ADVERTISEMENT

അടുക്കളത്തോട്ടത്തിനപ്പുറത്തേക്ക് കേരളത്തിൽ ജൈവകൃഷി വളരുന്നില്ലെന്നൊരു തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. വാസ്തവത്തിൽ വരുമാനത്തിനായി കൃഷിയിലേക്കു വരുന്ന പുതിയ കർഷകർ എല്ലാവരുംതന്നെ ജൈവരീതികളാണ് അവലംബിക്കുന്നത്. രാസകൃഷി ചെയ്യുന്നവര്‍ പലരും രംഗമൊഴിയുകയാണ്. ഏക്കറുകണക്കിനു സ്ഥലത്ത് വാണിജ്യാടിസ്ഥാനത്തിൽ ജൈവകൃഷി ചെയ്യുന്നവരെ ഓരോ  ജില്ലയിലും കാണിച്ചുതരാനാകും. എന്നിട്ടും  ജൈ വകൃഷി മൊത്തം കാർഷികോൽപാദനത്തിൽ നിർണായക സ്ഥാനം നേടാത്തത് സർക്കാർ നയങ്ങളിലെ വൈകല്യം മൂലമാണ്.

ജൈവകൃഷിയെന്ന പേരിൽ  ഇവിടെ നടപ്പാക്കുന്ന പല പദ്ധതികളും പണം പാഴാക്കുന്നതു മിച്ചം. ജൈവകൃഷിയിലേക്കു വരുന്നവർക്ക് അതിനാവശ്യമായ നൈപുണ്യം ആർജിച്ചെടുക്കാവുന്നതേയുള്ളൂ. പരിസ്ഥിതിയെ മനസ്സിലാക്കി കൃഷി ക്രമീകരിക്കുകയാണ്  വേണ്ടത്.  കൃഷിക്കു പിന്നിലെ സയൻസല്ല, ഇക്കോളജിയാണ് ജൈവ കർഷകർ പഠിച്ചെടുക്കേണ്ടത്. ഇത് പറഞ്ഞുകൊടുക്കാൻ ഇവിടെ ആരുമില്ലായിരുന്നു. എന്നാൽ ഇപ്പോൾ മഹാത്മാഗാന്ധി സർവകലാശാല ശരിയായ ജൈവകൃഷി കൃഷിക്കാരെ പഠിപ്പിക്കാൻ സംവിധാനമുണ്ടാക്കിയിട്ടുണ്ട്. ഈ വർഷം മുതൽ മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിലുള്ള എല്ലാ കോളജുകളിലെയും ബിരുദ വിദ്യാർഥികൾ ജൈവകൃഷി പരിശീലനം നേടിത്തുടങ്ങുകയാണ്. എംഒഒസി എന്ന ഈ കോഴ്സിലൂടെ  അറുപതിനായിരത്തോളം വിദ്യാർഥികൾക്കു കൃഷിയെക്കുറിച്ചും ശരിയായ ജീവിതശൈലിയെക്കുറിച്ചും ആഴത്തിലുള്ള ബോധ്യമുണ്ടാകും. സമൂഹത്തിന്റെയാകെ ചിന്താഗതിയിലും സമീപനത്തിലും വലിയ മാറ്റം വരുത്താനുതകുന്ന ബൃഹദ് പദ്ധതിയാണിത്. ഒട്ടേറെ ചെറുപ്പക്കാർ കൃഷിയിലേക്കു കടന്നുവരാൻ ഇതിടയാക്കും.  

വാസ്തവത്തിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ  സർക്കാർ ഒരേയൊരു കാര്യമേ ചെയ്യേണ്ടതുള്ളൂ– ഉൽപാദനച്ചെലവ് അനുസരിച്ചുള്ള വില നല്‍കി എല്ലാ പഞ്ചായത്തുകളിലും ജൈവകൃഷി ഉൽപന്നങ്ങള്‍ സംഭരിക്കണം. ഇങ്ങനെ സംഭരിക്കുന്ന ജൈവോൽപന്നങ്ങൾ സബ്സിഡി നിരക്കിൽ പൊതുവിതരണശൃംഖലയിലൂടെ വിതരണം ചെയ്യുകയല്ലേ പൗരന്മാരുടെ ആരോഗ്യത്തിൽ താൽപര്യമുള്ള സർക്കാർ ചെയ്യേണ്ടത്? പതിവായി ഉൽപന്നങ്ങളെത്തിക്കുന്ന കർഷകനു ബോണസും മെച്ചപ്പെട്ട പെൻഷനും നൽകണം. അങ്ങനെ സർക്കാർ ജീവനക്കാർക്കൊപ്പം സാമ്പത്തിക സുരക്ഷ ഉറപ്പാക്കിയാൽ ആയിരക്കണക്കിനു ചെറുപ്പക്കാർ പഞ്ചായത്തുകൾ തോറും ജൈവകൃഷിയിലേക്കു വരുമെന്നതിനു സംശയം വേണ്ട.  

ജൈവോൽപന്ന കയറ്റുമതിയിൽ വലിയ പ്രശ്നങ്ങളുണ്ട്. കീടനാശിനി അവക്ഷിപ്തത്തിന്റെ പേരിൽ സുഗന്ധവിളകളും മറ്റും ലോകവിപണിയിൽ തിരസ്കരിക്കപ്പെടുന്നു. കേരളമാകെ ജൈവരീതിയിലേക്കു മാറിയാലെ ഈ പ്രശ്നം പരിഹരിക്കപ്പെടുകയുള്ളൂ. ജൈവസാക്ഷ്യപത്രം നൽകുന്നതിനു ഫലപ്രദമായ പുതിയൊരു സംവിധാനം കൂടിയേ തീരൂ. ജൈവസാക്ഷ്യപത്രം നൽകുന്നതു സംബന്ധിച്ച പുതിയ പരിശീലനപരിപാടിക്കും മഹാത്മാഗാന്ധി സർവകലാശാല രൂപം നൽകി വരികയാണ്. ഈ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ കോഴ്സ് ഉപകരിക്കും. മറ്റെല്ലാ രംഗങ്ങളിലുമെന്നപോലെ ജൈവകൃഷിയിലും ജൈവ ഉപാധികളിലുമൊക്കെ കള്ളനാണയങ്ങളുണ്ടാവുക സ്വാഭാവികം. ജൈവകൃഷി എന്ന ആശയത്തോടു കൂറുള്ള കർഷകരുടെ ഉല്‍പന്നങ്ങള്‍ക്കു മികച്ച നിലവാരമുണ്ടാകും.   

കൃഷിയില്‍ തെറ്റായ രീതികളാണ് അധികൃതർപോലും കർഷകർക്കു പറഞ്ഞുകൊടുക്കുന്നത്. കൃഷിയിടങ്ങളിലെ കുമ്മായപ്രയോഗം  ഉദാഹരണം. കേരളത്തിലെ  പൊതുവെ അമ്ലസ്വഭാവമുള്ള മണ്ണിൽ എത്രയോ വർഷമായി നാം കുമ്മായപ്രയോഗം നടത്തുന്നു. കുമ്മായം മണ്ണിലെ സൂക്ഷ്മജീവികളെയും മറ്റും നശിപ്പിക്കുമെന്ന  യാഥാർഥ്യം അവഗണിച്ചുകൊണ്ടാണ് തെറ്റായ കുമ്മായപ്രയോഗത്തിനു സർക്കാർ സബ്സിഡി നൽകുന്നത്. ഇതിനുപകരം പച്ചക്കക്ക പൊടിച്ചു ചേർത്താൽ മണ്ണിനു ദോഷകരമാകാത്ത വിധത്തിൽ അമ്ലത നിയന്ത്രിക്കാനാവും. എന്നാൽ ഇത്തരം ഉൽപന്നങ്ങൾക്ക് സബ്സിഡി നൽകാൻ കൃഷിവകുപ്പ് തയാറാകുന്നില്ല. സബ്സിഡിയില്ലാതെ തന്നെ കേരളത്തിലെമ്പാടും കക്ക പൊടിച്ചു നൽകാനുള്ള തയാറെടുപ്പിലാണ് ഞങ്ങൾ. 

കരിയിലകൾ ഉൾപ്പെടെയുള്ള ജൈവവസ്തുക്കൾ കത്തിക്കുന്നതും തെറ്റായ രീതിയാണ്. കാർഷികാവശിഷ്ടങ്ങൾ തീയിടുന്നതിനെതിരെ സർക്കാർ നടപടിയുണ്ടാകണം. എല്ലാ ജൈവവസ്തുക്കളും മണ്ണിൽ അഴുകിച്ചേരുന്നതിനു സഹായകമായ കംപോസ്റ്റ് നിർമാണം പ്രോത്സാഹിപ്പിക്കുകയും വേണം. എന്നാൽ വിദേശജനുസ്സിൽപെട്ട മണ്ണിരകളെ വളർത്തി കംപോസ്റ്റിങ് നടത്തുന്നത് തെറ്റായ രീതിയാണ്.  ഇതിനു പകരം സാധാരണ കംപോസ്റ്റിങ് രീതികളിലൂടെ മണ്ണിലെ ഓർഗാനിക് കാർബൺ വർധിപ്പിക്കാനാണ് കൃഷിക്കാർ ശ്രമിക്കേണ്ടത്. കൃഷിയിടത്തിലെ കംപോസ്റ്റ്കൊണ്ടുമാത്രം ജൈവകൃഷി  ആദായകരമായി നടത്താമെന്നതും തെറ്റിദ്ധാരണയാണ്.  മണ്ണിൽനിന്നു നീക്കുന്നത് മണ്ണിലേക്കു  തിരികെ നല്‍കുകതന്നെ വേണം. അതിനായി നിലവാരമുള്ള ജൈവവളം എല്ലാ കർഷകർക്കും ലഭ്യമാക്കണം.

English summary: KV Dayal on organic farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com