കേരളത്തിൽ ഇപ്പോൾത്തന്നെ കാർബൺ നെഗറ്റീവ്: കാലാവസ്ഥാ മാറ്റത്തിൽ കൃഷിയുടെ പങ്ക്

HIGHLIGHTS
  • കൃഷി ഹരിതഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് തള്ളുന്നുണ്ട്
  • ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ കുറച്ചു കൂടി കാർബൺ നെഗറ്റീവ് ആക്കാൻ കഴിയും
banana-karshakasree
വാഴത്തോട്ടം (ഫയൽ ചിത്രം)
SHARE

ആഗോള താപനം, കാലാവസ്ഥാ മാറ്റം എന്നിവയിൽ കൃഷിയുടെ പങ്കിനെക്കുറിച്ചുള്ള സംശയങ്ങൾ ദുരീകരിക്കുവാൻ ഒന്നുകൂടി ശ്രമിക്കുകയാണ്.  

ഇക്കാര്യത്തിൽ കൃഷിയുടെ പങ്ക് രണ്ടു തരത്തിലാണുള്ളത്. കൃഷി ഹരിതഗൃഹ വാതകങ്ങൾ (GHGs) അന്തരീക്ഷത്തിലേക്ക് തള്ളുന്നുണ്ട്. അതോടൊപ്പം തന്നെ നല്ലൊരു പങ്ക് GHGsനെ ആവാഹിച്ച് നിർത്തുന്നുമുണ്ട് (sequestration). തള്ളലും ആവാഹിക്കലും  തുല്യമായാൽ ‘നെറ്റ് സീറോ’ അഥവാ ‘കാർബൺ ന്യൂട്രൽ’ ആകും. 

കേരളത്തിൽ മിക്കവാറും കർഷകർ അനുവർത്തിക്കുന്ന കൃഷിരീതികൾ പരിഗണിച്ചാൽ ഇപ്പോൾ തന്നെ കാർബൺ ന്യൂട്രൽ മാത്രമല്ല, കാർബൺ നെഗറ്റീവുമാണ് എന്നു കാണാം. ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ കുറച്ചു കൂടി കാർബൺ നെഗറ്റീവ് ആക്കാൻ കഴിയും.  

കൃഷിയും ആഗോള താപനവുമായി ബന്ധപ്പെട്ട്  ഇന്റർനെറ്റ് തിരഞ്ഞാൽ AFOLU, LULUCF എന്നൊക്കെയുള്ള ചില പദങ്ങളിലെത്തും. കൃഷിയും ഇവയുമായുള്ള  ബന്ധവും ‘കൃഷി’ എന്നു പറഞ്ഞാൽ എന്തൊക്കെയാണ് എന്നതും ആദ്യം മനസ്സിലാക്കണം 

‘കൃഷി’ എന്നു പറയുമ്പോൾ സാധാരണ എല്ലാവരും ധരിക്കുക അത് മണ്ണിൽ പണിത് കാർഷികോൽപ്പന്നങ്ങൾ ഉൽപാദിപ്പിക്കുന്ന പ്രവർത്തനം മാത്രമാണ് എന്നാണ്.  പക്ഷേ, ആഗോള താപനവുമായി  ബന്ധപ്പെട്ടുള്ള  കണക്കുകളിലൊക്കെ കാർഷികവിളകളും കന്നുകാലി വളർത്തലും കൂട്ടിയാണ് ‘കൃഷി’ എന്നു പറയുക. കൃഷിയോടൊപ്പം വനവും മറ്റു ഭൂഉപയോഗങ്ങളും കൂടി ഉൾപ്പെടുത്തിയാൽ അത്  AFOLU (Agriculture, Forestry, Other Land Use) ആകും. 

AFOLUവിന് രണ്ടു ഭാഗങ്ങൾ ഉള്ളതായി മനസ്സിലാക്കണം; അത്തരത്തിലാണ് ഹരിത വാതക കണക്കെടുപ്പ്. അതായത്, കന്നുകാലി വളർത്തൽ ഉൾപ്പെടെ ഹരിതഗ്രഹ വാതകങ്ങളുടെ തള്ളൽ മാത്രം നടക്കുന്ന കൃഷി (Agriculture) വേറെയും, കാർബൺ ഡയോക്സൈഡ് തള്ളലും സ്വീകരിക്കലും നടക്കുന്ന കാർഷികോൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള ഭൂഉപയോഗവും വനവും ചേർന്ന LULUCF (Land Use, Land Use Change, and Forestry) വേറെയുമായാണ് കണക്കെടുക്കുന്നത്. 

ഇപ്പോഴത്തെ മനദണ്ഡമനുസരിച്ച് കാർബൺ ഡയോക്സൈഡ് ഇതര വാതകങ്ങളായ മീതെയിൻ, നൈട്രസ് ഓക്‌സൈഡ് എന്നിവ മാത്രമാണ് AFOLUവിലെ കൃഷിയുടെ എമിഷൻ അക്കൗണ്ടിൽ വരിക. അതായത്, കന്നുകാലി വളർത്തൽ, ചാണകം, മണ്ണിൽ നിന്നുള്ള നൈട്രസ് ഓക്‌സൈഡ്, നെൽകൃഷിയിൽ നിന്നുള്ള  മീതെയിൻ ഇവയെല്ലാം കൂട്ടിയാണ് മേൽപ്പറഞ്ഞ AFOLU വിലെ ‘കൃഷി’. കൃഷിയുടെ ചീത്തപ്പേരു മുഴുവൻ കന്നുകാലി വളർത്തൽ, ചാണകം, നെൽകൃഷി എന്നിവയിൽ നിന്നുള്ള മീതെയിൻ  വാതകത്തിന്റെ പേരിലാണ്. 

ഭാരതത്തിൽ ഇപ്പറഞ്ഞ ‘കൃഷി’യെല്ലാം കൂടി ആകെ 14 ശതമാനം ഹരിതഗൃഹവാതകങ്ങളാണ് അന്തരീക്ഷത്തിലേക്ക് തള്ളുന്നത് (ആകെ 408 ദശലക്ഷം ടൺ CO2e; CO2e എന്നു പറയുന്നത് കാർബൺ ഡയോക്സൈഡ് തുല്യത അടിസ്ഥാനത്തിലാണ്). ഇതിൽ 9  ശതമാനം കന്നുകാലി വളർത്തലിൽ നിന്നും 5 ശതമാനം കാർഷിക വിളകളുടെ കൃഷിയിൽ നിന്നുമാണ്. അതെങ്ങിനെയാണെന്ന് നോക്കാം. 

ഭാരതത്തിൽ, ഹരിതഗ്രഹ വാതകങ്ങളിൽ ‘കൃഷി’യുടെ പങ്കായി പറഞ്ഞിരിക്കുന്ന 14 ശതമാനത്തിന്റെ പകുതിയിൽ കൂടുതൽ, അതായത്, 55 ശതമാനവും കന്നുകാലി വളർത്തലിൽനിന്നാണ്, ചാണകത്തിൽനിന്ന് 7 ശതമാനവും ഉണ്ട്. ചുരുക്കത്തിൽ, കന്നുകാലി വളർത്തലും അവയുടെ ചാണകവും മാത്രം കണക്കിലെടുത്താൽ ആകെ ‘കൃഷി’യുടെ 62 ശതമാനം വരും (മുമ്പ് സൂചിപ്പിച്ച പോലെ ആകെയെടുത്താൽ 9%).  

വിവിധ കാർഷിക വിളകളുടെ കൃഷിയിൽ നിന്നുള്ള ഹരിതഗ്രഹ വാതക ഉൽസർജനം എങ്ങിനെയാണെന്ന് നോക്കാം. നെൽകൃഷിയിൽ നിന്നുള്ള മീതെയിൻ (17%), മണ്ണിൽ നിന്നുള്ള നൈട്രസ് ഓക്‌സൈഡ് (19%), വിളാവശിഷ്ടങ്ങളുടെ (വൈക്കോൽ) കത്തിക്കൽ (2%), ഇവ മൂന്നും കൂടിയെടുത്താൽ കൃഷിയുടെ 38 ശതമാനമാണ് (ആകെ തള്ളലിന്റെ 5%). 

ഇനി LULUCF (Land Use, Land Use Change, and Forestry) ന്റെ അവസ്ഥ പരിശോധിക്കാം. സസ്യശ്വസനത്തിലൂടെ കാർബൺ ഡൈ ഓക്സൈഡ് പുറത്തു വിടുന്നതും, പ്രകാശ സംശ്ലേഷണത്തിനായി കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുന്നതും മരം വെട്ടുന്നതുമൊക്കെ ഇവിടെയാണ് വരിക. 

LULUCFനു ആറു ഭാഗങ്ങൾ ഉണ്ട്.  (1) കാർഷിക വിളകൾ, (2) വനം, (3) പുൽമേടുകൾ, (4) തണ്ണീർത്തടങ്ങൾ, (5) വാസസ്ഥലങ്ങൾ (settlements), (6) മറ്റുള്ള ഭൂഉപയോഗം (പാറ, തരിശ്, ഐസ് മൂടിയ ഭൂമി) എന്നിങ്ങനെ.  

LULUCFൽ ഹരിതഗൃഹ വാതകങ്ങൾ പുറത്തു വരുന്നതിനോടൊപ്പം കാർബൺ ഡയോക്സൈഡ് പിടിച്ചുവയ്ക്കലും (sequestration) നടക്കും. ഇവയിൽ പുൽമേടുകൾ ഒഴിച്ച് ബാക്കി എല്ലാ ഭൂഉപയോഗങ്ങളിലും കർബണിന്റെ നെറ്റ് സീക്വസ്ട്രഷൻ ആണ് നടക്കുന്നത്. ഏറ്റവും പുതിയ കണക്ക് പ്രകാരം ഭാരതത്തിൽ LULUCF അന്തരീക്ഷത്തിൽ നിന്നും 15% കാർബൺ ഡയോക്സൈഡ് സീക്വസ്ട്രഷൻ ചെയ്ത് മാറ്റുന്നുണ്ട് (330 Mt CO2). കാർഷിക വിളകൾ ആണ് ഇക്കാര്യത്തിൽ ഒന്നാമത്, 76.2% (252 Mt CO2). വനം 23.3% ഉം (75 Mt CO2), വാസസ്ഥലങ്ങൾ (settlements)- 0.5% (1.8 Mt CO2) ഉം സീക്വസ്ട്രഷൻ നടത്തുന്നു. ഇക്കാര്യത്തിൽ കൃഷി വനത്തെ വെട്ടിച്ചിരിക്കയാണ്! 

അതായത്, AFOLU വിലെ ‘കൃഷി’ മാത്രം 408 Mt CO2e തള്ളുമ്പോൾ, കാർഷിക വിളകൾ ഉൾപ്പെടെയുള്ള ഭൂഉപയോഗമായ LULUCF, 330 Mt CO2 വിനെ ആവാഹിച്ചുവയ്ക്കുന്നു (നെറ്റ് സിങ്ക്-308 Mt CO2e). അധികമുള്ളത് 100 Mt CO2e ആണ്. 

ഹരിത ഗൃഹവാതകങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ രണ്ടു വർഷം  കൂടുമ്പോൾ UNFCCC (United Nations Framework Convention on Climate Change)ക്കു വേണ്ടി ഓരോ രാജ്യവും മാനദണ്ഡങ്ങൾ പാലിച്ച് നൽകേണ്ടതുണ്ട്. ഇന്ത്യയിൽ കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ മാറ്റം (MoEFCC) മന്ത്രാലയമാണ് ഇത് ചെയ്യുന്നത്. അവരുടെ  ‘India: Third Biennial Update Report to The United Nations Framework Convention on Climate Change’ എന്ന ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഭാരതത്തിന്റെ ആകെ ഹരിതഗ്രഹ വാതക എമിഷൻ 2838.89 ദശലക്ഷം ടൺ(Mt) CO2e ആണ്. ഇതിൽ നിന്നും LULUCF കുറച്ചാൽ 2531 Mt CO2e. മനുഷ്യന്റെ പല പരിപാടികളിൽ ഹരിതഗ്രഹ വാതകങ്ങൾ പിടിച്ചു വെക്കുന്ന ഒരേ ഒരു ഇടപാട് ഈ  LULUCF മാത്രമാണ്!  

ഒരു കാര്യം കൂടി ഓർക്കുക. കൃഷിയുടെ ആകെ ഹരിതഗൃഹ വാതക തള്ളൽ 408 Mt CO2e എന്നു കണ്ടുവല്ലോ? ഇതിൽ കാർഷിക വിളകളുടെ മാത്രം പങ്ക് (നെൽകൃഷി, വൈക്കോൽ കത്തിക്കൽ ഉൾപ്പെടെ) 155 Mt CO2e ആണ്. പക്ഷേ, കാർഷിക വിളകൾ 252 Mt CO2 പിടിച്ചു വെക്കുന്നുണ്ട്. അതായത് ഇന്ത്യയുടെ CO2 ബജറ്റിൽ കാർഷിക വിളകളുടെ മാത്രം പങ്ക് പരിശോധിച്ചാൽ ന്യൂനമാണ്, ആകെ തള്ളുന്നതിനെക്കാൾ കൂടുതലായി 97 Mt CO2 പിടിച്ചുവയ്ക്കുകയാണ്!  അതായത്, കാർഷിക വിളകൾ മാത്രമെടുത്താൽ കാർബൺ ന്യൂട്രൽ മാത്രമല്ല, കാർബൺ നെഗറ്റീവുമാണ് (ട്രാക്ടർ, പമ്പിങ് എന്നിങ്ങനെ കാർഷിക രംഗത്തുള്ള  ഊർജ ഉപയോഗം ഇവിടെ പരിഗണിച്ചിട്ടില്ല, അവ വേറെ വിഭാഗങ്ങളിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്).

ഇവിടെ പറഞ്ഞത് പോലുള്ള ഒരു കണക്കെടുപ്പ് കേരളത്തിന്റെ കാര്യത്തിലും ചെയ്യാൻ സാധിക്കും. എന്നാലേ ഊഹാപോഹങ്ങൾ അവസാനിച്ച് നാം എവിടെ നിൽക്കുന്നു  എന്നു കൃത്യമായി മനസ്സിലാക്കാൻ സാധിക്കൂ. 

കൃഷി മേഖലയുടെ (കന്നുകാലി വളർത്തൽ ഉൾപ്പെടെ) GHGs ഇനിയും കുറക്കുന്നതിന് വിദഗ്ധർ ശുപാർശ ചെയ്യുന്നത് താഴെ പറയുന്ന കാര്യങ്ങളാണ് . 

1. മെച്ചപ്പെട്ട കന്നുകാലി വളർത്തലും തീറ്റക്രമവും 

2. കന്നുകാലികളുടെ ഉൽപാദന ക്ഷമത വർധിപ്പിക്കുക - കുറച്ചു കന്നുകാലികളിൽനിന്ന് കൂടുതൽ പാൽ, മാംസം എന്നിവ കിട്ടുന്നത് മൂലം മീതെയിൻ കുറയും.  

3. പെട്ടന്ന് ദഹിച്ചു പോകുന്നതരം കാലിത്തീറ്റകൾ തീറ്റക്രമത്തിൽ ഉൾപ്പെടുത്തുക

4. കാലിത്തീറ്റയിൽ  മീതയിൻ ഉൽപാദനം കുറയ്ക്കുന്ന സപ്ലിമെന്റുകൾ ഉൾപ്പെടുത്തുക 

5. മീതെയിൻ ഉൽപാദനം കുറയുന്ന ചാണക സൂക്ഷിപ്പു മാർഗങ്ങൾ അവലംബിക്കുക 

6. ചാണകത്തിൽ നിന്നുള്ള ബയോഗ്യാസ് (മീതെയിൻ) ഇന്ധനമായി ഉപയോഗിക്കുക.

7. തീറ്റയുടെ ഉപയോഗത്തിൽ കാര്യശേഷിയുള്ള കന്നുകാലി ഇനങ്ങൾ    

8. നെൽകൃഷിയിൽ പറിച്ചു നടിലീന് പകരം നേരിട്ടുള്ള വിത 

9. വെള്ളം തുടർച്ചയായി കെട്ടി നിർത്താതെ ഇടക്കിടെയുള്ള നീർവാർച്ച 

10. വിളാവശിഷ്ടങ്ങൾ കത്തിക്കുന്നത് നിർത്തുക 

11. ജൈവ വളങ്ങളുടെയും നൈട്രജൻ വളങ്ങളുടെയും കാര്യക്ഷമത വർധിപ്പിക്കുക

12. കാലാവസ്ഥയെ വെല്ലുന്ന കൃഷി 

2050 ൽ ആഗോള ഊഷ്മാവ് 1.5 ഡിഗ്രീ സെൽഷ്യസ് വർധനയിൽ പിടിച്ചു നിറുത്തുക മാത്രമല്ല, 800 കോടിയിൽ നിന്നും 1000 കോടിയിലേക്ക് കുതിക്കുന്ന ലോക ജനതയുടെ ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുകയും വേണം. അതിന് ഭക്ഷ്യോൽപ്പാദനം 60 ശതമാനം കണ്ടു വർധിക്കണം.  ഇക്കാരണം കൊണ്ട് തന്നെ ഭാവി കൃഷിരീതികൾ  ‘കാലാവസ്ഥയെ വെല്ലുന്ന കൃഷി’ (Climate Smart Agriculture, CSA) ആയിരിക്കണം.  

(ഹരിത ഗൃഹവാതകങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ മാറ്റം (MoEFCC)  മന്ത്രാലയത്തിന്റെ “India: Third Biennial Update Report to The United Nations Framework Convention on Climate Change” എന്ന റിപ്പോർട്ടിൽ നിന്ന്.).

English summary: Climate Change and Agriculture

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}