കത്തിനുള്ളിൽ പൊടിരൂപത്തിൽ അയച്ച് ജൈവയുദ്ധം; ആന്ത്രാക്സിനെക്കുറിച്ച് കൂടുതൽ അറിയാം

anthrax-1
SHARE

കഴിഞ്ഞ ദിവസം തൃശൂർ ജില്ലയിലെ അതിരപ്പള്ളി വനമേഖലയിലെ കാട്ടുപന്നികളിൽ ആന്ത്രാക്സ് രോഗം സ്ഥിരീകരിച്ചു എന്ന വാർത്ത വന്നതോടുകൂടി വീണ്ടും ശ്രദ്ധ നേടിയിരിക്കുകയാണ് ആന്ത്രാക്സ് രോഗം. മുമ്പും കേരളത്തിലും തെക്കേ ഇന്ത്യയുടെ പല ഭാഗങ്ങളിലും ഒറ്റപ്പെട്ട സ്ഥിരീകരണങ്ങൾ ഉണ്ടായിട്ടുണ്ട്. മൃഗങ്ങളിൽനിന്നും മനുഷ്യരിലേക്ക് പടരുന്നതാണെങ്കിലും മനുഷ്യരിൽനിന്നും മനുഷ്യരിലേക് രോഗബാധ പടർന്നതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അമേരിക്കയിൽ 2001ൽ ആന്ത്രാക്സ് സ്പോറുകളെ കത്തിനുള്ളിൽ പൊടിരൂപത്തിൽ അയച്ചു നടത്തിയ ജൈവതീവ്രവാദത്തിൽ  (Bioterrorism) അഞ്ചു പേർ മരണമടഞ്ഞതോടെ ലോകം ഭയക്കുന്ന ആന്ത്രാക്സ് മാരിയെ WHO ജൈവ ആയുധങ്ങളിലെ (bioterrorism) class A ഏജന്റായി കണ്ടു വരുന്നു. 

എന്താണ് ആന്ത്രാക്സ് രോഗം?

എല്ലാ സസ്തനികളിലും തീവ്രമായ രോഗബാധ ഉണ്ടാക്കാൻ കഴിവുള്ള ബാസില്ലസ്സ് ആന്ത്രാക്സ് (Bacillus anthracis) എന്ന ബാക്റ്റീരിയ മൂലമുണ്ടാകുന്ന ഒരു ജന്തുജന്യ സാംക്രമിക രോഗമാണ് ആന്ത്രാക്സ്. സാധാരണയായി രോഗബാധയേറ്റ  മൃഗങ്ങളുമായോ അവയുടെ ശവശരീരങ്ങളുമായോ നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് മനുഷ്യനിലേക്ക് രോഗം പടരുന്നത്. 

ആന്ത്രാക്സ് ബാക്റ്റീരിയ ശരീരത്തിന് പുറത്തെത്തി വായുവുമായി സമ്പർക്കത്തിൽ ഏർപ്പെട്ടാൽ ഉടൻ തന്നെ സ്പോറുകളായി (Spores) രൂപാന്തരം പ്രാപിക്കും. അന്തരീക്ഷത്തിൽ അമ്പതിൽ കൂടുതൽ വർഷങ്ങളോളം നാശം സംഭവിക്കാതെ കഴിയാൻ ആന്ത്രാക്സ്  അണുക്കളെ ഇത് സഹായിക്കും. ആന്ത്രാക്സ് സ്പോറുകൾ മൃഗങ്ങളുടെയോ മനുഷ്യന്റെയോ ശരീരത്തിലേക്ക് കടന്നു കഴിഞ്ഞാൽ സ്പോറുകൾ തിരിച്ചു വെജിറ്റേറ്റീവ് ഫോമിലേക്ക് (ബാക്ടീരിയ ശരീരത്തിനുള്ളിൽ കാണപ്പെടുന്ന അവസ്ഥ) മാറുകയും രോഗബാധ ഉണ്ടാക്കുകയും ചെയ്യും 

ആന്ത്രാക്സ് സ്പോറുകൾ ശ്വസനത്തിലൂടെയും, വായയിലൂടെയും, ത്വക്കിലൂടെയും (ചർമം) നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കാം. സാധാരണയായി മൂന്നു തരം രോഗങ്ങളാണ് ( Inhalational anthrax, Gastrointestinal anthrax, Cutaneous anthrax) ആന്ത്രാക്സ് മനുഷ്യരിൽ ഉണ്ടാകുക. ഇതിൽ Inhalational anthrax അഥവാ ശ്വാസകോശത്തെ  ബാധിക്കുന്ന ആന്ത്രാക്സ് രോഗമാണ് ഏറ്റവുമധികം ഭീകരവും ജീവൻ തന്നെ ഭീക്ഷണി ഉണ്ടാക്കുന്നതും.

ബ്രോഡ് സ്പെക്ട്രം ആന്റിബയോട്ടിക്കുകളുടെ സഹായത്തോടെ തക്ക സമയത്തു ചികിത്സ ലഭിച്ചാൽ ആന്ത്രാക്സ് രോഗത്തെ ഒരു പരിധി വരെ പിടിച്ചുകെട്ടാൻ സാധിക്കും. 

പകരുന്നത് എങ്ങനെ? 

അണുബാധയുള്ള പ്രദേശങ്ങളിലെ മണ്ണ് ആന്ത്രാക്സ് സ്പോറുകളുടെ ഉറവിടമായി വർഷങ്ങളോളം തുടരുന്നു. കഠിനമായ വേനൽ കഴിഞ്ഞുള്ള മഴയിലും, പെരുമഴക്കാലങ്ങളിലുമാണ് സാധാരണ രോഗബാധ പൊട്ടിപ്പുറപ്പെടുന്നത്. അന്തരീക്ഷത്തിന്റെ താപനില, ഊഷ്മാവ്, മണ്ണിന്റെ അമ്ലത്വം എന്നിവയൊക്കെ ആന്ത്രാക്സ് സ്പോറുകളെ ബാധിക്കുന്നു. ആന്ത്രാക്സ് രോഗത്തിന്റെ ഉത്ഭവത്തിനു കാലാവസ്ഥയുമായുള്ള ബന്ധത്തെക്കുറിച്ച് പഠനങ്ങൾ നടക്കുകയാണ്. 

അന്തരീക്ഷത്തിലെ സ്പോറുകളുമായി കന്നുകാലികളും, പന്നി പോലുള്ള മറ്റു മൃഗങ്ങളും സമ്പർക്കത്തിലാകുന്നതോടെ സ്പോറുകൾ ശരീരത്തിനുള്ളിൽ പ്രവേശിക്കുകയും മൃഗങ്ങളിൽ രോഗബാധ ഉണ്ടാക്കുകയും ചെയ്യുന്നു. രോഗബാധയേറ്റ മൃഗങ്ങങ്ങളുടെ സ്രവത്തിലൂടെ അണുക്കൾ പുറത്തു വരുകയും സ്പോറുകളായി മാറി അന്തരീക്ഷത്തിൽ അണുബാധ ഉണ്ടാക്കുകയും ചെയ്യുന്നു. 

ഇത്തരത്തിൽ മലിനീകരിക്കപ്പെട്ട അന്തരീക്ഷവുമായി മറ്റു മൃഗങ്ങളോ മനുഷ്യരോ സമ്പർക്കത്തിലാകുന്നതോടെ സ്പോറുകൾ ശ്വസനത്തിലൂടെയോ വായയിലൂടെയോ ത്വക്കിലൂടെയോ ശരീരത്തിലേക് പ്രവേശിക്കും.  Biting flies (Tabanids) അഥവാ വലിയ ഈച്ചകൾ മൃഗങ്ങളുടെ ഇടയിൽ രോഗം പരത്തുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.  

തിരിച്ചറിയപ്പെടാതെ രോഗബാധയേറ്റ മൃഗത്തിന്റെ മാസം ഭക്ഷിക്കുന്നതോടെ സ്പോറുകൾ ആമാശയത്തിൽ എത്തുകയും മനുഷ്യരിൽ ഇത് ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനൽ ആന്ത്രാക്സ് രോഗത്തിന് കാരണമാകുകയും ചെയ്യും. മൃഗങ്ങളുടെ തുകൽ സംസ്കരിക്കുന്ന ഫാക്ടറികളിൽ ജോലി ചെയ്യുന്നവരിൽ അണുബാധയേറ്റ മൃഗങ്ങളുടെ തുകൽ സ്പർശിക്കുന്നതിലൂടെ ത്വക്കിനെ ബാധിക്കുന്ന cutaneous ആന്ത്രാക്സ് ഉണ്ടാക്കാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ടു തന്നെ ഇതിനെ ഹൈഡ് പോർട്ടർ ഡിസീസ് (Hide porters disease) എന്നു വിളിക്കാറുണ്ട്. അതുപോലെ, കമ്പിളി സംസ്കരണ തൊഴിലാളികൾക്കിടയിൽ ശ്വാസകോശത്തെ ബാധിക്കുന്ന Inhalation anthrax സാധാരണയായി കാണപ്പെടുന്നതുകൊണ്ട് ഇതിനെ വൂൾ സോർട്ടേഴ്‌സ് ഡിസീസ് എന്നും വിളിക്കുന്നു (Woolsorter’s disease).      

വളർത്തുമൃഗങ്ങൾക്ക് പുറമേ വന്യമൃഗങ്ങളിലും രോഗബാധയുണ്ടാകാം. ദക്ഷിണേന്ത്യയിൽ പല കാടുകളിലും ആനകൾ ആന്ത്രാക്സ് ബാധിച്ചു ചരിഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. കോയമ്പത്തൂരിനടുത്ത് ആനക്കട്ടിയിൽ 2021 ജൂലൈയിൽ ആന്ത്രാക്സ് മൂലം ഒരു ആന ചരിഞ്ഞതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ആഫ്രിക്കയിലെ ബോട്സ്വാനയിൽ നൂറോളം ആനകളാണ്, 2019 ൽ ആന്ത്രാക്സ് ബാധിച്ചു ചരിഞ്ഞത്. ആനകൾക്കു പുറമെ കാട്ടുപോത്തും മാനുകളുമൊക്കെ അന്ത്രാക്സിന് ഇരയാകാറുണ്ട്. പൊതുവെ കുതിര, പന്നി വിഭാഗത്തിൽപ്പെടുന്ന ജീവികൾ കന്നുകാലി വർഗ്ഗത്തേക്കാൾ അന്ത്രാക്സിനോട് പ്രധിരോധ ശേഷിയുള്ളവരാണ്. എന്നാൽ അന്ത്രാക്സിനോട് വളരെ അധികം പ്രതിരോധ ശേഷിയുള്ള മാംസഭുക്കുകളായ ചെന്നായ, പട്ടി, പൂച്ച, പുലി, കടുവ തുടങ്ങിയ ജീവികളിലും ആന്ത്രാക്സ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാട്ടുപന്നികളിൽ ആന്ത്രാക്സ് രോഗം ഉണ്ടായ സംഭവങ്ങൾ വളരെ കുറവാണ്.  

anthrax

രോഗ ലക്ഷണങ്ങൾ? 

ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാലുടൻ സ്പോറുകൾ വെജിറ്റേറ്റീവ് ഫോമുകളിലേക് തിരിച്ചു വരികയും അവ ശരീരത്തിലെ വിവിധ കോശങ്ങളെ ബാധിക്കുകയും ചെയ്യും. ആന്ത്രാക്സ് ബാക്റ്റീരിയ ശരീരത്തിനുള്ളിൽവച്ച് ഉൽപാദിപ്പിക്കുന്ന പ്രൊട്ടക്ട്ടീവ് ആന്റിജൻ (Protective antigen), ലീതൽ ഫാക്ടർ (Lethal factor), എടിമ ഫാക്ടർ (Edema factor) എന്ന മൂന്ന് ബാക്റ്റീരിയൽ ടോക്സിൻ കോംപ്ലെക്‌സാണ് ആന്ത്രാക്സ് രോഗമുണ്ടാക്കുന്ന എല്ലാ രോഗലക്ഷണങ്ങൾക്കും കാരണം.

മൃഗങ്ങളിൽ ഒന്ന് മുതൽ രണ്ട് വരെ ആഴ്ചയാണ് ഇൻക്യൂബേഷൻ പീരിയഡ്. പക്ഷേ രോഗം വന്നാൽ ഉടൻ തന്നെ മരണം സംഭവിക്കാറുണ്ട് (Peracute infection). പൊടുന്നനെ കന്നുകാലികൾ ചത്തുപോകുന്നതാണ് കർഷകരും മൃഗങ്ങളെ വളർത്തുന്നവരും ആദ്യമായി ശ്രദ്ധിക്കുന്ന ലക്ഷണം. മരണമടയുന്നതിനു മുമ്പ് തന്നെ കാലികൾ തീറ്റ എടുക്കാൻ വിമുഖത കാണിക്കാറുണ്ടെങ്കിലും ഇത് മറ്റെല്ലാ രോഗങ്ങളിലും കാലികൾ പ്രകടിപ്പിക്കാറുള്ള ലക്ഷണമായതിനാൽ ശ്രദ്ധിക്കപ്പെടാറില്ല. ചത്ത ഉരുക്കളുടെ മൂക്ക്, വായ, മലദ്വാരം, ചെവി  തുടങ്ങിയ സ്വാഭാവികമായ തുറസ്സുകളിലൂടെ കട്ട പിടിക്കാത്ത കറുത്ത നിറത്തിലുള്ള രക്‌തം  ഒഴുകി കൊണ്ടിരിക്കുക, വയർ ഭാഗം വീർത്തു വരിക തുടങ്ങിയ ലക്ഷണങ്ങളും കാണാറുണ്ട്.  

മനുഷ്യരിൽ ആന്ത്രാക്സ് മൂന്നു തരത്തിലുള്ള രോഗ ലക്ഷണങ്ങളാണ് ഉണ്ടാകാറുള്ളത്.  

1. ശ്വസനത്തിലൂടെയുള്ളത്

ശ്വസനത്തിലൂടെ ആന്ത്രാക്സ് സ്പോറുകൾ ശരീരത്തിൽ  പ്രവേശിച്ചു ശ്വാസകോശത്തെ ബാധിക്കുന്നു. സാദാരണ പനി പോലുള്ള നിർദ്ദിഷ്ടമല്ലാത്ത രോഗലക്ഷണങ്ങൾക്ക് പുറമെ, ശ്വാസ തടസം, നെഞ്ചുഭാഗത്തു നേരിയ നീർക്കെട്ട്, നെഞ്ചു വേദന തുടങ്ങിയവ അനുഭവപ്പെടാം. 

2. ത്വക്കിനെ ബാധിക്കുന്നത്

സൂക്ഷ്മമായ മുറിവുകളോ, നേർത്തതോ ആയ ചർമ്മം സ്പോറുകളുമായി സമ്പർക്കത്തിൽ വരുമ്പോളാണ് ത്വക്കിനെ ബാധിക്കുന്ന ആന്ത്രാക്സ് ഉണ്ടാകുന്നത്. ത്വക്കിൽ ആദ്യം ചെറിയ കുമിളകൾ വന്ന് ഒന്നോ രണ്ടോ ദിവസം കൊണ്ട് ഈ കുമിളകൾ വലുതാവുകയും അവ പൊട്ടി നീരൊഴുക്കുണ്ടാകുകയും ചെയ്യും. ഇങ്ങനെ വലുതായ കുമിളകൾക്ക് ചുറ്റുമായി നീർക്കെട്ടും ഒപ്പം പനി, തലവേദന തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്. അറവുശാല തൊഴിലാളികൾ, തുകൽ സംസ്കരണ തൊഴിലാളികൾ തുടങ്ങിയവരിൽ ഈ തരം ആന്ത്രാക്സ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 

3. ആന്തരികാവയവങ്ങളിൽ

രോഗബാധയേറ്റ മൃഗത്തിന്റെ മാംസം ഭക്ഷിക്കുന്നതിലൂടെയോ, സ്പോറുകളാൽ മലിനപ്പെട്ട ഭക്ഷ്യവസ്തുക്കളിലൂടെയോ രോഗബാധ ഉണ്ടാകാം. വായ, അന്നനാളം, ആമാശയം, കുടൽ തുടങ്ങിയ അവയവങ്ങളെ രോഗം ബാധിക്കുന്നു. നിർദ്ദിഷ്ടമല്ലാത്ത രോഗലക്ഷണങ്ങളായ വയറുവേദന, ഛർദ്ദി, വയറിളക്കം, പനി, തലവേദന ഒക്കെ അനുഭവപ്പെടാറുണ്ട്. തക്ക സമയത്തു ചികിത്സ നേടിയില്ലെങ്കിൽ രക്തം ഛർദ്ദിക്കുക, നീർകെട്ട്, ശരീരമാസകലം വേദന തുടങ്ങിയവ ഉണ്ടാകാം.    

എങ്ങനെ രോഗം നിർണയിക്കാം?

ചത്ത മൃഗങ്ങളുടെ രക്ത സാമ്പിളുകളിൽ മൈക്രോസ്കോപ്പിലൂടെ ആന്ത്രാക്സ് ബാക്റ്റീരിയയെ കണ്ടെത്തുന്നതുവഴിയാണ് രോഗബാധ സ്ഥിരീകരിക്കുന്നത്. രോഗബാധയേറ്റ മൃഗങ്ങൾ പൊടുന്നനെ ചത്തു പോകുന്നതിനാൽ മരണത്തിന് മുമ്പ് രോഗം സ്ഥിരീകരിക്കുക പ്രയാസമാണ്. ആന്ത്രാക്സ് രോഗബാധയേറ്റ മൃഗങ്ങളെ പോസ്റ്റ്‌മോർട്ടം നടപടികൾക്കു വിധേയമാക്കാറില്ല.

മനുഷ്യരിൽ ആന്ത്രാക്സ് ബാക്റ്റീരിയയെ മൈക്രോസ്കോപ്പിലൂടെ കണ്ടെത്തി രോഗനിർണയം നടത്തുന്ന രീതി ത്വക്കിലെ (Cutaneous) ആന്ത്രാക്സ് സ്ഥിതീകരണത്തിനായി ഉപയോഗിക്കാറുണ്ട്. പൊട്ടി ഒലിക്കുന്ന കുമിളകളിൽ നിന്നും സ്രവിക്കുന്ന ദ്രാവകങ്ങളാണ് ഇതിനായി ഉപയോഗിക്കുക. 

Inhalational anthrax, Gastrointestinal anthrax രോഗങ്ങളുടെ ലക്ഷണങ്ങൾ ദോഷകരമല്ലാത്തതിനാൽ രോഗനിർണയം ക്ലേശകരമാണ്. രോഗലക്ഷണങ്ങളുള്ള വ്യക്തിയുടെ തൊഴിൽ, ആന്ത്രാക്സ് രോഗവുമായുള്ള സമ്പർക്കം തുടങ്ങിയ വിവരങ്ങൾ ആരോഗ്യ പ്രവർത്തകരെ രോഗനിർണയത്തിന് സഹായിക്കും. രക്തം, സ്രവങ്ങൾ എന്നിവ മൈക്രോസ്കോപിക് പരിശോധനയ്ക്ക് വിധേയമാക്കിയും, ബാക്റ്റീരിയ കൾച്ചർ ചെയ്തുമൊക്കെ രോഗം സ്ഥിരീകരിക്കാറുണ്ട്. ബ്ലഡ് അഗർ (Blood agar) എന്ന ബാക്റ്റീരിയൽ കൾച്ചർ മീഡിയയിൽ ആന്ത്രാക്സ് ബാക്ടീരിയയുടെ കോളനികൾ ഗ്രീക്ക് മിത്തോളജിയിലെ മെഡുസ എന്ന കഥാപാത്രത്തിന്റെ തലമുടിയുടെ ആകൃതിയിലാണ് വളരുക (Medusa head). ഈ സവിശേഷത ആന്ത്രാക്സ് രോഗനിർണയത്തെ ഏറെ സഹായിക്കുന്നു.  

സെറോളജിക്കൽ ടെക്നിക് ആയ അസ്‌കോളിസ് പ്രെസിപിറ്റേഷൻ ടെസ്റ്റ് (ascoli’s precipitation test) ഉപയോഗിച്ച് ശരീരത്തിലെ ആന്ത്രാക്സ് ആന്റിജൻസ് കണ്ടെത്തുന്നതുവഴിയും രോഗനിർണയം സാധ്യമാണ്. കോവിഡ് കാലത്തു സുപരിചിതമായ പിസിആർ സാങ്കേതിക വിദ്യയും ഇക്കാലത്ത് മനുഷ്യരിലും മൃഗങ്ങളിലും രോഗനിർണയത്തിനായി ഉപയോഗിക്കാറുണ്ട്.

എന്താണ് ചികിത്സ?  

രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുമ്പോൾ തന്നെ മരണം സംഭവിക്കുന്നതിനാൽ  മൃഗങ്ങളിൽ ചികിത്സ നൽകാനുള്ള സാവകാശം പലപ്പോഴും ലഭിക്കാറില്ല. എന്നാൽ കൂട്ടിലുള്ള മറ്റു മൃഗങ്ങൾക്ക് രോഗം പടരാതിരിക്കുവാനായി ആന്ത്രാക്സ് സ്ഥിതീകരിച്ച മൃഗത്തോടൊപ്പം പാർപ്പിച്ചതും സമ്പർക്കത്തിൽ വന്നതുമായ എല്ലാ മൃഗങ്ങൾക്കും പ്രതിരോധ  ആന്റിബയോട്ടിക്ക് ചികിത്സ (Prophylactic antibiotic therapy) നൽകാറുണ്ട്, ഒപ്പം പ്രതിരോധ കുത്തിവയ്പ്പും നടത്തും. മുകളിൽ സൂചിപ്പിച്ച ലക്ഷണങ്ങളോടെ ഉരുക്കൾ മരണപ്പെടുകയും ലക്ഷണങ്ങൾ കണ്ടാലും, ഉടനടി വെറ്ററിനറി ഡോക്ടറുടെ സേവനം ലഭ്യമാക്കി സ്ഥിതിഗതികൾ വിലയിരുത്തി അടിയന്തര നടപടികൾ കൈകൊള്ളാൻ കർഷകർ ശ്രദ്ധിക്കേണ്ടതുണ്ട്. 

ലക്ഷണങ്ങൾ ശക്തമല്ലാത്തതിനാൽ ആശുപത്രി സേവനം തേടാതെ രോഗം മൂർച്ഛിക്കുന്ന സാഹചര്യങ്ങൾ മനുഷ്യരുടെ ഇടയിലുണ്ട്. അസ്വസ്ഥത അനുഭവപ്പെടുമ്പോൾ തന്നെ ആധുനിക വൈദ്യസേവനം തേടി ശരിയായ രോഗനിർണയം നടത്തിയാൽ ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന രോഗമാണ് ആന്ത്രാക്സ്. ആന്റിബയോട്ടിക്ക് തെറാപ്പിയും, രോഗലക്ഷങ്ങൾ മൂലമുള്ള അസ്വസ്ഥതകൾ കുറയ്ക്കാനും രോഗ പ്രതിരോധനത്തെ സഹായിക്കുന്ന സിംറ്റമാറ്റിക് & സപ്പോർട്ടീവ് തെറാപ്പി (Symptomatic & Supportive therapy) ഉൾപ്പെടുന്നതാണ് അന്ത്രാക്സിനെതിരെയുള്ള ചികിത്സ. 

എങ്ങനെ പ്രതിരോധിക്കാം?

രോഗബാധ അധികമുള്ള (Endemic) സ്ഥലങ്ങളിലെ കന്നുകാലികൾക്കും, മൃഗശാല പോലുള്ള സംവിധാനങ്ങളിലെ വന്യമൃഗങ്ങൾക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകാറുണ്ട്. എന്നാൽ രോഗ ബാധിതാ മേഖലകളല്ലാത്ത സ്ഥലങ്ങളിൽ പ്രതിരോധ കുത്തിവയ്പ്പുകൾ നൽകേണ്ടതില്ല. 

ഏതെങ്കിലും പ്രദേശങ്ങളിൽ  ഒരു മൃഗത്തിലെങ്കിലും ആന്ത്രാക്സ് സ്ഥിരീകരിച്ചാൽ, അതിനു നിശ്ചിത ചുറ്റളവിലുള്ള എല്ലാ മൃഗങ്ങൾക്കും ഉടനടി പ്രധിരോധ കുത്തിവയ്പ്പ് നൽകേണ്ടതുണ്ട്. ഇതിനെ റിങ് വാക്സിനേഷൻ (Ring vaccination) എന്നാണ് പറയുന്നത്. രോഗബാധയേറ്റ മൃഗവുമായി നേരിട്ടോ അല്ലാതെയോ സമ്പർക്കത്തിൽ ഏർപെടാൻ സാധ്യതയുള്ള എല്ലാ മൃഗങ്ങൾക്കും  പ്രധിരോധ ആന്റിബയോട്ടിക്ക് ചികിത്സയും (Prophylactic antibiotic therapy) നൽകണം. 

ആന്ത്രാക്സ് ബാധയേറ്റ് ചാകുന്ന മൃഗങ്ങളെ ശരിയായ രീതിയിൽ മറവു ചെയ്യേണ്ടതാണ്. പൂർണ്ണമായി ദഹിപ്പിക്കുകയോ അല്ലെങ്കിൽ കുറഞ്ഞത് ആറടിയെങ്കിലും താഴ്ചയിൽ കുഴിച്ചിടുകയോ വേണം. ഫോർമാൽഡിഹൈഡ് (Formaldehyde), പെറസറ്റിക്ക് ആസിഡ് (peracetic acid) തുടങ്ങിയവ വെറ്ററിനറി ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഉപയോഗിച്ച്‌ അണുനശീകരണം നടത്താവുന്നതാണ്. അതുപോലെതന്നെ ആന്ത്രാക്സ് ബാധയേറ്റ മൃഗത്തിന്റെ കൂട്, അതിനായി ഉപയോഗിച്ച പാത്രങ്ങൾ, തുടങ്ങിയവയും അണുനാശിനി ഉപയോഗിച്ചു ശുദ്ധീകരിച്ച ശേഷം മാത്രമേ വീണ്ടും ഉപയോഗിക്കാവൂ.    

ലോകാരോഗ്യ സംഘടനയും (WHO), ലോക ആനിമൽ ഹെൽത്ത് സംഘടനയും (WOAH) ആന്ത്രാക്സിനെ നോട്ടിഫൈയബിൾ (Notifiable) ഡിസീസായാണ് കാണുന്നത്, അതിനാൽ ആന്ത്രാക്സ് രോഗബാധ കൃത്യമായി ഗവൺമെന്റുകൾ ഈ സംഘടനകളെ അറിയിക്കേണ്ടതുണ്ട്. മറ്റുള്ള രാജ്യങ്ങൾക്കും പ്രദേശങ്ങൾക്കും മുന്നറിയിപ്പുകൾ നൽകാനിതു സഹായിക്കും. 

മൃഗങ്ങളുമായി സ്ഥിര സമ്പർക്കത്തിൽ ഏർപെടേണ്ടി വരുന്നവർ, മാംസോൽപാദന മേഖലയിലും, തുകൽ, കമ്പിളി സംസ്കരണ ഫാക്ടറികളിലെ തൊഴിലാളികൾ, വനത്തിനുള്ളിൽ ജോലി ചെയ്യുന്നവർ തുടങ്ങിയവരാണ് ആന്ത്രാക്സ് രോഗബാധയേൽക്കാൻ ഏറെ സാധ്യതയുള്ളവർ. പ്രധിരോധ കുത്തിവയ്പ്പുകൾ മനുഷ്യരിൽ ലഭ്യമാണെങ്കിലും അപൂർവമായി മാത്രമേ ഉപയോഗിക്കാറുള്ളൂ. 

മൃഗങ്ങളുമായും, മൃഗങ്ങളിൽ നിന്നും ഉൽപാദിപ്പിക്കുന്ന ഉൽപനങ്ങളുമായും സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ മതിയായ സുരക്ഷാ കവചങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ശവശരീങ്ങൾ മറവു ചെയ്യുന്നവരും രോഗബാധയേറ്റ മൃഗങ്ങളെ ശുശ്രൂഷിക്കുന്നവരും പ്രത്യേകം കരുതൽ സ്വീകരിക്കണം. ആരോഗ്യമുള്ളതും വെറ്ററിനറി സർജൻ പരിശോധിച്ച് ഭക്ഷ്യയോഗ്യമായ മാംസം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. രോഗമുള്ള മൃഗങ്ങളെ മാംസത്തിനായി ഉപയോഗിക്കുന്നത് അപകടകരമാണ്. വന്യജീവികളുമായി അനാവശ്യമായ സമ്പർക്കങ്ങൾ ഒഴിവാക്കേണ്ടത് ആന്ത്രാക്സ് ഉൾപ്പെടെ പല ജന്തുജന്യ രോഗങ്ങളെയും പ്രതിരോധിക്കാൻ അത്യാവശ്യമാണ്. 

ശരിയായ മുൻകരുതലുകൾ കൈക്കൊള്ളുകയും, സമയ ബന്ധിതമായി ആരോഗ്യ പ്രവർത്തകരുടെ സേവനം അനുഷ്ടിക്കുന്നതും, വ്യക്തി ശുചിത്വ൦,  ഭക്ഷ്യസുരക്ഷ തുടങ്ങിയവ പാലിക്കുന്നതും ആന്ത്രാക്സിനെ പ്രതിരോധിക്കാൻ നമ്മെ പ്രാപ്തരാക്കും.

പുതുച്ചേരി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെറ്ററിനറി എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽനിന്ന് വെറ്ററിനറി പബ്ലിക് ഹെൽത്തിൽ ബിരുദാനന്തര ബിരുദമുള്ള ആളാണ് ലേഖകൻ.    

English summary:  Anthrax: Causes, Dangers, Symptoms, and Treatment

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS