പൊന്നുംവിലയിൽ കാപ്പി: സംസ്ഥാനത്തെ കാപ്പി വിപണി റിക്കോർഡ് വിലയിൽ

HIGHLIGHTS
  • ഇക്കുറി ആഭ്യന്തര കാപ്പി ഉൽപാദനം പതിവിലും കുറഞ്ഞേക്കും
beans
SHARE

കാപ്പി ചൂടുപിടിച്ചതോടെ കർഷകർ സ്റ്റോക്കുള്ള ഓരോ മണിയും പൊന്നും വിലയ്‌ക്കായി പത്തായങ്ങളിലേക്ക്‌ നീക്കി. സംസ്ഥാനത്തെ കാപ്പി വിപണിയുടെ ചരിത്രത്തിൽ ആദ്യമായി പരിപ്പ്‌ വില ക്വിന്റലിന്‌ 17,700‐18,000 റേഞ്ചിലേക്ക്‌ ചുവടുവച്ചത്‌ ആശ്‌ചര്യതോടെ നോക്കിക്കാണുകയാണ്‌ ഓരോ കർഷക കുടുംബങ്ങളും. വയനാടൻ കാപ്പി ലോക പ്രശസ്‌തമെങ്കിലും ഇടുക്കിയിലും കാപ്പിക്കൃഷി മുന്നേറുന്നുണ്ട്. രാജ്യത്ത്‌ എറ്റവും കൂടുതൽ കാപ്പിക്കൃഷി  കർണാടകത്തിലാണെങ്കിലും അതിർത്തി ജില്ലകളിലെ തോട്ടങ്ങളിൽ നിന്നും സീസണിൽ കാപ്പിപൂവിന്റെ മണം ഒഴുകിയെത്താറുണ്ട്‌.

ഇക്കുറി ആഭ്യന്തര കാപ്പി ഉൽപാദനം പതിവിലും കുറയുമെന്ന സൂചനയാണ്‌ ലഭ്യമാകുന്നത്‌. അനവസരത്തിലെ ഉയർന്ന താപനിലയും കാലം തെറ്റിയുള്ള കനത്ത മഴയുമെല്ലാം കാപ്പിക്കർഷകരെ അടിമുടി സമ്മർദ്ദത്തിലാക്കി. ഉണ്ടക്കാപ്പി വില ഇതിനകം 5500 രൂപയിലാണ്‌ 54 കിലോഗ്രാം ചാക്കിന്‌ ഇടപാടുകൾ നടക്കുന്നത്‌. കാപ്പി കയറ്റുമതി രംഗം സജീവമായതിനാൽ ലഭ്യമായ ചരക്ക്‌ ഉയർന്ന വിലയ്‌ക്കും ശേഖരിക്കാൻ വാങ്ങലുകാർ ഉത്സാഹിച്ചു. പുതിയ സീസണിന്‌ ഇനിയും കാത്തിരിക്കമെന്നതിനാൽ കർഷകരും സ്റ്റോക്കിസ്റ്റുകളും കൂടുതൽ ആകർഷകമായ വിലയെ ഉറ്റുനോക്കുന്നു. 

റഷ്യ‐യുക്രെയിൻ യുദ്ധാരംഭത്തിൽ ഇന്ത്യയിൽനിന്നും പൂർണമായി സ്‌തംഭിച്ച കാപ്പി കയറ്റുമതി വീണ്ടും പൂർവസ്ഥതിയിലേക്ക്‌ അടുക്കുന്നത്‌ പ്രതീക്ഷയോടെയാണ്‌ കാപ്പി കയറ്റുമതി സമൂഹം ഉറ്റുനോക്കുന്നത്‌. റഷ്യൻ ഓർഡറുകൾ എത്തുന്നുണ്ടങ്കിലും യുക്രെയിൻ അന്വേഷണങ്ങൾ ഇല്ല. അതേസമയം യൂറോപ്യൻ വിപണികളിൽ വയനാടൻ കാപ്പിക്ക്‌ വൈകാതെ ആവശ്യക്കാർ ഉയരുമെന്നാണ്‌ സൂചന. കാർബൺ ന്യൂട്രൽ പദവിലേക്ക്‌ വയനാടൻ തോട്ടങ്ങൾ ചുവടുവയ്ക്കുന്നത്‌ നമ്മുടെ ഉൽപ്പന്നത്തിന്‌ ഡിമാൻഡ് ഉയർത്തും. 

ബ്രസീലിലും കൊളംബിയയിലും കാപ്പി ഉൽപാദനം ചുരുങ്ങിയതിനാൽ അവരുടെ കരുതൽ ശേഖരത്തിൽ കുറഞ്ഞ അളവിൽ മാത്രമേ ചരക്കുള്ളൂ. കനത്ത മഞ്ഞ്‌ വീഴ്‌ച്ചയും പിന്നീട്‌ അനുഭവപ്പെട്ട വരണ്ട കാലാവസ്ഥയും കാപ്പി ഉൽപാദനം രണ്ടു രാജ്യങ്ങളിലും കുറയാൻ ഇടയാക്കി. അതേസമയം അനുകൂല കാലാവസ്ഥയിൽ വിയറ്റ്‌നാമിൽ ഉൽപാദനം ഉയരുമെന്നാണ്‌ ആദ്യ വിലയിരുത്തൽ. കർണാടകത്തിൽ കാപ്പിയുടെ ലഭ്യത കുറഞ്ഞതിനാൽ ഇന്ത്യൻ വിപണി മികവ്‌ നിലനിർത്തുമെന്ന പ്രതീക്ഷയിലാണ്‌ വ്യാപാര സമൂഹം. ആഗോള വിപണിയിൽ അമേരിക്കയും ജർമ്മനിയും ഇറ്റലിലും കാപ്പി ഇറക്കുമതിക്ക്‌ ഉത്സാഹിക്കുന്നതിനാൽ രാജ്യാന്തര മാർക്കറ്റിലെ ഡിമാൻഡ് തുടരാം. 

തേയില

ശ്രീലങ്കൻ അനിശ്‌ചിതത്വങ്ങൾക്കിടയിൽ അവിടെ നിന്നും തേയില ശേഖരിച്ചിരുന്ന പല രാജ്യങ്ങളും ഇന്ത്യയെ കൂടുതലായി ആശ്രയിക്കുന്നു.  ദക്ഷിണേന്ത്യൻ തേയിലയ്‌ക്ക്‌ ശ്രീലങ്കൻ ഉൽപ്പന്നത്തിന്റെ സ്വാദ്‌ നിലനിർത്താനായത്‌ വിദേശ ഡിമാൻഡ് ഉയർത്തി. റഷ്യൻ ഇറക്കുമതിക്കാർ ഏതാനും മാസങ്ങളായി ദക്ഷിണേന്ത്യൻ ലേല കേന്ദ്രങ്ങളെയാണ്‌ ആശ്രയിക്കുന്നത്‌. 

ഇറാനും തുർക്കിയും പശ്‌ചിമേഷ്യൻ രാജ്യങ്ങളും കൊച്ചി, കൂനൂർ ലേലങ്ങളിൽ തമ്പടിച്ചത്‌ വില മെച്ചപ്പെടുത്തി. ശ്രീലങ്കൻ അനിശ്‌ചിതത്വം നീളുന്നതിനാൽ വിദേശ ആവശ്യം  തുടരുമെന്നാണ്‌ കയറ്റുമതി മേഖലയുടെ വിലയിരുത്തൽ, ഇതേ പ്രതീക്ഷ തന്നെയാണ്‌ തോട്ടം മേഖലയ്‌ക്കും. ഇതിനിടയിൽ ഓർത്തഡോക്‌സ്‌ ഇനം തേയിലയുടെ ലഭ്യത കുറഞ്ഞതിനാൽ ഉൽപാദനം ഉയർത്താനുള്ള ശ്രമത്തിലാണ്‌ രാജ്യത്തെ മൂന്ന്‌ വൻകിട തേയില നിർമാതാക്കൾ. ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലെയും ലേല കേന്ദ്രങ്ങളിൽ വിദേശ ആവശ്യം ഉയർന്നതലത്തിൽ നീങ്ങുന്നതിനൊപ്പം ഓരേ ലേലത്തിലും ഇല, പൊടി ഇനങ്ങളുടെ നിരക്കും ഉയരുന്നത്‌ ചെറുകിട തേയില കർഷകർക്കും ആവേശമായി. 

ഭക്ഷ്യയെണ്ണ

ആഗോള വിപണിയിൽ ഭക്ഷ്യയെണ്ണ വില റെക്കോർഡ്‌ നിലവാരത്തിൽ നിന്നും ഇടിയുന്നു. പല രാജ്യങ്ങളിലും സീസൺ ആരംഭിച്ചതിനൊപ്പം സ്‌റ്റോക്ക്‌ വിറ്റുമാറാൻ നടത്തുന്ന തിരക്കിട്ട നീക്കങ്ങൾ വിലയിൽ പ്രതിഫലിച്ചു. ചുരുങ്ങിയ ആഴ്‌ച്ചകളിൽ ഭക്ഷ്യയെണ്ണ വില ടണ്ണിന്‌ 300 ഡോളർ ഇടിഞ്ഞു. നിരക്ക്‌ വീണ്ടും താഴുമെന്ന സൂചന നാളികേര മേഖലയ്‌ക്ക്‌ തിരിച്ചടിയാകും.  

യുക്രെയിൻ സൂര്യകാന്തിയെണ്ണ കയറ്റുമതി പുനരാരംഭിച്ചതായാണ്‌ എണ്ണ വിപണിയിലെ പുതിയ വിശേഷം. റഷ്യൻ ആക്രമണങ്ങളെത്തുടർന്ന്‌ അവരുടെ എണ്ണ കയറ്റുമതി പൂർണമായി സ്‌തംഭിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ആദ്യപടിയായി യൂറോപ്യൻ രാജ്യങ്ങളിലേക്ക്‌ റോഡ്‌ മാർഗ്ഗമാണ്‌ അവർ സൂര്യകാന്തിയെണ്ണ നീക്കുന്നത്‌. നേരത്തെ കയറ്റുമതിക്ക്‌ നേരിട്ട തടസം മൂലം കെട്ടികിടന്ന ചരക്കാണ്‌ അയൽ രാജ്യങ്ങളിലേക്ക്‌ കയറ്റിവിടുന്നത്‌. 

ഇതിനിടെ ഇന്തോനേഷ്യ പാം ഓയിൽ കയറ്റുമതി ഊർജിതമായതോടെ നിരക്ക്‌ താഴ്‌ത്തി ചരക്ക്‌ വിറ്റഴിക്കാൻ മലേഷ്യയും രംഗത്തിറങ്ങി. ആഭ്യന്തര പാചകയെണ്ണയുടെ വിലക്കയറ്റം നിയന്ത്രിക്കാൻ ഡ്യൂട്ടിയിൽ ഇന്ത്യ വരുത്തിയ ഇളവുകൾ നേട്ടമാക്കാൻ ഇറക്കുമതി ലോബിയും ഉത്സാഹിച്ചു. ഏകദേശം പതിമൂന്നര ദശലക്ഷം ടൺ വിദേശ പാചകയെണ്ണ ഇറക്കുമതി നടത്തുന്നതിൽ അറുപത്‌ ശതമാനത്തിലധികം പാം ഓയിലാണ്‌. 

നേരത്തെ ടണ്ണിന്‌ 1800 ഡോളർ വരെ ഉയർന്ന പാം ഓയിൽ ഇതിനകം 1300 റേഞ്ചിലേക്ക്‌ നീങ്ങിയത്‌ ഇന്ത്യൻ വ്യവസായികളെ ആകർഷിച്ചു. വിദേശ ചരക്ക്‌ കൂടുതലായി എത്തുന്നത്‌ വെളിച്ചെണ്ണയെ ബാധിക്കുമെന്ന തിരിച്ചറിവിൽ കൊപ്ര സംഭരണത്തിൽ തണുപ്പൻ മനോഭാവം തുടരുകയാണ്‌ വൻകിട മില്ലുകാർ. നാലാഴ്‌ച്ചയിൽ ഏറെയായി കൊപ്ര 8250‐8400 രൂപയിലാണ്‌ കേരളം, തമിഴ്‌നാട്‌ വിപണികളിൽ. രണ്ട്‌ സംസ്ഥാനങ്ങളിലും മഴയുടെ അളവ്‌ പതിവിലും കുറവായതിനാൽ വിളവെടുപ്പിനെ കാര്യമായി ബാധിച്ചില്ല. 

കുരുമുളക്‌ 

വിദേശ കുരുമുളക്‌ രാജ്യത്തെ വിവിധ മേഖലകളിൽ എത്തിച്ച ശേഷം ആഭ്യന്തര വില ഉയർത്താനുള്ള ശ്രമത്തിലാണ്‌ ഇറക്കുമതി ലോബി. പല രാജ്യങ്ങളിൽ നിന്നുമായി ടണ്ണിന്‌ 4000 ഡോളറിൽ താഴ്‌ന്ന വിലയ്‌ക്ക്‌ സംഭരിച്ച മുളക്‌ ഉത്തരേന്ത്യൻ ഗോഡൗണുകളിൽ അവർ സംഭരിച്ചിട്ടുണ്ട്‌. ഈ ചരക്ക്‌ കൂടിയ വിലയ്‌ക്ക്‌ മറിച്ച്‌ വിൽപ്പന നടത്താൻ ആഭ്യന്തര വിപണിയിൽ നിന്നും ഉയർന്ന വിലയ്‌ക്ക്‌, എന്നാൽ കുറഞ്ഞ അളവിൽ മാത്രം മുളക്‌ ശേഖരിക്കാൻ അവർ കഴിഞ്ഞ ദിവസങ്ങളിൽ താൽപര്യം കാണിച്ചു. 

ഉത്തരേന്ത്യൻ ഉത്സവകാല ഡിമാൻഡ് മുന്നിൽ കണ്ടുള്ള ചുവടുവെപ്പാണ്‌ അവർ നടത്തുന്നത്‌. പിന്നിട്ടവാരം കൊച്ചിയിൽ അൺ ഗാർബിൾഡ്‌ കുരുമുളക്‌ വില ക്വിന്റലിന്‌ 400 രൂപ വർധിച്ച്‌ 48,900 രൂപയിലെത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും 120 ടൺ മുളകാണ്‌ പോയവാരം വിൽപ്പനയ്‌ക്ക്‌ വന്നത്‌. 

 English summary: Commodity Markets Review June 27

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS