ADVERTISEMENT

ഇറച്ചിവിപണിക്കായി വളർത്തുന്നതിനൊപ്പം ഗുണമേന്മയുള്ള പന്നിക്കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിച്ചു വില്‍ക്കുന്നതും പന്നിവളർത്തലിലെ ലാഭവഴിയാണ്. എന്നാല്‍ കുഞ്ഞുങ്ങൾക്കു 10 മാസംകൊണ്ട് നിശ്ചിത വളർച്ച ഉണ്ടായാൽ മാത്രമേ കർഷകർക്കു പന്നിവളർത്തൽ ആദായകരമാകൂ. വംശഗുണമുള്ള മാതാപിതാക്കളിൽനിന്ന് ശാസ്ത്രീയ പ്രജനനത്തിലൂടെ, ആരോഗ്യകരമായ സാഹചര്യത്തിൽ ഉൽപാദിപ്പിക്കുന്ന കുഞ്ഞുങ്ങൾക്കേ ഇതേപോലെ മികച്ച വളർച്ചയും ആരോഗ്യവുമുണ്ടാകുകയുള്ളൂ. 

pig-farming-1
ഫറോവിങ് ക്രേറ്റിനുള്ളിൽ അമ്മപ്പന്നിയും കുട്ടികളും

ഇങ്ങനെ ജനിക്കുന്ന പന്നിക്കുഞ്ഞുങ്ങൾക്ക് ഇന്നു വിപണിയിൽ മികച്ച ഡിമാൻഡുണ്ട് എന്നു പറയുന്നു വയനാട് തവിഞ്ഞാൽ കിഴക്കോട്ടൂരുള്ള എ വൺ ബ്രീഡിങ് ഫാം ഉടമ ഷാജി കപ്പലുമാക്കൽ. ഇറച്ചിയാവശ്യത്തിനായി നാനൂറോളം പന്നികളെ വളർത്തുന്ന ഷാജി,  സുഹൃത്തും വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനുമായ ജോർജ് തോമസുമായി ചേർന്ന് 2018ൽ ഹൈടെക് സൗകര്യമുള്ള ബ്രീഡിങ് ഫാം കൂടി തുടങ്ങിയത്  ഈ ഡിമാൻഡ് തിരിച്ചറിഞ്ഞുതന്നെ. 

വിവിധ ഘട്ടങ്ങളിലുള്ള 100 തള്ളപ്പന്നികൾക്ക് പാർക്കാനും പ്രസവിക്കാനും അവയുടെ കുഞ്ഞുങ്ങളെ രണ്ടു മാസം പരിപാലിക്കാനും സൗകര്യത്തിൽ 5500 ചതുരശ്രയടി വിസ്തൃതി വരുന്ന ഹൈടെക് ബ്രീഡിങ് ഫാം ആണ് കിഴക്കോട്ടൂരിലെ സ്വന്തം കൃഷിയിടത്തിൽ ഷാജി നിർമിച്ചിരിക്കുന്നത്. 

pig-farming-3
പന്നികൾക്ക് വ്യത്യസ്ത രീതിയിലുള്ള പാർപ്പിടം

ലാഭക്കൂട്

പ്രസവിച്ചു കിടക്കുന്ന ഓരോ തള്ളപ്പന്നിക്കും അതിന്റെ കുഞ്ഞുങ്ങൾക്കുമായി പ്രത്യേകം ക്യാബിനുകള്‍. ഓരോ ക്യാബിനിലും തള്ളപ്പന്നിയെ ഒതുക്കി നിർത്താനുള്ള കമ്പിയഴിക്കൂടുകൾ (farrowing crate). ഈ രീ തിയിൽ 20 പന്നികൾക്ക് ഒരേ സമയം പ്രസവിച്ചു കിടക്കാനുള്ള ക്യാബിനുകളുണ്ട് ഫാമിൽ. 1.80 മീറ്റർ വീതിയും 2.40 മീറ്റർ നീളവുമുള്ളതാണ് ഓരോ ക്യാബിനും. ഇതിനുള്ളിൽ 60 സെ.മീറ്റർ മാത്രം വീതിയും 2 മീറ്റർ നീളവുമുള്ള കമ്പിയഴിക്കൂടിനുള്ളിലാണ് തള്ളപ്പന്നി കഴിയുന്നത് (ചിത്രം കാണുക). 

ഈ കമ്പിയഴിക്കൂടിനു മാത്രം 20,000 രൂപയോളം വില വരുമെന്നു ഷാജി. ഫൈബർ സ്ലാറ്റ്കൊണ്ടു ള്ള തറ, തീറ്റപ്പാത്രങ്ങൾ, വേനലിൽ പന്നിക്കു തണുപ്പു പകരാനുള്ള ഫോഗർ സൗകര്യം എന്നിവയുൾപ്പെടെ ഇത്തരമൊരു ക്യാബിൻ തയാറാക്കാനാകട്ടെ, അര ലക്ഷം രൂപയ്ക്കുമേൽ ചെലവു വരും. എങ്കിൽപോലും ഈ സംവിധാനംകൊണ്ട് സംരംഭകനു നേട്ടം ചെറുതല്ലെന്നു ഷാജി. തള്ളപ്പന്നി പൊടുന്നനെ കിടക്കുമ്പോൾ അടിയിൽപ്പെട്ട് കുഞ്ഞുങ്ങൾ ചത്തുപോകുന്ന സ്ഥിതിയുണ്ട്. അതൊഴിവാക്കാൻ ഈ കൂട് സഹായകമാണ് എന്നതുതന്നെ ഒന്നാമത്തെ നേട്ടം. 

pig-farming-2

പിറന്ന് ആദ്യ 45 ദിവസം കുഞ്ഞുങ്ങൾ തള്ളയ്ക്കൊപ്പം ക്യാബിനിൽത്തന്നെയാണ് കഴിയുക. കുഞ്ഞുങ്ങൾക്ക് ക്യാബിനുള്ളിൽ യഥേഷ്ടം സഞ്ചരിക്കാമെങ്കിലും കമ്പിയഴിക്കൂടിനുള്ളിൽ കഴിയുന്ന തള്ളപ്പന്നിക്ക് അതിനു കഴിയില്ല. എന്നു മാത്രമല്ല, അഴിക്കൂടിനുള്ളിൽ എഴുന്നേൽക്കാനും കിടക്കാനുംപോലും അൽപം സാവകാശം വേണ്ടി വരും. തള്ള കിടക്കാനെടുക്കുന്ന നേരംകൊണ്ട് കുഞ്ഞുങ്ങൾക്ക് അടിയിൽപ്പെടാതെ ഒഴിഞ്ഞുമാറാനാവും. ഓരോ തള്ളപ്പന്നിയുടെയും ശരീരവലുപ്പത്തിന് അനുസൃതമായി  കമ്പിയഴിക്കൂട് ക്രമീകരിക്കാനുമാകും.  

മുഴുവൻ കുഞ്ഞുങ്ങൾക്കും കുടിക്കാൻ ആവശ്യമായത്ര പാൽ എല്ലാ തള്ളപ്പന്നികൾക്കും ഉണ്ടാകണമെന്നില്ല. പാൽ കുറവുള്ള തള്ളയുടെ കുഞ്ഞുങ്ങളെ മറ്റൊരു തള്ളയ്ക്കടുത്തു വിട്ട് കുടിപ്പിക്കു കയാണു പരിഹാരം. എന്നാൽ അതത്ര എളുപ്പമല്ല. സ്വന്തം കുഞ്ഞുങ്ങളെ തിരിച്ചറിയാൻ തള്ളപ്പന്നികൾക്കു കഴിയുമെന്നതിനാൽ അവ മറ്റു കുഞ്ഞുങ്ങളെ അടുപ്പിക്കില്ലെന്നു മാത്രമല്ല, കടിച്ചു കൊല്ലുകയും ചെയ്യുമെന്ന് ഷാജി. എന്നാൽ അഴിക്കൂടിനുള്ളിൽ കിടക്കുന്ന തള്ളയുടെ പാല് മറ്റു കുഞ്ഞുങ്ങൾക്കും കുടിക്കാനാവും. നിന്നുതിരിയാൻ സൗകര്യമില്ലാത്ത കൂടിനുള്ളിൽ നിൽക്കുന്ന തള്ളപ്പന്നിക്ക് പ്രതിഷേധിക്കാൻ കഴിയില്ലല്ലോ. 

pig-farming-6
അമ്മപ്പന്നിയുടെ തീറ്റപ്പാത്രം

കമ്പിയഴിക്കൂടിനു പുറത്താണ് കുഞ്ഞുങ്ങൾക്കുള്ള തീറ്റപ്പാത്രം. അതിനാല്‍ കുഞ്ഞുങ്ങൾക്കുള്ള തീറ്റ, തള്ള തിന്നുന്ന സ്ഥിതിയും ഇല്ലാതാവുന്നു. കുടിവെള്ളത്തിനായി തള്ളയ്ക്കും കുഞ്ഞുങ്ങൾ ക്കും പ്രത്യേകം നിപ്പിൾ ഡ്രിങ്കർ സംവിധാനമുള്ളതിനാൽ കുടിവെള്ളം മലിനമാകുന്ന പ്രശ്നവുമി‌ല്ല. ജലവിനിയോഗം നന്നേ കുറയ്ക്കാനും ഇതുവഴി കഴിയുന്നു. ക്യാബിനുകൾ സദാ വൃത്തിയായി നിലനിർത്താൻ ഫൈബർ സ്ലാറ്റുകൾകൊണ്ട് നിർമിച്ച തറ പ്രയോജനപ്പെടുന്നു. സ്ലാറ്റിൽനിന്ന് മൂത്രവും കാഷ്ഠവും എളുപ്പത്തിൽ കഴുകി നീക്കാനാവും. ഈ മാലിന്യം താഴെ ചരിച്ചു വാർത്ത സിമന്റ് തറയിൽ വീണ് അവിടെനിന്ന് ഉടൻതന്നെ ടാങ്കിലെത്തിക്കൊള്ളും.

പ്രസവ സമയത്ത് ഓരോ കുഞ്ഞിനെയും സുരക്ഷിതമാക്കാൻ കണ്ണുനട്ടിരിക്കേണ്ട സ്ഥിതിക്കും ഹൈടെക് കൂട് പരിഹാരമാണ്. പ്രസവസമയത്ത് തള്ളപ്പന്നിക്ക് അടിയിൽപ്പെടാതെ ഓരോ കു ഞ്ഞും ക്യാബിനിൽ സുരക്ഷിതമായിരിക്കും. പ്രസവശേഷം മറുപിള്ള തിന്നുന്ന സ്വഭാവമുണ്ട് ചില പന്നികൾക്ക്. സഞ്ചാരസ്വാതന്ത്ര്യമില്ലാത്തതുകൊണ്ട് അതും ഒഴിവാകും. ചുരുക്കത്തിൽ ഓരോ പ്രസവത്തിലും പിറക്കുന്ന 10–14 കുഞ്ഞുങ്ങളിൽ ഒന്നുപോലും നഷ്ടപ്പെടാതെ രക്ഷപ്പെട്ടു കിട്ടാൻ ഹൈടെക് സൗകര്യം തുണയാകുന്നു എന്നു ഷാജി. ബ്രീഡിങ്ങിനെ ലാഭകരമാക്കുന്ന പ്രധാന കാര്യവും അതുതന്നെ.

ഇണ ചേർക്കേണ്ടവർ, ചെനയിലുള്ളവർ, പ്രസവിച്ചവർ, കുഞ്ഞുങ്ങൾ എന്നിങ്ങനെ ഓരോ വിഭാഗത്തെയും പ്രത്യേകം തിരിച്ചാണ് പരിപാലനം. ഡ്യൂറോക്ക്, യോർക്‌ഷെയർ, ഹാംഷയർ  ഇനങ്ങളിലുള്ള ഇറച്ചിപ്പന്നികളുടെ മികച്ച മാതൃപിതൃശേഖരമാണ് ഫാമിലുള്ളത്. ഒരു മാസം ചുരുങ്ങിയത് 20 പന്നികളെങ്കിലും പ്രസവിക്കുന്ന രീതിയിലാണ് പ്രജനനം ക്രമീകരിക്കുന്നത്. ഓരോ പന്നിക്കും വർഷത്തിൽ രണ്ടു പ്രസവം. 4–5 പ്രസവത്തിനുശേഷം തള്ളപ്പന്നികളെ ഒഴിവാക്കുകയും ചെയ്യും.

pig-farming-5

പോഷകത്തീറ്റ

ഇറച്ചിക്കായി പന്നികളെ വളർത്തുമ്പോൾ ഹോട്ടൽ വെയ്സ്റ്റ് ആണ് തീറ്റയായി നൽകുന്നതെങ്കിൽ പ്രജനനത്തിനുള്ളവയ്ക്ക് പോഷകഗുണം കൂടിയ കൃത്രിമത്തീറ്റ ആവശ്യമെന്ന് ഷാജി. അതിനായി തീറ്റ നിർമിക്കാനുള്ള മില്ലും ഫാമിന് അനുബന്ധമായുണ്ട്. ചോളം, സോയ, ഗോതമ്പുതവിട്, അരിത്തവിട് എന്നിവയും ഒപ്പം ധാതുമിശ്രിതങ്ങളും ചേർത്താണ് കൃത്രിമത്തീറ്റ തയാറാക്കുന്നത്. പ്രസവിച്ചു കിടക്കുന്ന തള്ളപ്പന്നിക്ക് രണ്ടു നേരവും കൂടി 4 കിലോ തീറ്റമിശ്രിതം നൽകുന്നു. കുഞ്ഞുങ്ങൾക്ക് സ്റ്റാർട്ടർ തീറ്റയും.

പന്നിഫാമുകളെ പ്രതിക്കൂട്ടിലാക്കുന്ന പ്രധാന ഘടകം പരിസരമലീനീകരണമാണല്ലോ. മണത്തെയും മാലിന്യത്തെയും ചൊല്ലി പരാതികളുണ്ടായി പൂട്ടേണ്ടിവരുമോ എന്ന ആശങ്കയോടെയാണ് പലരും പന്നി ഫാം തുടങ്ങുന്നത്. മികച്ച ലാഭത്തിൽ പ്രവർത്തിച്ചിരുന്ന പല ഫാമുകൾക്കും പൂട്ടു വീണതും ഇക്കാരണംകൊണ്ടുതന്നെ. ഫാമുകൾ ശാസ്ത്രീയമായ നവീകരിക്കുക എന്നതു മാത്രമാണ് പരിഹാരം. ഫാമിലെ മലിനജലം മുഴുവൻ ബയോഗ്യാസ് പ്ലാന്റിലെത്താനുള്ള സൗകര്യം  ഒരുക്കിയിരിക്കുന്നു ഷാജിയുടെ ഫാമിൽ. കൂടുകളിൽനിന്ന് ഒഴുകിയെത്തുന്ന കാഷ്ഠം ഇടയ്ക്കുവച്ച് മറ്റൊരു ടാങ്കിൽ ശേഖരിക്കപ്പെടുകയും ജലം മാത്രം ടാങ്കിൽ എത്തുകയും ചെയ്യും. ഫാമിനു ചുറ്റുമുള്ള കാപ്പി ഉൾപ്പെടെയുള്ള വിളകൾക്ക് പന്നിക്കാഷ്ഠം വളമാകും. ഈ രീതിയിൽ കൃഷിയുമായി യോജിപ്പിച്ചുള്ള  സംസ്കരണമാണ് പരിസരമലിനീകരണവും പരാതികളും ഒഴിവാക്കാനുള്ള  വഴിയെന്നു ഷാജി. ഫാമിൽ സഹായത്തിനുള്ള ഇതരസംസ്ഥാന തൊഴിലാളി കുടുംബത്തിന് ഉൾപ്പെടെ പരിസരത്തെ മൂന്നു വീടുകളിലേക്ക് ബയോഗ്യാസ് പ്ലാന്റിൽനിന്ന് സമൃദ്ധമായി പാചകവാതകവും ലഭിക്കുന്നു.

പന്നിവളർത്തൽ ലാഭസംരംഭമാണെന്നതില്‍ സംശയമില്ല. 60 ദിവസം പ്രായമെത്തിയ പന്നിക്കുഞ്ഞുങ്ങളെ വാങ്ങി ഹോട്ടലുകളിൽനിന്നുള്ള ഭക്ഷണാവശിഷ്ടങ്ങൾ മാത്രം തീറ്റയായി നൽകി 10 മാസം വളർത്തി വിൽക്കുന്ന രീതിയാണല്ലോ നമ്മുടെ നാട്ടിലുള്ളത്. 2 മാസം പ്രായമെത്തിയ പന്നിക്കു ഞ്ഞിന് ശരാശരി 4000 രൂപയാണ് ഇപ്പോഴത്തെ വില.  10 മാസം വളർത്തുമ്പോഴേക്കും അവ 120–140 കിലോ തൂക്കമെത്തും. വിൽക്കുമ്പോൾ കിലോയ്ക്കു  ശരാശരി 140 രൂപയാണ് നിലവിൽ കർഷകനു ലഭിക്കുന്നത്. അതായത്, ഒരു പന്നിയിൽനിന്ന് 10 മാസംകൊണ്ട്  16,000 രൂപ മുതൽ 19,000 രൂപ വരെ. കുഞ്ഞിനു മുടക്കുന്ന 4000 രൂപയും മറ്റു പരിപാലനച്ചെലവുകളും കിഴിച്ചാലും മോശമല്ലാത്ത തുക കയ്യിലെത്തും. 

ഹോട്ടൽ ഭക്ഷ്യാവശിഷ്ടങ്ങൾ തീറ്റയാക്കാം എന്നതുതന്നെയാണ് ഈ സംരംഭത്തെ ലാഭകരമാക്കുന്നത്. പന്നികൾക്കായി ഷാജി ആശ്രയിക്കുന്നതും ഹോട്ടൽ വെയ്സ്റ്റിനെ തന്നെ. എന്നാൽ ഇക്കാര്യത്തിലിപ്പോൾ പന്നിക്കർഷകർ കടുത്ത വെല്ലുവിളി നേരിടുകയാണെന്നു ഷാജി പറയുന്നു. മാലിന്യസംസ്കരണത്തിനുള്ള റെൻഡറിങ് പ്ലാന്റുകൾക്കു മാത്രമേ ഭക്ഷ്യാവശിഷ്ടങ്ങളും ഇറച്ചിക്കട അവശിഷ്ടങ്ങളും കൈമാറാവൂ എന്ന പുതിയ വ്യവസ്ഥയ്ക്കെതിരെ നിയമ നടപടികളുമായി നീങ്ങുകയാണ് പന്നിക്കർഷകരുടെ സംഘടനകളെന്നു ഷാജി. 

ഫോൺ: 9497581397

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com