ADVERTISEMENT

‘കപ്പ വിളവെടുത്ത് അതേപടി എത്തിച്ചാൽ തൊണ്ടുപൊളിച്ച്, കഴുകി, അരിഞ്ഞ്, വാട്ടിപ്പുഴുങ്ങി, ഉണക്കി, തണുപ്പു കടക്കാത്ത ചാക്കിലാക്കി കയ്യിൽത്തരുന്ന ഡ്രയർ യൂണിറ്റുകളുണ്ട് ഇപ്പോൾ നമ്മുടെ നാട്ടിൽ. കിലോയ്ക്ക് നിശ്ചിത ഫീസ് നൽകണമെന്നു മാത്രം. തൊടുപുഴയിലെ കാഡ്സ് കർഷക കൂട്ടായ്മയുടെ ഡ്രയർ യൂണിറ്റ്  ഉദാഹരണം. ഇങ്ങനെ മൂല്യവർധന ചെയ്തെടുത്ത വാട്ടു കപ്പ, സമൂഹമാധ്യമങ്ങൾ വഴിയും ഓൺലൈൻ വ്യാപാര സൈറ്റുകൾ വഴിയുമെല്ലാം നാട്ടിലെയും മറുനാട്ടിലെയും ഉപഭോക്താക്കൾക്കു വിൽക്കുമ്പോൾ നിങ്ങളുടെ ഉൽപന്നത്തിന് നിങ്ങൾ നിശ്ചയിക്കുന്നതാണു വില. വിപണിയുടെ ചാഞ്ചാട്ടങ്ങളോ ഇടനിലക്കാരുടെ വിലപേശലോ ഒന്നുമില്ലാത്ത സ്വതന്ത്ര വിപണിയാണ് സമൂഹമാധ്യമങ്ങൾ വഴി തുറന്നു കിട്ടുന്നത്. ഇങ്ങനെ പല മാറ്റങ്ങള്‍  മാറ്റങ്ങൾ കൃഷിയിലും മൂല്യവർധനയിലും വിപണനത്തിലും സംഭവിച്ചു കഴിഞ്ഞു. എന്നാൽ നമ്മുടെ കർഷകരിൽ നല്ല പങ്കും ഇവ  പ്രയോജനപ്പെടുത്തുന്നില്ല. കപ്പയുടെ മാത്രമല്ല, സുഗന്ധവ്യഞ്ജനങ്ങളുടെയും പഴങ്ങളുടെയും പച്ചക്കറികളുടെയുമെല്ലാം കാര്യത്തിൽ ഇന്ന് ഈ രീതിയിലുള്ള മൂല്യവർധനയ്ക്കും വിപണനത്തിനും അവസരങ്ങളുണ്ട്. സ്വന്തം കാർഷികോൽപന്നങ്ങൾക്കും ഒപ്പമുള്ള കർഷകരുടെ ഉൽപന്നങ്ങൾക്കും ഈ രീതിയിൽ മികച്ച വിലയും വിപണിയും കണ്ടെത്തുകയാണ് ഞാൻ ചെയ്യുന്നത്’, ചേർത്തലയിലെ വീട്ടിലിരുന്ന് ഉപഭോക്താക്കൾക്കു കുറിയർ ചെയ്യാനുള്ള കുരുമുളകും മഞ്ഞൾപ്പൊടിയും പാവയ്ക്ക കൊണ്ടാട്ടവും കാപ്പിക്കുരു വറുത്തതുമെല്ലാം പായ്ക്ക് ചെയ്യുന്നതിനിടയിൽ അശ്വതി പറയുന്നു. 

പച്ചത്തേങ്ങ നൽകിയാൽ വെന്ത വെളിച്ചെണ്ണയാക്കി നൽകുന്ന സ്ഥാപനങ്ങളുണ്ട്. സർക്കാർ തലത്തിലും സ്വകാര്യമേഖലയിലും കർഷക കൂട്ടായ്മകളുടെ ഉത്തരവാദിത്തത്തിലുമെല്ലാം ഇന്ന് ഇത്തരം യൂണിറ്റുകൾ പ്രവർത്തിക്കുന്നു. കായംകുളം കൃഷിവിജ്ഞാനകേന്ദ്രം (കെവികെ) ഉൾപ്പെടെ പലയിടത്തും ഈ സേവനം ലഭ്യമാണ്. പച്ചത്തേങ്ങ വെന്ത വെളിച്ചെണ്ണയായി മാറുമ്പോൾ  വിലയും മൂല്യവും ഉയരുന്നു. നമ്മുടെ കൃഷിയിടങ്ങളിൽ വിളയുന്ന, മൂല്യവർധന സാധ്യമാകുന്ന ഇനങ്ങളെ ല്ലാം ഈ രീതിയിൽ ശുദ്ധമായ ഉൽപന്നങ്ങൾ തേടുന്ന ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ശ്രമമുണ്ടാവണമെന്ന് അശ്വതി. 

‘അതേസമയം വിൽക്കുന്ന ഉൽപന്നം 100 ശതമാനം ഗുണമേന്മയുള്ളതാവണം. എങ്കിലേ ഒരിക്കൽ വാങ്ങിയ ഉപഭോക്താവ് എക്കാലവും നിങ്ങളുടെ ഒപ്പമുണ്ടാവൂ.  കൃഷിയിടത്തിൽനിന്ന് നേരിട്ട് ഉൽപന്നം വാങ്ങാൻ ഉപഭോക്താവ് താൽപര്യപ്പെടുന്നതുതന്നെ ഉയർന്ന ഗുണമേന്മ പ്രതീക്ഷിച്ചാണ്’, അശ്വതി ഓർമിപ്പിക്കുന്നു.   

ഉദാഹരണം മഞ്ഞൾ.  മിക്ക ഉപഭോക്താക്കളും മായം സംശയിക്കുന്ന ഉൽപന്നമാണ് മഞ്ഞൾപ്പൊടി. വിളവെടുപ്പു തൊട്ട് അരിഞ്ഞുണങ്ങുന്നതും തൊട്ടടുത്ത മില്ലിൽ പൊടിപ്പിച്ചു പായ്ക്ക് ചെയ്യുന്നതും ഉൾപ്പെടെയുള്ള വിഡിയോ കാണാൻ  ഉപഭോക്താക്കൾക്ക് അവസരമൊരുക്കിയാണ് താൻ വിപണി നേടുന്നതെന്ന് അശ്വതി. ഇടുക്കി കാഞ്ചിയാറിൽ കുടുംബസ്വത്തായുള്ള പുരയിടത്തിൽ വിളയുന്നതും മറ്റു കർഷകരിൽനിന്നു സംഭരിക്കുന്നതുമായ ഏലവും കുരുമുളകുമെല്ലാം ഈ രീതിയിൽ മുന്തിയ വിലയ്ക്കു വിറ്റഴിക്കുന്നു. 

turmeric-powder
വിപണനത്തിന് തയാറാക്കിയ മഞ്ഞൾപ്പൊടി

ഓൺലൈനിൽ ഓർക്കാപ്പുറത്ത്

കോവിഡ് കാലത്താണ് കൃഷിയിലും മൂല്യവർധനയിലും ഓൺലൈൻ വിപണനത്തിലും സജീവമായതെന്ന് അശ്വതി. കൊല്ലങ്ങൾക്കു മുൻപ് വിവാഹിതയായി ഇടുക്കി കാഞ്ചിയാറിൽ ചെന്ന കാലത്തുതന്നെ സുഗന്ധവിളകൾക്ക് സ്വന്തം നാടായ ചേർത്തലയിലും ഇടുക്കിയിലുമുള്ള വില വ്യത്യാസം ശ്രദ്ധിച്ചിരുന്നെന്ന് അശ്വതി. ഒരു കിലോ കുരുമുളകിന് ഇടുക്കിയിലെ കച്ചവടക്കാർ കർഷകനു നൽകുന്ന വിലയും ഉപഭോക്താവ് ആലപ്പുഴയിൽനിന്നു വാങ്ങുമ്പോഴുള്ള വിലയും തമ്മിൽ വൻ അന്തരം. സ്വന്തം ഉൽപന്നങ്ങൾ ഗ്രെയ്ഡ് ചെയ്ത് ന്യായവിലയ്ക്ക് ഫെയ്സ്ബുക്ക് പേജ് വഴി ചില്ലറവിൽപനയ്ക്കെത്തിക്കുന്നത് അങ്ങനെ. ലോക്ഡൗൺ കാലത്ത് സാധാരണ വിപണികൾ അടഞ്ഞെങ്കിലും ഓൺലൈൻ വിപണി വിശാലമായി.  മൂല്യവർധനയുമായി ബന്ധപ്പെട്ട് കായംകുളം കെവികെയും വ്യവസായവകുപ്പും നൽകിയ പരിശീലനം കൂടിയായതോടെ ആത്മവിശ്വാസം വർധിച്ചു. ഉൽപന്നങ്ങൾക്കു ഡിമാൻഡ് കൂടിയതോടെ പരിചിതരായ കൃഷിക്കാരിൽനിന്നു കൂടി ഉൽപന്നങ്ങൾ സംഭരിച്ചു വിപണിയിലെത്തിച്ചു തുടങ്ങി. 

മാർക്കറ്റ് വിലയെക്കാൾ കൂടുതല്‍ നൽകിയാണ് കർഷകരിൽനിന്ന്  ഉൽപന്നങ്ങൾ സംഭരിക്കുന്നതെന്ന് അശ്വതി. പക്ഷേ കല്ലും കരടുമെല്ലാം നീക്കി ഗ്രെയ്ഡ് ചെയ്തു തന്നെ നൽകണം. സാധാരണ മാർക്കറ്റിൽ ഏറ്റവും മികച്ചതിനും അല്ലാത്തതിനുമൊക്കെ കർഷകർക്കു മിക്കപ്പോഴും ഒരേ വിലയാണ് ലഭിക്കുക. ഗുണനിലവാരമനുസരിച്ചു  വില നല്‍കാന്‍ ഇടനിലക്കാർ തയാറാവില്ലെന്ന് അശ്വതി. അതേസമയം ഗ്രെയ്ഡ് ചെയ്ത് ഉപഭോക്താക്കൾക്കു നേരിട്ടു വിൽക്കുമ്പോൾ ഉൽപാദകനു ലഭിക്കുന്ന നേട്ടം ചെറുതല്ല. ഒട്ടേറെ കർഷകരിൽനിന്നും വീട്ടമ്മമാരിൽനിന്നും അവരുടെ ഉൽപന്നങ്ങൾ അവരെക്കൊണ്ടുതന്നെ മൂല്യവർധന വരുത്തിയും അശ്വതി വാങ്ങി വിൽക്കുന്നുണ്ട്. 

ഒരു കിലോ ഏലത്തിന് കർഷകനു സാധാരണ വിപണിയിൽ ഇന്നു ലഭിക്കുന്നത് കിലോ 1200 രൂപയെങ്കിൽ ഗ്രെയ്ഡ് ചെയ്ത് ഓൺലൈനിൽ വിൽക്കുമ്പോൾ ഇരട്ടിയിലേറെ വില നേടാൻ കഴിയുന്നുണ്ട്. ഗ്രെയ്ഡ് ചെയ്യുമ്പോൾ വരുന്ന തൂക്കക്കുറവു കിഴിച്ചാലും സാധാരണ വിപണിയിൽ വിൽക്കുന്നതിനെക്കാൾ മികച്ച വില കിട്ടും. ഗ്രെയ്ഡ് ചെയ്തെടുത്ത ജാതിപത്രിക്കു കിലോ 2200–2500 രൂപയാണ് വില നിശ്ചയിക്കുക. കുരുമുളക് വിളവെടത്ത് 3 ദിവസം വെള്ളത്തിലിട്ട് തൊണ്ടു നീക്കി വൈറ്റ് പെപ്പര്‍ ആക്കി വടക്കേ ഇന്ത്യയിലെ ഉപഭോക്താക്കൾക്കു വിൽക്കുമ്പോൾ ലഭിക്കുന്നത് കിലോയ്ക്ക് 900 രൂപ. കാന്താരിമുളകിൽ പഴുത്തതു മാത്രം തിരഞ്ഞെടുത്ത് ഉണക്കി വിൽക്കു മ്പോൾ കിലോയ്ക്ക് 1300 രൂപ. പച്ചത്തേങ്ങ വെന്ത വെളിച്ചെണ്ണയാകുമ്പോൾ പത്തിലൊന്നേ ലഭിക്കുവെങ്കിലും കിലോയ്ക്കു വില 1200–1300 രൂപ. മഞ്ഞളും കാപ്പിയുമൊക്കെ പൊടിയാക്കി വിൽക്കുമ്പോൾ കിലോയ്ക്ക് 400 രൂപ. മൂല്യവർധനയുടെ ലോകം നേട്ടത്തിന്റെ ലോകം തന്നെയെന്ന് അശ്വതി. 

ചില്ലറയല്ല ചില്ലറവിപണി

ഓൺലൈൻ വഴി എത്രയൊക്കെ അളവു വിറ്റഴിക്കാനാവും എന്നു സംശയിക്കുന്ന ഒട്ടേറെപ്പേരുണ്ട്.  ഓരോ സീസണിലെയും  ക്വിന്റൽ കണക്കിന് ഏലവും കുരുമുളകുമൊക്കെ ഇങ്ങനെ വിറ്റഴിക്കുക എളുപ്പമല്ലെന്നും അവർ പറയും. അതുകൊണ്ടുതന്നെ വിളവെടത്താൽ എത്രയും പെട്ടെന്ന് കിട്ടുന്ന വിലയ്ക്കു തലയിൽനിന്നൊഴിവാക്കാനുള്ള തത്രപ്പാടിലാവും മിക്ക കർഷകരും. അതല്ല വേണ്ടതെന്നു പറയുന്നു അശ്വതി. 

കേരളത്തിലെ കർഷകരിൽ നല്ല പങ്കിനും  ഒന്നോ രണ്ടോ ഏക്കർ മാത്രമാണ്  കൃഷിയിടം.  മിക്കവരും സമ്മിശ്രക്കൃഷിക്കാർ. അവരുടെ ഉൽപന്നങ്ങൾ  പ്രാഥമിക സംസ്കരണം നടത്തി സൂക്ഷിച്ചു വച്ച് ഓൺലൈനില്‍ ആണ്ടുവട്ടം ചില്ലറ വിൽപന നടത്തുമ്പോൾ മികച്ച ലാഭവും നിത്യവും വരുമാനവും വന്നുചേരുമെന്ന് അശ്വതി. ഉൽപാദിപ്പിക്കുന്നതിൽ ഒരു പങ്കു മാത്രമേ ഈ രീതിയിൽ വിറ്റഴിക്കാൻ കഴിയൂ എങ്കിൽപോലും മുൻകാലങ്ങളെക്കാൾ നേട്ടമാകുമെന്ന് അശ്വതി പറയുന്നു.

ഫോൺ: 9605352670

English summary: Success Story of a Woman Entrepreneur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com