ADVERTISEMENT

ചിങ്ങം പിറക്കുന്നതോടെ പ്രതിസന്ധിയിൽനിന്നും കരകയറാൻ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ സംസ്ഥാനത്തെ 30 ലക്ഷത്തിലധികം വരുന്ന നാളികേര കർഷകർ. വർഷാരംഭം മുതൽ വിലത്തകർച്ചയെ അഭിമുഖീകരിക്കുന്ന കേരകർഷകരുടെ രക്ഷയ്‌ക്ക്‌ സംഭരണം അടക്കം പല പദ്ധതികളും സർക്കാർ നടപ്പിലാക്കിയെങ്കിലും അവയ്‌ക്കൊന്നും ചെറു ചലനം പോലും വിപണിയിൽ ഉളവാക്കാൻ കഴിയാത്തത്‌ കാർഷികമേഖലയിലെ ദുരിതം കൂടുതൽ ദുസഹമാക്കി.  

ഓണം അടുക്കുന്നതോടെ കേരളത്തിൽ വെളിച്ചെണ്ണവില ചൂടുപിടിക്കുമെന്ന വിശ്വാസത്തിലാണ്‌ കൊപ്രയാട്ട്‌ വ്യവസായ രംഗം. ജനുവരി ആദ്യം 9300 രൂപയിൽ നിലകൊണ്ട്‌ കൊപ്രവില ആദ്യ ഏഴു മാസം പിന്നിടുമ്പോൾ 8250ലേക്ക്‌ ഇടിഞ്ഞു. കേന്ദ്രവും സംസ്ഥാനവും ഒത്തു പിടിച്ചിട്ടും കൊപ്രയ്‌ക്ക്‌ നേരിട്ട പ്രതിസനധിയിൽനിന്നും ഉൽപാദകമേഖലയെ കൈപിടിച്ച്‌ ഉയർത്താനായില്ല. ഉത്സവവേളയിൽ ഇക്കുറി ബംബർ വിൽപ്പനയ്‌ക്കുള്ള സാഹചര്യമാണ്‌ ഒത്തു വരുന്നത്‌. 

പിന്നിട്ട രണ്ടു വർഷങ്ങളിൽ കൊറോണ സൃഷ്‌ടിച്ച ഭീകരാന്തീക്ഷം ഓണാഘോഷങ്ങൾക്ക്‌ മങ്ങൽ ഏൽപ്പിച്ചതിനാൽ ഏറ്റവും കനത്ത തിരിച്ചടി നേരിട്ടതും വെളിച്ചെണ്ണയ്‌ക്കായിരുന്നു. ജനുവരിയിലെ  വിലയെ അപേക്ഷിച്ച്‌ ക്വിന്റലിന്‌ 1500 രൂപ ഇടിഞ്ഞ്‌ 13,800ലാണ്‌ ഇപ്പോൾ എണ്ണ വില നീങ്ങുന്നത്‌. ഇത്ര താഴ്‌ന്ന വിലയ്‌ക്കും ആഭ്യന്തര ആവശ്യം ഉയരാത്തത്‌ വൻകിട–ചെറുകിട മില്ലുകാരെ പാടെ ആശയക്കുഴപ്പത്തിലാക്കി. 

ബഹുരാഷ്‌ട്ര കമ്പനികൾ വിപണിവിലയിലും താഴ്‌ത്തി ചരക്ക്‌ വിൽപ്പന നടത്തിയും മറ്റുമാണു പിടിച്ചുനിൽക്കുന്നത്‌. അതേസമയം ഇത്തരത്തിൽ നിരക്ക്‌ താഴ്‌ത്തി എണ്ണ വിപണനം നടത്താൻ കേരളത്തിലെ ചെറുകിട മില്ലുകാർക്കാവില്ല. ശേഖരിക്കുന്ന കൊപ്രവിലയിലും ഉയർന്ന വിലയ്‌ക്ക്‌ വെളിച്ചെണ്ണ കൈമാറ്റം നടത്താനുള്ള സാഹചര്യവും ‌ലഭ്യമായാൽ മാത്രമേ കൊപ്രയാട്ട്‌ വ്യവസായത്തിന്‌ പിടിച്ചുനിൽക്കാനാകൂ. 

അടുത്ത രണ്ടാഴ്‌ച്ചകളിൽ വെളിച്ചെണ്ണയ്‌ക്ക്‌ ചിപ്സ്‌ നിർമാതാക്കളിൽ നിന്നും ഡിമാൻഡ് പ്രതീക്ഷിക്കുന്നു. ഏത്തക്ക വില മുൻ മാസങ്ങളെ അപേക്ഷിച്ച്‌ ഉയർന്ന്‌ തുടങ്ങിയത്‌ വിപണിയിലെ മത്സരം ശക്തമാക്കും. കാർഷികമേഖല ചിങ്ങത്തിൽ കുല വെട്ടാൻ പാകത്തിന്‌ വാഴത്തോട്ടങ്ങൾ ഒരുക്കിയിട്ടുള്ളതിനാൽ സംസ്ഥാനത്തിന്റ ഒട്ടു മിക്ക ഭാഗങ്ങളിൽ നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും പച്ചക്കായ ലഭ്യത ഉയരുമെന്നത്‌ വെളിച്ചെണ്ണ വിപണിക്കും നേട്ടമാകും. 

ഇതിനിടെ വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി ഉയർന്ന അളവിൽ തുടരുന്നത്‌ ഭീഷണി തന്നെയാണെങ്കിലും അതിനെ മറികടക്കാൻ ഇക്കുറി വെളിച്ചെണ്ണയ്‌ക്കാകും. സുര്യകാന്തി, പാം ഓയിൽ തുടങ്ങിയവയുടെ നിരക്കുമായുള്ള അന്തരം വെളിച്ചെണ്ണയ്‌ക്ക്‌ കുറഞ്ഞത്‌ ഒരു പരിധി വരെ ഉത്സവവേളയിൽ വിൽപ്പന ഉയർത്താം. മൊത്ത വിപണിയിൽ പാം ഓയിൽ വില 11,950 രൂപയാണ്‌. ഒരു ലീറ്റർ സൂര്യകാന്തിയെണ്ണ 160‐190 രൂപ റേഞ്ചിലാണ്‌ വിവിധ കമ്പനികൾ വിൽപ്പനയ്‌ക്ക്‌ ഇറക്കുന്നത്‌. സോയ, നിലക്കടലയെണ്ണകൾക്ക്‌ കേരളത്തിൽ വേരോട്ടം കുറവായതിനാൽ അവയിൽ നിന്നും തൽക്കാലം ഭീഷണിയില്ല. 

ചെറുകിട കൊപ്രയാട്ട്‌ മില്ലുകാർ സ്‌റ്റോക്ക്‌ വിൽപ്പനയ്‌ക്ക്‌ ഇറക്കുന്നതിൽ അൽപ്പം നിയന്ത്രണങ്ങൾ വരുത്തിയിട്ടുണ്ട്‌. അടുത്ത രണ്ടാഴ്‌ച്ചകളിൽ സ്ഥിതിഗതികളിൽ കാര്യമായ മാറ്റമുണ്ടായാൽ ഉയർന്ന വിലയ്‌ക്ക്‌ സ്‌റ്റോക്കുള്ള വെളിച്ചെണ്ണ വിറ്റഴിക്കാനാവുമെന്ന്‌ പ്രതീക്ഷയിലാണവർ. നാളികേര മേഖല വിളവെടുപ്പിനുള്ള നീക്കത്തിലാണ്‌. ചിങ്ങം പിറക്കുന്നതോടെ പച്ചത്തേങ്ങയ്‌ക്ക്‌ മെച്ചപ്പെട്ട വില ഉറപ്പു വരുത്താനാവുമെന്ന കണക്കുകൂട്ടലിലാണ്‌ ഗ്രാമീണ മേഖല. 

കുരുമുളക്

കാലവർഷം ആദ്യ പകുതി പിന്നിടുമ്പോൾ സംസ്ഥാനത്ത്‌ മഴയുടെ അളവ്‌ പതിവിലും 26 ശതമാനം കുറവാണ്‌. കർക്കടകം ആദ്യ പകുതിയിൽ മഴയുടെ അളവ്‌ ചുരുങ്ങിയെങ്കിലും രണ്ടാം പകുതിയിലെ അതിശക്തമായ മഴ പല വിളകളെയും പ്രതികൂലമായി ബാധിക്കുന്നതായാണ്‌ കാർഷിക മേഖലയിൽ നിന്നുള്ള ആദ്യ വിവരം. മലയോര മേഖലയിലെ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും കൃഷിയിടങ്ങളെ ഉഴുതു മറിച്ച അവസ്ഥയിലാക്കി. 

കുരുമുളക്‌ കൊടികളിൽ തിരികൾ വ്യാപകമായി അടർന്നുവീണെങ്കിലും പ്രതികൂല കാലാവസ്ഥ നിമിത്തം നഷ്‌ടങ്ങളുടെ കണക്കെടുപ്പിന്‌ കാലതാമസം നേരിടാം. ഈ വാരം അതിശക്തമായ മഴസാധ്യത വിലയിരുത്തൽ കുരുമുളകു കർഷകരുടെ കണക്കുകൂട്ടലുകൾ പാടെ തകിടം മറിക്കാം. കാലവർഷാരംഭം മുതൽ മഴയ്‌ക്ക്‌ മുന്നിൽ കാര്യമായ പരിക്കുകൾ സംഭവിക്കാതെ പിടിച്ചു നിന്ന കുരുമുളകു തിരികൾ ജൂലൈ അവസാന ദിനത്തിലെ ശക്തമായ മഴയിൽ വ്യാപകമായി അടർന്ന്‌ വീണതായാണ്‌ വിവരം. മലയോര മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ അടുത്ത സീസണിൽ കുരുമുളക്‌ ഉൽപാദനം നേരത്തെ കണക്കുകൂട്ടിയതിലും കുറയുമെന്ന സൂചനയാണ്‌ കർഷകരിൽ നിന്നും ലഭ്യമാകുന്നത്‌.       

രാജ്യം ഉത്സവ സീസൺ ഒരുക്കങ്ങൾ ഒരു വശത്ത്‌ പുരോഗമിക്കുന്നതിനാൽ സുഗന്ധവ്യഞ്‌ജനങ്ങൾക്ക്‌ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും അന്വേഷണങ്ങളുണ്ട്‌. വിലക്കയറ്റം ഏറ്റവും കൂടുതൽ പ്രതീക്ഷിക്കുന്നത്‌ കുരുമുളകിലായതിനാൽ ഉൽപാദകരും സ്‌റ്റോക്കിസ്‌റ്റുകളും കുറഞ്ഞ അളവിലാണ്‌ ജൂൺ‐ജൂലൈ മാസങ്ങളിൽ ചരക്ക്‌ വിൽപ്പനയ്‌ക്ക്‌ ഇറക്കിയത്‌. ഓഗസ്‌റ്റ്‌‐ഒക്‌ടോബർ കാലയളവിൽ ആഭ്യന്തര ആവശ്യം ഉയരുമെന്നത്‌ വില മെച്ചപ്പെടുത്തുമെന്ന ഉറച്ച വിശ്വാസത്തിലാണവർ. അതേസമയം മറുവശത്ത്‌ ഇറക്കുമതി ചരക്ക്‌ ഭീഷണിയാണെങ്കിലും വ്യവസായ ലോബിയും വിദേശ ചരക്കിനും കൂടി വില ഉറപ്പുവരുത്താൻ എല്ലാ ശ്രമങ്ങളും മുന്നിലുള്ള രണ്ടു മാസങ്ങളിൽ നടത്താം. കൊച്ചിയിൽ അൺ ഗാർബിൾഡ്‌ കുരുമുളക്‌ 49,400 രൂപയിൽ സ്റ്റെഡിയാണ്‌. കർണാടകയിൽ മുളകുവില കിലോ 490 രൂപ. വിനിമയ വിപണിയിൽ രൂപയുടെ മൂല്യത്തിലുണ്ടായ ചാഞ്ചാട്ടങ്ങളെ തുടർന്ന്‌ രാജ്യാന്തര മാർക്കറ്റിൽ ഇന്ത്യൻ നിരക്ക്‌ ടണ്ണിന്‌ 6450 ഡോളറായി ഉയർന്നു. 

കാപ്പി, തേയില

ഇന്ത്യൻ കാപ്പിക്ക്‌ മാത്രമല്ല തേയിലയ്‌ക്കും വൻ വിദേശ ഓർഡറുകളെത്തുന്നുണ്ട്‌. ദക്ഷിണേന്ത്യയിലും വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിലും തേയില ഉൽപാദനം മെച്ചപ്പെടുന്നത്‌ തോട്ടം മേഖലയ്‌ക്ക്‌ കരുത്താകും. പിന്നിട്ട ഏതാനും മാസങ്ങളായി ശ്രീലങ്കൻ തേയില കയറ്റുമതിക്കു നേരിട്ട തിരിച്ചടികൾ ഇന്ത്യൻ മാർക്കറ്റ്‌ നേട്ടമാക്കുകയാണ്‌. 

ഇറാനും ഇറാക്കും ടുണീഷ്യയും റഷ്യയും പോളണ്ടുമെല്ലാം നമ്മുടെ തേയിലയുടെ സ്വാദിൽ ആകൃഷ്‌ടരായത്‌ വിലക്കയറ്റത്തിന്‌ അവസരമൊരുക്കി. ഇല തേയിലയ്‌ക്കും പൊടി തേയിലയ്‌ക്കും ആഭ്യന്തര വിദേശ വിപണികളിൽ നിന്നും ആവശ്യക്കാരുണ്ട്‌. കൊൽക്കത്ത ലേലത്തിൽ മികച്ചയിനങ്ങൾ കിലോ 500 രൂപയായി ഉയർന്നതോടെ കയറ്റുമതി മേഖലയിൽ നിന്നുള്ള ആവശ്യകാർ അവിടെ കുറഞ്ഞു. പുതിയ സാഹചര്യത്തിൽ അവർ കൊച്ചി, കൂന്നുർ ലേല കേന്ദ്രങ്ങളിൽ തമ്പടിക്കാനുള്ള സാധ്യതകൾ ഉൽപാദകൾക്ക്‌ അനുകൂലമാകും. കൊച്ചിയിൽ മികച്ചയിനങ്ങൾ കിലോ 350 രൂപയിലാണ്‌. വിദേശ വാങ്ങലുകാരിൽ നിന്നുള്ള ഡിമാൻഡ് ശക്തമായാൽ ലേലത്തിൽ വരും ദിനങ്ങളിൽ വീറും വാശിയും വർധിക്കും.  

English summary: Commodity Markets Review August 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com