ADVERTISEMENT

ഇറച്ചിക്കോഴി വളർത്തലിന്റെയും ഇറച്ചി വിപണനത്തിന്റെയും ചുവടുപിടിച്ചാണ് മാത്തുക്കുട്ടി പന്നി വളർത്തൽക്കൂടി തുടങ്ങുന്നത്. ഇറച്ചിക്കോഴികളുടെ മാംസാവശിഷ്ടങ്ങൾ മറ്റൊരു സംരംഭത്തിന്റെ അസംസ്കൃത വസ്തുവായി മാറുകയായിരുന്നു. ചുരുക്കത്തിൽ മാലിന്യമായി തള്ളിക്കളയുന്ന വസ്തുക്കൾ പോലും പരമാവധി ഉപയോഗപ്പെടുത്താൻ മാത്തുക്കുട്ടി ശ്രദ്ധിച്ചു.

സംസ്കരണശാലയിലെയും പന്നിഫാമിലെയും മലിനജലം ബയോഗ്യാസ് പ്ലാന്റിലേക്കാണ് പോകുന്നത്. പന്നിക്കാഷ്ഠവും അതുപോലെതന്നെ പ്ലാന്റിലേക്ക് എത്തുന്നു. ഇറച്ചിക്കോഴിയവശിഷ്ടങ്ങൾ പന്നികൾക്കായി പാകം ചെയ്യുന്നതിന് ബയോഗ്യാസ് ഉപയോഗിക്കുന്നു. പ്ലാന്റിൽനിന്നു പുറത്തുവരുന്ന സ്ലറി ഉണക്കിപ്പൊടിച്ച് പായ്ക്കറ്റിലാക്കി ആവശ്യക്കാർക്ക് വിൽക്കുന്നു. 

മികച്ച മാതൃ-പിതൃ ശേഖരമാണ് ഏതൊരു പന്നിഫാമിന്റെയും അടിത്തറ. കുറഞ്ഞ കാലംകൊണ്ട് മികച്ച വളര്‍ച്ച കൈവരിക്കുന്ന പന്നികള്‍ കര്‍ഷകന് ലാഭം നേടിക്കൊടുക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ മുന്തിയ ഇനത്തിൽപ്പെട്ട പന്നികളെ മാത്തുക്കുട്ടി പരിപാലിക്കുന്നു.‌ ഇവിടെ കുഞ്ഞുങ്ങളുടെ ഉല്‍പാദനത്തിനുള്ള ബ്രീഡിങ് യൂണിറ്റിനൊപ്പം ഇറച്ചിക്കായി പന്നികളെ വളര്‍ത്തുന്ന ഫാറ്റനിങ് യൂണിറ്റുമുണ്ട്. ലാര്‍ജ് വൈറ്റ്, ലാന്‍ഡ് റേസ്, ഡ്യുറോക്ക് ഇനങ്ങളില്‍പ്പെട്ട പന്നികളെയും അവയുടെ സങ്കരങ്ങളെയും ഉല്‍പാദിപ്പിക്കുകയും വളര്‍ത്തുകയും വിൽക്കുകയും ചെയ്യുന്നു.

മികച്ച വളർച്ചയുള്ള മാതൃ–പിതൃ ശേഖരത്തെയാണ് പ്രജനന യൂണിറ്റിൽ നിർത്തിയിട്ടുള്ളത്. പ്രജനനത്തിനായി പെൺപന്നികൾക്കൊപ്പം ഒരു ആൺപന്നിയെ പാർപ്പിക്കുന്നു. 114 ദിവസമാണ് പന്നികളുടെ ഗർഭകാലം. പ്രസവത്തിന് 10 ദിവസം മുൻപേ ഇവയെ ഫാറോവിങ് ക്രേറ്റിലേക്ക് (Farrowing Crate) മാറ്റും. പ്രസവം കഴിഞ്ഞ് മൂന്നാഴ്ചയോളം ഈ കൂട്ടിൽത്തന്നെയായിരിക്കും അമ്മയും മക്കളും.

pig-farm-2
കുഞ്ഞുങ്ങൾക്ക് സുരക്ഷ നൽകി ഫാറോവിങ് ക്രേറ്റ്

ഫാറോവിങ് ക്രേറ്റ്

ഏകദേശം 24 മണിക്കൂർ സമയത്തെ പ്രസവവേദന അനുഭവിച്ചാണ് ഓരോ പന്നിയും കുഞ്ഞുങ്ങൾക്ക് ജന്മം നൽകുക. ശരാശരി 10 കു‌​ഞ്ഞുങ്ങളെ ഓരോ പ്രസവത്തിലും പ്രതീക്ഷിക്കാം. പ്രസവിച്ച ആദ്യ ദിവസങ്ങളിൽ കുഞ്ഞുങ്ങൾ അമ്മപ്പന്നിയുടെ അടിയിൽപ്പെട്ട് ചത്തുപോകാനുള്ള സാധ്യതയുണ്ട്. അത് ഒഴിവാക്കാൻ ഫാറോവിങ് ക്രേറ്റ് സഹായിക്കും. മാത്രമല്ല, ചില പന്നികൾ പ്രസവ സമയത്ത് കുഞ്ഞുങ്ങളെ ആക്രമിക്കാറുമുണ്ട്. അമ്മയുടെ കടിയേറ്റ് കുഞ്ഞുങ്ങൾ മരണപ്പെടാതിരിക്കാനും ഈ പ്രത്യേക കമ്പിക്കൂട് സഹായിക്കും. പ്രസവത്തിന് മുന്നോടിയായി തറയിൽ ഉണങ്ങിയ ചീന്തേരുപൂൾ വിതറും. തറ നനഞ്ഞ് കു‌​ഞ്ഞുങ്ങൾക്ക് തണുപ്പേൽക്കാതിരിക്കാൻ ഇത് ഉപകരിക്കും. മഴക്കാലത്ത് ചൂടിനായി ബൾബ് ഇട്ട് നൽകാറുമുണ്ട് മാത്തുക്കുട്ടി.

pig-farm

114 ദിവസത്തെ ഗര്‍ഭകാലത്തിനുശേഷം പിറന്നുവീഴുന്ന കുട്ടികള്‍ക്ക് രണ്ടാം ദിവസംതന്നെ ഇരുമ്പിന്റെ കുറവ് വരാതിരിക്കാനുള്ള കുത്തിവയ്പ്പ് നല്‍കും (ഒരാഴ്ച കഴിഞ്ഞ് ഇതിന്റെ രണ്ടാം ഡോസും നൽകുന്നു). ഒപ്പംതന്നെ ഡോക്കിങ്ങും ക്ലിപ്പിങ്ങും നടത്തും (പന്നിക്കുട്ടികളുടെ വായിലുള്ള പല്ലുകള്‍ മുറിച്ചു മാറ്റുന്നതാണ് ക്ലിപ്പിങ്, 8  കൂർത്ത പല്ലുകളാണ് ജനനസമയത്ത് പന്നിക്കുട്ടികൾക്ക് ഉണ്ടായിരിക്കുക. ഇവയാണ് മുറിച്ചുമാറ്റുന്നത്. പരസ്പരം ആക്രമിച്ച് മുറിവുണ്ടാക്കാതിരിക്കാനും അമ്മപ്പന്നിയുടെ മുലകള്‍ക്ക് ക്ഷതമേല്‍ക്കാതിരിക്കാനും ഈ രീതി സഹായിക്കും. വാൽ മുറിച്ചുമാറ്റുന്നതാണ് ഡോക്കിങ്). അതുപോലെതന്ന ഇറച്ചിക്കായി വളര്‍ത്താന്‍ ഉദ്ദേശിക്കുന്ന ആൺപന്നിക്കുട്ടികളുടെ വൃഷണങ്ങള്‍ രണ്ടാം ദിവസംതന്നെ നീക്കം ചെയ്യും. ഇത് വളര്‍ച്ചയെ സഹായിക്കുമെന്നുമാത്രമല്ല ഹോര്‍മോണ്‍ ഉല്‍പാദനം മൂലം ഇറച്ചിയില്‍ രുചിവ്യത്യാസത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. 

അമ്മയുടെ പാൽ കുടിക്കുന്നതിനൊപ്പം സാന്ദ്രീകൃത തീറ്റകൂടി നന്നായി കഴിച്ചു തുടങ്ങുമ്പോൾ പ്രത്യേകം മാറ്റി പാർപ്പിക്കും. അതായത്, 4 ആഴ്ച പ്രായമാകുമ്പോൾ അമ്മപ്പന്നിയിൽനിന്ന് കുഞ്ഞുങ്ങളെ മാറ്റുന്ന രീതിയാണ് മാത്തുക്കുട്ടി സ്വീകരിച്ചുപോരുന്നത്. അമ്മയുടെ ആരോഗ്യത്തിന് പന്നിക്കുഞ്ഞുങ്ങൾക്കുള്ള മിൽക്ക് റിപ്ലേസറും കുട്ടികൾക്ക് നൽകാറുണ്ട്. ശേഷം സാന്ദ്രീകൃത തീറ്റ നൽകി വളർത്തിയെടുക്കും. നല്ല കുഞ്ഞുങ്ങളെ കർ‌ഷകർക്ക് വിൽക്കുന്നതിനൊപ്പം സ്വന്തം ഫാമിൽനിന്നുള്ള കുട്ടികളെ പേരന്റ് സ്റ്റോക്കിലേക്കും ഫാറ്റനിങ് യൂണിറ്റിലേക്കും മാറ്റും. 

pig-farm-1

പ്രസവത്തിനായി വളർത്തുന്ന ബ്രീഡിങ് യൂണിറ്റിലെ പന്നികൾക്ക് മിച്ചഭക്ഷണം കൂടാതെ സാന്ദ്രീകൃത തീറ്റയും നൽകും. പന്നികളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പാലുൽപാദനത്തിനും സാന്ദ്രീകൃത തീറ്റ സഹായിക്കും. അതേസമയം, ഇറച്ചിക്കായി പന്നികളെ വളർത്തുന്ന ഫാറ്റനിങ് യൂണിറ്റിൽ സാന്ദ്രീകൃത തീറ്റ നൽകാറില്ല. പകരം മിച്ചഭക്ഷണത്തിനൊപ്പം ചിക്കൻ ഒഫൽസും നൽകുന്നു. ലാഭകരമായി ഇറച്ചിയുൽപാദനം സാധ്യമാകണമെങ്കിൽ മിച്ചഭക്ഷണവും അറവ് അവശിഷ്ടങ്ങളും നൽകണമെന്ന് മാത്തുക്കുട്ടി.

ഇറച്ചിയാവശ്യത്തിനായി വളർത്തുന്ന പന്നികളെ ഇടനിലക്കാരില്ലാതെ സ്വന്തമായി വിപണിയിലെത്തിക്കുന്ന രീതിയാണ് മാത്തുക്കുട്ടിക്കുള്ളത്. പന്നിയെങ്ങനെ ഇറച്ചിയായി മാറുന്നു? അതേക്കുറിച്ച് അടുത്ത ദിവസം.

ഫോൺ: 8606155544

തുടരും

English summary: Management practices for enhancing productivity of piggery farm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com