ADVERTISEMENT

നാലു വർഷമായി ജൈവകൃഷിയിലൂടെ നൂറുമേനി വിളയിക്കുകയാണ് പത്തനംതിട്ട നാരങ്ങാനം ഗവൺമെന്റ് സ്കൂൾ. ഈ വിദ്യാലയത്തിനെ കാർഷികവഴികളിലേക്ക് നയിച്ചതോ, സ്പെഷൽ സ്കൂൾ ടീച്ചറായി സ്ഥാനമേറ്റ പ്രിയ പി നായരും. കൃഷിയും അധ്യാപനവും ഒരുപോലെ ജീവിതഭാഗമാക്കിയ അധ്യാപികയാണ് പ്രിയ ടീച്ചർ. ടീച്ചറുടെ അധ്യാപന ശൈലി അൽപം വ്യത്യസ്തമാണ്. പാഠഭാഗങ്ങൾക്കൊപ്പം കൃഷി അറിവുകളും തന്റെ വിദ്യാർഥികൾക്കു വേണ്ടി ടീച്ചർ പകർന്നു നൽകുന്നു. കോഴഞ്ചേരി ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ കീഴിലുള്ള ആറു പഞ്ചായത്തുകളിൽ നിന്നുള്ള വിദ്യാലയങ്ങളിൽനിന്ന് ഭിന്നശേഷിക്കാരായ എട്ട് വിദ്യാർഥികളെ തിരഞ്ഞെടുത്ത് അവരുടെ വീടുകളിൽ കൃഷി ആരംഭിച്ചതോടെയാണ് ടീച്ചർ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി മാറിയത്. മൂന്നു പ്രാവശ്യത്തോളം ഇവിടങ്ങളിൽ വിളവെടുപ്പും നടത്തി. ടീച്ചർ നാന്ദികുറിച്ച ഈ പ്രവർത്തനം ഒട്ടേറെ അംഗീകാരങ്ങൾക്കും പുതു മാറ്റങ്ങൾക്കും വഴിതെളിച്ചു എന്നതാണ് ശ്രദ്ധേയം.

agriculture-3
കുട്ടികൾക്ക് കൃഷിമന്ത്രിയുടെ ആദരം

ടീച്ചറിന്റെ കൃഷി ഉൾപ്പെടുത്തിയുള്ള ഈ വിദ്യാഭ്യാസ മാതൃക സമഗ്ര ശിക്ഷ കേരള പത്തനംതിട്ട ഏറ്റെടുക്കുകയും  ജില്ലയിലെ 11 ബ്ലോക്ക് റിസോഴ്സ് സെന്ററിനു കീഴിലുള്ള എല്ലാ സ്കൂളുകളിലും നടപ്പിലാക്കി വരികയും ചെയ്യുന്നു. നിലവിൽ 250ൽപ്പരം ഭിന്നശേഷിക്കാരായ കുട്ടികളുടെ വീടുകളിൽ പച്ചക്കറിക്കൃഷിയുണ്ട്. കൃഷി സംബന്ധമായ എല്ലാ പ്രവർത്തനങ്ങളും കുട്ടികളുടെ നേതൃത്വത്തിൽ തന്നെയാണ് ഇവിടെ നടത്തി വരുന്നത്. നടീലും, കള പറിക്കലും, പുതയിടലും, വിളവെടുപ്പും എല്ലാം അത്യധികം ഉത്സാഹത്തോടെ കുട്ടികൾ ചെയ്തുവരുന്നു. ചെടിയുടെ വളർച്ചാ ഘട്ടത്തിൽ നൽകേണ്ട വളക്കൂട്ടുകളും, കീടനിയന്ത്രണ ഉപാധികളും കുട്ടികൾക്ക് പറഞ്ഞുനൽകുന്നതുംടീച്ചറുടെ മേൽനോട്ടത്തിൽ തന്നെയാണ്. 

agriculture-1
പ്രിയ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികളുടെ കൃഷി

ടീച്ചർ നടപ്പിലാക്കിയ ഈ കൃഷിരീതിക്ക് എല്ലാവിധ പ്രോത്സാഹനങ്ങളും നൽകാൻ കൃഷിമന്ത്രി പി.പ്രസാദും എത്തി. കോഴഞ്ചേരി സ്കൂളിൽ ഇന്നലെ നടന്ന ചടങ്ങിൽ പ്രിയ ടീച്ചറെയും ഭിന്നശേഷിക്കാരായ എട്ടു കുട്ടികളെയും മന്ത്രി ആദരിച്ചു. വിദ്യാർഥികൾക്ക് കൃഷിയുടെ പ്രാധാന്യം മനസിലാക്കി കൊടുക്കാൻ കോഴഞ്ചേരി ബ്ലോക്ക് റിസോഴ്സ് സെന്റർ മുന്നോട്ടുവച്ച ഈ തുടക്കം കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളും അനുകരിക്കേണ്ട മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

agriculture-4
പ്രിയ ടീച്ചർ മട്ടുപ്പാവിൽനിന്ന് വിളവെടുത്ത പച്ചക്കറികളുമായി

കുട്ടികൾക്കൊപ്പം സ്കൂളിൽ മാത്രമല്ല ടീച്ചറുടെ കൃഷി. വീടിന്റെ മട്ടുപ്പാവിലും വീടിനോടു ചേർന്നുള്ള 25 സ്ഥലത്തും എല്ലാ വിധത്തിലുമുള്ള പച്ചക്കറികളും ഔഷധ സസ്യങ്ങളും ഫലവൃക്ഷങ്ങളും ടീച്ചർ പരിപാലിക്കുന്നു. ടീച്ചർ തന്റെ മട്ടുപ്പാവിൽ ഒരുക്കിയ ഈ വിള വിസ്മയത്തെ തേടി ഇത്തവണത്തെ സംസ്ഥാന സർക്കാരിന്റെ കാർഷിക പുരസ്കാരവും എത്തി. ഇതിനൊപ്പം  ഓണത്തിന് ഒരു മുറം പച്ചക്കറി വിഭാഗത്തിൽ ജില്ലാതല അവാർഡും ലഭിച്ചു.

agriculture-5
പ്രിയ ടീച്ചറുടെ മട്ടുപ്പാവ് കൃഷിയിടം

പാരമ്പര്യമായി കിട്ടിയ നാട്ടറിവുകളും ആധുനിക കൃഷിരീതികളും സംയോജിപ്പിച്ച് പൂർണമായും ജൈവരീതിയിലാണ് ടീച്ചറിന്റെ കൃഷി. വീട്ടുമുറ്റത്ത് പ്രത്യേകം തയാറാക്കിയ സ്ഥലത്ത് ഔഷധസസ്യങ്ങളുടെ നീണ്ട നിര തന്നെയുണ്ട്. നീലക്കൊടുവേലി, ചെമ്പകം, ദേവദാരു, സമുദ്രപ്പച്ച, ഗുൽഗുലു അങ്ങനെ പോകുന്നു ഔഷധസസ്യങ്ങളുടെ പട്ടിക. ഔഷധസസ്യങ്ങൾ പച്ചക്കറികൾക്കിടയിൽ കൃഷിചെയ്യുമ്പോൾ ഒരു പരിധിവരെ കീടനിയന്ത്രണം സാധ്യമാകുമെന്നാണ് ടീച്ചറുടെ അഭിപ്രായം. സ്കൂളിൽ പോകും മുമ്പ് കൃഷിയിടത്തിൽ രണ്ടു മണിക്കൂറെങ്കിലും ടീച്ചർ ചെലവിടും. കുട്ടികളെ സ്നേഹിക്കുന്ന പോലെ തന്നെ ചെടികളെയും പരിപാലിച്ചാൽ ഫലം ഉറപ്പെന്ന് അനുഭവത്തിലൂടെ ടീച്ചർ പറയുന്നു. 

ചെടിക്ക് ആവശ്യമായ എല്ലാം ജൈവവളക്കൂട്ടുകളും ജൈവകീടനാശിനികളും വീട്ടിൽ തന്നെ നിർമിക്കുന്നു. കീടങ്ങളെ നിയന്ത്രിക്കാൻ കാന്താരിമുളക് മിശ്രിതം, വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തുടങ്ങിയവയാണ് കൂടുതലും ഉപയോഗിക്കാറുള്ളത്. മഴമറ സംവിധാനം പ്രയോജനപ്പെടുത്തിയാണ് മട്ടുപ്പാവിലെ കൃഷി. ഏകദേശം മുന്നൂറോളം ഗ്രോബാഗുകളിൽ എല്ലാവിധ പച്ചക്കറികളും വിളയിച്ചെടുക്കുന്നു. ജലസേചനത്തിന് തുള്ളിനനയുമുണ്ട്. 

agriculture-6
പ്രിയ ടീച്ചറുടെ മട്ടുപ്പാവ് കൃഷിയിടം

മണ്ണിന്റെ ഘടനയും, അതിലുള്ള പോഷക മൂലകങ്ങളുടെ അളവും തിരിച്ചറിഞ്ഞാണ് കൃഷി ആരംഭിക്കുക. അമ്ല–ക്ഷാര നില ക്രമീകരിക്കുന്നതിന് ഡോളമൈറ്റ് ഉപയോഗപ്പെടുത്തുന്നു. അടിവളമായി ചാണകപ്പൊടിയും, വേപ്പിൻപിണ്ണാക്കും എല്ലുപൊടിയും, കമ്പോസ്റ്റും ഉപയോഗിക്കുന്നു. കൂടാതെ ബയോഗ്യാസ് സ്ലറി, കടല പിണ്ണാക്ക് പുളിപ്പിച്ചത് എന്നിവ ചേർത്തുള്ള ദ്രവരൂപത്തിലുള്ള വളം കൃത്യമായ ഇടവേളകളിൽ നൽകുന്നു.

കൃഷിയിൽ എല്ലാവിധ പ്രോത്സാഹനങ്ങളും സഹായങ്ങളും നൽകി കുടുംബവും ഒപ്പമുണ്ട്. കൃഷിയെ അളവറ്റ് സ്നേഹിക്കുന്ന ടീച്ചർക്ക് പറയാനുള്ളത് ഒന്നേയുള്ളൂ ‘തിരിച്ചുകൊണ്ടുവരണം നമ്മുടെ കാർഷിക സംസ്കാരത്തെ.’

ഫോൺ: 9846532796

English summary: Disability and Agriculture: Teacher to train disabled students in Vegetable Farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com