ADVERTISEMENT

ഭീകരന്മാരുടെ താവളമാണു രേവതിയുടെ കാർപോർച്. കാറിനെ പുറത്താക്കി കാർപോർച് കയ്യടക്കിയ  ഈ രാക്ഷസന്മാരിൽ ചിലരെ പരിചയപ്പെട്ട ശേഷമാകാം ബാക്കി കാര്യം.  

ആദ്യം തന്നെ  അലിഗേറ്റർ ഗാർ ഇനത്തെ പരിചയപ്പെടാം. അക്വേറിയത്തിലെ മുതലക്കുഞ്ഞ് എന്നു വിളിക്കാം അലിഗേറ്റർ ഗാർ മത്സ്യത്തെ. ഏതോ മുങ്ങിക്കപ്പലിൽനിന്ന് ശത്രുവിനെ ലക്ഷ്യമാക്കി സമുദ്രത്തിലൂടെ പായുന്ന  ടോർപിഡോ ബോംബിന്റെ ആകൃതി. നീണ്ട മുതലമുഖം. കൂർത്ത പല്ലുകളുടെ നീളൻ നിര കാട്ടി അക്വേറിയത്തിന്റെ ചില്ലിൽ വന്നു നിശ്ശബ്ദമായി ‘ഗർർ...’ മുരളുമ്പോൾ കാഴ്ചക്കാരുടെ കൗതുകം ഭയത്തിനു വഴിമാറും. തൊട്ടു ലാളിക്കാൻ ശ്രമിച്ചാൽ ആക്രമിക്കാൻ മടിക്കാത്ത മത്സ്യം. വായിൽ മൂന്നു നിര പല്ലുകൾ. ശുദ്ധമായ ഇറച്ചിയോ മത്സ്യങ്ങളോ കഴിക്കുന്ന തനി മാംസാഹാരി. 6–7 ഇഞ്ച് മാത്രം വലുപ്പമുള്ള ഈ ‘മുതലക്കുഞ്ഞി’ന്റെ വില ശരാശരി 850 രൂപ. തുടർന്നങ്ങോട്ട് ഓരോ ഇഞ്ച് വളരുമ്പോഴും വിലയിൽ ആയിരങ്ങളുടെ വർധന.

അടുത്തത് അബാ അബാ നൈഫ് ഫിഷ്. പേരു പോലെതന്നെ ഇരുതല മൂർച്ചയുള്ള നീളൻ കത്തിയുടെ ആകൃതി. അകേറിയത്തിലെ വെള്ളത്തെ കീറിമുറിച്ചു നീങ്ങുന്ന വെള്ളിമത്സ്യം. തിളങ്ങുന്ന വായ്ത്തലയുള്ള കത്തിയുടെ മുന്നിൽപ്പെട്ടതു പോലെ ചൂളും നൈഫ് ഫിഷിനെ നോക്കി നിൽക്കുന്നവർ. കത്തിമത്സ്യവും ആക്രമണകാരി തന്നെ. രണ്ടടി വലുപ്പമെത്തുമ്പോൾതന്നെ ഈ രാക്ഷസന്റെ വില 20,000–25,000 രൂപയെത്തും.

അടുത്തത് ഷവൽ നോസ് ക്യാറ്റ് ഫിഷ്. കാഴ്ചയിൽത്തന്നെയുണ്ട് തെമ്മാടി ഭാവം. കൈക്കോട്ടു പോലെ പരന്ന് ആകർഷകമല്ലാത്ത മുഖം, അടുത്തു വന്നാൽ ആക്രമിക്കുമെന്ന നോട്ടം. ഉടൽ നിറയെ ചിതറിക്കിടക്കുന്ന പുള്ളികൾ. കണ്ടാൽ ലുക്കില്ലെങ്കിലും 2 ഇഞ്ച് നീളമുള്ള ഷവൽ നോസിനു പോലും കൊടുക്കേണ്ടി വരും 350–450 രൂപ.

അടുത്തത് അരോണ. കാഴ്ചയിൽ ഭീകരരൂപി അല്ലെങ്കിലും ആകെ ചൂഴ്ന്നു നിൽക്കുന്ന നിഗൂഢതയുണ്ട് ഈ വ്യാളിമത്സ്യത്തിന്. ആകാരവലുപ്പവും അപൂർവഭംഗിയുള്ള നിറങ്ങളും ചേരുന്ന അരോണയും പ്രകൃതത്തിൽ അത്ര പാവമല്ല. 5–6 ഇഞ്ച്  മാത്രം വരുന്ന ഗോൾഡൻ, ആൽബിനോ അരോണകൾക്ക് 6000 മുതൽ 8000 രൂപവരെ വിലയെത്തും. 

ആകെ മാറും അലങ്കാര ലോകം

അലങ്കാരമത്സ്യങ്ങളെ സംബന്ധിച്ച ശരാശരി സങ്കൽപത്തെ പൊളിച്ചടുക്കി അക്വേറിയം പിടിച്ചെടുക്കുകയാണ്  മോൺസ്റ്റർ മത്സ്യങ്ങൾ. ഇത്ര കാലവും അലങ്കാരമത്സ്യങ്ങളെന്നാൽ നമുക്ക് അഴകേറിയ മത്സ്യങ്ങളായിരുന്നു. ഗോൾഡ് ഫിഷും കോയി കാർപ്പും ബഹുവർണ ഗപ്പികളും മാലാഖമത്സ്യങ്ങളുമെല്ലാം ചേർന്ന് ആകെയൊരു സ്വർഗഭൂമിയായിരുന്നു നമ്മുടെ അക്വേറിയങ്ങള്‍. അവിടേക്ക് അതിക്രമിച്ചു കയറുകയാണ് മേൽപ്പറഞ്ഞ മോൺസ്റ്ററുകൾ. 

അങ്ങ് ഹോളിവുഡിൽനിന്നുള്ള ‘ജോക്കറും’ ഇങ്ങ് മോളിവുഡിലെ ‘ലൂസിഫറും’ പോലെ പ്രതിനായക സ്വഭാവമുള്ള നായക കഥാപത്രങ്ങളെ ആരാധിക്കുന്ന തലമുറയുടെ കാലമാണിത്. അക്വേറി യത്തിലേക്കുള്ള രാക്ഷസമത്സ്യങ്ങളുടെ വരവിനു പിന്നിലും  ഈ മനോഭാവമാകാം. പുതിയ തല മുറയുടെ ആസ്വാദനത്തിലും അഭിരുചിയിലും വന്ന ഈ മാറ്റം തിരിച്ചറിഞ്ഞ് അതിനെ വരുമാനമാ ർഗമാക്കി മാറ്റിയതാണ് രേവതിയുടെ മികവ്.

Revathy-Monster-fishes-1
രേവതി

നഴ്സിങ് പഠിച്ച് വിവിധ ആശുപത്രികളിൽ ജോലി നോക്കിയ രേവതി യാദൃശ്ചികമായാണ് അലങ്കാരമത്സ്യക്കൃഷിയിലെത്തുന്നത്. ഭർത്താവ് സുനിൽകുമാർ ഗൾഫിൽ. വീടിന്റെ ചുമതലകൾ വിട്ട് ജോലിക്കു പോകാൻ കഴിയാത്ത സാഹചര്യം. കൗതുകത്തിനു വേണ്ടി മാത്രം വീട്ടിലൊരു ചെറിയ അക്വേറിയം വച്ചതിൽനിന്നാണ് തുടക്കം. എല്ലാ അലങ്കാരമത്സ്യക്കർഷകരെയും പോലെ ഗപ്പിയിലാണ് ആദ്യം കൈവച്ചതെങ്കിലും അതിവേഗം മോൺസ്റ്റർ മത്സ്യങ്ങളുടെ സാധ്യത കണ്ടറിഞ്ഞു. 

ആകാര വലുപ്പവും ഗാംഭീര്യവും ആക്രമണോത്സുകതയുമുള്ള പ്രിഡേറ്റർ മത്സ്യങ്ങളെ വളർത്താൻ താൽപര്യപ്പെടുന്നവർ ഏറെയുണ്ട് പുതുതലമുറയിൽ. വിദേശങ്ങളിലെ അക്വേറിയങ്ങൾ വളരെ മുൻപേ കയ്യടക്കിയ പ്രിഡേറ്റർ ഇനങ്ങൾ നമുക്കു പരിചിതമാകുന്നത് ഇപ്പോഴാണെന്നു മാത്രം. എയ്ഞ്ചലും മോളിയും ഗൗരാമിയും ഗോൾഡ് ഫിഷും പോലുള്ള ഇനങ്ങളെ നിലനിർത്തിക്കൊണ്ടു തന്നെ പ്രിഡേറ്റർ മത്സ്യങ്ങളുടെ വിപണിയിലേക്ക് അടുക്കുന്നത് അങ്ങനെയെന്നു രേവതി. 

അഴകും ഗാംഭീര്യവും ഒത്തിണങ്ങിയ അരാപൈമ മുതൽ എൻഡിലിച്ചേരി സെനഗൽ, അലിഗേറ്റർ ഗാർ, അബാ അബാ നൈഫ്, ക്യാറ്റ് ഫിഷ് ഇനങ്ങളായ പറുൺ, ഹൈബ്രിഡ് റെഡ് ടെയിൽ, ഷവൽ നോസ്, അരോണ, ആൽബിനോ പിരാന, എന്നിങ്ങനെ വലിയ അക്വേറിയങ്ങളിൽ വളർത്തേണ്ട വമ്പൻ അലങ്കാരമത്സ്യങ്ങളിലേക്ക് വളർന്നിരിക്കുന്നു രേവതിയുടെ സരംഭം. ഇവയെല്ലാം ശുദ്ധജല മത്സ്യങ്ങളായതുകൊണ്ടുതന്നെ വളർത്താൻ താൽപര്യപ്പെടുന്നവരുടെ എണ്ണം കൂടുതലെന്നും രേവതി.

വളർത്തമ്മയാകാം വരുമാനം നേടാം

അലങ്കാരമത്സ്യങ്ങളെ  ബ്രീഡ് ചെയ്ത് കുഞ്ഞുങ്ങളെ വിൽക്കുന്നതിനു പകരം പൊടിക്കുഞ്ഞുങ്ങളെ വാങ്ങി ഏതാനും മാസങ്ങൾ വളർത്തി ആരോഗ്യമുള്ള മത്സ്യങ്ങളാക്കി വിൽക്കുന്നതാണു രേവതിയുടെ രീതി. എന്നാൽ അതത്ര എളുപ്പമല്ല. തീരെ ചെറിയ മത്സ്യക്കുഞ്ഞുങ്ങളെ രക്ഷിച്ചെടുക്കണമെങ്കിൽ നല്ല ശ്രദ്ധ വേണം. വെള്ളത്തിന്റെ ഗുണനിലവാരം, താപനില, ഓക്സിജന്റെ അളവ്, തീ റ്റ വൈവിധ്യം എന്നിവയെല്ലാം നിരന്തരം നിരീക്ഷിച്ചു വളർത്തുമ്പോഴാണ് വാങ്ങുന്ന മുഴുവൻ മത്സ്യക്കുഞ്ഞുങ്ങളും ബാലപീഡ കടന്നു കിട്ടുക.  പൊടിക്കുഞ്ഞുപ്രായം കടന്നു കിട്ടുന്ന മത്സ്യങ്ങളെ വാങ്ങുന്നവരെ സംബന്ധിച്ച് അതിന്റെ അതിജീവനം ഉറപ്പാണ് എന്ന ധൈര്യമുണ്ടാവും. അതുകൊണ്ടു തന്നെ മുന്തിയ വില കൊടുത്തു വാങ്ങുകയും ചെയ്യും.

അലിഗേറ്റർ ഗാർ. അരാപൈമ, അരോണ, ക്യാറ്റ് ഫിഷ് ഇനങ്ങൾ, അബാ അബാ നൈഫ് ഫിഷ് പോലുള്ളവയെ വാങ്ങി ആറോ ഏഴോ മാസം മാത്രം വളർത്തി വലുതാക്കി വിറ്റാൻ പോലും വാങ്ങിയ വിലയിൽനിന്ന് വൻ വ്യാത്യാസമുണ്ടാവുമെന്നു രേവതി.

പുതുതലമുറ സംരംഭകരിൽ പലരുടെയും കാര്യത്തിലെന്നപോലെ നവമാധ്യമങ്ങളും ഓൺലൈൻ വ്യാപാര സൈറ്റുകളുമാണ് രേവതിയുടെ സംരംഭത്തിന്റെയും കരുത്ത്. പുതിയ മത്സ്യയിനങ്ങളെക്കുറിച്ചുള്ള പോസ്റ്റുകൾ മുടങ്ങാതെ നൽകി സ്വന്തം ഫെയ്സ്ബുക്ക് പേജിനെ ഓൺലൈൻ ഷോപ്പാക്കിയിരിക്കുന്നു രേവതി. അതുവഴി ഒട്ടേറെ ഓൺലൈൻ ഗ്രൂപ്പുകളിൽനിന്ന് മുടങ്ങാതെ എത്തുന്നു അന്വേഷണങ്ങളും ആവശ്യക്കാരും. കൊൽക്കൊത്തയിലേക്കും ബെംഗളൂരുവിലേക്കുമെല്ലാം മുടങ്ങാതെയെന്നോണം അലങ്കാരമത്സ്യങ്ങളെത്തിക്കുകയും ചെയ്യുന്നു ഈ സംരംഭക.

വിലാസം: രേവതി സുനിൽകുമാർ, ആശ്രാമം, കൊല്ലം, ഫോൺ: 7736542727, 9539947061

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com