കര്‍ഷകന്‍ കേവലം ഉല്‍പാദകന്‍ മാത്രമാകരുതെന്നു പഠിച്ചു: കൃഷി നേട്ടമാക്കിയതിനു പല വഴികൾ

HIGHLIGHTS
  • ആദ്യ നിക്ഷേപം മാതാപിതാക്കളിൽനിന്ന്
  • കര്‍ഷകന്‍ കേവലം ഉല്‍പാദകന്‍ മാത്രമാകരുതെന്ന പാഠം പഠിച്ചു
mathukutty-1
SHARE

ഭാഗം 1

റബര്‍മരങ്ങളും കളകളാരവത്തോടെയൊഴുകുന്ന മീനച്ചിലാറും കപ്പേളയുമൊക്കെ തലയുയര്‍ത്തി നില്‍ക്കുന്ന പാലായുടെ മണ്ണില്‍ കാര്‍ഷിക ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയ യുവ സംരംഭകനാണ് തെങ്ങുംതോട്ടത്തില്‍ മാത്തുക്കുട്ടി ടോം. ബിസിനസ് മാനേജ്‌മെന്റ് പഠനത്തിനുശേഷം ജാഗ്വാര്‍ ആന്‍ഡ് ലാന്‍ഡ് റോവറിലും അവിടെനിന്ന് ബിഎംഡബ്ല്യുവിലും ജോലി ചെയ്തശേഷമായിരുന്നു മാത്തുക്കുട്ടിയുടെ കൃഷിയിലേക്കുള്ള മാറ്റം. റബറും തെങ്ങും നെല്ലും പശുക്കളുമെല്ലാം ഉണ്ടായിരുന്ന കാര്‍ഷിക പാരമ്പര്യമുള്ള കുടുംബമായതുകൊണ്ടുതന്നെ തന്റെ കുടുംബത്തിന്റെ പാരമ്പര്യം വേരറ്റുപോകാന്‍ മാത്തുക്കുട്ടിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അതുതന്നെയാണ് ഇത്തരത്തിലൊരു തീരുമാനത്തിനു പിന്നിലെ ചേതോവികാരവും.

ചെറുപ്പം മുതൽ കൃഷി കണ്ടു വളർന്നതുകൊണ്ടുതന്നെ അതെപ്പോഴും മാത്തുക്കുട്ടിയുടെ മനസിലുണ്ടായിരുന്നു. 2012ൽ മാസ്റ്റേഴ്സ് ഡിഗ്രിക്കു ശേഷം ക്യാംപസ് പ്ലേസ്മെന്റിലൂടെ ജാഗ്വാർ ആൻഡ് ലാൻഡ് റോവറിലേക്ക്. പിന്നീട് ഒന്നര വർഷത്തിനുശേഷം ബിഎംഡബ്ല്യുവിലേക്ക്. ഇരു കമ്പനികളിലുമായി മൂന്നു വർഷം ജോലി ചെയ്തശേഷമായിരുന്നു കൃഷിയിലേക്കിറങ്ങിയത്. 

ബഹുവിളകൾ ചെയ്തിരുന്ന കാർഷിക പാരമ്പര്യത്തിൽനിന്ന് തന്റെ കുടുംബം ക്രമേണ റബറിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. റബറിന് വിലയിടിവുണ്ടായപ്പോൾ അത് കുടുംബത്തെയും ബാധിച്ചു. പ്രഫഷനൽ ജീവിതത്തിൽ താൻ ഉയരങ്ങളിലേക്ക് കയറുമ്പോൾ മറുവശത്ത് തന്നെ വളർത്തിവലുതാക്കിയ കൃഷി താഴുകയായിരുന്നു. അതുകൊണ്ടുതന്നെയാണ് താൻ കൃഷിയെ മുറുകെ പിടിച്ചതെന്ന് മാത്തുക്കുട്ടി. 

പഠിച്ചത് ബിസിനസ് മാനേജ്‌മെന്റ് ആയതുകൊണ്ടുതന്നെ കൃഷിയെ ബിസിനസായി കണ്ടുകൊണ്ടാണ് മാത്തുക്കുട്ടിയുടെ പ്രവര്‍ത്തനം. കൃഷിയിലേക്ക് ഇറങ്ങാനുള്ള തീരുമാനത്തെ പലരും എതിര്‍ത്തപ്പോഴും നഷ്ടമാണെന്നു പറഞ്ഞപ്പോഴും പിന്നോട്ടു പോകാന്‍ ഒരുക്കമായിരുന്നില്ല ഈ യുവാവ്. അങ്ങനെ ഒട്ടേറെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് പ്രായോഗിക അറിവുകള്‍ നേടാന്‍ ശ്രമിച്ചു. അറിവുകള്‍ക്കായി പഞ്ചാബിലും പോയി...

കേരളത്തിൽനിന്ന് നേരെ വിപരീതമായ സമീപനമായിരുന്നു പഞ്ചാബിൽ കണ്ടത്. അവിടെ കർഷകർക്ക് വളരെ പ്രാധാന്യം നൽകുന്നുണ്ട്. കർഷകരുടെ മക്കൾ കർഷകരാകാൻ ഇഷ്ടപ്പെടുന്നു. കൃഷിയെ ജീവിതത്തോടു ചേർത്തുനിർത്തുന്ന സംസ്കാരമാണ് അവിടെ. കൃഷി നഷ്ടമാണെന്ന് ആരും പറയുന്നില്ല. എന്നാൽ, ശാസ്ത്രീയമായി ചെയ്യണമെന്നു മാത്രം. നാളുകളോളം അവിടെ ചെലവഴിച്ചാണ് അവരുടെ കൃഷിയും ബിസിനസ് രീതികളും മനസിലാക്കിയത്. കേരളത്തിലാണെങ്കിലോ... കർഷകരുടെ മക്കൾ കർഷകരാകാൻ താൽപര്യപ്പെടുന്നില്ല എന്ന രീതിയാണുള്ളത്.

ആദ്യ നിക്ഷേപം മാതാപിതാക്കളിൽനിന്ന്

ഇരുപത്തിയഞ്ചാം വയസില്‍ ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ മികച്ച ശമ്പളം ലഭിച്ചിരുന്ന ജോലി ഉപേക്ഷിക്കുകയാണെന്ന് മാതാപിതാക്കളായ ടോമിയോടും മോളിയോടും പറയുമ്പോള്‍ എതിര്‍പ്പുണ്ടാകുമെന്നാണ് മാത്തുക്കുട്ടി കരുതിയത്. എന്നാല്‍ തന്റെ തീരുമാനത്തെ നിറഞ്ഞ പുഞ്ചിരിയോടെയാണ് അവര്‍ സ്വാഗതം ചെയ്തതെന്ന് മാത്തുക്കുട്ടി ഓര്‍ക്കുന്നു. തന്റെ സംരംഭത്തിലെ ആദ്യ നിക്ഷേപം അതായിരുന്നുവെന്നാണ് ഈ യുവ കര്‍ഷകന്‍ പറയുക. തുടക്കം കപ്പ, വാഴ തുടങ്ങിയ വിളകളില്‍. 

കപ്പയും വാഴയുമെല്ലാം മികച്ച വിളവ് നൽകിയെങ്കിലും അത് തനിക്ക് കാര്യമായ നേട്ടം നൽകിയില്ലെന്ന് മാത്തുക്കുട്ടി. കാരണം, വാഴക്കുലകൾ വിൽക്കാൻ ചെല്ലുമ്പോൾ വ്യാപാരി വരവ് കായ്കളുണ്ട്, അതിനാൽ വിലയില്ല എന്നുപറഞ്ഞ് കാര്യമായ വില നൽകിയില്ല. എന്നാൽ, വിൽപനവിലയിൽ വലിയ മാറ്റവുമുണ്ട്. അങ്ങനെ ഉൽപാദകനു ലഭിക്കേണ്ട വില ഇടനിലക്കാർ കൊണ്ടുപോകുന്നുവെന്ന് തിരിച്ചറിഞ്ഞു. കര്‍ഷകന്‍ കേവലം ഉല്‍പാദകന്‍ മാത്രമാകരുതെന്ന പാഠം പഠിച്ചു. മാത്തുക്കുട്ടി എന്ന കാര്‍ഷിക സംരംഭകന്‍ യഥാര്‍ഥത്തില്‍ പിറന്നത് ഇവിടെയാണ്. കാർഷിക പാരമ്പര്യമുള്ള കുടുംബത്തിൽനിന്ന് തെരേസ് ജീവിതസഖിയായി എത്തിയതും മാത്തുക്കുട്ടിക്ക് കൂടുതൽ പ്രചോദനമായി. മാതാപിതാക്കളും തെരേസും മകൻ അഞ്ചു മാസം പ്രായമുള്ള അലക്സാണ്ടർ എന്ന ചാണ്ടിക്കുഞ്ഞും അടങ്ങുന്നതാണ് മാത്തുക്കുട്ടിയുടെ കുടുംബം.

ഉൽപാദകൻ തന്നെ വിതരണക്കാരനും കച്ചവടക്കാരനുമാകണമെന്ന പാഠത്തിൽനിന്ന് വിൽപനയ്ക്കായുള്ള മാർഗങ്ങൾ ചിട്ടപ്പെടുത്തി. കൃഷിയിടത്തിൽനിന്നുള്ള ഉൽപന്നങ്ങൾ വിൽക്കുന്നതിനായി സ്വന്തം ഔട്ട്‌ലെറ്റുകൾ പാലാ പട്ടണത്തിൽ ആരംഭിച്ചു.  

mathukutty-3

കോഴി വളർത്തൽ, വിപണനം

ഭക്ഷ്യോൽപന്നങ്ങളുടെ ഉൽപാദനത്തിനൊപ്പം മൃഗസംരക്ഷണമേഖലയിൽ ഇറച്ചിക്കോഴി വളർത്തൽ ആരംഭിച്ചു. 600 കോഴികളെ പാർപ്പിക്കാവുന്ന ഷെഡ്ഡായിരുന്നു ആദ്യം നിർമിച്ചത്. കു​​ഞ്ഞുങ്ങളെയും തീറ്റയും ഇറക്കിത്തരുമ്പോൾ 45 ദിവസം വളർത്തി തിരികെ നൽകുന്ന രീതിയായിരുന്നു തുടക്കത്തിൽ. അതിൽനിന്ന് കാര്യമായ നേട്ടമില്ലായെന്നു തിരിച്ചറിഞ്ഞ് സ്വയം വളർത്താൻ തുടങ്ങി. അവിടെയും ഇടനിലക്കാരുടെ ചൂഷണം വന്നു. അതോടെ സ്വന്തമായി മാംസസംസ്കരണ യൂണിറ്റ് ആരംഭിച്ചു. 

mathukutty-2

ഫാമിൽ ഉൽപാദിപ്പിക്കുന്ന ഇറച്ചിക്കോഴികളെ കൊന്ന് പായ്ക്ക് ചെയ്ത് ആവശ്യാനുസരണം നൽകുന്നു. ഹോട്ടലുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ, റസ്റ്ററന്റുകൾ, ബേക്കറികൾ എന്നിവിടങ്ങളിലാണ് പ്രധാനമായും വിൽപന. അതുപോലെ സ്വന്തം ഔട്ട്‌ലെറ്റ് വഴി ഉപഭോക്താക്കൾക്ക് നേരിട്ട് ഇറച്ചി വിൽക്കുന്നുണ്ട്. ഒരു കോഴിയെ വൃത്തിയാക്കി നല്‍കുന്ന രീതി മാത്രമല്ല, എല്ലു നീക്കിയത്, ബിരിയാണി കട്ട്, കറി കട്ട്, ലോലിപോപ്പ്, ഡ്രംസ്റ്റിക് എന്നിങ്ങനെ വിവിധ വിഭാഗങ്ങളായിട്ടുള്ള വില്‍പനയുമുണ്ട്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ആവശ്യമനുസരിച്ച് വാങ്ങാന്‍ കഴിയും. ഒരു കാര്‍ഷിക സംരംഭകന്‍ എന്ന നിലയില്‍ അത് നേട്ടവുമാണെന്ന് മാത്തുക്കുട്ടി പറയുന്നു.

കോഴി മാത്രമല്ല മാത്തുക്കുട്ടിയുടെ ഫാമിലെ വരുമാന രീതി. ഇറച്ചിയായും കുഞ്ഞുങ്ങളായും വരുമാനം നൽകുന്ന പന്നിഫാമും ഇവിടെയുണ്ട്. മികച്ച മാതൃ–പിതൃ ശേഖരത്തിൽനിന്നുള്ള പന്നിക്കുട്ടികളാണ് ഇവിടുള്ളത്. പന്നിഫാമിലെ വിശേഷങ്ങളും ഫാമിലെ വിഡിയോയും അടുത്ത ദിവസം കാണാം.

ഫോൺ: 8606155544

തുടരും

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS