കേരളത്തിലേക്ക് വീണ്ടും ഒരു പാൽ കമ്പനികൂടി: ക്ഷീരകർഷകരെ എങ്ങനെ ബാധിക്കും? പ്രതിവിധിയെന്ത്?

HIGHLIGHTS
  • ‘മറ്റൊരാളിന്റെ പറമ്പിൽ പണിക്കു പോകുന്നതിലും നല്ലത് സ്വന്തമായി ഒരു തൊഴിൽ’
  • ഏകദേശം 15 ലക്ഷം ലീറ്റർ പാൽ മിൽമ പ്രതിദിനം കർഷകരിൽനിന്നു ശേഖരിക്കുന്നു
milk-1
SHARE

രാവിലെ 4ന് തുടങ്ങി വൈകിട്ട് 8ന് അവസാനിക്കുന്ന ഒരു തൊഴിൽ ദിനം. ഓരോ ക്ഷീരകർഷകന്റേയും 16 മണിക്കൂർ പ്രതിദിന അധ്വാനത്തിന്റെ ഫലമാണ് നാം കുടിക്കുന്ന പാൽ. അസംസ്കൃത വസ്തുക്കളുടെയും തീറ്റ ഉൾപ്പെടെയുള്ള ഉൽപാദന ഉപാധികളുടേയും ക്രമാതീതമായ വർധന മൂലം, ഉൽപാദനച്ചെലവ് ഗണ്യമായി ഓരോ മാസവും കൂടി വരുന്നു. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് എന്തിന് ഈ മേഖലയിൽ കുറഞ്ഞ വരുമാനത്തിൽ തുടരുന്നുവെന്ന് ക്ഷീരകർഷകരോട് ചോദിച്ചാൽ പെട്ടെന്നു തന്നെ മറുപടി ലഭിക്കും. ‘വേറെ വരുമാനത്തിന് മറ്റു മാർഗങ്ങളില്ല’.

‘മറ്റൊരാളിന്റെ പറമ്പിൽ പണിക്കു പോകുന്നതിലും നല്ലത് സ്വന്തമായി ഒരു തൊഴിൽ’ അതാണ് ഓരോ ചെറുകിട, നാമമാത്ര കർഷകന്റെയും മറുപടി. മറ്റ് തൊഴിലുകളെ അപേക്ഷിച്ച് അധ്വാനം കൂടുതലുള്ള മേഖലയാണിത്. അതുകൊണ്ടു തന്നെ പുതിയ തലമുറയിലുള്ളവർ വളരെ കുറച്ചു പേർ മാത്രമേ ഈ മേഖലയിലേക്ക് വരുന്നുള്ളൂ. 

ശരാശരി 38 രൂപയ്ക്കാണ് മിൽമ പാൽ സംഭരിക്കുന്നത്. ഈ വില ഉൽപാദനചെലവുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്. അതുകൊണ്ടു തന്നെ പ്രാദേശികമായി പരമാവധി വിപണി കെണ്ടെത്തി ലീറ്ററിന് 50 രൂപ നിരക്കിൽ വിൽക്കുകയാണ് കർഷകർ. എന്നാൽ പ്രാദേശിക വിപണിക്ക് പരിമിതികളുണ്ട്. അധികം വരുന്ന പാൽ മിൽമയ്ക്ക് വിൽക്കുന്നതുകൊണ്ടാണ് കർഷകർക്ക് വിൽപന പ്രതിസന്ധി മറികടക്കാനാകുന്നത്. 

ഏകദേശം 15 ലക്ഷം ലീറ്റർ പാലാണ് മിൽമ പ്രതിദിനം കർഷകരിൽനിന്നു ശേഖരിക്കുന്നത്. ഇതിൽ 14 ലക്ഷം ലീറ്റർ പാലായും ഒരു ലക്ഷം ലീറ്റർ പാലുൽപന്നങ്ങളായും മിൽമ വിൽക്കുന്നു. മിൽമ എന്ന സ്ഥാപനം നിലനിൽക്കേണ്ടതിന്റെ ആവശ്യകത ഈ പറഞ്ഞ കണക്കുകളിൽ തന്നെയുണ്ട്. തമിഴ്നാട്ടിൽനിന്ന് ഒരു ലീറ്റർ പാൽ 30 രൂപയ്ക്ക് സ്വകാര്യ കമ്പനികൾക്ക് ലഭിക്കും. അങ്ങനെ കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന പാലും മിൽമയുടെ പാലും തമ്മിലാണ് കേരളത്തിലെ കമ്പോളത്തില്‍ മത്സരിക്കുന്നത്. മിൽമ പാലിന് ഏജൻസി കമ്മീഷൻ, ഒരു കവറിന് 1–1.5 രൂപയോളമാണെങ്കിൽ സ്വകാര്യ കമ്പനികൾ ഏജൻസിക്ക് തരാതരം പോലെ 3ഉം 4ഉം രൂപയാണ് നൽകുന്നത്. അതുകൊണ്ടുതന്നെ കച്ചവടക്കാർ സ്വകാര്യപാൽ കമ്പനിക്കാരെ പ്രോത്സാഹിപ്പിക്കും. നമ്മുടെ ക്ഷീരമേഖലയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന തരത്തിലാണ് ഇതരസംസ്ഥാനങ്ങളിൽനിന്നും സ്വകാര്യ കമ്പനികൾ ഇവിടെ പാൽ വിപണനം നടത്തുന്നത്. സർക്കാരിനു പരിമിതികൾ ഉണ്ടെങ്കിലും, ഇതിനു തടയിടാൻ സർക്കാർ വേണ്ട ഇടപെടലുകൾ നടത്തേണ്ടതുണ്ട്. സർക്കാർ തലത്തിൽ എടുക്കുന്ന തീരുമാനങ്ങൾ പാളിപ്പോകുകയാണെങ്കിൽ, നഷ്ടം സഹിച്ച്  ഏറെനാൾ ക്ഷീരകർഷകർക്ക് മുന്നോട്ട് പോകാൻ കഴിയാതെ, കൂടുതൽ പേരും മറ്റു മേഖലകൾ തേടും. ഇപ്പോൾത്തന്നെ ക്ഷീരമേഖലയിൽനിന്ന് പലരും വിട്ടുപോയിത്തുടങ്ങി. അതുകൊണ്ടുതന്നെ ഒട്ടേറെ പശുക്കൾ വിൽപനയ്ക്ക്  എത്തുന്നുമുണ്ട്. വിലയും ഇടിഞ്ഞ സ്ഥിതി ആയിട്ടുണ്ട്.

100 കോടി മുതൽ മുടക്കിൽ സ്വകാര്യമേഖലയിൽ (സർക്കാരിന്റെ സഹായത്തോടെ) അങ്കമാലിയിൽ പുതിയ ഡെയറി പ്ലാന്റ് വരുന്നു. തമിഴ്നാട്ടിൽനിന്നും പാൽ കൊണ്ടുവന്ന് ഇവിടെ സംസ്കരിച്ച് വിൽക്കുകയാണെങ്കിൽ, ഇവിടെ ഉൽപാദിപ്പിക്കുന്ന പാലിന് വിപണി നഷ്ടമാകും. സർക്കാർ ഇക്കാര്യത്തിൽ വേണ്ട ഇടപെടൽ നടത്തണം. ഇത്തരം വൻകിട കമ്പനികൾക്ക്, ഇവിടെ ഉൽപാദിപ്പിക്കുന്ന കർഷകരുടെ പാൽ സംഭരിക്കണം എന്ന നിർദേശം നൽകണം. 

വിപണി നഷ്ടമാകാതെ പാൽ വില വർധിപ്പിക്കാൻ വേണ്ട ഇടപെടലുകൾ നടത്തണം. ക്ഷീരവികസനവകുപ്പും തൃതല പഞ്ചായത്തുകളും ചേർന്ന് 4 രൂപ സബ്സിഡി നൽകും എന്ന സർക്കാർ പ്രഖ്യാപനത്തിൽ പുതുമയില്ല. അതു മുൻ വർഷങ്ങളിലും നൽകി വരുന്നതാണ്. തീറ്റപ്പുൽ കൃഷി പുതുതായി തുടങ്ങി ഉൽപാദനച്ചെലവ് കുറയ്ക്കാം എന്നു പറയുന്നത് രേഖകളിൽ ശരിയാവാം. പക്ഷേ, പ്രായോഗികമായി പരിഹാരമല്ല. ഇതുവരെ എത്ര കർഷകർക്ക് സബ്സിഡി ലഭിച്ചു? പുതിയതായി തുടങ്ങിയ തീറ്റപ്പുൽകൃഷി കൊണ്ട് ഉൽപാദനച്ചെലവ് കുറഞ്ഞോ? ഇതൊക്കെ പരിശോധിക്കേണ്ടതാണ്. അന്യസംസ്ഥാനത്തുനിന്ന് വരുന്ന പാലിന്റെ ഗുണനിലവാരം കൃത്യമായി പരിശോധിക്കണം. പാലിന് ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തി എപ്പോഴെങ്കിലും, വാഹനങ്ങൾ തിരിച്ചയച്ചിട്ടുണ്ടോ? ഭക്ഷ്യസുരക്ഷാ വകുപ്പും ക്ഷീരവികസന വകുപ്പും കൃത്യമായ പരിശോധനകൾ നടത്തണം. 

ശരിയായ നയപരമായ തീരുമാനങ്ങളിലൂടെയും കൂട്ടായ പരിശ്രമങ്ങളിലൂടെയും നമുക്ക് ഈ പ്രതിസന്ധികളെ തരണം ചെയ്യാവുന്നതേയുള്ളൂ. 

English summary: Challenges Faced By The Kerala Dairy Sector

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}