ADVERTISEMENT

ഏലം സീസണിനുള്ള തയ്യാറെടുപ്പിലാണ്‌ കാർഷിക മേഖല. അനുകൂല കാലാവസ്ഥ റെക്കോർഡ്‌ വിളവിന്‌ അവസരം ഒരുക്കാമെങ്കിലും ഉൽപാദന‐വിപണന വശങ്ങളിൽ നമ്മൾ കൂടുതൽ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ മൂന്ന്‌ പതിറ്റാണ്ട്‌ മുൻപ് കൊക്കോ കർഷകർക്ക്‌ നേരിട്ട തിരിച്ചടി ഏലക്ക ഉൽപാദകരെയും ബാധിക്കാനുള്ള സാധ്യതകളിലേക്ക്‌ കാര്യങ്ങൾ നീങ്ങും. 

ആഗോള സുഗന്‌ധവ്യഞ്‌ജന വിപണിയിൽ ഏലത്തിന്റെ കാര്യത്തിൽ ഇന്ത്യയും ഗ്വാട്ടിമലയും കാഴ്‌ചവയ്ക്കുന്ന കുതിപ്പ്‌ ഇനി എത്ര നാൾ തുടരാനാവും. ഇന്ത്യൻ ഏലത്തിൽ കീടനാശിനി അംശം കണ്ടത്തിയതിനാൽ ഏതാനും വർഷങ്ങൾക്ക്‌ മുൻപ് സൗദി അറേബ്യ നമ്മുടെ ചരക്കിന്‌ നിരോധനം ഏർപ്പെടുത്തി. ഇപ്പോഴിതാ അറബ്‌ രാജ്യമായ ഖത്തറും കടുത്ത നടപടികൾക്ക്‌ ഒരുങ്ങുന്നു. 

ദക്ഷിണേന്ത്യൻ ഏലത്തിൽ മനുഷ്യശരീരത്തിന്‌ ദോഷകരമായ കീടനാശിനികൾ ഉപയോഗിക്കുന്നവർ അതിന്‌ നിയന്ത്രണങ്ങൾ വരുത്തേണ്ട സമയം അതിക്രമിച്ചു. ഏലം ഭക്ഷിക്കുന്നവർ മാത്രമല്ല, മണ്ണിനോട്‌ മല്ലടിച്ച്‌ വിളയിക്കുന്ന കർഷകന്റെ ആരോഗ്യത്തെയും ഇത്‌ ബാധിക്കുമെന്നതും നാം ഉൾകൊള്ളണം. 

കയറ്റുമതി വരുമാനം നേടിയെന്ന്‌ ഉറക്കെ പ്രഖ്യാപിക്കാൻ ഇന്നത്തെ നിലയ്‌ക്ക്‌ അധികനാൾ നമുക്കൊപ്പം സഞ്ചരിക്കാൻ സുഗന്‌ധറാണിക്കാവില്ല. പശ്‌ചിമേഷ്യൻ രാജ്യങ്ങൾ ഏലത്തിൽ കൂടുതൽ പരിശോധനകൾക്ക്‌ നീക്കം തുടങ്ങിയാൽ സ്ഥിതി കൂടുതൽ പരുങ്ങലിലാവും.

കൃഷി ലാഭകരമാക്കാൻ തീർച്ചയായും ഉൽപാദനം ഉയർത്തണമെങ്കിലും അതിന്‌ അനുകൂല മാർഗ്ഗങ്ങളും നാം സ്വീകരിക്കണം. നിലവിലെ കാലാവസ്ഥയിൽ ജൂൺ അവസാനം വിളവെടുപ്പ്‌ തുടങ്ങാനാവും. എന്നാൽ സീസണിൽ മെച്ചപ്പെട്ട വില  ഉറപ്പ്‌ വരുത്താൻ നമുക്കാവുമോ ? 

ഓരോ കർഷക കുടുംബങ്ങളും ഉറ്റ്‌നോക്കുന്നത്‌ വിലയിലാണ്‌. രണ്ട്‌ വർഷം മുൻപ്‌ കാഴ്‌ചവച്ച റെക്കോർഡ്‌ കുതിപ്പ്‌ തൽക്കാലം പ്രതീക്ഷിക്കാനാവില്ല. വിദേശ വിപണികൾ ഓരോന്നായി നഷ്‌ടപ്പെട്ടാൽ ഭാവിയിൽ ഉത്തരേന്ത്യ മാത്രമാവും നമ്മുടെ ആശ്രയം. മാസാരംഭത്തിൽ കിലോ 723 രൂപയിലേക്ക്‌ ഇടിഞ്ഞിട്ടും കാർഷിക മേഖലയിലെ പ്രതിസന്‌ധിക്ക്‌ പരിഹാരം  കാണേണ്ടവർ മൗനം പാലിച്ചു. ആ നിലയ്‌ക്ക്‌ സീസണിൽ വരവ്‌ ഉയരുമ്പോൾ കർഷക രക്ഷയ്‌ക്ക്‌ ആരുടെ വരവിനായാണ്‌ നാം കാത്തിരിക്കേണ്ടത്‌. ജൂലൈ‐ഓഗസ്‌റ്റിൽ മലനിരകളിൽ നിന്നും ഉയർന്ന അളവിൽ ഏലം ലേല കേന്ദ്രങ്ങളിലേക്ക്‌ പ്രവഹിക്കും. 

ജൈവകൃഷിയുമായി മുന്നേറുന്ന ഒട്ടനവധി ഏലം കർഷകരുണ്ട്‌ നമുക്ക്‌ ചുറ്റും. ഇതിൽ എറിയപങ്കും മികച്ച വിലയുടെ മാധുര്യം നുകരുന്നവരാണ്‌. ജൈവകൃഷിൽ ഉൽപാദിപ്പിക്കുന്ന ഏലത്തിന്‌ കിലോ 3200‐3500 രൂപ ഉറപ്പ്‌ വരുത്താനാവുന്നു. കയറ്റുമതി വിപണിയിൽ ശക്തമായ ഡിമാൻഡുമുണ്ട്‌. ആ നിലയ്‌ക്ക്‌ ചെറുകിട കർഷകർ ഈ സാധ്യതകളിലേക്ക്‌ ശ്രദ്ധതിരിക്കേണ്ട സമയമായി. വിലത്തകർച്ചയുമായി അധിക വർഷം ഏലക്കൃഷിയിൽ കേരളത്തിന്‌ പിടിച്ചു നിൽക്കാനാവില്ല.

കയറ്റുമതിക്കാരും ആഭ്യന്തര വ്യാപാരികളും ഏലം വാങ്ങിക്കൂട്ടാൻ കാണിക്കുന്ന ആവേശം ഉൽപ്പന്നത്തിന്‌ നൽകുന്ന വിലയുടെ കാര്യത്തിലും അവർ പ്രദർശിപ്പിച്ചിരുന്നെങ്കിലെന്ന്‌ കാർഷിക മേഖല ആശിച്ചു പോകുന്നു. 

ഇന്തോനേഷ്യ പാം ഓയിൽ കാര്യത്തിൽ സ്വീകരിച്ച തുഗ്ലക്ക്‌ പരിഷ്‌കാരങ്ങളിൽ നിന്ന്‌ പിന്നോക്കം വലിയാനുള്ള ഒരുക്കത്തിലാണ്‌. ക്രൂഡ്‌ പാം ഓയിൽ കയറ്റുമതി നിരോധിച്ച പ്രഖ്യാപനം ഫലത്തിൽ തിരിച്ചടിയായി മാറുമെന്ന്‌ വ്യക്തമായതാണ്‌ പിന്തിരിയാൻ ജക്കാർത്തയെ പ്രരിപ്പിക്കുന്നത്‌. ആഭ്യന്തര ഭക്ഷ്യയെണ്ണ  വിലക്കറ്റവും നിയന്ത്രിക്കാൻ നടത്തിയ നീക്കം വിജയം കണ്ടില്ല. സബ്‌സിഡി നിരക്കിൽ ജനങ്ങൾക്ക്‌ പാം ഓയിൽ നൽകേണ്ടതിന്‌ പകരം കയറ്റുമതി നിരോധിച്ചതോടെ എണ്ണക്കുരു വില ഇടിഞ്ഞു. ലീറ്ററിന്‌ 74 ഇന്തോനീഷ്യൻ റുപ്പയിലേക്ക്‌ പാം ഓയിൽ വില താഴ്‌ത്താനാണ്‌ ശ്രമിച്ചതെങ്കിലും അവിടെ വില ലീറ്ററിന്‌ 90 മുതൽ 122 റുപ്പയിലാണ്‌ നീങ്ങുന്നത്‌.    

പ്രതിമാസം ഇരുപത്‌ ദശലക്ഷം ടൺ പാം ഓയിൽ കയറ്റുമതി നടത്തിയിരുന്ന അവർക്ക്‌ ഉൽപാദിപ്പിക്കുന്ന എണ്ണ ശേഖരിക്കാനുള്ള സൗകര്യങ്ങളില്ലാതെ അവസ്ഥയിലാണ്‌. ഏകദേശം എട്ട്‌ ദശലക്ഷം ടൺ എണ്ണ സംഭരണികളെ നിലവിലുള്ളൂ. കയറ്റുമതി നടത്താതെ എണ്ണ കെട്ടിക്കിടന്നാൽ ഇന്തോനേഷ്യയുടെ സാമ്പത്തിക നിലയും പരുങ്ങലിലാവും.  

വിദേശ ഭക്ഷ്യയെണ്ണ വിപണിയിലെ ചൂടുപിടിച്ച വാർത്തകൾക്കിടയിൽ വെളിച്ചെണ്ണ വില വീണ്ടും ഇടിഞ്ഞു. നിരക്ക്‌ ഉയർത്തി കൊപ്ര സംഭരിക്കുന്നതിൽ വൻകിട മില്ലുകാർ കാണിച്ച തണുപ്പൻ മനോഭാവം മൂലം നിരക്ക്‌ 9000 ൽ നിന്നും 8700 ലേക്ക്‌ കൊച്ചിയിൽ ഇടിഞ്ഞു, കാങ്കയത്ത്‌ വില 8500 രൂപ മാത്രം. വെളിച്ചെണ്ണ വിൽപ്പന മില്ലുകാരുടെ പ്രതീക്ഷയ്‌ക്കൊത്ത്‌ ഉയരുന്നില്ല. കാർഷിക മേഖലയാവട്ടേ ഉൽപാദിപ്പിക്കുന്ന കൊപ്ര താഴ്‌ന്ന വിലയ്‌ക്ക്‌ വിറ്റഴിക്കാൻ നിർബന്‌ധിതരാവുന്നു. കാലവർഷത്തിന്റെ വരവ്‌ കണ്ട്‌ മഴയ്‌ക്ക്‌ മുമ്പേ ചരക്ക്‌ ഇറക്കാൻ ഒരു വിഭാഗം നീക്കം നടത്താം. അതേസമയം ഉണക്ക്‌ കൂടിയ കൊപ്ര കരുതൽ ശേഖരത്തിലുള്ളവർക്ക്‌ മൺസൂൺ വേളയിലെ ഉയർന്ന വിലയെ ഉറ്റ്‌നോക്കുന്നു. തേങ്ങാവെട്ട്‌ സ്‌തംഭിക്കുന്നതോടെ വ്യവസായികൾ നിരക്ക്‌ ഉയർത്തി കൊപ്ര ശേഖരിക്കാം.  

കുരുമുളക്‌ വിപണിയിൽ തളർച്ച. ഗുണനിലവാരം കുറഞ്ഞ വിദേശ മുളക്‌ ഉത്തരേന്ത്യയിൽ വിൽപ്പനയ്‌ക്ക്‌ ഇറങ്ങിയത്‌ നാടൻ ചരക്ക്‌ വിലയെ ബാധിച്ചു. കേരളത്തിൽ നിന്നും കർണാടകത്തിൽ നിന്നും കുരുമുളക്‌ സംഭരിച്ചിരുന്നവർ പെടുന്നനെ രംഗം വിട്ടത്‌ ഉൽപ്പന്നത്തെ സമ്മർദ്ദത്തിലാക്കി. ബ്രസീൽ, വിയറ്റ്‌നാം മുളകാണ്‌ വിപണിയിൽ ഇറങ്ങിയത്‌. 

കാലവർഷം പതിവിലും നേരത്തെ കേരളത്തിൽ പ്രവേശിക്കുമെന്നത്‌ കാർഷിക മേഖലയ്‌ക്ക്‌ പ്രതീക്ഷ പകർന്നു. ഒരുമാസമായി തുടരുന്ന വേനൽ മഴയ്‌ക്ക്‌ ഇടയിൽ ഉൽപാദന കേന്ദ്രങ്ങളിൽ നിന്നും എത്തുന്ന കുരുമുളകിൽ ജലാംശത്തോത്‌ ഉയർന്നു. പന്തണ്ട്‌ ശതമാനം വരെയുള്ള ജലാംശത്തോത്‌ വിലയെ കാര്യമായി സ്വാധീനിക്കില്ലെങ്കിലും അളവ്‌ 14 ശതമാനത്തിലേക്ക്‌ ഉയർന്നാൽ വാങ്ങലുകാർ നിരക്ക്‌ ഇടിക്കും. 

കാലവർഷത്തിന്റെ വരവ്‌ മുന്നിൽ കണ്ട്‌ കരുതൽ ശേഖരത്തിലുളള മുളകിന്‌ തണുപ്പ്‌ തട്ടാതെ സൂക്ഷിച്ചാൽ മാത്രമേ ഓഫ്‌ സീസണിൽ മെച്ചപ്പെട്ട വിലയ്‌ക്ക്‌ ചരക്ക്‌ കൈമാറാനാവൂ. ഉൽപ്പന്നത്തിൽ പൂപ്പൽ ബാധയുണ്ടായാൽ വിപണിയിൽ പിൻതള്ളപ്പെടാം. അൺ ഗാർബിൾഡ്‌ കുരുമുളക്‌ വില ക്വിന്റലിന്‌ 900 രൂപ ഇടിഞ്ഞ്‌ 50,400 രൂപയായി.    

 English summary : Commodity Markets Review May 16

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com