ADVERTISEMENT

കേരളത്തിലെ കുരുമുളക്‌ കർഷകരും സ്റ്റോക്കിസ്റ്റുകളും ഉത്തരേന്ത്യൻ ഉത്സവകാല ഡിമാൻഡ് ഉറ്റുനോക്കുന്നു. ജൂലൈ മുതൽ നാല്‌ മാസം നീണ്ടു നിൽക്കുന്ന ഉത്സവ സീസണിൽ കുരുമുളക്‌ പുതിയ ഉയരങ്ങളിലേക്കു സഞ്ചരിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ജനുവരി മുതൽ നാളിതുവരെയും. എന്നാൽ പെടുന്നനെ സ്ഥിതിഗതികളിലുണ്ടായ മാറ്റം കർഷിക മേഖലയിൽ ആശങ്കയുടെ കരിനിഴൽ വീഴ്‌ത്തി. 

രാജ്യത്ത്‌ ഏറ്റവും കുടുതൽ കുരുമുളക്‌ കൈമാറ്റം ദീപാവലി വരെയുള്ള ഉത്സവ സീസണിലാണെങ്കിലും ഈ വർഷം ഉൽപാദകരുടെ പ്രതീക്ഷയ്‌ക്കൊത്ത്‌ ഡിമാൻഡ് ഉയരുമോയെന്ന ഭീതി തല ഉയർത്തി. വിവിധ ഉൽപാദകരാജ്യങ്ങളിൽ നിന്നുള്ള കുരുമുളക്‌ ഇതിനകം തന്നെ ഉത്തരേന്ത്യൻ വിപണികളിൽ ഇടം കണ്ടെത്തിയ സാഹചര്യത്തിൽ കേരളവും കർണാടകവും പ്രതീക്ഷളോടെ കരുതിവച്ച ചരക്കിന്‌ ആഭ്യന്തര ഡിമാൻഡ് മങ്ങാൻ ഇടയുണ്ട്‌. 

അയൽ രാജ്യമായ ശ്രീലങ്കയിൽ നിന്നുള്ള പതിവ്‌ ഭീഷണി നിലനിൽക്കുന്നുണ്ടങ്കിലും അതിനെക്കാൾ ഉപരി വിയറ്റ്‌നാം, ബ്രസീൽ എന്നിവിടങ്ങളിൽനിന്നുള്ള മുളകിന്റെ ആക്രമണത്തെയാണ്‌ ഭയപ്പെടേണ്ടത്‌. ഇരു രാജ്യങ്ങളും ഇന്ത്യൻ നിരക്കിനെക്കാൾ ടണ്ണിന്‌ 3000 ഡോളർ കുറച്ചാണ്‌ മുളക്‌ വിപണിയിൽ ഇറക്കുന്നത്‌. അതായത്‌ 3600‐3700 ഡോളറിന്‌ അവർ ചരക്ക്‌ ഷിപ്പ്‌മെന്റ് നടത്തുന്നു, മലബാർ മുളക്‌ വില 6600 ഡോളറാണ്‌. 

ഇറക്കുമതി ലോബിയെ സംബന്ധിച്ച്‌ വൻ ലാഭമാണ്‌ ഇടപാടുകളിൽനിന്ന്‌ വാരിക്കൂട്ടുന്നത്‌. ഇന്ത്യയിലേക്ക്‌ അവർ നേരിട്ട്‌ ഇറക്കുമതി നടത്തുന്നില്ലെങ്കിലും ചരക്ക്‌ അയൽ രാജ്യമായ മ്യാൻമറിൽ എത്തിച്ച ശേഷം വിവിധ മാർഗ്ഗങ്ങളിലുടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വൻകിട സ്റ്റോക്കിസ്റ്റുകളിലേക്ക്‌ എത്തിക്കുന്നത്‌. അനധികൃത മാർഗ്ഗങ്ങളിലുടെ ഇറക്കുമതി തുടങ്ങിയിട്ട്‌ ചുരുങ്ങിയ ആഴ്‌ച്ചകൾ മാത്രമായിട്ടുള്ളൂ.

മേയ്‌ ആദ്യം കിലോ 514 രൂപയിൽ വിപണനം നടന്ന അൺ ഗാർബിൾഡ്‌ കുരുമുളക്‌ ഇതിനകം 486ലേക്ക്‌ ഇടിഞ്ഞു. ചുരുങ്ങിയ ആഴ്‌ച്ചകളിൽ കിലോ 28 രൂപയുടെ നഷ്‌ടം. ഉത്സവ സീസൺ മുന്നിൽ കണ്ട്‌ വൻതോതിലുള്ള ഇറക്കുമതിക്കുള്ള പദ്ധതികളാണ്‌ വിദേശ ശക്തികൾ ആസൂത്രണം ചെയ്യുന്നത്‌. സിംഗപ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റീ സെല്ലർമാരുമായി അടുത്ത ബന്ധം പുലർത്തുന്ന വിയറ്റ്‌നാം പരമാവധി മുളക്‌ ഷിപ്പ്‌മെന്റ് നടത്താനുള്ള ശ്രമത്തിലാണ്‌. 

ഇന്തോനേഷ്യയിൽ അടുത്ത മാസം വിളവെടുപ്പ്‌ വ്യാപകമാവുന്നതോടെ അവർ രാജ്യാന്തര മാർക്കറ്റിൽ നിരക്ക്‌ താഴ്‌ത്തി ക്വട്ടേഷൻ ഇറക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ്‌ വിയറ്റ്‌നാം തിടുക്കം കാണിക്കുന്നത്‌. നിലവിൽ ഇന്തോനേഷ്യ ടണ്ണിന്‌ 4000 ഡോളറാണ്‌ ആവശ്യപ്പെടുന്നതെങ്കിലും പുതിയ ചരക്ക്‌ സജ്ജമായാൽ 300‐400 ഡോളർ അവർ താഴ്‌ത്താൻ ഇടയുണ്ട്‌. കാര്യമായി മുളക്‌ സ്റ്റോക്കില്ലാത്തിനാൽ മലേഷ്യയുടെ നിരക്ക്‌ 5900 ഡോളറിൽ സ്റ്റെഡിയാണ്‌. 

ശ്രീലങ്കൻ കയറ്റുമതിക്കാർ ഇന്ത്യൻ ഓർഡറുകൾ പ്രതീക്ഷിച്ച്‌ 5500 ഡോളറിന്‌ വാഗ്‌ദാനം ചെയ്‌തങ്കിലും ഒരു മാസമായി പുതിയ കച്ചവടങ്ങൾ ഉറപ്പിച്ചിട്ടില്ലെന്നാണ്‌ കൊളംബോയിൽ നിന്നുള്ള വിവരം. ശ്രീലങ്കയ്‌ക്ക്‌ ഭീഷണിയായി വിയറ്റ്‌നാം ബ്രസീലിയൻ മുളക്‌ മാറിയെന്ന്‌ വേണം അതിൽ നിന്നും അനുമാനിക്കേണ്ടത്‌. കൊച്ചിയിൽ ആകെ 135 ടൺ മുളക്‌ മാത്രം വിൽപ്പനയ്‌ക്ക്‌ എത്തിയിട്ടും ഉൽപ്പന്ന വില ക്വിന്റലിന്‌ 900 രൂപ ഇടിഞ്ഞു, കഴിഞ്ഞ രാണ്ടാഴ്‌ച്ചകളിൽ 1600 രൂപ മുളകിന്‌ നഷ്‌ടപ്പെട്ടു. ഇതിനിടയിൽ വിൽപ്പനയ്‌ക്ക്‌ എത്തിയ  മുളകിൽ ജലാംശത്തോത്‌ ഉയർന്നതും തിരിച്ചടിയായി. നേരത്തെ പന്ത്രണ്ട്‌ ശതമാനമായിരുന്നു ജലാംശമിപ്പോൾ പതിമൂന്ന്‌ ശതമാനമായി ഉയർന്നതായി വിപണി വൃത്തങ്ങൾ വ്യക്തമാക്കി. ഉൽപാദകർ ചരക്ക്‌ സൂക്ഷിക്കുന്നതിൽ കൂടുതൽ ശ്രദ്ധചെലുത്തിയില്ലെങ്കിൽ മഴ ശക്തമാക്കുന്നതോടെ അന്തീക്ഷ ഈർപ്പം ഉയരുന്നതിനൊപ്പം മുളക്‌ വില ഇടിയാൻ സാധ്യത.   

നാളികേരം

നാളികേര വിപണി പ്രതിസന്ധികൾക്കിടയിൽ നട്ടം തിരിയുന്നു. പച്ചത്തേങ്ങയ്‌ക്ക്‌ ആവശ്യക്കാർ കുറഞ്ഞതിനൊപ്പം കൊപ്രയ്‌ക്ക്‌ വ്യവസായിക ഡിമാൻഡ് മങ്ങിയത്‌ ഉൽപാദകരെ പ്രതിസന്ധിലാക്കി. കാലവർഷം മുന്നിൽ കണ്ട്‌ പല ഭാഗങ്ങളിലും കർഷകർ തിരക്കിട്ട്‌ വിളവെടുപ്പ്‌ നടത്തിയെങ്കിലും ചരക്ക്‌ വിറ്റഴിക്കാൻ ക്ലേശിക്കുകയാണ്‌. മില്ലുകാർ താഴ്‌ന്ന വില മാത്രം വാഗ്‌ദാനം ചെയുമ്പോൾ ചരക്കുമായി വിപണിയോട്‌ മത്സരിക്കേണ്ട അവസ്ഥയിലാണ്‌ കർഷകർ. 

ഒരുവശത്ത്‌ സംഭരണം ഒച്ച്‌ വേഗത്തിൽ ഇഴുന്നതിനാൽ താങ്ങുവിലയുടെ പ്രയോജനം ഉൽപാദകരിലേക്ക്‌ എത്തിക്കുന്നതിൽ കൃഷിവകുപ്പ്‌ പരാജയപ്പെട്ടു. സംസ്ഥാനത്തിന്റെ തെക്കെ അറ്റം മുതൽ വടക്ക്‌ വരെ കാർഷിക സഹകരണ സംഘങ്ങളുണ്ടായിട്ടും ആ മാർഗ്ഗങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ വന്ന വീഴ്‌ച്ച മൂലം പിന്നിട്ട നാലു‌ മാസകാലയളവിൽ ഒറ്റനോട്ടത്തിൽ തന്നെ ആയിരം കോടിയുടെ നഷ്‌ടം നാളികേര മേഖലയ്‌ക്കുണ്ടായി. 

അരലക്ഷം ടൺ കൊപ്ര സംഭരിക്കാനാണ്‌ പദ്ധതി ആവിഷ്‌കരിച്ചതെങ്കിലും ശേഖരിച്ചത്‌ നാമമാത്രം. കൊപ്ര മാത്രമല്ല, പച്ചത്തേങ്ങ സംഭരണവും വൻ പരാജയമായി. ഒരു വശത്ത്‌ സർക്കാർ ഏജൻസികൾ കർഷകരെ തളർത്തിയപ്പോൾ മറുവശത്ത്‌ വ്യവസായ ലോബി വില ഇടിച്ച്‌ പരമാവധി ചരക്ക്‌ കൈക്കലാക്കി. രണ്ടാഴ്‌ച്ചയായി കൊപ്ര ക്വിന്റലിന്‌ 8250 രൂപയിലാണ്‌, മലബാർ മേഖലയിൽ പച്ചത്തേങ്ങ വില കിലോ 26 രൂപയിലേക്ക്‌ ഇടിഞ്ഞു. കൊച്ചി മൊത്ത വിപണിയിൽ വെളിച്ചെണ്ണ 14,000 രൂപയിലാണ്‌, തമിഴ്‌നാട്‌ 12,700 രൂപയാണ്‌ എണ്ണ വില. കാങ്കയത്തും മറ്റ്‌ ഭാഗങ്ങളിലും പച്ചത്തേങ്ങ ലഭ്യത ഉയർന്നു. 

റബർ

മാസത്തിന്റെ ആദ്യ പകുതിയിലേക്ക്‌ അടുക്കുമ്പോഴും കാലവർഷം ദുർബലാവസ്ഥയിൽ തുടർന്നത്‌ റബർ ഉൽപാദകർക്ക്‌ നേട്ടമായി. സംസ്ഥാനത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും റബർവെട്ട്‌ മികച്ച രീതിയിൽ പുരോഗമിക്കുന്നതിനാൽ മാസത്തിന്റെ രണ്ടാം പകുതിയിൽ പുതിയ ഷീറ്റ്‌ വിൽപ്പനയ്‌ക്ക്‌ എത്തി തുടങ്ങും.  

റബർ മാർക്കറ്റ്‌ പിന്നിട്ട നാല്‌ മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ കിലോ ഗ്രാമിന്‌ 178 രൂപയിലെത്തി. ടയർ കമ്പനികളിൽ നിന്നുള്ള പിന്തുണയിൽ വിപണി മികവ്‌ നിലനിർത്തുമെന്ന വിശ്വാസത്തിലാണ്‌ കാർഷിക മേഖല. അതേസമയം കൊച്ചി, കോട്ടയം വിപണികളിലും മലബാർ മേഖലയിലും റബർ ലഭ്യത കുറവാണ്‌. ഒട്ടുപാലിന്‌ ക്ഷാമം നേരിട്ടതോടെ വ്യവസായികൾ നിരക്ക്‌ 131 രൂപ വരെ ഉയർത്തിയെങ്കിലും അവശ്യാനുസരണം ചരക്ക്‌ സംഭരിക്കാനായില്ല. 

English summary: Commodity Markets Review June 13

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com