ADVERTISEMENT

ചക്കയോടു പലരുടെയും താൽപര്യക്കുറവിനു കാരണം വെട്ടിയൊരുക്കാനുള്ള അധ്വാനമാണ്. കയ്യിൽ അരക്കു പറ്റിക്കാനും മടി. എന്നാൽ വെട്ടിയൊരുക്കി പാകം  ചെയ്തു കിട്ടിയാൽ കഴിക്കാൻ താൽപര്യമുള്ളവരേറെയുണ്ട്  നമ്മുടെ നാട്ടിലും മറുനാട്ടിലുമെന്നു പറയുന്നു തൃശൂർ ജില്ലയിലെ പരിയാരം വേളൂക്കരയിലെ  അഞ്ചംഗ സംരംഭകസംഘം. ഈ തിരിച്ചറിവാണ് ഗ്ലോബൽ നാച്ചുറൽസ് എന്ന ചക്കസംസ്കരണ യൂണിറ്റ് തുടങ്ങാന്‍ സുഹൃത്തുക്കളും ബന്ധുക്കളുമായ സ്റ്റീഫൻ, ഫിന്റോ, ഷെന്നി, സ്റ്റാബി, ടൈറ്റസ് എന്നിവർക്കു പ്രചോദനമായത്.  മൂന്നു കൊല്ലംകാണ്ട് ഇവര്‍  ഈ രംഗത്തെ മുൻനിരക്കാരായി മാറി. 

‘ചക്കസംരംഭത്തിന് പരിമിതിയും സാധ്യതയുമുണ്ട്. വെട്ടിയൊരുക്കാനുള്ള അധ്വാനവും സമയവും കൂലിച്ചെലവും കൂടുമെന്നതിനാൽ ചക്കയുൽപന്നങ്ങൾക്ക് ഉയർന്ന വില ഈടാക്കേണ്ടി വരുന്നത് വിപണനത്തിലൊരു പരിമിതിയാണ്. ഒരു പച്ചച്ചക്ക ശരാശരി 10 കിലോ തൂക്കം വരുമെന്നു കരുതുക, വെട്ടി, കുരു നീക്കി, ചുളയെടുക്കുമ്പോൾ ഏതാണ്ട് രണ്ടര കിലോയാണ് ലഭിക്കുക. അത് ഡ്രയറിൽ ജലാംശം നീക്കി സംസ്കരിച്ചെടുക്കുമ്പോൾ മുക്കാൽ കിലോയിൽ ഒതുങ്ങും. സ്വാഭാവികമായും ഈ ഉൽപന്നത്തിന് ഉയർന്ന വില ഈടാക്കേണ്ടി വരും. ചക്കപ്പുഴുക്കു കഴിക്കാൻ ഇത്രയൊക്കെ രൂപ മുടക്കണോ എന്ന് നാട്ടിലെ ശരാശരി മലയാളി ചിന്തിച്ചു പോകും. അതേസമയം, നമ്മുടെതന്നെ നഗരങ്ങളിലും ഇതര സംസ്ഥാനങ്ങളിലും വിദേശങ്ങളിലുള്ള മലയാളികൾക്ക് റെഡി ടു കുക്ക് രൂപത്തിൽ ചക്ക കിട്ടുന്നതു വലിയ കാര്യമാണ്. വിലയെക്കുറിച്ച് അവർ ചിന്തിക്കുന്നേയില്ല. അവരിലേക്കു  വിപണി തുറന്നു കിട്ടിയാൽ ചക്കയുൽപന്നങ്ങൾക്കു മികച്ച സാധ്യതയാണ്’, സംരംഭകസംഘത്തിന്റെ  സാങ്കേതികോപദേശകനായ ജോയി പാലാട്ടി പറയുന്നു.

jack-fruit-day-special-1
സംരംഭകരായ ഫിന്റോ ആന്റണി, സ്റ്റാബി ജേക്കബ്, കെ.ഡി.ടൈറ്റസ്, എ.കെ.സ്റ്റീഫൻ, ഷെന്നി ജോയ് എന്നിവർ

ആരോഗ്യച്ചക്ക

ചക്കയ്ക്കു പ്രിയമേറാൻ കാരണം പ്രമേഹനിയന്ത്രണം ഉൾപ്പെടെ ചക്കയുടെ  ആരോഗ്യസംരക്ഷണ ഗുണത്തെക്കുറിച്ച് ഈയിടെ വന്ന പഠനങ്ങളാണ്. അതുകൊണ്ടുതന്നെ ആരോഗ്യഭക്ഷണത്തില്‍ ഊന്നിയുള്ള ഉൽപന്നങ്ങളാവണം മുഖ്യമായും വിപണിയിലെത്തിക്കേണ്ടത് എന്ന് സംരംഭകര്‍  ആദ്യംതന്നെ നിശ്ചയിച്ചു. ചക്കപ്പൊടിയാണ് ഇവരുടെ മുഖ്യ ഉൽപന്നം. പച്ചച്ചക്ക അരിഞ്ഞ് ഡ്രയറിൽ ജലാംശം നീക്കിയ ശേഷം പൊടിച്ചെടുത്തത്. ഭക്ഷ്യവിഭവങ്ങളുണ്ടാക്കുമ്പോൾ അരിപ്പൊടിക്കോ ഗോതമ്പുപൊടിക്കോ ഒക്കെ ബദലായി ചക്കപ്പൊടി ഉപയോഗിക്കാം. ഒപ്പം, അരിപ്പൊടിയുടെ കൂടെ നിശ്ചിത ശതമാനം ചക്കപ്പൊടി ചേർത്തു തയാറാക്കിയ ചക്കപ്പുട്ടുപൊടി, ചക്കച്ചപ്പാത്തിപ്പൊടി, ചക്ക ദോശ/ഇഡ്ഡലിപ്പൊടി എന്നിങ്ങനെ വേറിട്ട കൂട്ടുകളും. 

ആകർഷകമായ പായ്ക്കിൽ വിപണിയിലെത്തിക്കുന്ന ഈ പൊടിക്കൂട്ടുകൾക്ക് നഗരങ്ങളിലും വിദേശ മലയാളികൾക്കിടയിലും മികച്ച സ്വീകാര്യതയുണ്ടെന്നു സംരംഭകര്‍. ഓസ്ട്രേലിയ, അമേരിക്ക, ന്യൂസിലൻഡ്, യുഎഇ എന്നിവിടങ്ങളിലെ മലയാളികൾക്ക് ഈ ഉൽപന്നങ്ങൾ എത്തിക്കാനും ഗ്ലോബൽ നാച്ചുറൽസിനു കഴിയുന്നു. 

jack-fruit-day-special-3
ചക്കപ്പഴം ഉപയോഗിച്ചുള്ള ജാം

നാട്ടിലും മറുനാട്ടിലും ഒരുപോലെ വിപണനമൂല്യമുള്ളതാണ് ചക്കപ്പഴം പൾപ്പ്. ഒരു വർഷത്തിലേറെ സൂക്ഷിപ്പു കാലാവധി ലഭിക്കുന്ന റിട്ടോർട് പായ്ക്കിൽ വിപണിയിലെത്തിക്കുന്ന പൾപ്പിന് വീടുകളും ഭക്ഷ്യസംരംഭകരും ഒരുപോലെ ആവശ്യക്കാരാണ്. വീടുകളിൽ ചക്കയടപോലുള്ള പലഹാരങ്ങൾ ഉണ്ടാക്കാൻ പൾപ്പ് വാങ്ങുന്നവരുണ്ട്. ചക്ക ഹൽവ, ഐസ്ക്രീം തുടങ്ങിയുള്ള വിഭവങ്ങളുണ്ടാക്കാന്‍ സംരംഭകരും വാങ്ങുന്നു. പൾപ് നേരിട്ടു ലഭിക്കുന്നത് സംരംഭകരുടെ അധ്വാനവും ഉൽപാദനച്ചെലവും ഗണ്യമായി കുറയ്ക്കുന്നുണ്ട്. ചക്ക ഐസ്ക്രീമാണ് ഇവരുടെ മറ്റൊരുൽപന്നം. പാഷൻഫ്രൂട്ട് ഉൾപ്പെടെ മറ്റു പഴങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളുമുണ്ട്. 

വീട്ടമ്മമാർക്കു വരുമാനം

വെട്ടിയൊരുക്കാനുള്ള അധ്വാനമാണ് ചക്കയുൽപന്നനിര്‍മാണത്തിലെ പ്രധാന പ്രശ്നമെന്നു പറഞ്ഞല്ലോ. ഈ പ്രശ്നത്തെ തൊഴിൽസാധ്യതയാക്കി മാറ്റുന്നു ഈ സംരംഭകർ. ഇതുവരെ സ്വന്തം പറമ്പിലെ ചക്ക പാഴാക്കിയിരുന്ന, വേളൂക്കരയിലും പരിസരങ്ങളിലുമുള്ള ഒട്ടേറെ വീട്ടമ്മമാർക്ക് ചക്ക ഇപ്പോൾ നല്‍കുന്ന‌തു  ചെറുതല്ലാത്ത വരുമാനം. വെട്ടിയൊരുക്കി കുരു നീക്കി യൂണിറ്റിലെത്തിക്കുന്ന പഴം–പച്ച ചക്കച്ചുളയ്ക്ക് കിലോ 50 രൂപ മുതൽ 65 രൂപ വരെ വില നൽകുന്നുണ്ട്. കുരുവിന് കിലോ 20 രൂപയും. 50 കിലോ ചക്കച്ചുളവരെ ഒരുമിച്ചെത്തിക്കുന്നവരുണ്ട്. 

jack-fruit-day-special-4
വിവിധ ചക്കയുൽപന്നങ്ങൾ

നടപ്പു സീസണിൽ വളരെയേറെ ചക്ക ഇങ്ങനെ ലഭിക്കുന്നുണ്ട്. നേരത്തേ മഴയെത്തിയതോടെ വടക്കേ ഇന്ത്യയിൽനിന്നുള്ള ഇടിച്ചക്കവ്യാപാരികൾ വിപണി വിട്ടിരുന്നു.  അതുകൊണ്ടുതന്നെ മൂപ്പെത്തിയ ചക്ക സമൃദ്ധമായുണ്ട് മിക്കവരുടെയും പുരയിടങ്ങളില്‍. വീട്ടുകാരെല്ലാവരും ഉത്സാഹിച്ചിരുന്ന് വെട്ടിയൊരുക്കി പാഴായിപ്പോകുന്ന ചക്ക പണമാക്കി മാറ്റുന്നു.

ചക്കയുടെ പ്രാഥമിക സംസ്കരണം വീടുകളില്‍ വികേന്ദ്രീകരിച്ചത് സംരംഭകര്‍ക്കും  ഗുണകരമായി. ഉൽപാദനച്ചെലവും തൊഴിലാളികളുടെ ആവശ്യവും ഗണ്യമായി കുറയുന്നുവെന്നതു  പ്രധാന നേട്ടം. ഇത്രയധികം ചക്ക യൂണിറ്റിൽത്തന്നെ സംസ്കരിക്കേണ്ടി വരുമ്പോൾ ബാക്കിയാവുന്ന അവശിഷ്ടങ്ങള്‍  ബാധ്യ തയാകുമായിരുന്നു. ആ പ്രതിസന്ധിയും  ഒഴിവായി.

ഫോൺ: 9946666737, 9656540751

English summary: Jackfruit Day Special

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com