ADVERTISEMENT

കേരളത്തിന്റെ കിഴക്കൻമേഖലകളിൽ ഏലക്കൃഷിക്കായി മനുഷ്യസാന്നിധ്യവും  അധ്വാനവും അനുവദിക്കപ്പെട്ടതിന്റെ ഇരുനൂറാം വാർഷികം സംസ്ഥാനത്തെ മലയോര കർഷകപ്രസ്ഥാനങ്ങൾ അടുത്തിടെ ആചരിച്ചു. പിൽക്കാലത്ത്, ഇരുപതാം നൂറ്റാണ്ടിൽ വ്യാപകമായ കർഷക കുടിയേറ്റങ്ങൾക്ക് നിദാനമായത് ഇതു സംബന്ധിച്ച 1822 ലെ  റീജന്റ് റാണിയുടെ ഉത്തരവാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തിന്റെ  സമ്പദ്‌വ്യവസ്ഥയിലും സാമൂഹികക്രമത്തിലും നിർണായക സ്വാധീനം ചെലുത്തിയ കുടിയേറ്റത്തെക്കുറിച്ചും കുടിയേറ്റ സമൂഹത്തിന്റെ  ഇന്നത്തെ സ്ഥിതിയെക്കുറിച്ചും പ്രസ്തുത മേഖലകളിൽനിന്നുള്ളവർ  പ്രതികരിക്കുന്നു.

ആഹാരം നല്‍കിയവരെ ആട്ടിയിറക്കുന്ന കാലം

കേരളത്തെ ഇന്നത്തെ കേരളമാക്കിയത് അടിസ്ഥാനപരമായി രണ്ടു കുടിയേറ്റങ്ങളാണ്. ആദ്യത്തേത് കേരളത്തിലെ മലയോര മേഖലകളിലേക്ക് നടന്ന കാർഷിക കുടിയേറ്റവും രണ്ടാമത്തേത് മലയാളികളുടെ ഗൾഫ് കുടിയേറ്റവും. മലയോര മേഖലയിലേക്ക് നടന്ന കാർഷിക കുടിയേറ്റത്തിന്റെ ഇരുനൂറാം വാർഷികം ആഘോഷിക്കുന്ന ഈ അവസരത്തിലെങ്കിലും ഗൾഫ് എന്ന സ്വർണഖനി കണ്ടെത്തുന്നതിനു മുൻപ് കേരളത്തിലെ ജനങ്ങളെ പട്ടിണിയിൽനിന്നു രക്ഷിക്കുകയും,  നാടിന്റെ ഖജനാവ് നിറയ്ക്കുകയും ചെയ്ത മലയോര കുടിയേറ്റ ജനതയോട് സമൂഹം നീതി പുലർത്തിയോ എന്ന പുനര്‍ചിന്തനം ആവശ്യമാണ്. 

മലയോരമേഖലയിലേക്ക് കുടിയേറ്റം ഔദ്യോഗികമായി അനുവദിച്ചിട്ട് 200 വർഷമായെന്നതും തിരുവിതാംകൂർ രാജാക്കന്മാർ കർഷകരെ ക്ഷണിച്ചുവരുത്തി അവർക്കു വേണ്ടതെല്ലാം നൽകി ഏലം കൃഷി ചെയ്യാൻ ആവശ്യപ്പെട്ടുവെന്നതും പലർക്കും അത്ഭുതമുളവാക്കുന്ന അറിവായിരിക്കും. ഹൈറേഞ്ചിൽ ഏലക്കൃഷി വ്യാപകമാക്കാനായി 1822 ൽ തിരുവിതാംകൂർ റീജന്റ് റാണി ഗൗരി പാർവതിബായി പുറപ്പെടുവിച്ച തിരുവെഴുത്തു വിളംബരം പലരും മറന്ന ആ ചരിത്ര ദൗത്യത്തിന്റെ കൃത്യമായ വിവരണം നൽകുന്നു.

റീജന്റ് റാണിയുടെ ദീർഘവീക്ഷണത്താൽ കർഷകർക്ക് രാജകീയ സംരക്ഷണം വാഗ്ദാനം ചെയ്തും, കാ‍ടുതെളിക്കൽ മുതൽ നിത്യോപയോഗസാധനങ്ങൾ ലഭ്യമാക്കല്‍വരെയുള്ള കാര്യങ്ങൾ ഉറപ്പുവരുത്താൻ തഹസിൽദാരെയും കച്ചവടക്കാരെയും നിയോഗിച്ചുമുള്ള ഉത്തരവ് കർഷകരിലുണ്ടാക്കിയ ആത്മവിശ്വാ സം കുറച്ചൊന്നുമായിരുന്നില്ല. കർഷകരെ രക്ഷിച്ചുകൊള്ളുമെന്നു വിളംബരത്തിൽ മൂന്നിടത്താണ് രാജ്ഞി ആവർത്തിക്കുന്നത്.  തിരുവിതാംകൂറിന്റെ ഭണ്ഡാരത്തിൽ ലക്ഷക്കണക്കിനു കോടി രൂപയുടെ സമ്പത്തുണ്ടായത് മറ്റു രാജ്യങ്ങളെ ആക്രമിച്ചു കൊള്ളയടിച്ചോ, പിടിച്ചു പറിച്ചോ അല്ല,  ഇവിടുത്തെ കർഷകർ ഉല്‍പാദിപ്പിച്ച സുഗന്ധവിളകളും മറ്റു മലഞ്ചരക്കുകളും ലോകവിപണിയിൽ വില്‍പന നടത്തിയാണ്. 

കുടിയേറ്റം കയ്യേറ്റമായിരുന്നില്ലെന്ന് ഓർമപ്പെടുത്തുന്ന ഔദ്യോഗികപ്രമാണമെന്ന നിലയിലാണ് രാജകീയ ഉത്തരവിനെ കുടിയേറ്റസമൂഹം ഇപ്പോൾ അനുസ്മരിക്കുന്നത്. വിളംബരപ്രകാരമുള്ള സൗകര്യങ്ങൾ എല്ലാം കിട്ടിയെങ്കിൽപോലും ഒട്ടും എളുപ്പമുള്ള ദൗത്യമായിരുന്നില്ല ഹൈറേഞ്ച് പ്രദേശത്ത് വന്യമൃഗങ്ങളോടും, പ്രതികൂല കാലാവസ്ഥയോടും, സാംക്രമിക രോഗങ്ങളോടും പടവെട്ടിയുള്ള അതിജീവനം. രാജകല്‍പന അനുസരിച്ചുകൊണ്ട്  വെല്ലുവിളികൾ നിറഞ്ഞ പ്രദേശത്ത് കൃഷി ചെയ്യാനുള്ള ദൗത്യം ഏറ്റെടുത്ത ഓരോ കർഷകനെയും കേരളത്തിന്റെ പൊതുബോധം പിന്നീട് കയ്യേറ്റക്കാരൻ എന്നു വിളിച്ചത് ചരിത്രനിഷേധമായി ഇന്നും നിലനിൽക്കുന്നു.

രാജകീയ സംരക്ഷണം

നൂറ്റാണ്ടുകൾക്കു മുൻപ് ആരംഭിച്ചതും 1822ലെ തിരുവെഴുത്തു വിളംബരത്തിൽനിന്നു വ്യക്തമാകുന്നതുപോലെ മുൻപിനാൽതന്നെ രാജകീയ സംരക്ഷണം ലഭിച്ചതുമായ കുടിയിരുത്തലിന്റെ വേരുകൾ ഹൈറേഞ്ച് മണ്ണിൽ പച്ചപിടിച്ചു വരുന്ന സമയത്താണ് 1914-1918 കാലയളവുകളിൽ ഒന്നാം ലോക മഹായുദ്ധവും, അതിനുശേഷം 1930കളിലെ ആഗോള സാമ്പത്തികത്തകർച്ചയും, പിന്നീട് 1939-1944 കാലഘട്ടത്തിലെ രണ്ടാം ലോകമഹായുദ്ധവും. ഈ സംഭവങ്ങൾ  ഇന്ത്യയിൽ കൊടും ക്ഷാമത്തിനും പട്ടിണിമരണങ്ങൾക്കും കാരണമായി. യുദ്ധത്തിൽ ബർമ(മ്യാന്‍മര്‍)യെ ജപ്പാൻ കീഴടക്കി. തുടര്‍ന്ന് ബർമയിൽനിന്ന് ഇന്ത്യയിലേക്ക്  അരിവരവ്  നിലയ്ക്കുകയും 1943ലെ ബംഗാൾ ക്ഷാമത്തിൽ 40 ലക്ഷത്തോളം ആളുകൾ മരണപ്പെടുകയും ചെയ്തു. തിരുവിതാംകൂറിലേക്കുള്ള അരിവിഹിതത്തിന്റെ 80 ശതമാനവും അക്കാലത്ത് വെട്ടിക്കുറച്ചതിനാൽ നാട് കൊടും ദാരിദ്ര്യത്തിലേക്കും പട്ടിണിമരണങ്ങളിലേക്കും നിപതിച്ചു.

ഈ സാഹചര്യത്തിലാണ്  തദ്ദേശീയ ഭക്ഷ്യോൽപാദനം വർധിപ്പിക്കണമെന്ന തീരുമാനത്തിലേക്ക് ഭരണ കൂടം എത്തിച്ചേർന്നത്. അന്നും ആര് കൃഷി ചെയ്യും എന്ന ചോദ്യത്തിന്  ഉത്തരം "ചങ്കുറപ്പുള്ള മലയോര കർഷകര്‍" എന്നുതന്നെയായിരുന്നു. 

1822ലെ ആദ്യഘട്ട കുടിയിരുത്തലിന്റെ തുടർച്ചയെന്നോണം, 1940ലെ കുത്തകപ്പാട്ട വിളംബരത്തിലൂടെ, പാട്ടവ്യവസ്ഥയിൽ ഭൂമി നൽകി കർഷകരെ ഹൈറേഞ്ചിലേക്ക് ക്ഷണിച്ചുവരുത്തി. ഇതോടൊപ്പം യുദ്ധ സേവനം കഴിഞ്ഞ് മടങ്ങിയെത്തിയ പട്ടാളക്കാരുടെ  സേവനത്തിന് പ്രതിഫലമായി 1943ലെ വയനാട് കോളനൈസേഷൻ സ്കീം എന്ന പേരിൽ, വയനാട്ടിൽ  ഭൂമി നൽകുകയും  ചെയ്തു (അതു വലിയ ഔദാര്യമായി ഇന്നു  വ്യാഖ്യാനിക്കുന്നവർ ചരിത്രം പഠിക്കാൻ കൂടിയാണ് ഇതു പറഞ്ഞത്). ഉപയോഗശൂന്യമായി കിടന്ന ആയിരക്കണക്കിന് ഏക്കർ സർക്കാർഭൂമി  1940കളിൽ രാജ്യവ്യാപകമായി ആരംഭിച്ച ഭക്ഷ്യോല്‍പാദന പദ്ധതി (Grow More Food) പ്രകാരം കൃഷിഭൂമിയാക്കി മാറ്റി. നാടിന്റെ പട്ടിണി മാറ്റാന്‍ ജീവൻപോലും പണയം വച്ച് ഒട്ടേറെ കൃഷിക്കാർ അവിടെ പ്രതികൂല കാലാവസ്ഥ സാഹചര്യങ്ങളോടു പടവെട്ടി കൃഷിചെയ്തു.  ഈ വസ്തുതകൾ എല്ലാം ചരിത്രരേഖകളിൽ വ്യക്തമായി നിലനിൽക്കുമ്പോഴും ഹൈറേഞ്ചിലെ മണ്ണിൽ പൊന്നു വിളയിച്ച കർഷകരെ, കയ്യേറ്റക്കാർ എന്നു വിളിക്കുന്ന ഒരു വിഭാഗം ഇവിടെയുണ്ട്. അവരുടെ നിലപാട് ചരിത്രത്തോടും അവരുടെതന്നെ പാരമ്പര്യത്തോടുമുള്ള നന്ദികേടാണ്.  

ആദരിക്കണം അവരെ

ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണം നടന്ന 1954-’56 കാലത്ത് മലയാളികൾ കുറവുള്ള പീരുമേട്, ഉടുമ്പൻചോല, ദേവികുളം, താലൂക്കുകൾ കേരളത്തിന് നഷ്ടപ്പെടാതിരിക്കാൻ വേണ്ടി, ഹൈറേഞ്ച് കോളനൈസേഷൻ സ്കീം എന്ന പേരിൽ മലയാളികളായ കർഷകർക്ക്, ഭൂമി നൽകുകയും, കൃഷി ചെയ്യാനായി അവരെ ക്ഷണിച്ചു വരുത്തുകയും ചെയ്തിരുന്നു.  അങ്ങനെയാണ് ഈ സ്ഥലങ്ങളെല്ലാം കേരള സംസ്ഥാനത്തിന്റെ ഭാഗമായത്.

കേരള ചരിത്രത്തിൽ വേണ്ടത്ര ശ്രദ്ധയോ, പരിഗണനയോ ലഭിക്കാതെ പോയ കർഷക കുടിയേറ്റത്തിന്റെ ചരിത്രം  അർഹിക്കുന്ന പ്രാധാന്യത്തോടെ പൊതുസമൂഹത്തിലെത്തിക്കാൻ മാധ്യമങ്ങൾക്കും സർക്കാരിനും കഴിയണം. ആത്മാർഥതയും രാജ്യസ്നേഹവും സാഹസികതയും കൈമുതലാക്കിയ,  പേരറിയാത്ത ആ മനുഷ്യരുടെ നേട്ടങ്ങളുടെ തണലിൽ കിളിർത്തവർപോലും അവരെ ആക്ഷേപിച്ചു. ആരെല്ലാം ആക്ഷേപിച്ചാലും, രാജഭരണകാലത്തും, തുടർന്ന് സ്വാതന്ത്ര്യലബ്ധിക്കു ശേഷവും നാടിന്റെ നിലനിൽപ്പിന് അടിത്തറയിട്ട ആ ജനതയോടുള്ള ആദരവ് പ്രകടിപ്പിക്കുകയും അവർക്ക് അർഹമായ നീതി ലഭിക്കുകയും ചെയ്തേ മതിയാവൂ.

അലക്സ് ഒഴുകയിൽ, കൂരാച്ചുണ്ട് (ചെയർമാൻ, കിഫ)

ആധുനിക കേരളം കുടിയേറ്റ സൃഷ്ടി

ജനസംഖ്യാവർധനയെത്തുടർന്ന് കൃഷിഭൂമി പരിമിതമായപ്പോഴാണ് ഹൈറേഞ്ചിലേക്ക് വ്യാപകമായ കുടിയേറ്റം നടന്നത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുണ്ടായ ഭക്ഷ്യക്ഷാമവും സാമ്പത്തികമാന്ദ്യവും വൻതോതിലുള്ള കുടിയേറ്റത്തിന് പ്രേരകമായി. കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യണം, കൂടുതൽ ഉല്‍പാദിപ്പിച്ച് വരുമാനം വർധിപ്പിക്കണം എന്ന സാധാരണ കർഷകരുടെ അദമ്യമായ ആഗ്രഹം കുടിയേറ്റത്തിന് ആക്കം കൂട്ടി. 

ആദ്യകാല കുടിയേറ്റ കർഷകർ വലിയ ദുരിതങ്ങളിലൂടെ കടന്നു പോയെങ്കിലും പിന്നീടുള്ള തലമുറകളെ സാമ്പത്തികമായും സാമൂഹികമായും അഭിവൃദ്ധിപ്പെടുത്തുന്നതിൽ കുടിയേറ്റം വഹിച്ച പങ്ക് നിസ്സാരമല്ല. കേരളത്തെ ഇന്നത്തെ കേരളമാക്കിയത് കുടിയേറ്റമാണ്. വിദേശനാണ്യം നേടിത്തരുന്ന സുഗന്ധവ്യഞ്ജനങ്ങളുടെയും തോട്ടവിളകളുടെയും കൃഷി വ്യാപകമായത് കുടിയേറ്റത്തിനുശേഷമാണ്. ഇടുക്കിയിലെ ദേവികുളം, പീരുമേട്, ഉടുമ്പൻചോല താലൂക്കുകൾ ഇന്നും കേരള സംസ്ഥാനത്തിന്റെ  ഭാഗമായി നിൽക്കുന്നതു പോലും കുടിയേറ്റം മൂലമാണ്. നിർഭാഗ്യവശാൽ കുടിയേറ്റ സമൂഹത്തിന്റെ സംഭാവനകൾ അർഹിക്കുന്ന രീതിയിൽ അംഗീകരിക്കപ്പെട്ടില്ല. ഒട്ടേറെ ഉൾനാടൻ കുടിയേറ്റ ഗ്രാമങ്ങൾ ഇന്നും അവികസിതമാണ്. കയ്യേറ്റക്കാർ, വനംകൊള്ളക്കാർ തുടങ്ങിയ വിശേഷണങ്ങൾ ചാർത്തപ്പെട്ട മലയോര കർഷകർക്ക് പലപ്പോഴും രണ്ടാംകിട പൗരന്മാരുടെ പരിഗണനയാണ് ലഭിക്കുന്നത്.

കുടിയേറ്റം നടന്നില്ലായിരുന്നുവെങ്കിൽ സുഗന്ധവ്യഞ്ജനങ്ങളിലും തോട്ടവിളകളിലും അധിഷ്ഠിതമായ കേരളത്തിന്റെ കാർഷിക സമ്പദ്‍വ്യവസ്ഥ വളരില്ലായിരുന്നു. കാർഷിക മേഖല തന്നെ മുരടിക്കുമായിരുന്നു. അത് കേരളത്തിന്റെ സാമൂഹിക സ്ഥിതിയിൽ പ്രവചിക്കാനാവാത്ത സമ്മർദം സൃഷ്ടിക്കുമായിരുന്നു. കുടിയേറ്റം  കേരളത്തിന്റെ പരിസ്ഥിതിയിൽ വലിയ മാറ്റമുണ്ടാക്കിയെന്നു കരുതാനാവില്ല. പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് മറ്റു പല കാരണങ്ങളുമുണ്ട്. അതിനെ കുടിയേറ്റവുമായി ബന്ധപ്പെടുത്തുന്നത് പ്രശ്നങ്ങളെ നിസ്സാരവൽക്കരിക്കലാണ്. വൃക്ഷങ്ങളെയും ദീർഘകാല വിളകളെയും സംരക്ഷിക്കുന്ന കുടിയേറ്റ കർഷകർ വാസ്തവത്തിൽ പരിസ്ഥിതി സംരക്ഷിക്കുകയാണ്.

കുടിയിറക്കത്തിന്റെ കാലം 

ഇന്ന് മലയോരങ്ങളിൽനിന്നുള്ള കുടിയിറക്കം വ്യാപകമാണ്. കാർഷികമേഖല നേരിടുന്ന  പ്രതിസന്ധിയുടെ ഭാഗമായി വേണം ഇതിനെ കാണാൻ. കൃഷികൊണ്ടു മാത്രം ജീവിതത്തിൽ പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷ പുതുതലമുറയ്ക്കു നഷ്ടപ്പെട്ടു. കാലാവസ്ഥാവ്യതിയാനവും മണ്ണിടിച്ചിലും വന്യമൃഗശല്യവും പല പ്രദേശങ്ങളെയും കൃഷിക്കും ജനവാസത്തിനും യോജ്യമല്ലാതാക്കി. പരിസ്ഥിതി ലോല പ്രദേശങ്ങളായി പ്രഖ്യാപിച്ചേക്കാമെന്ന ഭീഷണിയുള്ള  മേഖലകളിലും കൃഷി അനിശ്ചിതാവസ്ഥയിലാണ്. സാമ്പത്തികമായി നല്ല നിലയിലുള്ളവർ  മലയിറങ്ങി സമതലങ്ങളിലെ നഗരങ്ങളിലക്ക് താമസം മാറ്റുന്നു. ഹൈറേഞ്ചുകളിലെ തന്നെ സുരക്ഷിതമായ പട്ടണങ്ങളിലേക്കു താമസം മാറുന്നവരുമുണ്ട്. പുതു തലമുറയ്ക്ക് കാനഡ, യൂറോപ്പ്, ഓസ്ട്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറാനാണ് ഇഷ്ടം. തോട്ടം അടിസ്ഥാനത്തിൽ ലാഭകരമായി ചെയ്യുന്നവരും കൃഷി ഉപേക്ഷിച്ച് മറ്റെങ്ങും പോകാനില്ലാത്ത സാധാരണ കർഷകരും കാർഷികേതര വരുമാനമുള്ളവരുമാണ് ഇപ്പോൾ കൃഷി ചെയ്യുന്നത്. ഈ പ്രവണത ചെറുകിട കർഷകരുടെ സാമൂഹിക സുരക്ഷിതത്വത്തെയും വരുമാനത്തെയും കാർഷികോല്‍പാദനത്തെയും ദോഷക രമായി ബാധിക്കും. കൃഷിയിടങ്ങൾ ഉപേക്ഷിക്കപ്പെടുന്നതും നല്ലതല്ല.

വിള വൈവിധ്യമാണ് രക്ഷ

ചെറുകിട കുടിയേറ്റ കർഷകരുടെ വരുമാന സ്രോതസ്സുകൾ സംരക്ഷിക്കാനും വിലസ്ഥിരത ഉറപ്പാക്കാനും സർക്കാർ - സർക്കാർ ഇതര ഏജൻസികളുടെ കൂട്ടായ ശ്രമം വേണം. പരമ്പരാഗത വിളകളിൽനിന്നു മാറി പഴവർഗവിളകൾ ഉൾപ്പെടെയുള്ള വൈവിധ്യവൽക്കരണം നടപ്പാക്കണം. ഇതിന് വ്യക്തമായ വിള ആസൂ ത്രണം ആവശ്യമാണ്. കാർഷികേതര വരുമാനം വർധിപ്പിക്കാനും കാർഷിക സംരംഭങ്ങൾ, മൂല്യവർധന  എന്നിവ പ്രോത്സാഹിപ്പിക്കാനും നടപടി  വേണം. കർഷകരുടെ ഉൽപാദക കമ്പനികൾ കൂടുതലായി രൂപീകരിക്കണം. വിജ്ഞാനവ്യാപന പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാകണം. ഡോ. എം.എസ്.സ്വാമിനാഥൻ കമ്മീഷന്റെ ഇടുക്കി പാക്കേജിലെ ശുപാർശകൾ പരിഷ്കരിച്ചു നടപ്പാക്കണം. കാലാവസ്ഥാവ്യതിയാനം മൂലമുള്ള ദുരന്തങ്ങൾ നേരിടാനുള്ള പദ്ധതികൾ മേഖല തിരിച്ചു നടപ്പാക്കണം. വനം - പരിസ്ഥിതി നിയമങ്ങൾ കുടിയേറ്റ കർഷകരെ ദ്രോഹിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. പരിസ്ഥിതി ദുർബല പ്രദേശങ്ങൾ, ബഫർ സോണുകൾ തുടങ്ങിയവയുടെ പ്രഖ്യാപനങ്ങൾ കർഷകർക്കു പ്രതിബന്ധമാകരുത്. മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ കർഷകർക്ക് അനുകൂലമായി പരിഹരിക്കണം. പട്ടയ പ്രശ്നങ്ങൾ സമയബന്ധിതമായി തീർക്കണം. ഇടുക്കി ജില്ലയിൽ ഭൂപതിവ് ചട്ട ഭേദഗതിയും നിർമാണ നിരോധനവും കാരണം കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകണം. ഇക്കാര്യങ്ങളിൽ സമഗ്രമായ നയരൂപീകരണം നടത്തി സർക്കാർ ഒപ്പമുണ്ടെന്ന ആത്മവിശ്വാസം കർഷകരിൽ സൃഷ്ടിച്ചാൽ മാത്രമെ കുടിയേറ്റ പ്രദേശങ്ങളിൽ കൃഷിയും കർഷകരും നിലനിൽക്കുകയുള്ളൂ.

ഡോ. ജോസ് ജോസഫ്, ഇരട്ടയാർ, ഇടുക്കി (കാർഷിക ശാസ്ത്രജ്ഞന്‍ കൂടിയായ കര്‍ഷകന്‍)

വന്യമൃഗങ്ങളെ ജൈവായുധമാക്കുന്നു

പാലായിൽനിന്ന് 75 വർഷങ്ങൾക്കു മുൻപ്, പാലക്കാട് ജില്ലയിലെ, കാഞ്ഞിരപ്പുഴയിലേക്ക് കുടിയേറിയ കർഷക കുടുംബത്തിലെ മൂന്നാം തലമുറയിൽപ്പെട്ട  കർഷകനാണ് ഞാൻ. കുടിയേറ്റം വഴി പിന്‍തലമുറകൾക്കു സാമ്പത്തിക പുരോഗതിയും ജീവിത സുരക്ഷിതത്വവുമുണ്ടായി. കുടിയേറ്റകാലത്ത് കാഞ്ഞിരപ്പുഴ പ്രദേശത്തു നെൽപാടങ്ങളും, അവിടെ ജൈവവളമായി വെട്ടിയിടാനുള്ള ‘തോൽ’ വളർത്തുന്ന പറമ്പുകളും മാത്രമേ ഉണ്ടായിരുന്നുള്ളു. വസ്തുനികുതി അടയ്ക്കാനുള്ള വരുമാനം പോലും കരഭൂമിയിൽനിന്ന് ലഭ്യമല്ലായിരുന്നു. അതുകൊണ്ടുതന്നെ പാടങ്ങൾ വാങ്ങുന്നവര്‍ക്ക്  അതിനോട് ചേർന്നുള്ള പറമ്പുകൾ ഉടമകള്‍ പ്രതിഫലം വാങ്ങാതെ കൈമാറി. 

നെല്ലൊഴികെ മറ്റ് ഭക്ഷ്യവിളകളോ നാണ്യവിളകളോ അന്നു കൃഷി ചെയ്തിരുന്നില്ല.  ഭൂരിഭാഗം സ്ഥലങ്ങളും ജന്മികളുടെയും കോവിലകങ്ങളുടെയും ഉടമസ്ഥതയിൽ ആയിരുന്നു. മിക്കതും തരിശിട്ടിരുന്നു. ആദ്യകാല കുടിയേറ്റ കർഷകരില്‍ ഭൂരിപക്ഷവും ജന്മിമാരിൽനിന്ന് ഭൂമി ദീർഘകാല പാട്ടത്തിനെടുത്ത് ഭക്ഷ്യവിളകളും നാണ്യവിളകളും കൃഷി ചെയ്തു. ഭക്ഷ്യവിളക്കൃഷിയിലൂടെ തദ്ദേശീയർക്കു ജോലിയും, ഒപ്പം  ഭക്ഷ്യ ക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരവുമായി. നാണ്യവിളകളിലൂടെ രാജ്യത്തിന് നികുതി വരുമാനവും വിദേശനാണ്യവും കിട്ടി. കുടിയേറ്റ മേഖലകളിൽ ജനവാസം വർധിച്ചതനുസരിച്ച് പുതിയ റോഡുകൾ, മിഷൻ ആശുപത്രികൾ, ആരാധനാലയങ്ങൾ , സ്കൂളുകൾ എന്നിവ സ്ഥാപിക്കപ്പെട്ടു. ഇപ്രകാരം സർവോന്മുഖ വികസനത്തിന് കുടിയേറ്റം സഹായകരമായി. ഭക്ഷ്യക്ഷാമമുണ്ടായിരുന്ന ഒരു കാലഘട്ടത്തിൽ മരച്ചീനി ഉൾപ്പെടെയുള്ള വിളകൾ തരിശുഭൂമിയിൽ കൃഷി ചെയ്ത് ക്ഷാമത്തെ ചെറുത്തത് കുടിയേറ്റ കർഷകരാണ്.

ഇന്ന് വന്യമൃഗശല്യം,  പരിസ്ഥിതിനിയമങ്ങൾ എന്നിവ കുടിയേറ്റ കര്‍ഷകരെ നിർബന്ധിത കുടിയിറക്കത്തിനു പ്രേരിപ്പിക്കുന്നു. വനവിസ്തൃതി വർധിപ്പിക്കുന്നതിനും രാജ്യാന്തര ഫണ്ടുകൾ നേടുന്നതിനുമായി വന്യമൃഗങ്ങളെ ജൈവായുധമാക്കുകയാണ് വനം വകുപ്പ്‌. എന്നാൽ കർഷകർ പിൻവാങ്ങേന്താറും വന്യജീവികളും താഴേക്കുവരുന്നു. അടുത്ത കാലത്ത് നാട്ടിൻപുറങ്ങളിലും പട്ടണ പ്രദേശങ്ങളിൽപോലും ജനങ്ങൾ വന്യജീവി ആക്രമണത്തിന് ഇരയാകുന്നത് ഇതിനു തെളിവാണ്.  

മലയോരമേഖലയിൽനിന്നു കുടിയിറങ്ങുന്നവര്‍ പട്ടണങ്ങളിൽ വന്നു താമസിക്കാൻ നിർബന്ധിതരാവുകയാണ്. ഇതു പട്ടണങ്ങളിലെ ജനസാന്ദ്രത വര്‍ധിപ്പിക്കും.  കാർഷികോൽപാദനം ഗണ്യമായി കുറയാനും ഇതിടയാക്കും. കയ്യേറ്റക്കാരും പരിസ്ഥിതി വിരുദ്ധരുമെന്ന മേൽചാർത്ത് ഒഴിവാക്കി കൈവശ ഭൂമിയിൽ ഇഷ്ടമുള്ള, ലാഭകരമായ വിളകള്‍ കൃഷി ചെയ്തു ജീവിക്കാൻ കർഷകനെ അനുവദിക്കണം. ഒപ്പം ഭൂമിക്കു പട്ടയം നൽകുകയും താന്‍ നട്ടുപിടിപ്പിച്ച മരങ്ങൾ  വെട്ടി വിൽക്കാനോ ഉപയോഗിക്കാനോ ഉള്ള അവകാശം കര്‍ഷകനു നൽകുകയും വേണം. വന്യമൃഗങ്ങൾ കർഷകന്റെ ഭൂമിയിൽ കയറാതെ, തടയാന്‍ നടപടിയുണ്ടാകണം. അവ കൃഷി നശിപ്പിച്ചാൽ അര്‍ഹമായ  നഷ്ടപരിഹാരം കൊടുക്കുക. ജീവനാശമുണ്ടായാൽ മോട്ടോർ ആക്സിഡന്റ് നിയമപ്രകാരം കൊടുക്കുന്നതു പോലെയുള്ള ന്യായമായ നഷ്ടപരിഹാരം ഉറ പ്പാക്കാൻ സാധിക്കണം 

സണ്ണി കിഴക്കേക്കര, കാഞ്ഞിരപ്പുഴ (കാർഷിക സംരംഭകൻ)

മാറ്റണം അനാവശ്യനിയമങ്ങള്‍ 

ഞാൻ കുടിയേറ്റക്കാരനല്ല. എന്നിരുന്നാലും എന്റെ അയൽക്കാരായ കുടിയേറ്റക്കാർ വന്നതോടെയുണ്ടായ മാറ്റങ്ങൾക്ക് സാക്ഷിയാണ്. കുടിയേറ്റം നടന്നിരുന്നില്ലെങ്കിൽ നാട്ടില്‍ പുരോഗതിയുടെ വേഗം കുറയുമായിരുന്നു. കുടിയിറക്കമുണ്ടായാൽ നാണ്യവിളകളുടെ ഉല്‍പാദനവും വിദേശനാണ്യ വരുമാനവും നഷ്ടപ്പെടും. മലയോര കൃഷിയിടങ്ങളിൽ മാത്രമേ ചായ, കാപ്പി, ഏലം, ഇഞ്ചി, കുരുമുളക്, കശുമാവ്, പുൽ തൈലം, ഔഷധസസ്യങ്ങൾ എന്നിവ നന്നായി വളരുകയുള്ളൂ.

നാണ്യവിളത്തോട്ടങ്ങളെല്ലാം വന്യമൃഗശല്യം കാരണം കുറ്റിക്കാടുകളായി മാറുന്ന സ്ഥിതിയാണിപ്പോൾ. ഒരിക്കൽ ആനയോ മാനോ, പന്നിയോ  നശിപ്പിച്ച തോട്ടത്തിൽ പിന്നീടൊരിക്കലും തെങ്ങ്, റബർ, മാവ്, പ്ലാവ് പോലുള്ള ദീർഘകാല വിളകൾ സാധ്യമല്ല.

കുടിയേറ്റ കർഷകരുടെ അധ്വാനം നാടിനു പ്രയോജനപ്പെടണമെങ്കിൽ അവർക്ക്  സ്വന്തം ഭൂമിയിലെ വിഭവങ്ങൾ നിയന്ത്രണമില്ലാതെ വിപണിയിൽ എത്തിക്കുന്നതിനുള്ള നിയമതടസ്സം ഒഴിവാക്കണം. തേക്ക് പോലു ള്ള മരങ്ങൾ വെട്ടാൻ അനുവദിച്ചാലേ കർഷകർ  വീണ്ടും വളർത്തുകയുള്ളൂ. യഥാർഥ കർഷകർ ഒരിക്ക ലും മണ്ണൊലിപ്പിനും മണ്ണിടിച്ചിലിനും വഴിവയ്ക്കില്ല. വനംവകുപ്പിന്റെ പുതിയ നിയമങ്ങൾ കർഷകർക്ക് അനാവശ്യമായ ജീവിതക്ലേശങ്ങളുണ്ടാക്കുന്ന് സ്ഥിതി മാറണം.

അബ്ബാസ് , മണ്ണാർക്കാട് ( കർഷകൻ)

കുറ്റമെല്ലാം കുടിയേറ്റക്കാര്‍ക്ക്

കുടിയേറ്റം പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതികവ്യവസ്ഥയെ ബാധിച്ചിട്ടുണ്ട്. എന്നാല്‍, അതിനെക്കാള്‍ ഗുരുതരമായ പാരിസ്ഥിതിക തകര്‍ച്ച കര്‍ഷക കുടിയേറ്റത്തിനു മുന്‍പാണ് സംഭവിച്ചതെന്ന വസ്തുത  മറക്കരുത്. ഇംഗ്ലീഷുകാര്‍ക്ക് തോട്ടവ്യവസായത്തിനായി വിട്ടുകൊടുത്ത പീരുമേട്, മൂന്നാര്‍ മലകളില്‍ വെട്ടിനശിപ്പിച്ചതത്രയും നിത്യഹരിതവനങ്ങളായിരുന്നു. ഇടുക്കിയും മുല്ലപ്പെരിയാറും ഉള്‍പ്പെടെ ഹൈറേഞ്ചിലുള്ള ഇരുപതോളം അണക്കെട്ടുകള്‍ക്കു വേണ്ടി ഭരണകൂടങ്ങൾ മുറിച്ചുനീക്കിയതും മഴക്കാടുകള്‍ തന്നെ. ഇതെല്ലാം  വിസ്മരിച്ചുകൊണ്ടാണ് പശ്ചിമഘട്ടത്തിലെ പരിസ്ഥിതിനാശത്തിന്റെ ഉത്തരവാദിത്തം കര്‍ഷകരുടെമേല്‍ കെട്ടിവയ്ക്കുന്നത്.

കര്‍ഷകകുടിയേറ്റമില്ലായിരുന്നെങ്കിലും  പരിസ്ഥിതിത്തകര്‍ച്ചയുണ്ടാകുമായിരുന്നു. കേരളത്തിന്റെ തീരദേശവും ഇടനാടും കായലും കടലും പുഴകളുമെല്ലാം നേരിടുന്ന പരിസ്ഥിതിപ്രശ്‌നങ്ങള്‍ക്കു കാരണം മലയോര ജനതയല്ലല്ലോ. എല്ലാ മേഖലകളിലെയും പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ടതല്ലേ?  

മനോജ് മാതിരപ്പള്ളി

അയ്യപ്പൻകോവിൽ, ഇടുക്കി  (എഴുത്തുകാരന്‍, ചരിത്രഗവേഷകൻ)

വരുമാനത്തിനു ടൂറിസം

കാലം പോകുന്തോറും കുടിയിറക്കത്തിനു പ്രേരിപ്പിക്കുന്ന ഘടകങ്ങൾ വർധിക്കുകയാണ്– വന്യജീവിശല്യവും ശ്വാസം മുട്ടിക്കുന്ന നിയമങ്ങളും നിയന്ത്രണങ്ങളും നഗരജീവിതത്തിന്റെ പ്രലോഭനങ്ങളുമൊക്കെ ഇവയിലുൾപ്പെടും. എന്നാൽ ഇത്തരമൊരു കുടിയിറക്കലിലൂടെ കാർഷികോൽപാദനം കുറയുന്നതു മാത്രമല്ല, ഇടനാട്ടിലെയും തീരപ്രദേശത്തെയും നഗരങ്ങളിൽ ജനസാന്ദ്രത വർധിക്കുന്നതുമൂലമുള്ള പ്രശ്നങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. മലിനീകരണവും മറ്റ് പാരിസ്ഥിതികപ്രശ്നങ്ങളും രൂക്ഷമാകും. സാമ്പത്തിക അസന്തുലിതാവസ്ഥ സമൂഹത്തിന്റെ കെട്ടുറപ്പിനെത്തന്നെ ബാധിക്കും. അവശ്യസാധനങ്ങൾക്കായി അന്യസംസ്ഥാനങ്ങളുടെ മേലുള്ള ആശ്രയത്വം വർധിക്കും.

വന്യജീവികളുടെ സ്വൈരവിഹാരത്തിനു കർഷകരുടെ നിലനിൽപിനെക്കാൾ പ്രാധാന്യം നൽകുന്ന നിയമങ്ങൾ പൊളിച്ചെഴുതി കാർഷികഗ്രാമങ്ങളെ സംരക്ഷിക്കണം. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുതന്നെ കൃഷിയെ പ്രോത്സാഹിപ്പിക്കണം. മൂല്യവർധനയും  പ്രാദേശിക ബ്രാൻഡ് വികസനവും  വഴി വരുമാനം കൂട്ടാന്‍ കർഷകനെ സഹായിക്കണം. ആധുനിക വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും സൗകര്യമുണ്ടാക്കണം. മലമടക്കുകളിലെ കൃഷിയിടങ്ങളെ ടൂറിസം സ്പോട്ടുകളാക്കി സഞ്ചാരികളെ സ്വീകരിക്കാൻ ഹൈ റേഞ്ച് കർഷകർ സന്നദ്ധരാണ്. അതിനുള്ള അവസരങ്ങൾ സൃഷ്ടിച്ചാൽ സന്ദർശകർക്ക് ആനന്ദവും  കർഷകസമൂഹത്തിനു വരുമാനവുമാകും. 

ജിയോമോൻ ജോസഫ്, മരിയാപുരം, ഇടുക്കി (കർഷകൻ)

വേണ്ടത് അംഗീകാരം 

കുടിയേറ്റ കർഷകരുടെ പിൻതലമുറ ഇന്നും  നാടിനു വിദേശനാണ്യം നേടിത്തരുന്നവരാണ്.  എന്നാല്‍ അവരെ അംഗീകരിക്കാനോ സംരക്ഷിക്കാനോ ആരുമില്ല. അതുകൊണ്ടാണ്  പുതിയ തലമുറ കൃഷി ഉപേക്ഷിക്കുന്നത്. കർഷകരില്ലാത്ത നാട് എങ്ങനെ നിലനിൽക്കും. 

പി.ജെ. ചാക്കോച്ചൻ, വനമൂലിക, വയനാട് ( ജൈവകാർഷിക സംരംഭകൻ)

ഞങ്ങള്‍ പരിസ്ഥിതി സംരക്ഷകര്‍

മലബാറിലെ ജന്മിമാരിൽനിന്നും മറ്റും വാങ്ങിക്കൂട്ടിയ ഭൂമി ഭൂപരിഷ്കരണത്തെ തുടർന്ന് നഷ്ടപ്പെട്ടതാണ് കുടിയേറ്റ കർഷകർ നേരിട്ട ആദ്യ തിരിച്ചടി. അല്ലാത്തപക്ഷം യന്ത്രവൽക്കരണവും മറ്റും നടപ്പാക്കി ഒരു കാർഷികവിപ്ലവം തന്നെ അവർ സൃഷ്ടിക്കുമായിരുന്നു. വിലത്തകർച്ചയുടെ ഇക്കാലത്തും പുത്തൻ ആശയങ്ങളിലൂടെ നിലനിൽപിനായി പൊരുതുന്നവരാണ് മലബാറിലെ കുടിയേറ്റ കർഷകർ. ഉൽപാദക കമ്പനികളിലൂടെ കൃഷി ആദായകരമാക്കാനുള്ള ശ്രമം വ്യാപകമാണ്.  

ഹൈറേഞ്ചിലെ കൃഷിഭൂമികളിലുള്ള അത്രയും വൃക്ഷാവരണം കേരളത്തിലെ മറ്റൊരിടത്തുമില്ല. ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളുമൊക്കെ തിങ്ങിനിറഞ്ഞതാണ് മലയോര കർഷകന്റെ കൃഷിയിടം. മണ്ണും ജലവുമൊക്കെ സംരക്ഷിച്ചുകൊണ്ടാണ് അവരുടെ കൃഷി.  പ്രകൃതിവിഭവങ്ങളുടെ ശരിയായ വിനിയോഗത്തിലൂടെ വളരാനുള്ള അവസരം മലയോര കർഷകർക്ക് നൽകുകയാണ് സർക്കാർ ചെയ്യേണ്ടത്. മാന്യമായ ജീവിത സാഹചര്യം, ജീവനും സ്വത്തിനും സംരക്ഷണം , ഉൽപന്നങ്ങൾക്ക് ആദായവില എന്നിവ മാത്രമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. 

ബിജി സ്റ്റീഫൻ പാമ്പയ്ക്കൽ, കരിക്കോട്ടകരി, കണ്ണൂർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com