ADVERTISEMENT

കുതിച്ചുയരുന്ന ഉൽപാദനച്ചെലവിൽ നട്ടംതിരിഞ്ഞാണ് കേരളത്തിലെ 14 ജില്ലകളിലെയും ക്ഷീരകർഷകർ ഇക്കഴിഞ്ഞ 12ന് തിരുവനന്തപുരത്ത് സമരത്തിനിറങ്ങിയത്. തീറ്റവിലവർധന നിയന്ത്രിക്കുകയും പാൽവില ഉയർത്തുകയും പാൽവില ചാർട്ട് പരിഷ്കരിക്കുകയുമായിരുന്നു കർഷകരുടെ പ്രധാന ആവശ്യങ്ങൾ. ജില്ലകൾ തോറും നടന്ന സമരങ്ങൾക്കു ശേഷമായിരുന്നു സെക്രട്ടേറിയറ്റിലേക്ക് പശുക്കളുമായി ക്ഷീരകർഷക സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കർഷകർ മാർച്ച് നടത്തിയത്. 

സമരവും കർഷകരും ഒരു വശത്ത് നിൽക്കുമ്പോഴും പാൽവില വർധനയോ തീറ്റവില കുറയ്ക്കലോ ഇതുവരെ ഉണ്ടായിട്ടില്ല. തീറ്റവില കുറയ്ക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുമ്പ് പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ കർഷകർക്ക് അതിന്റെ ഫലം കിട്ടിയിട്ടില്ല. പൊതുമേഖലയിലുള്ള കാലിത്തീറ്റ നിർമ്മാണ കമ്പനിയായ കേരളഫീഡ്സിനോട് ഇനി വില ഉയർത്തരുത് എന്നുള്ള സർക്കാർ നിർദ്ദേശം അൽപം ആശ്വാസം നൽകുന്നുവെങ്കിലും ഇപ്പോഴത്തെ വിലക്കയറ്റത്തിൽ എങ്ങനെ പിടിച്ചുനിൽക്കാനാകുമെന്ന് കർഷകർ തന്നെ ചോദിക്കുന്നു

കേരളത്തിനു പുറത്തു നിന്ന് പാൽ കൊണ്ടു വന്നു വിൽക്കുന്ന ലോബിക്കുവേണ്ടിയാണ് ക്ഷീരകർഷകരുടെ  സമരമെന്നും പാൽവില വർധിപ്പിച്ചാൽ 25 ലക്ഷത്തോളം വരുന്ന കേരളത്തിലെ ദരിദ്രരുടെ നില പരുങ്ങലിലാവും, വിലക്കയറ്റ തോത് വർധിക്കും എന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. പാൽവില വർധിപ്പിച്ചാൽ മാത്രമാണോ നാട്ടിൽ വിലക്കയറ്റം ഉണ്ടാവുക?

കേരളത്തിലെ സാധാരണക്കാരായ ക്ഷീരകർഷകരുടെ ജീവിതമാർഗം ഇല്ലാതാക്കി ഇതര സംസ്ഥാനങ്ങളിൽ നിന്ന് പാൽ ഒഴുക്കാൻ അവസരം ഒരുക്കരുതെന്നും ക്ഷീരകർഷകർ പറയുന്നു. 

ഇവിടെയാണ് സംഘടിച്ചാൽ മാറ്റം വരും എന്ന തിരിച്ചറിവ് കർഷകർക്കു തന്നെ ഉണ്ടാകുന്നത്. പാലിന് പരമാവധി 37 രൂപ നൽകിയിരുന്ന കൊല്ലം ജില്ലയിലെ ഒരു ക്ഷീരസംഘത്തിൽ നിന്ന് ഏതാനും കർഷകർ എട്ടു കിലോമീറ്റർ മറ്റൊരു സംഘത്തില്‍ പാൽ അളക്കാൻ തുടങ്ങി. വില 37 രൂപയിൽനിന്ന് 42 രൂപയായി. ഈ ക്ഷീരകർഷകർക്ക് 37 രൂപ നല്‍കിയിരുന്ന സംഘത്തിൽ നിന്ന് 48 രൂപയ്ക്ക് പാൽ വാങ്ങാൻ ആളുകൾ വരിവരിയായി നിൽക്കുമായിരുന്നു. കർഷകരുടെ അടുത്തു നിന്ന് നേരിട്ട് വാങ്ങാൻ താൽപര്യമില്ലാതിരുന്ന ഇക്കൂട്ടർക്ക് കർഷകരെ തേടി പോകേണ്ട സ്ഥിതി വന്നു. അല്ല അങ്ങനൊരു അവസ്ഥ കർഷകർ ഒരുമിച്ചുനിന്ന് ഉണ്ടാക്കിയെടുത്തു എന്നും പറയാം. 

കൂടുതൽ വില നൽകുന്ന സംഘത്തിൽ കർഷകർ പാൽ അളക്കാൻ തുടങ്ങിയതോടെ ആദ്യത്തെ സംഘത്തിൽ പാൽ എത്താതെയായി. സംഘത്തിലെ ആളുകൾ കർഷകരെ വിളിച്ച് അന്വേഷിച്ചപ്പോൾ പാലുണ്ട്, അവിടെ തരില്ലെന്ന് ഉറച്ച മറുപടി. ഇതോടെയാണ് പാലിന് ആവശ്യമുള്ളവർ കർഷകരെ തേടി നേരിട്ടെത്തിയത്. 60 രൂപയിൽ കുറച്ച് കൊടുക്കില്ല എന്ന് പറഞ്ഞെങ്കിലും പാലിന് ആവശ്യക്കാർ ഉണ്ടായിരുന്നു. കർഷകരാണ് സംഘങ്ങളുടെ നിലനിൽപ്പ്. എന്നാൽ നിലനിൽപ്പിന് കര്‍ഷകരും മാറണമെന്ന് ഈ കർഷകർ ഓർമിപ്പിക്കുന്നു. മാറ്റം വരണമെങ്കിൽ ഒരുമിച്ചു നിൽക്കണം. ഒരുമിച്ച് പോരാടണം. 

കൊല്ലത്തെ ക്ഷീരകർഷകരുടെ തീരുമാനം സംസ്ഥാനവ്യാപകമായി നടത്താൻ കഴിയില്ല. കാരണം ക്ഷീരകർഷകരുടെ എണ്ണം കൂടുതലുള്ള പ്രദേശങ്ങളിൽ പ്രാദേശിക വിൽപനയ്ക്ക് ബുദ്ധിമുട്ടുണ്ട്. കർഷകരും സംഘങ്ങളും ഒരേ നാണയത്തിന്റെ ഇരുപുറങ്ങളാണെന്ന തിരിച്ചറിവ് രണ്ടു കൂട്ടർക്കും ഉണ്ടാവണം. പാലിന്റെ വിൽപന വിലയിലും സംഭരണ വിലയിലും 10–15 രൂപയുടെ അന്തരം വരുന്നതാണ് പലപ്പോഴും കർഷകരുടെ മനസ്സ് ഇടിക്കുന്നത്. അതിനൊക്കെ ഒരു മാറ്റം വരണം. എങ്കിൽ മാത്രമേ ഇവിടെ കർഷകർ എന്നൊരു വിഭാഗത്തിന് നിലനിൽപ്പുള്ളൂ. അല്ലാത്തപക്ഷം ക്ഷീരകർഷകർ ഇല്ലാതായിപ്പോേയക്കാം. സംഘം അളക്കാൻ മടിച്ചതിന്റെ പേരിൽ പശുവളർത്തൽ നിർത്തിയ, നിർത്തേണ്ടി വന്ന ഗ്രാമങ്ങളും കേരളത്തിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com