ആറു വർഷം മുൻപ് നടത്തിയ അമേരിക്കൻ സന്ദർശനമാണ് ചങ്ങനാശേരിക്കു സമീപം മാമ്മൂടുള്ള കാരക്കാട് ജോസഫിനെ ഡ്രാഗൺ ഫ്രൂട്ട് നഴ്സറിയുടെ ഉടമയാക്കിയത്. കേരളത്തിൽ നാമമാത്രമായി മാത്രം ഡ്രാഗൺ ചെടികൾ വിളഞ്ഞിരുന്ന അക്കാലത്ത് കാലിഫോർണിയയിലുള്ള മകനാണ് അദ്ദേഹത്തെ ഈ വിള പരിചയപ്പെടുത്തിയത്. അതിവേഗം ഫലം നൽകിത്തുടങ്ങുന്നതും പോഷകസമൃദ്ധവുമായ ഈ പഴം നമ്മുടെ കാലാവസ്ഥയ്ക്കു ചേരുമെന്നു മനസ്സിലായതോടെ മികച്ച ഇനങ്ങൾ നാട്ടിലെത്തിച്ചു വളർത്താനായി ശ്രമം. നല്ല ഇനങ്ങൾ തേടി ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോർവരെ അദ്ദേഹം സഞ്ചരിച്ചു. പലോറ എന്ന മഞ്ഞ ഇനം അവിടെനിന്നാണ് കിട്ടിയത്.
അതൊരു തുടക്കമായിരുന്നു. വിദേശരാജ്യങ്ങളിലെ പരിചയക്കാരുടെ സഹായത്തോടെ 88 ഡ്രാഗൺ ഇനങ്ങളാണ് ഇപ്പോൾ ജോസഫിന്റെ ശേഖരത്തില്‍. മൂന്നു മക്കൾ അമേരിക്കയിലുള്ളത് ഇക്കാര്യത്തിൽ ഏറെ സഹായകമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവിടെ ഉരുത്തിരിയുന്ന മികച്ച ഇനങ്ങളെക്കുറിച്ച് കൃത്യമായി വിവരം നൽകിയത് അവരാണ്. എന്നാൽ നടീല്‍വസ്തു വിൽക്കുന്നത് രുചി ബോധ്യപ്പെട്ട മുപ്പതോളം ഇനങ്ങളുടേതു മാത്രം.
ഒരു തണ്ടിന് 1200 രൂപ വിലയുള്ള റെഡ് ജയിന, കൺട്രി റോഡ്സ്, ഷുഗർ ഡ്രാഗൺ, ഫ്രാങ്കീസ് റെഡ് എന്നിവ മുതൽ 400 രൂപ വിലയുള്ള കൊളംബിയൻ യെല്ലോവരെയുണ്ട്. 4 തണ്ടെങ്കിലും ആവശ്യപ്പെടുന്നവർക്ക് കൊറിയറായി അയച്ചുകൊടുക്കും. കൊറിയർ ചാർജ് കൂടി നൽകണമെന്നു മാത്രം. അർമാൻഡോ, അമേരിക്കൻ ബ്യൂട്ടി, ഡിലൈറ്റ്, ഇസ്രയേൽ യെല്ലോ, ഐഎസ്ഐഎസ്, പലോറ, നാച്ചുറൽ മിസ്റ്റിക്, ഒരെജോന, കോണ്ടർ, വാൽഡിവിയ റോജ്, ഗോഡ്സില, ലെമൺ ഓറഞ്ച്, വീനസ്, ലിസാ, മക്കിസുപ, ബ്രൂണി എന്നിങ്ങനെ പോകുന്നു മറ്റ് ഇനങ്ങൾ.

കടും ചുവപ്പുനിറത്തോടു കൂടിയ പുറംതോടും ഉൾഭാഗവുമുള്ള റെഡ് ജയിന വലുപ്പമേറിയ ഡ്രാഗൺ ഇനങ്ങളിലൊന്നാണ്. ഒരു പഴത്തിന് 250–450 ഗ്രാം തൂക്കം പ്രതീക്ഷിക്കാം. ആന്റി ഓക്സിഡന്റ് സമ്പന്നമായ ഈ ഇനം അലർജി പ്രശ്നങ്ങളുള്ളവർ അന്വേഷിച്ചെത്തുന്നതായി ജോസഫ് പറഞ്ഞു. ഇക്വഡോറിൽ നിന്നെത്തിച്ച പലോറയ്ക്ക് മഞ്ഞ നിറത്തോടുകൂടിയ ചെറിയ പഴങ്ങളാണ്. ഏറെ മധുരമുള്ള ഈ പഴങ്ങ ൾ വിളവെടുത്തശേഷം 3 മാസംവരെ കേടുകൂടാതെ സൂക്ഷിക്കാം. വാണിജ്യക്കൃഷിക്കും വീട്ടാവശ്യത്തിനും യോജിച്ചത്. പുറമേ ഇരുണ്ട ചുവപ്പുനിറത്തോടു കൂടിയ അമേരിക്കൻബ്യൂട്ടിയുടെ കാമ്പിനു പർപ്പിൾ നിറമാണ്. അര കിലോവരെ തൂക്കം പ്രതീക്ഷിക്കാവുന്ന പഴങ്ങൾ മധുരവും രുചിയുമേറിയതാണ്. ലൊസാഞ്ചലസിൽനിന്നാണ് ജോസഫ് ഈ ഇനം സ്വന്തമാക്കിയത്. പുറമേ ചുവപ്പുനിറവും ഉൾഭാഗം ലൈറ്റ് പർപ്പിൾ നിറവുമുള്ള ഡിലൈറ്റിനു കൂടുതൽ കായ്കളുണ്ടാകും. മധുരവും രുചിയും വേണ്ടുവോളമുണ്ട്. ഇവയ്ക്കു പുറമേ കൃത്രിമപരാഗണത്തിലൂടെ സ്വന്തമായി പല ഇനങ്ങൾ വികസിപ്പിച്ചതായും ജോസഫ് അവകാശപ്പെ ട്ടു. അവയിൽ ഒന്നിനു വണ്ടർബോയി എന്നു പേരിട്ടെങ്കിലും റജിസ്ട്രേഷൻ പൂർത്തിയായിട്ടില്ല. സ്വന്തമായി വികസിപ്പിച്ച ഇനങ്ങൾ വേണ്ടത്ര വിളവെടുത്ത് നിലവാരം ഉറപ്പാക്കിയ ശേഷം വിൽപന ആരംഭിക്കാന്‍ കാത്തിരിക്കുകയാണ് അദ്ദേഹം.
ആദ്യവർഷങ്ങളിൽ പരിചയക്കാർക്കും അയൽക്കാർക്കുമൊക്കെ ഡ്രാഗണിന്റെ നടീൽവസ്തുക്കൾ നൽകിയിരുന്ന ജോസഫ് ഇപ്പോൾ ഉത്തരേന്ത്യയിലേക്കും ഗുജറാത്തിലേക്കുമൊക്കെ എത്തിച്ചുകൊടുക്കുന്നു. കഴിഞ്ഞ വർഷം ആറായിരത്തിലേറെ തണ്ടുകൾ വിറ്റതായാണ് കണക്ക്. കുറഞ്ഞ വില കണക്കാക്കിയാൽ പോലും ലക്ഷങ്ങളുടെ വരുമാനമാണ് 65 സെന്റ് വീട്ടുവളപ്പിൽനിന്ന് ഇദ്ദേഹം നേടിയത്. നടീൽവസ്തുക്കളുടെ ഉൽപാദനത്തിനു പ്രാധാന്യം നൽകുന്നതിനാൽ ഇദ്ദേഹത്തിന്റെ തോട്ടത്തിൽ പഴങ്ങൾ പരിമിതമായേ ലഭിക്കൂ. തണ്ടുകൾ നീണ്ടുവരുന്നതനുസരിച്ച് മുറിച്ചുമാറ്റി തൈകളുണ്ടാക്കുകയാണ് പതിവ്.12–16 ഇഞ്ച് നീളത്തിലുള്ള കട്ടിങ്ങുകൾ കൂടകളിൽ പാകിയാണ് തൈകളുണ്ടാക്കുക. അപൂർവ ഇനങ്ങളുടെ കൂടുതൽ തൈകളുണ്ടാക്കാനായി ഗ്രാഫ്റ്റിങ് രീതിയും സ്വീകരിക്കാറുണ്ട്. ഒരു കട്ടിങ്ങിൽ നിന്ന് 5 തൈകൾ ലഭിക്കാൻ ഇതുപകരിക്കും. മികച്ച ഇനങ്ങളുടെ 2–3 ഇഞ്ച് നീളമുള്ള ചെറുതണ്ടുകൾ വേരുപിടിച്ച സാധാരണ ഡ്രാഗൺ തൈകളിലേക്കു ഗ്രാഫ്റ്റ് ചെയ്യുകയാണ്. ഇനഭേദമനുസരിച്ച് ഗ്രാഫ്റ്റ് ചെയ്യുന്ന രീതിയില്‍ വ്യത്യാസമുണ്ടാകും. ഗ്രാഫ്റ്റ് ചെയ്ത തൈകൾ കൂടുതൽ വേഗം പൂവിട്ടുതുടങ്ങുമെന്ന് ജോസഫ് പറഞ്ഞു. അതുകൊണ്ടുതന്നെ പലരും അവ ചോദിച്ചുവാങ്ങാറുണ്ട്.
ഫോൺ: 9447294236