കിസാൻ ക്രെഡിറ്റ് കാർഡ് എന്ത്? എന്തിന്?

kisan-credit-card
image courtesy: shutterstock
SHARE

പതിവായി കേൾക്കുന്നതും എന്നാൽ പലർക്കും വ്യക്തമായി അറിയാത്തതുമായ വായ്പാ പദ്ധതിയാണ് കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി). കർഷകർക്കുള്ള പദ്ധതികളുടെ ആനുകൂല്യങ്ങൾ പലതും ലഭ്യമാക്കുന്നതു കൃഷിഭവനുകളിലൂടെ ആണെന്നതിനാൽ പലപ്പോഴും  കിസാൻ ക്രെഡിറ്റ് കാർഡ് കിട്ടുന്നതിനുവേണ്ടി കൃഷിക്കാർ കൃഷിഭവനുകളെ സമീപിക്കാറുണ്ട്.

കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ കൃഷിഭവനിൽ ലഭ്യമല്ല, മറിച്ച് ബാങ്കുകൾ വഴി മാത്രം നടത്തപ്പെടുന്ന പദ്ധതിയാണ്. നബാർഡിന്റെ (നാഷനൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡവലപ്മെന്റ്) തയാറാക്കി, ഇന്ത്യയിലെ  പൊതുമേഖലാ, ഷെഡ്യൂൾഡ്  ബാങ്കുകൾ വഴി 1998ൽ അവതരിപ്പിക്കപ്പെട്ട കാർഷിക വായ്പയാണ് കിസാൻ ക്രെഡിറ്റ് കാർഡ്. കർഷകന്റെ എല്ലാത്തരം കാർഷിക ആവശ്യങ്ങൾക്കും പിന്തുണ നൽകുക എന്നതാണ് ഈ വായ്പയുടെ മുഖ്യ ലക്ഷ്യം.

എന്തുകൊണ്ട് ഈ പേര്? 

എന്തുകൊണ്ടാണ് ഈ വായ്പാ പദ്ധതിക്ക് കിസാൻ ക്രെഡിറ്റ് കാർഡ് എന്ന് പറയുന്നത്? ഇത് കർഷകർക്കുള്ള ഒരു ‘ക്രെഡിറ്റ് കാർഡ്’ വായ്പാ സംവിധാനം ആയതുകൊണ്ടു തന്നെ. അതായത് ഈ വായ്പയോടൊപ്പം എടിഎം കാർഡിനു സമാനമായ ഒരു ഇലക്ട്രോണിക് ക്രെഡിറ്റ് കാർഡും കർഷകന് ലഭിക്കുന്നു.  ഈ കാർഡ് ഉപയോഗിച്ച് കർഷകന്  എപ്പോൾ വേണമെങ്കിലും പണം എടിഎം വഴി പിൻവലിക്കാനും തിരിച്ചടയ്ക്കാനും സാധിക്കും. 

എന്താണു മെച്ചം?

മിക്ക കർഷകർക്കും പല തരത്തിലുള്ള കാർഷിക വായ്പകൾ ഉണ്ടാകും. ആ വായ്പകളിൽ അനുവദിക്കപ്പെട്ട മുഴുവൻ തുകയ്ക്കുമാണ് പലിശ കണക്കാക്കുക. മറ്റ് വായ്പകളെ അപേക്ഷിച്ച് കിസാൻ ക്രെഡിറ്റ് കാർഡിനുള്ള പ്രത്യേകത, വായ്പാ കാലയളവിൽ എപ്പോൾ വേണമെങ്കിലും പണം (അനുവദിച്ചിട്ടുള്ള പരിധിയിൽ നിന്ന് കൊണ്ട്) വായ്പാ അക്കൗണ്ടിൽ ഇടുകയും എടുക്കുകയും ചെയ്യാം എന്നതാണ്. ഏതൊരു സമയത്തും എടുക്കപ്പെട്ടിട്ടുള്ള പണത്തിന് മാത്രമേ പലിശ ഈടാക്കുകയുള്ളു. 

ഉദാഹരണത്തിന് ഒരു കർഷകന് ഒരു ലക്ഷം രൂപ വായ്പ അനുവദിച്ചു എന്ന് കരുതുക. ഇത് പ്രത്യേക വായ്പാ അക്കൗണ്ട് ആയി കണക്കാക്കപ്പെടും. അദ്ദേഹം ഏത്തവാഴ കൃഷി ചെയ്യാനാണ് തീരുമാനിച്ചത്. വാഴവിത്തും വളവും മറ്റും വാങ്ങുന്നതിനും കുഴിയെടുപ്പ് തുടങ്ങിയ ചെലവുകൾക്കുമായി ആദ്യഘട്ടത്തിൽ 20,000 രൂപയേ ആവശ്യമുള്ളൂ എങ്കിൽ അദ്ദേഹത്തിന് എടിഎം വഴി 20,000 രൂപ മാത്രം പിൻവലിക്കാം. ഈ 20,000 രൂപയ്ക്ക് മാത്രമേ പലിശ ഈടാക്കപ്പെടുകയുള്ളു. എന്നാൽ ആദ്യമേ തന്നെ ഒരു ലക്ഷം രൂപയും വായ്പാ അക്കൗണ്ടിൽ നിന്ന് പിൻവലിച്ച് സേവിങ്സ് അക്കൗണ്ടിൽ ഇട്ടാൽ, അതിൽ നിന്ന് 20,000 രൂപയേ എടുക്കുന്നുള്ളു എങ്കിലും വായപത്തുകയായ ഒരു ലക്ഷം രൂപയ്ക്കും പലിശ ഈടാക്കിക്കൊണ്ടിരിക്കും. കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ, അതിന്റെ അക്കൗണ്ടിൽ നിന്നു തന്നെ എടുക്കാനും അതിൽ തന്നെ തിരിച്ചടയ്ക്കാനും ശ്രദ്ധിക്കണം.

ബാങ്കിൽനിന്ന് കാർഷിക വായ്പയുണ്ടല്ലോ, പക്ഷേ, കാർഡൊന്നും കിട്ടിയിട്ടില്ലല്ലോ എന്ന് ചിലർ ചോദിക്കാറുണ്ട്.

മിക്ക കർഷകർക്കും സ്വർണപ്പണയമായോ, കരമടച്ച രസീത് വച്ചോ, സ്ഥലത്തിന്റെ ആധാരം ഈടായി നൽകിയോ ഒക്കെ ബാങ്കുകളിൽ വായ്പയുണ്ടാകും. ഈ വായ്പ കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണോ അനുവദിച്ചിരിക്കുന്നതെന്ന് ബാങ്കിൽ അന്വേഷിക്കുക. കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി പ്രകാരമുള്ള വായ്പയാണെങ്കിൽ ഇലക്ട്രോണിക് ക്രെഡിറ്റ് കാർഡ് ബാങ്കുകളിൽ നിന്നു ചോദിച്ച് വാങ്ങാൻ മറക്കരുത്.

ആർക്കൊക്കെയാണ് അർഹത?

സ്വന്തമായി കൃഷിഭൂമിയുള്ള ഏതൊരാൾക്കും കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവർക്കും  കർഷക സംഘങ്ങൾക്കും റജിസ്റ്റർ ചെയ്ത പാട്ടക്കരാറും കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ കരമടച്ച രസീതും ഹാജരാക്കി വായ്പയ്ക്ക് അപേക്ഷിക്കാം. 

കിസാൻ ക്രെഡിറ്റ് കാർഡിനുള്ള അപേക്ഷാ ഫോമുകൾ ബാങ്കിൽ നിന്നോ കൃഷിഭവനിൽ നിന്നോ ലഭ്യമാണ്. കൃഷി വകുപ്പിന്റെ വെബ്സൈറ്റിൽനിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്തും ഉപയോഗിക്കാം. എന്നാൽ കിസാൻ ക്രെഡിറ്റ് കാർഡ് വായ്പയോ ക്രെഡിറ്റ് കാർഡോ കൃഷി ഭവൻ വഴി ലഭ്യമല്ല. അതിന് ബാങ്കിനെ തന്നെ  സമീപിക്കണം. 

ഓരോ വിളയ്ക്കും നിശ്ചയിച്ചിട്ടുള്ള ഉൽപാദന വായ്‌പത്തോതിന്റെ അടിസ്ഥാനത്തിലാണ് വായ്പ ലഭിക്കുക. കൃഷി സ്ഥലത്തിന്റെ വിസ്തീർണം, ഏതു വിളയാണ് കൃഷി ചെയ്യുന്നത്, ആ കൃഷിയുടെ അനുബന്ധ പ്രവർത്തനങ്ങൾ, കാർഷിക യന്ത്രങ്ങളുടെ പരിപാലനം, കാർഷികേതര  പ്രവർത്തനങ്ങൾക്കുള്ള പ്രവർത്തന മൂലധനം തുടങ്ങിയ ആവശ്യങ്ങൾ പരിഗണിച്ചാണ് പരമാവധി വായ്പാ തുക നിശ്ചയിക്കുന്നത്. കൃഷി ചെയ്ത് വിളവെടുത്ത് വരുമാനം ലഭിക്കുന്നതു വരെയുള്ള സമയത്തെ കർഷകന്റെ ആവശ്യങ്ങൾക്കുള്ള തുക വായ്പാ പരിധിയിൽ ഉൾപ്പെടുത്തുന്നു എന്നത് കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയുടെ  പ്രത്യേകതയാണ്.

ഇപ്പോൾ ആട്, പശു, കോഴി, പന്നി വളർത്തൽ, ഉൾനാടൻ മത്സ്യകൃഷി തുടങ്ങിയ അനുബന്ധ പ്രവർത്തനങ്ങൾക്കും കിസാൻ ക്രെഡിറ്റ് കാർഡ് പരിധിയിൽ ഉൾപ്പെടുത്തി വായ്പ അനുവദിക്കുന്നുണ്ട്.

എത്ര വരെ വായ്പ കിട്ടും?

കുറഞ്ഞ പലിശ നിരക്കിൽ 3 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 1,60,000 രൂപ വരെയുള്ള കാർഷിക വായ്പകൾക്ക് പ്രത്യേക ഈട് നൽകേണ്ടതില്ല. കൃഷി സ്ഥലത്തുള്ള വിളതന്നെ ഈടായി പരിഗണിക്കും. കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ എടുക്കുന്ന കർഷകർ വിള ഇൻഷുറൻസ് എടുക്കേണ്ടത് നിർബന്ധമാണ്.

1,60,000 രൂപയ്ക്ക് മുകളിലുള്ള വായ്പകൾക്ക് മതിയായ വിലയ്ക്കുള്ള വസ്തു ഈടായി നൽകേണ്ടതുണ്ട്.

എടുത്തിട്ടുള്ള തുക പലിശ സഹിതം ഒരു വർഷത്തിനുള്ളിൽ ഒന്നായോ ഗഡുക്കളായോ അടച്ചിരിക്കണം. ഹ്രസ്വകാല വിളകൾക്ക് 12 മാസത്തിനുള്ളിലും  ദീർഘകാല വിളകൾക്ക് 18 മാസത്തിനുള്ളിലുമാണ് പണം തിരിച്ചടയ്ക്കേണ്ടത്.

ക്രെഡിറ്റ് കാർഡ് വഴി എത്ര തവണ വേണമെങ്കിലും പണമെടുക്കാനും തിരിച്ചടയ്ക്കാനും സാധിക്കും. സമയപരിധിക്കുള്ളിൽ കൃത്യമായി  വായ്പ തിരിച്ചടച്ചാൽ നിബന്ധനകൾക്ക് വിധേയമായി കൂടുതൽ പലിശ ഇളവ് ഉണ്ട്. ആവശ്യമുള്ളപ്പോൾ മാത്രം പണം എടുക്കുന്നതിലൂടെ പലിശ ലാഭിക്കുകയും ചെയ്യാം.

വാർഷിക അവലോകനം

വർഷത്തിലൊരിക്കൽ വായ്പ ഇടപാടുകൾ അവലോകനം ചെയ്ത് വായ്പാ വിനിയോഗത്തിന്റെയും വരവ് – ചെലവിന്റെയും അടിസ്ഥാനത്തിൽ വായ്പാത്തോത് ക്രമീകരിക്കുന്നതിനുള്ള അധികാരം ബാങ്കിനുണ്ട്. 

വാർഷിക അവലോകനത്തിന് വിധേയമായി കാർഡിന്റെ കാലാവധി 5 വർഷം ആണ്. 5 വർഷത്തിനു ശേഷം പഴയ വായ്പ അവസാനിപ്പിക്കുകയും പുതിയ വായ്പയായി കിസാൻ ക്രെഡിറ്റ് കാർഡ് അനുവദിക്കുകയും ചെയ്യും. കിസാൻ ക്രെഡിറ്റ് കാർഡ് വായ്പയുടെ പലിശ നിരക്ക് മറ്റേതൊരു വായ്പയും പോലെ തന്നെ റിസർവ് ബാങ്കിന്റെ നിർദേശാനുസരണം മാറ്റങ്ങൾക്ക് വിധേയമാണ്.

വായ്പയാണ്, തിരിച്ചടയ്ക്കണം

ഏതു വായ്പ എടുത്താലും അത് കൃത്യസമയത്ത് തന്നെ തിരിച്ചടയ്ക്കുക എന്നത് വായ്പ എടുക്കുന്നയാളുടെ ഉത്തരവാദിത്തമാണ്. വായ്പാ തിരിച്ചടവിൽ മുടക്കം വന്നാൽ വീണ്ടുമൊരു വായ്പ എടുക്കുന്നതിനെയും  കിസാൻ ക്രെഡിറ്റ് കാർഡ് പുതുക്കി കിട്ടുന്നതിനെയുമൊക്കെ പ്രതികൂലമായി ബാധിക്കുമെന്ന് ഓർക്കുക.

English summary: What is Kisan Credit Card Yojana and its features and benefits?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA