ഒരു മരത്തിൽനിന്നു 30,000 രൂപ: കേരളത്തിലാദ്യമായി പൂവിട്ടുതുടങ്ങിയ അവ്ക്കാഡോ തോട്ടത്തിലെ വിശേഷങ്ങൾ

HIGHLIGHTS
  • ഒരു മരത്തിൽനിന്നു മാത്രം സീസണില്‍ 30,000 രൂപ
  • റബർ വെട്ടിനീക്കിയ പറമ്പിൽ 18 അടി അകലത്തിലാണ് തൈകൾ നട്ടത്
avcado
സെലിൻ അവ്ക്കാഡോ തോട്ടത്തിൽ
SHARE

അവ്ക്കാഡോ അഥവാ വെണ്ണപ്പഴത്തിന്റെ  പോഷകപ്രാധാന്യവും വരുമാനസാധ്യതയും തിരിച്ചറിഞ്ഞ ആ രും ഏതാനും തൈകൾ നട്ടു വളർത്തുന്നതു സ്വാഭാവികം. എന്നാൽ  കേരളത്തിൽ അവ്ക്കാഡോ തോട്ടമുണ്ടാക്കിയത്  ബത്തേരി കൊമരിക്കൽ സെലിൻ മാത്രമായിരിക്കും.  മകൻ എഡ്വിൻ ജോസഫിനൊപ്പം  5 വർഷമായി ഇവർ അവ്ക്കാഡോയുടെ പിന്നാലെയാണ്. 

അവ്ക്കാഡോയുടെ കൃഷിസാധ്യതയിലേക്ക് കണ്ണുതുറപ്പിച്ചത് സ്വന്തം പുരയിടത്തിലുള്ള  നാടൻ അവ്ക്കാഡോയുടെ ആദായമാണെന്നു സെലിൻ. ഒരു മരത്തിൽനിന്നു മാത്രം സീസണില്‍ 30,000 രൂപ കിട്ടിയപ്പോൾ സംഗതി കൊള്ളാമല്ലോയെന്നു തോന്നി. ഇന്റർനെറ്റിലൂടെ എഡ്വിൻ കണ്ടെത്തിയ വിവരങ്ങൾ ആവേശം കൊള്ളിച്ചു. 2017ൽ കിലോയ്ക്ക് 150 രൂപ മാത്രം വിലയുള്ളപ്പോഴായിരുന്നു അത്. ഇപ്പോൾ കിലോയ്ക്ക് 240–300 രൂപ വിലയുണ്ട്. അവ്ക്കാഡോ വ്യാപാരം വയനാട്ടിൽ സജീവമാവുകയും ചെയ്തു. 

വീടിനോടു ചേർന്നുണ്ടായിരുന്ന റബർകൃഷി അവസാനിപ്പിച്ചാണ് 2020ൽ ഇവർ വെണ്ണപ്പഴത്തോട്ടമുണ്ടാക്കിയത്. ഭർത്തൃസഹോദരൻ ബേബിയുടെ മൂന്നരയേക്കർ കാപ്പി– കമുക് തോട്ടത്തിലും ഇടവിളയായി അവ്ക്കാഡോ നട്ടതോടെ കൊമരിക്കൽ വീടിനും ചുറ്റും ഏഴേക്കർ അവ്ക്കാഡോ തോട്ടമായി. സ്വന്തം മരത്തിന്റെ തന്നെ ഗ്രാഫ്റ്റ് തൈകൾ മതിയെന്നു കൂടി തീരുമാനിച്ചതോടെ കാര്യങ്ങൾ എളുപ്പമായി. 3 പഴങ്ങൾക്ക് ഒരു കിലോയിലേറെ തൂക്കം കിട്ടിയ ഈ ഇനം വിപണിക്കു ചേർന്നതാണെന്നു കണ്ടാണ് തിരഞ്ഞെടുത്തത്. നാട്ടുകാരനും അവ്ക്കാഡോ തൈ ഉൽപാദനത്തിൽ പരിചയസമ്പന്നനുമായ സംപ്രീതിന്റെ സഹായത്തോടെ വേണ്ടത്ര തൈകൾ ഉൽപാദിപ്പിച്ചു. റബർ വെട്ടിനീക്കിയ പറമ്പിൽ 18 അടി  അകലത്തിലാണ് തൈകൾ നട്ടത്. രണ്ടടി വീതം നീളവും വീതിയും ആഴവുമുള്ള കുഴികളിൽ ചാണകപ്പൊടി നിറച്ചശേഷം  പിള്ളക്കുഴിയെടുത്താണ് തൈകൾ നട്ടത്. തൈകൾ നടുന്നതിനൊപ്പം  വേപ്പിൻപിണ്ണാക്കിൽ കൾചർ ചെയ്ത സ്യൂഡോമോണാസ് ലായനി ചുവട്ടിൽ ഒഴിച്ചു കൊടുത്തിരുന്നു. തൈകളുടെ ഗ്രാഫ്റ്റ് ചെയ്ത ഭാഗം മണ്ണിനു മുകളിലാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നു സെലിൻ ചൂണ്ടിക്കാട്ടി.  ചുവടുഭാഗത്ത് തുടർച്ചയായു ണ്ടായ മീലിമൂട്ട ആക്രമണം മാത്രമാണ്  വെല്ലുവിളി ഉയർത്തിയതെന്ന് അവർ പറയുന്നു. തുടക്കം മുതൽ ഇവയ്ക്കെതിരെ മരുന്നു തളിക്കേണ്ടിവന്നു. ഒപ്പം ജീവാമൃതവും മാസംതോറും നൽകി. ഇഞ്ചിക്കൃഷിക്കു പാട്ടത്തിനു നൽകിയിരുന്ന പറമ്പായിരുന്നതിനാൽ രാസവളങ്ങളൊന്നും നൽകിയില്ല. ഇഞ്ചിക്കു കൊടുക്കുന്നതൊക്കെ വെണ്ണപ്പഴത്തിനും കിട്ടുമല്ലോ.

avcado-1
അവ്ക്കാഡോ തോട്ടം

തനിവിളയായി കൃഷി ചെയ്തപ്പോൾ മൂന്നരയേക്കറിൽ 500 തൈകൾക്ക് ഇടം കിട്ടി. എന്നാൽ കമുകിനും കാപ്പിക്കുമൊപ്പം ഇടവിളയായി നട്ട തോട്ടത്തിൽ 200 ചുവട് മാത്രമേയുള്ളൂ.  തൈകൾ നന്നായി വളർന്ന് 5–6 അടി ഉയരമായിക്കഴിഞ്ഞു. തനിവിളയായി നട്ട തോട്ടത്തിലെ ഏറക്കുറെ എല്ലാ മരങ്ങളും രണ്ടാം വർഷം പൂവിട്ടെങ്കിലും കായാകാൻ അനുവദിക്കാതെ ഒടിച്ചുകളയുകയായിരുന്നു. പരീക്ഷണാർഥം പൂക്കൾ നിലനിറുത്തിയ ഏതാനും മരങ്ങളിൽ 2 കിലോ വീതം ഉൽപാദനം കിട്ടി.  അതേസമയം ഇടവിളയായി നട്ട അവ്ക്കാഡോ ഇനിയും പൂവിട്ടിട്ടില്ല. ഇതിന്റെ  കൃഷിയിൽ സൂര്യപ്രകാശം പരമപ്രധാനമെന്നു സാരം. 

പുരയിടത്തിലെ മാതൃവൃക്ഷത്തിൽനിന്നു ശരാശരി 350 ഗ്രാം തൂക്കമുള്ള കായ്കളാണ്  ലഭിച്ചതെന്നു സെലിൻ പറഞ്ഞു. കഴിഞ്ഞ വർഷം കിലോയ്ക്ക് 240 രൂപ ലഭിച്ചു. 5 വർഷമായ മരത്തിൽനിന്ന് 50 കിലോ വിളവ് കിട്ടുമെന്നാണ് കണക്കുകൂട്ടൽ.

അനുദിനം വികസിക്കുന്ന അവ്ക്കാഡോ വിപണിയിൽ കൂടുതൽ സമയവും ഊർജവും ചെലവഴിക്കാന്‍ ഒരുങ്ങുകയാണ്  എഡ്വിൻ. അവ്ക്കാഡോയുടെ കൃഷിക്കൊപ്പം വിപണനവും കയറ്റുമതിയുമൊക്കെ നടത്തുന്ന അഗ്രി സ്റ്റാർട്ടപ്പാണ് മനസ്സിലുള്ളത്.  ഉൽപാദനവും ആദായവും വർധിക്കുന്ന മുറയ്ക്ക് പ്രമുഖ ഓൺലൈൻ പരിശീലനസ്ഥാപനത്തിലെ ജോലി അവസാനിപ്പിക്കാനും എഡ്വിൻ തീരുമാനിച്ചുകഴിഞ്ഞു. 

ഫോൺ: 8547155063

English summary: Avocado cultivation in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS