അപരാധികൾ രക്ഷപ്പെട്ടാലും ഒരു കർഷകൻ പോലും രക്ഷപ്പെടരുത്... തലസ്ഥാനത്തു നാടകീയ രംഗങ്ങൾ

HIGHLIGHTS
  • എങ്ങനെ പൂട്ടിക്കാം എന്ന് ഗവേഷണം നടത്തുന്ന കൂട്ടർ
  • കേരള പഞ്ചായത്തി രാജ് ചട്ടങ്ങൾ സാധാരക്കാർക്ക് അനുകൂലമല്ല
pig-farming-issue-tvm
1. ഫാം പൂട്ടി സീൽ വയ്ക്കുന്നു. 2. പൊലീസ് ഉദ്യോഗസ്ഥരോട് അനീഷ് സംസാരിക്കുന്നു. 3. പന്നികളെ കൊണ്ടുപോകാൻ എത്തിയ വാഹനത്തിൽ കിടപ്പുരോഗിയായ അച്ഛനെയും കയറ്റി അനീഷിന്റെ പ്രതിരോധം
SHARE

ഒരു പറ്റം ആളുകൾ ഫാമിൽ കയറി നാശനഷ്ടങ്ങൾ വരുത്തുന്നു... പിറ്റേന്ന് പഞ്ചായത്ത് അധികൃതർ ഫാം സന്ദർശിച്ച് പന്നികളെ നീക്കാനുള്ള ഉത്തരവിടുന്നു... അതിനുശേഷം ഫാം അടച്ചുപൂട്ടാനുള്ള ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ്... കിടപ്പുരോഗിയായ പിതാവിനെയും ലോറിയിൽ കയറ്റി കർഷകന്റെ പ്രതിരോധം.... ഇക്കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരം അരുവിക്കര ഗ്രാമപഞ്ചായത്ത് പരിധിയിൽ  നടന്ന ഒരു സംഭവത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. തലവാചകത്തിൽ പറഞ്ഞതുപോലെ ഒരു കർഷകൻ പോലും രക്ഷപ്പെടരുത് എന്ന രീതിയാണ് ഇപ്പോൾ സംസ്ഥാനത്തെ മൃഗസംരക്ഷണമേഖലയുടെ പോക്ക്.

ഒരു വശത്ത് കൃഷി ചെയ്യാൻ സർക്കാർ പ്രോത്സാഹനം നൽകുമ്പോൾ മറുവശത്ത് അത് എങ്ങനെ പൂട്ടിക്കാം എന്ന് ഗവേഷണം നടത്തുന്ന കൂട്ടർ. സംസ്ഥാനത്ത് അടുത്ത നാളുകളിൽ മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന ഫാമുകൾക്കുനേരെയുള്ള അടുച്ചുപൂട്ടൽ ഭീഷണിയും ആരോപണങ്ങവും ആക്രമണങ്ങളും ഏറുകയാണ്. വ്യക്തിവൈരാഗ്യത്തിന്റെ പേരിലുള്ള പരാതിയെത്തുടർന്ന് ഫാമിങ് അവസാനിപ്പിക്കേണ്ടിവന്ന കർഷകർ ഏറെയുണ്ട്. അങ്ങനെ ഫാമിങ് അവസാനിപ്പിക്കേണ്ടിവരുന്ന കർഷകരുടെ ഗണത്തിലേക്കാണ് അനീഷ് എന്ന യുവ കർഷകനും എത്തുന്നത്. കേവലം അഞ്ചു പന്നികളെ വളർത്താൻ ലൈസൻസ് വേണ്ടെന്നിരിക്കേ അതുപോലും ചെയ്യാൻ അനുവദിക്കാത്ത നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. 

ഇനി സംഭവത്തിലേക്ക്

എട്ടു വർഷമായി പന്നിവളർത്തൽ മേഖലയിലുള്ള അനീഷ് വീടിനോട് ചേർന്നാണുള്ള 25 സെന്റ് പുരയിടത്തിലാണ് ഫാം തയാറാക്കിയിട്ടുള്ളത്. 10 സിമന്റ് കട്ടയുടെ ഉയരത്തിൽ ചുറ്റുമതിൽ കെട്ടിയ സ്ഥലത്താണ് പന്നികളെ പാർപ്പിച്ചിരുന്ന കെട്ടിടം. ചെറുതും വലുതുമായി ഇരുപതോളം പന്നികൾ ഫാമിൽ ഉണ്ടായിരുന്നു. അതായത് 5 വലുതും അവയുടെ കുട്ടികളും. ജൂൺ 22ന് ഫാമിലെത്തിയ പഞ്ചായത്ത് അധികൃതർ 24 മണിക്കൂറിനുള്ളിൽ പന്നികളെ നീക്കം ചെയ്യണമെന്ന് നോട്ടീസ് നൽകി. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നുവെന്നും പ്രദേശവാസികളുടെ സ്വൈര്യജീവിതത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതും പകർച്ചവ്യാധികൾക്കു കാരണമായേക്കാവുന്നതുമായ സാഹചര്യമാണ് ഫാമിലുണ്ടായിരുന്നതെന്നും നോട്ടീസിലുണ്ട്. 

എന്നാൽ, കൃത്യമായിത്തന്നെയാണ് താൻ ഫാം നടത്തിയതെന്ന് അനീഷ്. അതോടൊപ്പം ജൂൺ 21 രാത്രിയും 22 പുലർച്ചെയുമായി ഫാമിൽ അക്രമം ഉണ്ടായതായും അനീഷ് പറയുന്നു. 21 വൈകുന്നേരത്തോടെ പന്നികൾക്ക് ഭക്ഷണം നൽകി കൂടുകൾ വൃത്തിയാക്കി താൻ ഭാര്യവീട്ടിൽ പോയിരുന്നു. അന്ന് രാത്രിയാണ് ആളുകൾ ഫാമിൽ അതിക്രമിച്ച് കയറി നാശനഷ്ടങ്ങൾ വരുത്തിയത്. പോർട്ടബിൾ ബയോഗ്യാസ് പ്ലാന്റും അതിലേക്കുള്ള പൈപ്പ്ലൈനും സെപ്റ്റിക് ടാങ്കും കുടിവെള്ള പൈപ്പ് ലൈനുമെല്ലാം അക്രമികൾ നശിപ്പിച്ചു. മാത്രമല്ല പ്ലാസ്റ്റിക് മാലിന്യങ്ങൾ ഫാമിൽ കൊണ്ടുവന്നു വിതറുകയും കൂടുകളിലും പന്നികളുടെ ദേഹത്തും ചാണകം ഒഴിക്കുകയും ചെയ്തു. സെപ്റ്റിട് ടാങ്ക് നശിപ്പിച്ചതോടെ ദുർഗന്ധം ഉണ്ടായി. പ‍ഞ്ചായത്ത് അധികൃതർ എത്തിയപ്പോൾ ഇത് കണ്ടതിനെത്തുടർന്ന് പന്നികളെ മാറ്റാൻ ഉത്തരവിടുകയായിരുന്നുവെന്ന് അനീഷ്.

24 മണിക്കൂറിനുള്ളിൽ പന്നികളെ മാറ്റാനുള്ള നിർദേശമായതിനാൽ പത്തുമണിക്കൂറിനുള്ളിൽത്തന്നെ മുഴുവൻ പന്നികളെയും മാറ്റി. തൊഴിലാളികളെ കൂട്ടി കൂടും പരിസരവും വൃത്തിയാക്കി, നശിപ്പിക്കപ്പെട്ടവ അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനയോഗ്യമാക്കി. പിറ്റേന്ന് അരുവിക്കര പോലീസ് സ്റ്റേഷനിൽ പന്നിഫാം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പരാതി നൽകി. കൂടാതെ, 4 മാസം പ്രായമായ 4 പന്നിക്കുഞ്ഞുങ്ങളെ ജൂൺ 24ന് പുതുതായി വാങ്ങി ഫാമിൽ ഇട്ടു. 

pig-farming-issue-tvm-1
ബയോഗ്യാസ് പ്ലാന്റ്. സെപ്റ്റിക് ടാങ്ക്, കംപോസ്റ്റ് പിറ്റ്

അതിനുശേഷം 29ന് വില്ലേജ് ഓഫീസർ ഫാമിലെത്തി എത്രയെണ്ണമുണ്ടെന്ന റിപ്പോർട്ടെടുത്തു. ജൂൺ 29നുതന്നെ പരാതിക്കാർ ജില്ലാ മജിസ്ട്രേറ്റിനു പരാതി നൽകുകയും ചെയ്തു. ഇതുപ്രകാരം ജൂലൈ 2ന് കോടതി നേരിട്ട് സ്ഥലത്തെത്തി പരിശോധന നടത്തി. അഞ്ചോളം പന്നികളും കോഴിയും താറാവും ഉണ്ടെന്ന് റിപ്പോർട്ട് എടുത്തു. എന്നാൽ അപ്പോൾ 4 പന്നികളും 12 കോഴികളും 4 താറാവുകളും മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. പന്നികളെ നീക്കം ചെയ്യുകയെന്ന പഞ്ചായത്ത് ഉത്തരവ് പൂർണമായി പാലിച്ചില്ലെന്നും ഫാം അനധികൃതമാണെന്നും റിപ്പോർട്ടിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഏഴാം തീയതി പന്നികളെ നീക്കം ചെയ്യാൻ മജിസ്ട്രേറ്റ് ഉത്തരവിട്ടു. ഇതിന് ആക്ഷേപമുള്ള പക്ഷം ജൂലൈ 13 പകൽ 12ന് കോടതിയിൽ ഹാജരായി ബോധിപ്പിക്കണമെന്നും ജൂലൈ 7ന് പുറത്തിറക്കിയ സബ് ഡിവിഷനൽ മജിസ്ട്രേറ്റിന്റെ ഉത്തരവിലുണ്ട്. എന്നാൽ, താൻ അഭിഭാഷകനൊപ്പം 13ന് കോടതിയിൽ എത്തിയെങ്കിലും മജിസ്ട്രേറ്റിനെ കാണാൻ കഴിഞ്ഞില്ലെന്ന് അനീഷ് പറയുന്നു. പിറ്റേന്നും കാണാൻ കഴിഞ്ഞില്ല. അതിനു ശേഷമാണ് ശനിയാഴ്ച (ജൂലൈ 16) അധികൃതർ എത്തി ഫാം സീൽ ചെയ്തത്. 

ജൂലൈ 2ന് മജിസ്ട്രേറ്റ് പറഞ്ഞതനുസരിച്ച് ആ നാലു പന്നികളെ നീക്കം ചെയ്തിരുന്നു. പിന്നീട് ലൈസൻസ് അപേക്ഷ വാങ്ങുന്നതിനായി പഞ്ചായത്തിൽ ചെന്നപ്പോൾ 5 പന്നികളെ വളർത്തുന്നതിന് ലൈസൻസ് വേണ്ട എന്നു പറഞ്ഞു. ഇതേത്തുടർന്ന് 45 ദിവസം പ്രായമായ 5 പന്നിക്കുഞ്ഞുങ്ങളെ വാങ്ങി. ഈ 5 കുഞ്ഞുങ്ങളെ ഏറ്റെടുക്കുന്നതിനാണ് ജൂലൈ 16ന് പിക്കപ് വാഹനവുമായി അധികൃതർ എത്തിയത്. അവർ വരുമെന്ന് അറിഞ്ഞപ്പോൾ താൻ ആ കുഞ്ഞുങ്ങളെ മാറ്റിയതായി അനീഷ്. 

pig-farming-issue-tvm-2
പന്നികളെ റെയ്ഡ് ചെയ്ത് പിടിച്ചെടുക്കുന്നതിനു മുൻപ് വെറ്ററിനറി ഡോക്ടർ ഹെൽത്ത് സർട്ടിഫിക്കറ്റ് നൽകുന്നതിന് ഫാമിൽ എത്തിയപ്പോൾ ഉണ്ടായിരുന്ന പന്നിക്കുഞ്ഞുങ്ങൾ. ഈ 5 കുഞ്ഞുങ്ങളെ പിടിച്ചെടുക്കുന്നതിനാണ് പിക് അപ് വാനുമായി അധികൃതർ എത്തിയത്.

പന്നിഫാം പൂട്ടി സീൽ ചെയ്യുന്ന നടപടിക്രമങ്ങൾക്കിടെ 5 പന്നികളെ വളർത്താൻ ലൈസൻസ് ആവശ്യമില്ലെന്നും ഫാമിൽ അതിക്രമിച്ചു കയറിയവരാണ് തന്നെ ഇങ്ങനൊരു അവസ്ഥയിൽ എത്തിച്ചതെന്നും അനീഷ് പറയുന്നുണ്ട്.  എന്നാൽ, പരാതി നൽകൂ എന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറയുമ്പോൾ താൻ നേരത്തെ പരാതി തന്നതാണ് എന്തുകൊണ്ടാണ് അതേക്കുറിച്ച് അന്വേഷിക്കാത്തതെന്ന് അനീഷ് ചോദിക്കുന്നുണ്ട്. 

ഫാം പൂട്ടി സീൽ ചെയ്തതതിനു പിന്നാലെ പന്നികളെ കൊണ്ടുപോകാനായി വന്ന വാഹനത്തിൽ കിടപ്പുരോഗിയായ അച്ഛനെയും കയറ്റി അനീഷ് പ്രതിഷേധിച്ചു. ഇതേത്തുടർന്ന് അറസ്റ്റ് ചെയ്യുമെന്ന് തഹസിൽദാർ പറയുന്നതും വിഡിയോയിലുണ്ട്. അനീഷിനെ അറസ്റ്റ് ചെയ്ത് 2 മണിക്കൂറോളം സ്റ്റേഷനിൽ നിർത്തിയശേഷം ആൾജാമ്യത്തിൽ വിടുകയായിരുന്നു.

12 വർഷമായി കിടപ്പുരോഗിയായ അച്ഛന് മരുന്നും മറ്റും വാങ്ങുന്നതിനായി നല്ലൊരു തുക മാസം ചെലവാകുന്നുണ്ട്. ഗ്യാസ് സ്റ്റൗ ടെക്നീഷനായ അനീഷ് അതിൽനിന്ന് കാര്യമായ വരുമാനം ലഭിക്കുന്നില്ലാത്തതിനാലാണ് പന്നിഫാം ആരംഭിച്ചത്. വരുമാനമാർഗമായ പന്നികൾ പൂർണമായും ഇല്ലാതായ സാഹചര്യത്തിൽ ഇനി എന്തു ചെയ്യുമെന്ന് അറിയാതെ പകച്ചിരിക്കുകയാണ് അനീഷും കുടുംബവും.

pig-farming-issue-tvm-3
അനീഷ്

തനിക്കെതിരേയുണ്ടായ നീക്കത്തിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രി, മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി, മ‍ൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, പഞ്ചായത്ത് ഡയറക്ടർ എന്നിവർക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്.

കേരള പഞ്ചായത്തി രാജ് ചട്ടങ്ങൾ സാധാരക്കാർക്ക് അനുകൂലമല്ലെന്ന് കേരളത്തിലെ കർഷക സമൂഹം വർഷങ്ങളായി പറയുന്നതാണ്. ലൈസൻസ് ചട്ടങ്ങളിൽ മൃഗസംരക്ഷണ വകുപ്പിന് യാതൊരുവിധ റോളുമില്ലെന്നതാണ് മറ്റൊരു വസ്തുത. ലൈസൻസ് എടുത്തശേഷം ഫാം നടത്തിയാൽ മതിയെന്ന പഞ്ചായത്ത് ഉത്തരവ് പാലിക്കുന്നതിനായി ലൈസൻസിന് അനീഷ് അപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ, എങ്ങനെയും അത് തടയാനുള്ള ശ്രമങ്ങൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഫാം പൂട്ടി സീൽ ചെയ്തത്. 

ശാസ്ത്രീയമായ രീതിയിൽത്തന്നെയാണ് അനീഷിന്റെ ഫാം പ്രവർത്തിച്ചിരുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ കർഷകശ്രീയോടു പറഞ്ഞു.  ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ടുള്ള ഒരു കാര്യങ്ങളിലും മൃഗസംരക്ഷണ വകുപ്പിന് പങ്കില്ല. എന്നാൽ, ഫാം പൂട്ടി പന്നികളെ സർക്കാർ ഏറ്റെടുക്കേണ്ട സാഹചര്യമുണ്ടായാൽ ഹെൽത്ത് സർട്ടിഫിക്കറ്റ് നൽകുക എന്ന ജോലി മാത്രമേ മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി സർജനുള്ളൂ. അതുകൊണ്ടുതന്നെ മൃഗസംരക്ഷണവകുപ്പും ഇക്കാര്യത്തിൽ നിസ്സഹായരാണ് എന്നതാണ് വസ്തുത.

കർഷകർക്ക് സാവകാശം വേണം: ടി.എം. ജോഷി (പ്രസിഡന്റ്, പിഗ് ഫാർമേഴ്സ് അസോസിയേഷൻ)

സംസ്ഥാനത്ത് തൊഴിലില്ലായ്മയും വരുമാന നഷ്ടവും ഏറിവരുന്ന സാഹചര്യത്തിൽ പന്നിവളർത്തലിലൂടെ മുൻപോട്ടുപോകുന്ന അനീഷിനേപ്പോലുള്ള സാധാരക്കാർക്കെതിരേയുള്ള നടപടികൾ അപലപനീയമാണ്. ഫാമിൽ എന്തെങ്കിലും ന്യൂനതയുണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള നിർദ്ദേശം കർഷകന് നൽകുന്നതിനു പകരം പൂർണമായും അടച്ചുപൂട്ടാൻ പറയുന്നത് ശരിയായ രീതിയല്ല. ഏതൊരു വ്യക്തിക്കും തിരുത്താനുള്ള അവസരം നൽകണം. കർഷകർ നാടിന്റ നട്ടെല്ലാണെന്ന് പറയുമ്പോഴും നട്ടെല്ലൊ ടിക്കുന്ന നടപടികളാണ് ജനത്തിന്റെയും അധികൃതരുടെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ജനങ്ങൾ തങ്ങൾക്കു നേരെയും തിരിയുമോ എന്ന ഭീതിയിൽ മറ്റു കർഷകർക്ക് ഇത്തരം പ്രശ്നങ്ങളിൽ ഇടപെടാനും കഴിയുന്നില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS