ADVERTISEMENT

ഉൽപാദകകേന്ദ്രങ്ങളിൽ ഏലക്ക വിളവെടുപ്പിന്റെ ആദ്യ റൗണ്ട്‌ പുരോഗമിക്കുന്നു. ഏലച്ചെടികൾ പുഷ്‌പിച്ച വേളയിലെ കനത്ത മഴ കാർഷിക മേഖലയുടെ പ്രതീക്ഷകൾക്കു മങ്ങലേൽപ്പിച്ചതായാണ്‌ ആദ്യ വിലയിരുത്തൽ. മലനിരകളിൽ മാസാരംഭത്തിൽ തന്നെ വിളവെടുപ്പിനു തുടക്കംകുറിച്ചെങ്കിലും മുൻ സീസണിനെ അപേക്ഷിച്ച്‌ ആദ്യ രണ്ടു മാസങ്ങളിൽ ഉൽപാദനത്തിൽ കുറവ്‌ സംഭവിക്കുമെന്നാണ്‌ ചെറുകിട കർഷകർക്ക്‌ ഒപ്പം വൻകിട തോട്ടങ്ങളിൽനിന്നുമുള്ള സൂചന. 

നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ ആഗസ്‌റ്റിലും ലേല കേന്ദ്രങ്ങളിൽ പുതിയ ഏലക്കയുടെ വരവ്‌ ശക്തിയാർജിക്കാൻ ഇടയില്ല. കർകിടകം ആദ്യ പകുതിയിൽ കാലാവസ്ഥ മാറി മറിഞ്ഞെങ്കിലും ചിങ്ങത്തിൽ മഴയുടെ അളവിൽ കുറവ്‌ സംഭവിക്കുന്നതോടെ ഉൽപാദനത്തിൽ വർധനയ്ക്ക് സാധ്യത തെളിയും.    

കഴിഞ്ഞ രണ്ടു സീസണിലും ബംബർ വിളവ്‌ ലഭിച്ചതിനാൽ കരുതൽ ശേഖരത്തിലുണ്ടായ വലിയോരു പങ്ക്‌ ഏലക്കയും പിന്നിട്ട ഏതാനും മാസങ്ങളിലായി ഉൽപാദകമേഖല വിൽപ്പനയ്‌ക്ക്‌ ഇറക്കി. പലരുടെയും കരുതൽ ശേഖരത്തിൽ ഇനി നീക്കിയിരിപ്പ്‌ നാമമാത്രമെന്നാണ്‌ വിവരം. ആ നിലയ്‌ക്ക്‌ വീക്ഷിച്ചാൽ മാസങ്ങളായി അഭിമുഖീകരിക്കുന്ന വില തകർച്ചയിൽ നിന്നും സുഗന്ധറാണിക്കു മോചനത്തിന്‌ അവസരം ഒരുങ്ങുമെന്ന വിശ്വാസത്തിലാണ്‌ ചെറുകിട കർഷകർ.

പലർക്കും മറ്റു വരുമാന മാർഗ്ഗമില്ലെന്നതും ഉയർന്ന കാർഷിക ചെലവുകളും കണക്കിലെടുത്താണ്‌ പുതിയ ചരക്ക്‌ തിരക്കിട്ട്‌ വിൽപ്പനയ്‌ക്ക്‌ ഇറക്കുന്നത്‌. മാസാരംഭത്തിൽ ശരാശരി ഇനങ്ങളുടെ വില കിലോഗ്രാമിന്‌ 800 രൂപയിലും താഴ്‌ന്ന്‌ ഇടപാടുകൾ നടന്നെങ്കിലും നിലവിൽ വില 950ന്‌ മുകളിലേക്ക്‌ ചുവടുവച്ചത്‌ ഏറെ പ്രതീക്ഷകളോടെയാണ്‌ ഉൽപാദകകേന്ദ്രങ്ങൾ വീക്ഷിക്കുന്നത്‌. 

ഏലത്തിനെ ആയിരത്തിനു മുകളിലെത്തിക്കാൻ വ്യവസായ മേഖലയിലെ ചലനങ്ങൾക്കാകും. പിന്നിട്ട രണ്ടു വർഷങ്ങളിലെ മാന്ദ്യത്തിൽ നിന്നും പറന്നുയരാൻ ഇക്കുറി ഉത്തരേന്ത്യൻ ഉത്സവകാല ഡിമാൻഡ് അവസരം ഒരുക്കാം. ഓണവും വിജയദശമിയും ദീപാവലിയും എല്ലാം മുന്നിലുള്ളത്‌ ഏലത്തിന്‌ ഡിമാൻ‍ഡ് സമ്മാനിച്ചാൽ 1100‐1200 റേഞ്ചിലേക്ക്‌ ലേലകേന്ദ്രങ്ങളിൽ ഏലം ഉറ്റുനോക്കാം. 

മുഖ്യ ഉൽപാദകരാജ്യമായ ഗ്വാട്ടിമലയിലും സീസൺ ഏകദേശം നമുക്കൊപ്പം തന്നെയാകും. കാലാവസ്ഥ വ്യതിയാനങ്ങൾ അവിടെയും പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നുണ്ടെങ്കിലും വിളവ്‌ സംബന്ധിച്ച്‌ പുതിയ കണക്കുകളൊന്നും അവർ ഇനിയും പുറത്തുവിടുന്നില്ല. ആദ്യ രണ്ട്‌ റൗണ്ട്‌ വിളവെടുപ്പ്‌ പൂർത്തിയായാൽ മാത്രമേ ഷിപ്പ്‌മെന്റുകൾക്ക്‌ പ്രാരംഭം കുറിക്കൂവെന്നാണ്‌ ഇപ്പോൾ ലഭ്യമാകുന്ന വിവരം. കണ്ടെയ്‌നർ ക്ഷാമം തന്നെയാണ്‌ ചരക്ക്‌ കപ്പലിൽ കയറ്റുന്നതിന്‌ കാലതാമസം സൃഷ്‌ടിക്കുന്നത്‌.

ആ നിലയ്‌ക്ക്‌ നമ്മുടെ ഉൽപ്പന്നത്തിന്‌ വിദേശ ഓർഡറുകൾ കൂടുതലായി എത്താനുളള സാധ്യത കയറ്റുമതി സമൂഹം തള്ളിക്കളയുന്നില്ല. എന്നാൽ വിദേശ രാജ്യങ്ങൾ പുതിയ ഓർഡറുമായി ഇനിയും രംഗത്ത്‌ ഇറങ്ങിയിട്ടില്ല. ഓഗസ്‌റ്റ്‌‐സെപ്‌റ്റംബറിലെ ഉൽപാദനം സംബന്ധിച്ച വ്യക്തമായ ചിത്രം ലഭ്യമായ ശേഷം പുതിയ കച്ചവടങ്ങളിൽ ഏർപ്പെടാമെന്ന നിലപാടിലാണ്‌ അറബ്‌ രാജ്യങ്ങൾ. ക്രിസ്‌മസ്‌‐ന്യൂ ഇയർ കച്ചവടങ്ങൾക്ക്‌ ഇതേ അവസരത്തിൽ തന്നെ യൂറോപ്യൻ ബയ്യർമാരും രംഗത്ത്‌ ഇറങ്ങാം. ഈ സീസണിൽ ഇന്ത്യൻ ഏലത്തിന്‌ വിദേശ രാജ്യങ്ങളിൽ നിന്നും വൻ ഓർഡറുകൾ പ്രവഹിക്കാനുള്ള സാധ്യതയാണ്‌ തെളിയുന്നത്‌.  

കുരുമുളക്‌ 

കുരുമുളക്‌ കർഷകരും മദ്ധ്യവർത്തികളും വിപണിയിലെ ചലനങ്ങളെ നിരീക്ഷിച്ച്‌ തുടങ്ങി. കാർഷിക മേഖല ടെർമിനൽ മാർക്കറ്റിലേയ്‌ക്കുള്ള ചരക്ക്‌ നീക്കം നിയന്ത്രിച്ചതിനിടയിൽ ഉൽപാദന കേന്ദ്രങ്ങളിൽ നേരിട്ട്‌ ഇറങ്ങി ചരക്ക്‌ സംഭരിക്കുന്ന നയത്തിലാണ്‌ അന്തർസംസ്ഥാന വ്യാപാരികളിപ്പോൾ. കൊച്ചി അടക്കമുള്ള വൻകിട വ്യാപാര കേന്ദ്രങ്ങളിൽ മുളക്‌ സ്‌റ്റോക്ക്‌ കുറവായതിനാൽ സംഭരണ നീക്കം ശക്തമായ വിലക്കയറ്റത്തിന്‌ ഇടയാക്കുമെന്ന ഭീതിയിലാണ്‌ ഒരു വിഭാഗം വാങ്ങലുകാർ. 

വിപണിയെ ബാധിക്കാത്ത വിധം ഉൽപാദകരിൽ നിന്നും ഏജന്റ് മുഖാന്തരം ചരക്ക്‌ വാങ്ങിയാൽ കൈപ്പിടിയിൽ ഒതുങ്ങുന്ന വിലയ്‌ക്ക്‌ ഉൽപ്പന്നം കൃത്യസ്ഥാനത്ത്‌ എത്തിക്കാനാകുമെന്ന്‌ അവർ കണക്കുകൂട്ടുന്നു. ഈ ഒരു ലക്ഷ്യവുമായി മുളക്‌ സംഭരണം അവർ തുടങ്ങിയതെങ്കിലും പിന്നിട്ടവാരത്തിൽ ക്വിന്റലിന്‌ 800 രൂപയുടെ മികവുമായി അൺ ഗാർബിൾഡ്‌ 49,400ലേക്ക്‌ ഉയർന്നു. 

ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഉത്സവ സീസണിന്‌ ഒരുങ്ങുന്നതിനാൽ സുഗന്‌ധവ്യഞ്‌ജനങ്ങൾക്ക്‌ മുന്നിലുള്ള മാസങ്ങളിൽ ഡിമാൻഡ് പതിവിലും ഉയരുമെന്നത്‌ നിരക്ക്‌ കൂടുതൽ ആകർഷകമാകാം. കേരളത്തിൽ മാത്രമല്ല, കർണാടകത്തിലും വിൽപ്പന സമ്മർദ്ദമില്ല. അവർ കിലോ 500 രൂപയ്‌ക്ക്‌ മുകളിലാണ്‌ ആവശ്യപ്പെടുന്നത്‌. കൂർഗ്ഗിൽനിന്നുള്ള മുഴുപ്പ്‌ കൂടിയ മുളകിന്‌ ഉയർന്ന വില തന്നെ നൽക്കേണ്ടിവരും. 

രൂപയുടെ വിനിമയനിരക്കിലുണ്ടായ വ്യതിയാനവും ആഭ്യന്തര വിലക്കയറ്റവും രാജ്യാന്തര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക്‌ വില ടണ്ണിന്‌ 6250ൽനിന്നും 6425 ഡോളറിലേക്ക്‌ ഉയർത്തി. വിളവെടുപ്പിന്‌ ഒരുങ്ങുന്ന ബ്രസീലിൽനിന്നും 3400 ഡോളറിന്‌ ക്വട്ടേഷനുകൾ ലഭ്യമായതായി യൂറോപ്യൻ ബയ്യർമാർ വ്യക്തമാക്കി. സീസണാണെങ്കിലും ലഭ്യത കുറവ്‌ കണക്കിലെടുത്ത്‌ ഇന്തോനേഷ്യ 3565 ഡോളറാണ്‌ മുളകിന്‌ രേഖപ്പെടുത്തുന്നത്‌. വിയറ്റ്‌നാം 500 ലിറ്റർവെയിറ്റ്‌ മുളകിന്‌ 3650 ഡോളറും 550 ലിറ്റർവെയിറ്റിന്‌ 3900 ഡോളറും ആവശ്യപ്പെടുന്നു. 

ക്രിസ്‌മസ്‌ വരെയുള്ള കാലയളവിലേക്ക്‌ ആവശ്യമായ കുരുമുളക്‌ സംഭരണത്തിനുള്ള തയ്യാറെടുപ്പിലാണ്‌ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും. രാജ്യാന്തര മുളകുവിലയിൽ വൻ ചാഞ്ചാട്ടം അടിക്കടി സംഭവിക്കുന്നുണ്ടെങ്കിലും ഉൽപ്പന്നവിലയിൽ ഏതാനും മാസങ്ങളായി സ്ഥിരത നിലനിർത്തുകയാണ്‌ മലേഷ്യ. മലേഷ്യൻ കുരുമുളക്‌ വില ടണ്ണിന്‌ 5900 ഡോളറാണ്‌. 

റബർ

വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ കാലവർഷം സജീവമെങ്കിലും ദക്ഷിണേന്ത്യയിൽ മഴയുടെ അളവ്‌ അൽപ്പം കുറഞ്ഞത്‌ റബർ മേഖലയ്‌ക്ക്‌ അനുകൂലമായി. ഇടവപ്പാതിയെ അപേക്ഷിച്ച്‌ കർക്കിടകത്തിൽ കൂടുതൽ ടാപ്പിങ്‌ ദിനങ്ങൾക്ക്‌ അവസരം ഒരുങ്ങുമെന്ന പ്രതീക്ഷയിലാണ്‌ റബർ മേഖല. രാത്രി മഴ കുറഞ്ഞതോടെ പല ഭാഗങ്ങളിലും പുലർച്ചെ റബർ വെട്ടിന്‌ കർഷകർ തോട്ടങ്ങളിൽ ഇടം പിടിച്ചു. 

പുതിയ സാഹചര്യത്തിൽ ഓഗസ്‌റ്റ്‌ ആദ്യ പകുതിയിൽ ഷീറ്റ്‌ ലഭ്യത ഉയരുമെന്നാണ്‌ വ്യവസായികളുടെ വിലയിരുത്തൽ. സംസ്ഥാനത്ത്‌ നാലാം ഗ്രേഡ്‌ റബർ വില കിലോ 172 രൂപയിലാണ്‌ നീങ്ങുന്നത്‌. രാജ്യാന്തര റബർ വിപണിയിലെ മാന്ദ്യം വിട്ടുമാറുന്നതോടെ വിവിധയിനം റബറിന്‌ ഏഷ്യൻ മാർക്കറ്റുകളിൽ ഡിമാൻഡ് പ്രതീക്ഷിക്കാം.   

English summary: Commodity Markets Review July 25

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com