കണക്കുകൂട്ടലുകൾ തെറ്റിച്ച് മഴയും രോഗങ്ങളും: വിളനാശത്തിൽ വഴിമുട്ടി കൊക്കോ കർഷകർ

HIGHLIGHTS
  • ഓഗസ്‌റ്റിലെ ഉത്സവ സീസണിൽ പാചകയെണ്ണയ്ക്ക്‌ ഡിമാൻഡ് ഉയരുമെന്നത്‌ പ്രതീക്ഷ പകരുന്നു
cocoa
SHARE

സംസ്ഥാനത്തെ കൊക്കോ കർഷകർ വിളനാശം മൂലം ചക്രശ്വാസം വലിക്കുന്നു. കൊക്കോയെ ബാധിച്ച കീടാക്രമണങ്ങളും ഫംഗസും ഉൽപാദനം പ്രതീക്ഷിച്ചതിലും ഗണ്യമായി കുറയ്ക്കുമെന്നാണ്‌ ഉൽപാദകകേന്ദ്രങ്ങളിൽനിന്നുള്ള സൂചന. ഏപ്രിൽ മുതലുള്ള കനത്ത മഴ കർഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. സ്ഥിതിഗതികൾ അത്ര സുഖകരമല്ലെന്ന തിരിച്ചറിവിൽ വ്യവസായികൾ കർഷകരെ ആകർഷിക്കാൻ നിരക്ക്‌ അൽപ്പം ഉയർത്തിയെങ്കിലും അതും വേണ്ടത്ര വിജയിച്ചില്ല. 

സീസൺ ആരംഭത്തിലെ വേനൽമഴ കൊക്കോ പൂക്കൾ പൊഴിഞ്ഞുപോകാൻ കാരണമായി. പിന്നീട്‌ കായകൾ പിടിച്ചു തുടങ്ങിയെങ്കിലും കഴിഞ്ഞ സീസണിനെ അപേക്ഷിച്ച്‌ വിളവ് കുറയുമെന്നു കണ്ട്‌ കർഷകർ മരങ്ങൾക്ക്‌ കൂടുതൽ പരിചരണം നൽകി സംരക്ഷിച്ച വേളയിലാണ്‌ പൂപ്പൻബാധ തല ഉയർത്തിയത്‌. ഇതിനിടെ മൂപ്പെത്തും മുമ്പേ കായകൾക്ക്‌ കേടു സംഭവിച്ചത്‌ കൊക്കോ ഉൽപാദനം പല ഭാഗങ്ങളിലും കുറയാൻ കാരണമായി. കായകൾക്ക്‌ സംഭവിച്ച നിറംമാറ്റവും വിലയെ ബാധിച്ചു. 

സംസ്ഥാനത്ത്‌ പച്ചകൊക്കോ കിലോ 43 രൂപയിലും ഉണക്ക 200 രൂപയിലുമാണ്‌ വ്യാപാരം നടക്കുന്നത്‌. ഉണക്ക്‌ കുറഞ്ഞ ചരക്ക്‌ വിൽപ്പനയ്‌ക്ക്‌ എത്തുന്നതും ജലാംശത്തോത്‌ ഉയർന്നതും തിരിച്ചടിയാകുന്നു. കഴിഞ്ഞ സീസണിൽ ഉൽപ്പന്നം കിലോ 160‐210 റേഞ്ചിൽ സഞ്ചരിച്ചു. ഇക്കുറി സ്ഥിതി കൂടുതൽ സങ്കീർണമായത്‌ കണക്കിലെടുത്താൽ വ്യവസായികൾ വില ഉയർത്തുമെന്ന പ്രതീക്ഷയിലാണ്‌ വലിയോരു പങ്ക്‌ കർഷകരും. 

മികച്ചയിനം ഹൈറേഞ്ച്‌ ചരക്കിന്‌ 60 മുതൽ 75 രൂപ വരെ വാങ്ങലുകാർ വാഗ്‌ദാനം ചെയ്‌തങ്കിലും വിപണിയുടെ പ്രതീക്ഷയ്‌ക്കൊത്ത്‌ ലഭ്യത ഉയർന്നില്ല. ചോക്കലേറ്റ്‌ നിർമാതാക്കൾ രംഗത്തുള്ളതിനാൽ വ്യാപാരം ചൂടുപിടിക്കുമെന്നു കണക്കുകൂട്ടുന്നവരുമുണ്ട്‌.  

രാജ്യാന്തര തലത്തിൽ പല രാജ്യങ്ങളിലും കൊക്കോ ഉൽപാദനം കുറയുമെന്നാണ്‌ സൂചന, പ്രതികൂല കാലാവസ്ഥ വിളയെ ബാധിച്ചു. മാർച്ചിൽ ടണ്ണിന്‌ 2461 ഡോളറിൽ നീങ്ങിയ കൊക്കോ നിലവിൽ 1723 ഡോളറിലാണ്‌. കൊക്കോ 1667‐1804 ഡോളർ റേഞ്ചിൽ താൽക്കാലം തുടരാം. 1800 ഡോളറിന്‌ മുകളിൽ ഇടം പിടിക്കുന്നതോടെ ആഭ്യന്തര വില മെച്ചപ്പെടാം. 

ഉയർന്ന നിലവാരമുള്ള കൊക്കോ ഇനങ്ങൾ തെക്കേ അമേരിക്കയിലാണ് ഉൽപാദിപ്പിക്കുന്നത്‌. ആഫ്രിക്കൻ രാജ്യങ്ങളായ ഐവറി കോസ്റ്റും ഘാനയും ഉൽപാദനത്തിൽ മുന്നിലാണ്‌. മലേഷ്യയും ബ്രസീലും കൊക്കോയുടെ കാര്യത്തിൽ പിന്നിലല്ല. അമേരിക്കയും യൂറോപ്പുമാണ്‌ ചരക്ക്‌ പ്രധാനമായും ഇറക്കുമതി നടത്തുന്നത്‌. കൊക്കോ ഇറക്കുമതിയുടെ കാര്യത്തിൽ ജർമനിയാണ്‌ മുന്നിൽ. 

നാളികേരം

കർക്കിടകത്തിൽ തളർച്ചയിൽ നിന്നും കൊപ്ര തിരിച്ചുവരവ്‌ നടത്തുമെന്ന കണക്കുകൂട്ടലിലാണ്‌ നാളികേര മേഖലയെങ്കിലും അനുകുല വാർത്തകളുടെ അഭാവം മുന്നേറ്റത്തിന്‌ തടസമാകുന്നു. വെളിച്ചെണ്ണ വില താഴ്‌ന്നിട്ടും കൊപ്രയാട്ട്‌ വ്യവസായികളുടെ പ്രതീക്ഷയ്‌ക്കൊത്ത്‌ എണ്ണയ്‌ക്ക്‌ ഡിമാൻഡ് ഇല്ല. ശേഖരിക്കുന്ന കൊപ്ര എണ്ണയാക്കി വിപണിയിൽ എത്തുമ്പോൾ വില ഇടിയുന്ന സ്ഥിതി മാറിയാലെ അവർക്ക്‌ പിടിച്ചു നിൽക്കാനാകു. 

പാചകയെണ്ണ വിലകൾ ആഗോള തലത്തിൽ താഴുന്നത്‌ നമ്മുടെ കർഷകരെ സമ്മർദത്തിലാക്കി. ഇന്തോനേഷ്യയിലും മലേഷ്യയിലും പാം വിളവെടുപ്പ്‌ പുരോഗമിക്കുന്നതിനാൽ ശുദ്ധീകരണ ശാലകൾ പാം ഓയിൽ എത്രയും വേഗത്തിൽ ഷിപ്പ്‌മെന്റ് നടത്താൻ വില കുറച്ച്‌ പരസ്‌പരം മത്സരിക്കുകയാണ്‌. കയറ്റുമതി പ്രോൽസാഹിപ്പിക്കാൻ ഇന്തോനേഷ്യ എക്‌സ്‌പോർട്ടർമാർക്ക്‌ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതും നിരക്ക്‌ കുറയാൻ ഇടയാക്കി. 

തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ അസംസ്‌കൃത പാം ഓയിൽ കയറ്റുമതിയിലെ മത്സരം ശക്തമാക്കുന്നത്‌ തിരിച്ചടിയാകും. പിന്നിട്ട മൂന്നു മാസങ്ങളിൽ വൻകിട പാം ഓയിൽ കമ്പനികൾ നേട്ടം വാരികൂട്ടിയെങ്കിലും നിലവിൽ എണ്ണ വില ഇടിയുന്നത്‌ അവരിൽ ആശങ്ക പരത്തുന്നു. 

സൂര്യകാന്തിയെണ്ണ വില ടണ്ണിന്‌ 1900 ഡോളറായി താഴ്‌ന്നു, മേയ്‌ മാസം 2130 ഡോളറായിരുന്നു. സോയാബീൻ എണ്ണ 1890 ഡോളറിൽ നിന്നും 1690 ഡോളറായി. ആഗോള ഭക്ഷ്യയെണ്ണ വിപണിയിലെ മത്സരങ്ങളുടെ പശ്‌ചാത്തലത്തിൽ വെളിച്ചെണ്ണയെ കൈപിടിച്ച്‌ ഉയർത്താൻ ഏറെ ക്ലേശിക്കേണ്ടിവരും. ദക്ഷിണേന്ത്യയിൽ 8000 രൂപയ്‌ക്ക്‌ വരെ കൊപ്ര ലഭ്യമാണ്‌. വിലയിടിവ്‌ ഭയന്ന്‌ ഉൽപാദകർ പച്ചത്തേങ്ങ തിരക്കിട്ട്‌ വിറ്റഴിക്കുന്നു. കാങ്കയത്ത്‌ വെളിച്ചെണ്ണ ഈ വർഷത്തെ ഏറ്റവും താഴ്‌ന്ന നിരക്കായ ക്വിന്റലിന്‌ 11,975 രൂപയിലാണ്‌. 

ഓഗസ്‌റ്റിലെ ഉത്സവ സീസണിൽ പാചകയെണ്ണയ്ക്ക്‌ ഡിമാൻഡ് ഉയരുമെന്നത്‌ പ്രതീക്ഷ പകരുന്നു. ഒക്‌ടോബർ അവസാന വാരത്തിലെ ദീപാവലി ആഘോഷ വേള വരെ എണ്ണയ്‌ക്ക്‌ ഉത്തരേന്ത്യയിൽ ആവശ്യം ഉയർന്ന്‌ നിൽക്കും.

കുരുമുളക്

വിദേശ കുരുമുളക്‌ സൃഷ്‌ടിച്ച വിലത്തകർച്ചയിൽ നിന്നും തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്‌ ആഭ്യന്തര വിപണി. നികുതി അടച്ചും അനധികൃത മാർഗ്ഗങ്ങളിലൂടെയും ഉത്തരേന്ത്യയിൽ എത്തിച്ച മുളകിന്‌ ഗുണനിലവാരം കുറഞ്ഞത്‌ ഇറക്കുമതി ലോബിയെ പ്രതിസന്ധിലാക്കി. ഉദ്ദേശിച്ച രീതിയിൽ ചരക്ക്‌ വിറ്റഴിക്കാൻ പലർക്കുമായില്ല. 

ഇതിനിടെ ഇടുക്കി, പത്തനംതിട്ട, വയനാട്‌ മേഖലകളിൽ നിന്നും വാരാവസാന ദിനങ്ങളിൽ അവർ വില ഉയർത്തി മുളക്‌ ശേഖരിച്ചു. ജൂൺ അവസാനവും ഇത്തരം ഒരു നീക്കത്തിലുടെ ഉത്തരേന്ത്യൻ സ്‌റ്റോക്ക്‌ കൂടിയ വിലയ്‌ക്ക്‌ വിറ്റുമാറാൻ വ്യവസായികൾ ശ്രമിച്ചിരുന്നു. ഉൽപാദക കേന്ദ്രങ്ങളിൽ വരവ്‌ കുറവാണ്‌. കൊച്ചിയിൽ അൺ ഗാർബിൾഡ്‌ കുരുമുളക്‌ വില ക്വിന്റലിന്‌ 48,600 രൂപ. അന്താരാഷ്‌ട്ര മാർക്കറ്റിൽ മലബാർ മുളക്‌ ടണ്ണിന്‌ 6300 ഡോളർ. 

English summary: Commodity Markets Review July 19

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS