മാമ്പഴക്കാലം എന്നു വെറുതേ പറയാമെന്നേയുള്ളൂ. മാങ്ങയൊക്കെ കഷ്ടിയാണ്. നാട്ടുമാവുകള്‍ ഇല്ലാതായ കാലത്ത് പല നിറത്തിലും രുചിയിലും പേരിലുമുള്ള മാങ്ങകള്‍ വിപണിയില്‍ സജീവമായിരുന്നു. കാലാവസ്ഥാ വ്യതിയാനവും മാവുകളെ ബാധിച്ച രോഗങ്ങളും മൂലം മാങ്ങയുടെ ഉല്പാദനം നന്നായി കുറഞ്ഞു. 5 വർഷം മുൻപ് ഉണ്ടായിരുന്നതിന്റെ 30% മാങ്ങ ഉൽപാദനം മാത്രമാണ് ഇപ്പോൾ കേരളത്തിലുള്ളത്. ശരിക്കു പറഞ്ഞാല്‍ കൊതി തീരെ മാങ്ങ തിന്നാന്‍ കിട്ടാതെയായി. വിപണിയിലുള്ള മാങ്ങയ്ക്കാകട്ടെ വില കുറയുന്നുമില്ല. പാലക്കാട്ടെ മുതലമട പോലെയുള്ള വൻകിട കേന്ദ്രങ്ങളിലെ ഒന്നാം ഗ്രേഡ് മാങ്ങകള്‍ ഏപ്രില്‍ ആദ്യം തന്നെ ന്യൂഡൽഹി, അഹമ്മദാബാദ്, മുംബൈ, കൊൽക്കത്ത ഉൾപ്പടെയുള്ള ഉത്തരേന്ത്യൻ വിപണികളിലും ഗൾഫ് രാജ്യങ്ങളിലേക്കും പോയി. മാങ്ങ ഉൽപാദനം അതിന്റെ ഉയർന്ന നിലയിലേക്ക് എത്തുന്ന ഏപ്രിൽ പകുതി മുതൽ വില ഇടിയുകയാണു മുൻകാല അനുഭവമെങ്കില്‍ ഒന്നും രണ്ടും ഗ്രേഡ് മാങ്ങകള്‍ ഈ സമയത്തും കയറ്റിപ്പോയി. ഇതോടെ കേരള വിപണിയില്‍ പതിവായി എത്താറുള്ള മാങ്ങകളും നാടുകടന്നു. റമസാനു നോമ്പു തുറക്കാനും വിഷുവിനു കണിവയ്ക്കാനുമെല്ലാം മാങ്ങയ്ക്ക് വില കൂടിയത് ഇതുമൂലമാണ്.
HIGHLIGHTS
- രാജ്യത്തെ സീസണിൽ ആദ്യമായി മാങ്ങ വിളയുന്നതു മുതലമടയിലാണ്
- ഈ വർഷം 30-35 ശതമാനം മാത്രമാണ് മാങ്ങ ഉൽപാദനം