ADVERTISEMENT

വിദേശ പാം ഓയിൽ വരവിനായി കാതോക്കുകയാണ്‌ ഇന്ത്യൻ വ്യവസായികൾ. ജൂൺ രണ്ടാം പകുതിയിൽ ഇന്തോനേഷ്യൻ പാം ഓയിൽ ദക്ഷിണേന്ത്യൻ തുറമുഖങ്ങളിൽ എത്തുന്നതോടെ ഉയർന്ന തലത്തിൽ നീങ്ങുന്ന പാചകയെണ്ണ വിലകളിൽ ശക്തമായ സാങ്കേതിക തിരുത്തൽ പ്രതീക്ഷിക്കാം. 

കയറ്റുമതി നിരോധനം പിൻവലിച്ചതോടെ ഇന്തോനേഷ്യൻ തുറമുഖങ്ങളിൽ നങ്കൂരം ഉറപ്പിച്ച എണ്ണ ടാങ്കറുകളിൽ പാം ഓയിൽ കയറ്റിത്തുടങ്ങി. ഇന്ത്യൻ ഭക്ഷ്യയെണ്ണ വിപണിയിലെ പ്രതിസന്ധിക്ക്‌ താൽക്കാലിക പരിഹാരം കണ്ടെത്താനായ ആശ്വാസത്തിലാണ്‌ കേന്ദ്രം.  

വിദേശ പാം ഓയിൽ എത്തുന്നതിന്‌ മുന്നേ സ്‌റ്റോക്കുള്ള ചരക്ക്‌ വിറ്റഴിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ്‌ ഒരു വിഭാഗം വ്യവസായികൾ. പുതിയ സാഹചര്യത്തിൽ പാം ഓയിൽ വില മാത്രമല്ല, സൂര്യകാന്തി, സോയാ എണ്ണ തുടങ്ങിയവയുടെ വിലയിലും കുറവ്‌ പ്രതീക്ഷിക്കാം. റഷ്യ‐യുക്രെയിൻ യുദ്ധം മൂലം അവിടെ നിന്നുള്ള സൂര്യകാന്തിയെണ്ണ കയറ്റുമതി സ്‌തംഭിച്ചതോടെ മാർച്ച്‌ ആദ്യം മുതൽ വിവിധ പാചകയെണ്ണ വിലകൾ രാജ്യത്ത്‌ കത്തിക്കയറി. 

ചില്ലറ വിൽപ്പനയിൽ പാം ഓയിൽവില ചുരുങ്ങിയ കാലയളവിൽ 16 ശതമാനം ഉയർന്നപ്പോൾ സോയാബീൻ എണ്ണ 14 ശതമാനവും സൂര്യകാന്തി എണ്ണ 12 ശതമാനവും കപ്പലണ്ടിയെണ്ണ വില ആറ് ശതമാനവും കടുകെണ്ണ ഏഴ്‌ ശതമാനവും ഉയർന്നു. എന്നാൽ കേരളത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന വെളിച്ചെണ്ണയ്‌ക്ക്‌ ഈ അവസരത്തിൽ ഒരിക്കൽ പോലും മുന്നേറാനായില്ലെന്ന്‌ മാത്രമല്ല ഉള്ള കരുത്ത്‌ നഷ്‌ടപ്പെട്ടത്‌ കാർഷിക മേഖലയ്‌ക്ക്‌ കനത്ത ആഘാതമായി. 

വിദേശ എണ്ണകൾ പലതും ആഭ്യന്തര മാർക്കറ്റിൽ താരമായപ്പോൾ വെളിച്ചെണ്ണവില തകർച്ചയിലും അകപ്പെട്ടു. കഴിഞ്ഞ വർഷം മേയ്‌ അവസാനം വെളിച്ചെണ്ണ 17,600 ലും കൊപ്ര 11,450 രൂപയിലുമായിരുന്നു. എന്നാൽ നിലവിൽ ഇവ യാഥാക്രമം 14,400 രൂപയിലും 8600 രൂപയിലുമാണ്‌. ഒരു വർഷകാലയളവിൽ എണ്ണയ്‌ക്ക്‌ 3200 രൂപയും കൊപ്രയ്‌ക്ക്‌ 2850 രൂപയുടെയും നഷ്‌ടം. 

ഇത്ര രൂക്ഷമായ വിലത്തകർച്ചയിലേക്ക്‌ നാളികേരോൽപ്പന്നങ്ങൾ നീങ്ങിയതല്ല, നീക്കിയതാണ്‌. സീസൺ ആരംഭിക്കും മുന്നേ വിപണി വിലയിലും ഉയർന്ന നിരക്ക്‌ കൊപ്രയ്‌ക്ക്‌ താങ്ങുവിലയായി കേന്ദ്രം പ്രഖ്യാപിച്ചു. ഇത്‌ കർഷകർക്ക്‌ ആത്‌മ ധൈര്യം പകർന്നങ്കിലും താങ്ങുവിലയുടെ മാധുര്യം നുകരാനുള്ള അവസരം സംഭരണ ഏജൻസികൾ ഉൽപാദകർക്ക്‌ നൽകിയില്ല. 

കൊപ്ര സംഭരണ ചുമതലയുള്ള ഏജൻസികൾ ഇതിനിടയിൽ ബഹുരാഷ്‌ട്ര കുത്തകകളുമായി കൈകോർത്തു. മുടന്തൻ ന്യായങ്ങൾ നിരത്തി സംഭരണം അട്ടിമറിക്കുന്നുവെന്ന ആരോപണങ്ങളും ഉൽപാദന കേന്ദ്രങ്ങളിൽ നിന്നും ഉയരുന്നു. എറ്റവും താഴ്‌ന്ന വിലയ്‌ക്ക്‌ ബഹുരാഷ്‌ട്ര കമ്പനികൾ പച്ചത്തേങ്ങയും കൊപ്രയും കൈക്കലാക്കുന്നു. കർഷകർക്ക്‌ ന്യായവില ഉറപ്പ്‌ വരുത്താനുള്ള അവസരം ഇതു മൂലം നഷ്‌ടമായി.

രാജ്യാന്തര വിപണിയിൽ ഫിലിപൈൻസ്‌, ഇന്തോനേഷ്യയുമായി മത്സരിച്ച്‌ വെളിച്ചെണ്ണ വിറ്റഴിക്കണമെങ്കിൽ കുറഞ്ഞ വിലയ്‌ക്ക്‌ കൊപ്ര ലഭിച്ചേ തീരൂ. സ്വകാര്യകമ്പനികളുടെ കയറ്റുമതി വരുമാനം ഉയർത്താൻ നമ്മുടെ കർഷകരുടെ നടുവോടിണ്ടേ കാര്യമുണ്ടോ. നാളികേര വിലയിലെ ഓരോ ഇടിവും സംസ്ഥാനത്തിന്റെ സമ്പദ്‌ഘടനയിലും വിള്ളലുവാക്കുമെന്ന യാഥാർഥ്യം കൊപ്ര സംഭരണം തകിടം മറിക്കുന്നവർ വിസ്‌മരിക്കരുത്‌. 

തേയില കയറ്റുമതിയിൽ ദക്ഷിണേന്ത്യ മുന്നേറ്റ  പാതയിലാണ്‌. നമ്മുടെ ഉൽപ്പന്നത്തിന്‌ ലോകവിപണിയിൽ അനുദിനം ആവശ്യം വർധിക്കുന്നത്‌ കണക്കിലെടുത്താൽ കയറ്റുമതി റെക്കോർഡ്‌ തലത്തിലേക്ക്‌ ഉയരാമെന്ന്‌ വ്യക്തം. സാമ്പത്തിക പ്രതിസന്ധിയിൽ രംഗത്ത്‌ നിന്നും ശ്രീലങ്ക പിന്തള്ളപ്പെട്ടതാണ്‌ ഇന്ത്യൻ തേയിലയ്‌ക്ക്‌ നേട്ടമായത്‌. പുതിയ വിപണികൾ കണ്ടെത്താൻ നടത്തുന്ന തിരക്കിട്ട നീക്കങ്ങൾ വരും കാലങ്ങളിൽ ദക്ഷിണേന്ത്യൻ തേയിലയുടെ കടുപ്പം കൂട്ടും.

യുഎസും യൂറോപ്പും ദക്ഷിണ കൊറിയയിലേക്കുള്ള കയറ്റുമതിത്തോത്‌ വർധിപ്പിക്കാനുള്ള ശ്രമങ്ങൾ ഒരു വശത്ത്‌ പുരോഗമിക്കുന്നത്‌ തേയിലവിലയിലും ശ്രദ്ധേയമായ മുന്നേറ്റത്തിന്‌ അവസരം ഒരുക്കും. വില മാത്രമല്ല ഗുണനിലവാരവും ഉയർത്താനുള്ള പദ്ധതികളും ഇതിനിടെ പുരോഗമിക്കുന്നു. ലോക വിപണിയിൽ ഇന്ത്യൻ തേയിലയുടെ മുഖ്യ എതിരാളികൾ ശ്രീലങ്കൻ, കെനിയൻ ചരക്കാണ്‌. ശ്രീലങ്കൻ നിയന്ത്രണത്തിലുണ്ടായിരുന്ന പല വിപണികളും ഇന്ത്യയിലേക്ക്‌ ശ്രദ്ധതിരിച്ചു.  

കഴിഞ്ഞ സാമ്പത്തിക വർഷം 195 ദശലക്ഷം  കിലോ തേയിലയുടെ കയറ്റുമതി നടന്ന സ്ഥാനത്ത്‌ ഇക്കുറി അത്‌‌ 240 ദശലക്ഷം കിലോയി ഉയരുമെന്നാണ്‌ ഈ മേഖലയുടെ വിലയിരുത്തൽ. വരുന്ന മൂന്ന്‌ മുതൽ അഞ്ച്‌ വർഷക്കാലയളവിൽ കയറ്റുമതി 300 ദശലക്ഷം കിലോയിൽ എത്തിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. ഈ നീക്കം കേരളത്തിലെ ചെറുകിട തേയില ഉൽപാദകർക്കും പ്രതീക്ഷയ്‌ക്ക്‌ വക നൽക്കുന്നു. തോട്ടം മേഖല വൻകിട കുത്തകളുടെ കൈപിടിയിലാണെങ്കിലും ഉൽപ്പന്നത്തിന്‌ വിദേശ ഡിമാൻഡ് ഉയരുന്നതിനൊപ്പം ആഭ്യന്തര വിലയും കയറുന്നത്‌ കൊളുന്തുവില മെച്ചപ്പെടുത്തും. 

ഇതിനിടെ ശ്രീലങ്ക തേയിലലേലം കഴിഞ്ഞ ദിവസം പുനരാരംഭിച്ചു. ആഭ്യന്തര പ്രതിസന്ധികൾ തുടരുന്നതിനാൽ വിദേശ ബയ്യർമാരിൽ നിന്നുള്ള പിന്തുണ അവർക്ക്‌ ഉറപ്പ്‌ വരുത്താനായില്ല. ശ്രീലങ്കൻ നാണയത്തിന്റെ മൂല്യം തകർച്ചയും വിദേശ ഇടപാടുകാരെ പിന്നോക്കം വലിച്ചു. നാണയ മൂല്യം സ്ഥിരത കൈവരിക്കാൻ കൂടുതൽ സമയം വേണ്ടി വരും. 

ഓർത്തഡോക്‌സ്‌ ഇനം തേയിലയാണ്‌ അവർ കയറ്റുമതി നടത്തിയിരുന്നത്‌. ഈ ഇനങ്ങൾക്ക്‌ ദക്ഷിണേന്ത്യൻ ലേലത്തിൽ ശക്തമായ ഡിമാൻഡുണ്ട്‌. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ഓർത്തഡോക്‌സ്‌ പൊടി തേയില ലേലത്തിൽ വിവിധയിനങ്ങൾക്ക്‌ കിലോഗ്രാമിന്‌ അഞ്ച്‌ രൂപ വരെ ഉയർന്നു. കാലാവസ്ഥ അനുകൂലമായതിനാൽ കേരളത്തിലും തമിഴ്‌നാട്ടിലും കൊളുന്ത്‌ നുള്ള്‌ രംഗം സജീവമാണ്‌. ഇത്‌ വിദേശ വിപണികളിലെ മുന്നേറ്റത്തിന്‌ വേഗം പകരും.  

രൂപയ്‌ക്ക്‌ നേരിട്ട തിരിച്ചടി കണ്ട്‌ ഉത്തരേന്ത്യൻ വ്യവസായികൾ കുരുമുളക്‌ ഇറക്കുമതിയിൽ നിന്നും പിൻവലിഞ്ഞു. രൂപയുടെ മൂല്യം സർവകാല റെക്കോർഡിലേക്ക്‌ തകർന്നതോടെ ഇറക്കുമതിയുടെ ആകർഷണം കുറഞ്ഞു. ബ്രസീൽ, വിയറ്റ്‌നാം കുരുമുളകായിരുന്നു ഇറക്കുമതിയിൽ മുന്നിൽ. താൽക്കാലം വിദേശ ഭീഷണി കുറയുമെന്നത്‌ കാർഷിക മേഖലയ്‌ക്ക്‌ ആശ്വാസമാവും.

എന്നാൽ ആഗോള തലത്തിൽ പണപ്പെരുപ്പം രൂക്ഷമാക്കുന്നത്‌ ഇറക്കുമതി രാജ്യങ്ങളെ സുഗന്‌ധവ്യഞ്‌ജന വിപണികളിൽ നിന്നും പിന്നോക്കം വലിക്കുന്നു. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും രൂക്ഷമായ പണപ്പെരുപ്പത്തിന്റെ പിടിയിലാണ്‌. സാമ്പത്തികമാന്ദ്യം മൂലം അവർ ഇറക്കുമതിയിൽ വരുത്തുന്ന നിയന്ത്രണങ്ങൾ രാജ്യാന്തര വിപണിയെ സ്വാധീനിക്കും. രണ്ടാഴ്‌ച്ചയ്ക്കിടയിൽ കൊച്ചിയിൽ ക്വിന്റലിന്‌ 1000 രൂപ ഇടിഞ്ഞ്‌ അൺ ഗാർബിൾഡ്‌ കുരുമുളക്‌ 50,300 രൂപയായി. കേരളത്തിലെയും കർണാടകത്തിലെയും സ്‌റ്റോക്കിസ്‌റ്റുകൾ ഉറ്റ്‌നോക്കുന്നത്‌ ഓഫ്‌ സീസണിലെ ഉയർന്ന വിലയെയാണ്‌.    

English summary: Commodity Markets Review May 23

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com