ADVERTISEMENT

കേരളത്തിൽ ഒരു ദിവസം കശാപ്പു ചെയ്യുന്നത് 10 ലക്ഷം ഇറച്ചിക്കോഴികളെയെന്നാണു കണക്ക്. എന്നാൽ ഇതിന്റെ പത്തിലൊന്നു പോലും ഇവിടെ ഉൽപാദിപ്പിക്കുന്നില്ല. അതുകൊണ്ടു തന്നെ തമിഴ്നാട് പോലെയുള്ള അയൽ സംസ്ഥാനങ്ങളാണ് നമ്മുടെ ഇറച്ചിക്കോഴിയുടെ വില നിശ്ചയിക്കുന്നത്. ദിനംപ്രതി ആയിരക്കണക്കിനു കോഴികളാണ് അതിർത്തി കടന്ന് എത്തുന്നത്. ഇതു കൂടാതെ ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞിനെയും വളർച്ചയ്ക്ക് ആവശ്യമായ തീറ്റയും മറ്റു പ്രതിരോധ മരുന്നുകളും നൽകി കേരളത്തിലെ കർഷകരെക്കൊണ്ട് ‘ഇന്റഗ്രേഷൻ’ എന്ന പേരിൽ വളർത്തി ഇവിടെ തന്നെ വിൽക്കുന്ന രീതിയുമുണ്ട്.

പക്ഷേ, ഈ രംഗത്ത് നമ്മൾ സ്വയംപര്യാപ്തരാകുന്ന ലക്ഷണമില്ല. എന്തുകൊണ്ട്?

  • കോഴിവളർത്തലിന് ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങളെയാണ് വേണ്ടത്. എന്നാൽ, വേണ്ടത്ര ഉൽപാദനം നടക്കുന്നില്ല.
  • ഉൽപാദനച്ചെലവിന്റെ 70 ശതമാനവും കോഴിത്തീറ്റയ്ക്കാണു ചെലവാകുന്നത്. എന്നാൽ ആവശ്യമായ കോഴിത്തീറ്റ ഉൽപാദിപ്പിക്കുന്നില്ല.
  • വൻകിട കമ്പനികൾ വിപണി കീഴടക്കുമ്പോൾ നമ്മുടെ ചെറുകിട നാമമാത്ര കർഷകർ ഉൽപാദിപ്പിക്കുന്ന കോഴിക്കു ശരിയായ വില ലഭിക്കാതെ പോകുന്നു.
  • ഫാമിൽ നിന്ന് 30 മുതൽ 40 ശതമാനം വരെ മാർജിനിൽ ആണ് മൊത്തവ്യാപാരികളായ ഇടനിലക്കാർ വാങ്ങുന്നത്. കർഷകർക്കു സ്വന്തമായി കോഴിക്കടകൾ ഇല്ലാത്തതാണു പ്രശ്നം.

ഇറച്ചിക്കോഴിയെ വളർത്തേണ്ടത് എങ്ങനെ ?

  • ഒരു കോഴിക്ക് 1.5 ചതുരശ്രയടി വിസ്തീർണം എന്ന കണക്കിൽ ഷെഡ് നിർമിക്കണം. അന്തരീക്ഷ ഊഷ്മാവ് കുറഞ്ഞ സ്ഥലങ്ങളിൽ 1.2 ചതുരശ്രയടി മതിയാകും.
  • ഷെഡിന്റെ അകം നല്ലപോലെ കഴുകി വൃത്തിയാക്കി, അണുനാശിനി തളിക്കണം.
  • തറയിൽ 10 സെന്റിമീറ്റർ കനത്തിൽ അറക്കപ്പൊടി വിതറണം.
  • വിശ്വാസയോഗ്യമായ സ്ഥലങ്ങളിൽ നിന്നേ കോഴിക്കുഞ്ഞുങ്ങളെ വാങ്ങാവൂ.
  • കോഴിക്കുഞ്ഞുങ്ങൾക്ക് ഒരാഴ്ചത്തേക്ക് കുറഞ്ഞത് 30 ഡിഗ്രി സെൽഷ്യസ് ചൂട് നൽകണം.
  • 7-ാമത്തെ ദിവസവും 14–ാമത്തെ ദിവസവും 24–ാമത്തെ ദിവസവും രോഗപ്രതിരോധത്തിനുള്ള വാക്സീൻ നൽകണം.
  • ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങൾക്ക് പ്രീസ്റ്റാർട്ടർ തീറ്റയാണു നൽകുന്നത്. 7 മുതൽ 8 ദിവസം വരെ പ്രീസ്റ്റാർട്ടറും പിന്നീട് സ്റ്റാർട്ടർ തീറ്റയും തുടർന്ന് ഫിനിഷർ തീറ്റയുമാണു നൽകുന്നത്.
  • 35 ദിവസം മുതൽ 45 ദിവസത്തിനകം വളർച്ചയെത്തിയ കോഴികളെ വിപണനം നടത്താം.
  • ഷെഡും പരിസരവും വൃത്തിയാക്കി കഴുകി അണുനാശിനി തളിച്ച് കുറഞ്ഞത് 15 ദിവസം അടച്ചിടണം.
  • വർഷത്തിൽ 6 തവണ ഒരു ഷെഡിൽ കോഴിയെ വളർത്താം.

എങ്ങനെ ലാഭകരമാക്കാം?

  • ആവശ്യത്തിനു കോഴിത്തീറ്റ ഉൽപാദിപ്പിക്കണം. ഇതിന് ആവശ്യമായ ഫാക്ടറികൾ സഹകരണാടിസ്ഥാനത്തിലോ സർക്കാർ തലത്തിലോ തുടങ്ങാം. ചോളവും സോയാബീനും ആണ് കോഴിത്തീറ്റയിലെ മുഖ്യഘടകങ്ങൾ. ഇവ ആഗോള ടെൻഡർ വഴി വാങ്ങാം. തമിഴ്നാട് വാങ്ങുന്ന അതേ വിലയ്ക്കോ അതിൽ കുറഞ്ഞ വിലയ്ക്കോ നമുക്കും വാങ്ങാവുന്നതേയുള്ളൂ.
  • സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഫാമുകൾ നവീകരിച്ചു പേരന്റ് സ്റ്റോക് ഫാമുകളാക്കാം. ഇതുവഴി ആവശ്യമായ മുട്ട ഉൽപാദിപ്പിക്കാൻ കഴിയും. സ്വകാര്യ സംരംഭകരെയും സഹകരണ പ്രസ്ഥാനങ്ങളെയും പ്രോത്സാഹിപ്പിക്കാം.
  • ആവശ്യമായ ഹാച്ചറികൾ സ്ഥാപിക്കണം.
  • വിപണനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം. മൂന്നോ നാലോ കർഷകർ ചേർന്ന ചെറുകിട കൂട്ടായ്മ മുതൽ മിൽമ മാതൃകയിൽ സഹകരണപ്രസ്ഥാനങ്ങൾ വരെ ആലോചിക്കാവുന്നതേയുള്ളൂ.
  • കർഷകർക്കു ശാസ്ത്രീയമായ അറിവും പരിശീലനവും നൽകണം.
  • വിപണിവില ക്രമാതീതമായി താഴുന്ന സന്ദർഭങ്ങളിൽ കർഷകർക്കു വേണ്ട സഹായം സർക്കാർ നൽകണം.

English summary: Kerala's Broiler Chicken Market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com