളിയും. കൊച്ചിയിൽ 8800 ലും കാങ്കയത്ത്‌ 8700 ലുമാണ്‌ കൊപ്രയുടെ ഇടപാടുകൾ നടക്കുന്നത്‌. 

ടയർ നിർമാതാക്കളും ഉത്തരേന്ത്യയിൽ നിന്നുള്ള ചെറുകിട വ്യവസായികളും റബർ മാർക്കറ്റിൽ സജീവമാണ്‌. പതിവിലും നേരത്തെ പുതിയ ഷീറ്റുമായി ഉൽപാദകർ വിപണിയെ സമീപിക്കുമെന്ന കണക്ക്‌ കൂട്ടലിലാണ്‌ വാങ്ങലുകാർ. പല ഭാഗങ്ങളിലും പുതിയ ഷീറ്റ്‌ സംസ്‌കരണത്തിന്റെ തിരക്കിലാണ്‌ കർഷകർ. നാലാം ഗ്രേഡ്‌ റബർ വില കിലോ 170 ൽ നിന്ന്‌ 173 വരെ ഉയർന്ന്‌ ഇടപാടുകൾ നടന്നു.  

English summary: Commodity Markets Review May 9

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com