ADVERTISEMENT

പത്തു വർഷം മുൻപ് സെയിൽസ്മാൻ ജോലി ഉപേക്ഷിച്ച് പൂർണസമയ കൃഷിക്കാരനാകുമ്പോൾ എസ്.പി.സുജിത്തിന് ജീവിക്കാൻ പറ്റുമോ എന്നൊരു ആശങ്കയുണ്ടായിരുന്നു. അതുകൊണ്ടായിരുന്നു കൃഷിയിലേക്കിറങ്ങുമ്പോൾ ഓട്ടോ കൂടി വാങ്ങിയത്. കൃഷിയിൽ പരാജയപ്പെട്ടാൽ ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പുലർത്താമെന്നതായിരുന്നു ആശ്വാസം. പക്ഷേ, സുജിത്തിന്റെ ജീവിത പരീക്ഷണം പരാജയപ്പെട്ടില്ല എന്നുമാത്രമല്ല കേരളം അറിയപ്പെടുന്ന യുവകർഷകനായി മാറുകയും ചെയ്തു. 10 വർഷശേഷം, യുവജനക്ഷേമ ബോർഡിന്റെ ഈ വർഷത്തെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരം മന്ത്രി ആന്റണി രാജുവിൽ നിന്ന് ഏറ്റുവാങ്ങുമ്പോൾ ആ മുഖത്ത് വിയർപ്പൊഴുക്കാൻ മനസ്സുള്ള ചെറുപ്പക്കാരന്റെ വിജയത്തിളക്കമുണ്ടായിരുന്നു. ഇന്ന് 25 ഏക്കർ സ്ഥലത്ത് സംയോജിത കൃഷി ചെയ്ത് നേട്ടമുണ്ടാക്കുന്നു സുജിത്ത്.

ലോണെടുത്ത് കൃഷിയിലേക്ക്

ആലപ്പുഴ കഞ്ഞിക്കുഴി സ്വാമി നികർത്തലിൽ എസ്.പി.സുജിത്ത്(35) ചെറുപ്രായത്തിൽ തന്നെ കൃഷിയിലേക്കിറങ്ങിയതാണ്. അച്ഛൻ പവിത്രന്റെ മരണത്തെ തുടർന്നു കുടുംബത്തിന്റെ കാര്യം കൂടി നോക്കാനുണ്ടായിരുന്നു സുജിത്തിന്. ആകെയുള്ള ഒന്നര ഏക്കറിൽ അമ്മ ലീലാമണിക്കൊപ്പം സുജിത്തും കൃഷിക്കിറങ്ങി. പിന്നീട് ഹോട്ടൽ മാനേജ്മെന്റെ പഠനം പൂർത്തിയാക്കി പലയിടത്തും ജോലി ചെയ്തു. എറണാകുളത്ത് ഒരു ജ്വല്ലറിയിൽ സെയിൽസ്മാൻ ആയി ജോലി ചെയ്യുമ്പോഴാണ് പുതുമയില്ലാത്ത ആ ജോലിയിലെ വിരസത അനുഭവപ്പെട്ടത്. ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചെങ്കിലും കുടുംബത്തിൽ എതിർപ്പായിരുന്നു. ഇപ്പോഴത്തെ കാലത്ത് കൃഷിയൊക്കെ ചെയ്ത് എങ്ങനെ കുടുംബം പോറ്റുമെന്നായിരുന്നു എല്ലാവരുടെയും ചോദ്യം. 

പക്ഷേ, സുജിത്ത് ജോലി ഉപേക്ഷിച്ചു. ബാങ്കിൽ നിന്നു വായ്പെടുത്തു കൃഷി തുടങ്ങി. കേരളത്തിലെ പച്ചക്കറിക്കൃഷിയിൽ കഞ്ഞിക്കുഴി എന്ന സ്ഥലം വലിയൊരു പേരുണ്ടാക്കിയിരുന്നു. അതാണ് സുജിത്തിനെ തുണച്ചത്. കൃഷിയിലേക്കിറങ്ങുമ്പോൾ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ പണം കണ്ടെത്താൻ വാങ്ങിയ ഓട്ടോറിക്ഷ അധികകാലം ഓടിക്കേണ്ടി വന്നില്ല. അതിനു മുൻപു തന്നെ സുജിത്തിന്റെ അധ്വാനത്തിനു പ്രതിഫലം ലഭിക്കാൻ തുടങ്ങിയിരുന്നു. 2012ൽ പൂർണസമയ കൃഷിക്കാരനായി തുടങ്ങിയ സുജിത്ത് 2014ൽ സംസ്ഥാന കൃഷി വകുപ്പിന്റെ മികച്ച യുവകര്ഷകനുള്ള പുരസ്കാരം ഏറ്റുവാങ്ങി.

കഞ്ഞിക്കുഴിയിലെ കൃഷി ഓഫിസർ റെജിയാണ് സുജിത്തിന്റെ കാർഷിക ജീവിതത്തിനു പുതിയ ചാലൊരുക്കുന്നത്. തൃശൂർ മാളയിൽ ഹൈടെക് കൃഷിയിൽ പരിശീലനം നേടാൻ കൃഷി ഓഫിസർ സുജിത്തിനെ പറഞ്ഞയച്ചു. അതുവരെ ചെയ്തുപോന്നിരുന്ന കൃഷിയിൽ പരീക്ഷണം നടത്താൻ ധൈര്യം പകർന്നത് ഈ ക്ലാസ് ആയിരുന്നു.

ജനുവരി മുതൽ മാർച്ച് വരെയായിരുന്നു നാട്ടിൽ സാധാരണ കൃഷി ചെയ്തിരുന്ന സമയം. എന്നാൽ വർഷം മുഴുവൻ കൃഷി ചെയ്യാൻ സാധിക്കുമെന്ന് സുജിത്തിനു ബോധ്യമായി. കൃഷിയിൽ പരീക്ഷണത്തിനു തയാറാകണം. എങ്കിലേ വിജയിക്കാൻ കഴിയൂ. അങ്ങനെയാണ് പുത്തൻ കൃഷികളെല്ലാം കഞ്ഞിക്കുഴിയിൽ കൊണ്ടുവരുന്നത്. തണ്ണിമത്തനും ചെറിയ ഉള്ളിയും സൂര്യകാന്തിയും കുക്കുംബറുമൊക്കെയായി പരമ്പരാഗത കൃഷികളെയാകെ മാറ്റിമറിച്ചു.

sujith-1
കൃഷിമന്ത്രി പി.പ്രസാദിനൊപ്പം സുജിത്ത്

വിപണി കണ്ടുള്ള കൃഷി

25 ഏക്കർ സ്ഥലം പാട്ടത്തിനെടുത്താണ് സുജിത്ത് കൃഷി ചെയ്യുന്നത്. നെല്ല്, പച്ചക്കറികൾ, പശു, മുയൽ, താറാവ് എന്നിവയൊക്കെ കൃഷി ചെയ്യുന്നുണ്ട്. പച്ചക്കറിയാണു വരുമാനത്തിലെ പ്രധാന ഇനം. മാർക്കറ്റിൽ ഏതിനാണ് ആവശ്യം വരാൻ പോകുന്നത് എന്നതു കണ്ടറിഞ്ഞാണ് കൃഷി ചെയ്യുന്നത്. ഇക്കുറി 5 ലക്ഷം രൂപയുടെ ചീര വിൽപന നടത്തി. കിലോയ്ക്ക് ലഭിക്കുന്നത് 80 രൂപ. കേരളത്തിൽ വേറെയെവിടെയും ചീരയ്ക്ക് ഇത്രയും വില ലഭിക്കില്ല. കഞ്ഞിക്കുഴി ബ്രാൻഡിനുള്ള പ്രത്യേകതയാണത്. കഞ്ഞിക്കുഴി ബ്രാൻഡ് എന്ന പേരുതന്നെയാണ് സുജിത്തിന്റെ നേട്ടവും. കുക്കുംബർ 3 ലക്ഷം രൂപയ്ക്കു വിറ്റു. വിഷുക്കണി മുന്നിൽ കണ്ടു ചെയ്ത വെള്ളരി, മത്തൻ, കുമ്പളം എന്നിവയും നല്ല രീതിയിൽ വിറ്റുപോയി.

കേരളത്തിൽ എല്ലാവരും ചെയ്യാൻ മടിച്ചിരുന്ന ഉള്ളിക്കൃഷി കഴിഞ്ഞ തവണ ചെയ്ത് വിജയിപ്പിക്കാൻ സുജിത്തിനു സാധിച്ചു. തമിഴ്നാട്ടിൽ നിന്നായിരുന്നു വിത്തു ശേഖരിച്ചത്. ഒരേക്കർ സ്ഥലത്തെ ഉള്ളിക്കൃഷിയിലെ വിജയം കണ്ട് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് കൃഷി ഏറ്റെടുത്ത് 5 പഞ്ചായത്തിൽ രണ്ടു സംഘങ്ങളിലായി കൃഷി വ്യാപിപ്പിച്ചു.

വ്യത്യസ്തമായ കൃഷി ചെയ്ത് ആളുകളെ തന്റെ കൃഷിയിടത്തിലേക്ക് ആകർഷിക്കുക എന്നതാണു സുജിത്ത് കണ്ട മാർക്കറ്റിങ് തന്ത്രം. സൂര്യകാന്തി പൂക്കളുടെ കൃഷിയായിരുന്നു അതിലൊന്ന്. പതിനായിരക്കണക്കിനാളുകളാണ് സൂര്യകാന്തിപ്പാടം കാണാനെത്തിയത്. പൂക്കൾ കാണാൻ വരുന്നവർ ജൈപച്ചക്കറിയും വാങ്ങുമെന്നതാണ് വിപണനതന്ത്രം. അത് ശരിക്കും ഫലിച്ചു. കായലിലെ ഓളപ്പരപ്പിൽ ചലിക്കുന്ന സൂര്യകാന്തി പൂന്തോട്ടമൊരുക്കിയും സുജിത്ത് ടൂറിസ്റ്റുകളെ ആകർഷിച്ചു. ഫാം ടൂറിസം നല്ല രീതിയിൽ പ്രോത്സാഹിപ്പിച്ചാൽ കൂടുതൽ വിപണന സാധ്യതയുണ്ടെന്നാണ് സുജിത്ത് പറയുന്നത്. 

sujith-2
സുജിത്ത്

കുട്ടനാട്ടിൽ ആളുകൾ ചെയ്യാൻ മടിച്ചിരുന്ന തണ്ണിമത്തൻ ചെയ്തും സുജിത്ത് വിജയം കണ്ടു. പച്ച, മഞ്ഞ നിറത്തിലുള്ള തണ്ണിമത്തൻ ബാർ കോഡ് പതിപ്പിച്ചാണ് വിൽപന നടത്തിയത്. ബാർ കോഡ് സ്കാൻ ചെയ്താൽ സുജിത്തിന്റെ കൃഷിത്തോട്ടത്തിലെ ചിത്രങ്ങൾ കാണാൻ സാധിക്കും.

സമൂഹമാധ്യമങ്ങളെ ശരിക്കും ഉപയോഗപ്പെടുത്തിയാൽ നല്ലരീതിയിൽ വിപണി കണ്ടെത്താമെന്നാണ് സുജിത്ത് പറയുന്നത്. സൂര്യകാന്തി പൂക്കളുടെ വിഡിയോയിലൂടെ സമൂഹമാധ്യമങ്ങൾ വഴി ഒട്ടേറെ പേരെ കൃഷിയിടത്തിലെത്തിക്കാൻ സാധിച്ചു. കൃഷിയിൽ മാത്രം ശ്രദ്ധിക്കാതെ വിപണി കണ്ടെത്താൻ പുത്തൻ തന്ത്രങ്ങൾ ആവിഷ്കരിച്ചാൽ കേരളത്തിൽ കൃഷിയിലൂടെ നല്ലൊരു വരുമാനം കണ്ടെത്തി ജീവിക്കാൻ സാധിക്കുമെന്നാണ് ഈ യുവകർഷകൻ തെളിയിക്കുന്നത്. ഭാര്യ അഞ്ജു, മകൾ കാർത്തിക എന്നിവരടങ്ങുന്നതാണ് സുജിത്തിന്റെ കുടുംബം.

ഫോൺ: 9495929729

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com