ADVERTISEMENT

കേരളത്തിൽ കാളകളെയോ പൊത്തിനെയോ ഇറച്ചി ആവശ്യത്തിനായി വൻതോതിൽ വളർത്തുന്നുണ്ടോ? കാളകളെ വളർത്തുന്നില്ല എന്നതാണ് ഉത്തരം. പോത്തുകളാവട്ടെ വളരെ ചുരുക്കം രീതിയിൽ വളർത്തുന്നുണ്ട്. കോവിഡ് കാലത്ത് എണ്ണത്തിൽ നേരിയ വർധന ഉണ്ടായിട്ടുമുണ്ട്. പക്ഷേ, പ്രധാനമായും ഇവിടെ ഇറച്ചിയാകുന്നത് ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള പോത്തും കാളയും പന്നിയുമൊക്കെയാണ്.

കേരളത്തിലെ ഇറച്ചി ആവശ്യത്തിനായി ഇതരസംസ്ഥാനങ്ങളിൽനിന്നും കൊണ്ടുവരുന്ന മാടുകളെ ശ്രദ്ധിച്ചിട്ടുണ്ടോ? ഇറച്ചി ആവശ്യത്തിനു വേണ്ടി വളർത്തിയവ അല്ല. മറിച്ച് ഉഴവിനായും വണ്ടി വലിക്കുന്നതിനായും ഉപയോഗിച്ച്, പിന്നീട് അതിനുള്ള കഴിവ് ഇല്ലാതെ ആകുമ്പോഴോ അല്ലെങ്കിൽ വയസ്സായി കഴിയുമ്പോഴോ രോഗം വന്നു ചികിത്സിച്ചിട്ട് അസുഖം മാറാത്ത അവസ്ഥയിലുള്ള മാടുകളെയോ ആണ് ഇങ്ങനെ ഇറച്ചിക്കായി വിൽക്കുന്നത്.

ഇനി നമുക്ക് 2000ത്തിലേക്ക് ഒന്നു തിരിച്ചു പോകാം.

1990കളുടെ ആദ്യകാലത്തുതന്നെ ഇന്ത്യൻ കഴുകന്മാർ ചത്തുവീഴുന്നതും അവയുടെ എണ്ണം ക്രമാതീതമായി കുറയുന്നതും ശ്രദ്ധയിൽപ്പെട്ടിരുന്നു. ഏതോ പകർച്ചവ്യാധികളാകും കാരണം എന്ന നിലയിൽ ഗവേഷണങ്ങളും നടത്തിയിരുന്നുവെങ്കിലും അത്തരം ഒരു രോഗത്തെ കണ്ടുപിടിക്കാൻ സാധിച്ചില്ല. പിന്നീട് വീണ്ടും നടന്ന ഗവേഷണങ്ങളിൽനിന്നാണ് കഴുകന്മാർ കിഡ്നി തകർന്നാണ് മരിക്കുന്നത് എന്നു കണ്ടെത്തിയത്. ഡൈക്ലോഫിനാക്ക് എന്ന മരുന്നു കഴുകന്മാരുടെ ഉള്ളിൽ ചെന്നതാണ് ഇതിനു കാരണം. 

ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കാലികളെ വയസ്സായി മരിക്കാറാകുമ്പോൾ ഇവിടെയെങ്കിലും ഉപേക്ഷിക്കും. അങ്ങനെ ചാകുന്ന മൃഗത്തിന്റെ തൊലി തുകൽ കച്ചവടം തൊഴിലാക്കിയവർ ഉരിച്ചുകൊണ്ടു പോകും. ബാക്കി വരുന്ന മാംസം ഈ കഴുകന്മാർ കൊത്തിത്തിന്നും. ഈ കാലികൾക്ക് അസുഖം വരുമ്പോഴേ തന്നെ നല്ല ഡോസിൽ ഈ മരുന്നു കൊടുക്കും. ഇതു കൂടാതെ ആന്റി ബയോട്ടിക്കുകളും ഉയർന്ന തോതിലാണ് കാലികൾക്കു കൊടുക്കുന്നത്. ഭക്ഷ്യ ആവശ്യത്തിന് എന്നൊരു ചിന്ത ഇല്ല. പരമാവധി പണിയെടുപ്പിക്കുക എന്നതാണ് ലക്ഷ്യം. അതുകൊണ്ടുതന്നെ ഈ മരുന്ന് കുത്തിവയ്ക്കുന്നതിൽ കുറവൊന്നും വരുത്തിയില്ല. അതുകൊണ്ടുതന്നെ ചത്ത കാളകളുടെ മാംസം ഭക്ഷിച്ച കഴുകന്മാർ കിഡ്നി തകർന്നു ചത്തൊടുങ്ങി.

ലക്ഷക്കണക്കിനു കഴുകന്മാർ ഉണ്ടായിരുന്ന ഇന്ത്യയിൽ 2000 പിന്നിട്ടപ്പോൾ അവയുടെ എണ്ണം പതിനായിരങ്ങളിലേക്ക് ഒതുങ്ങി. അതും വനാന്തരങ്ങളിൽ ജീവിക്കുന്നവ മാത്രം. ഇതിനെത്തുടർന്ന് 2006ൽ ഇന്ത്യയിൽ മൃഗങ്ങൾക്കുള്ള മരുന്നായി ഡൈക്ലോഫിനാക് ഉപയോഗിക്കുന്നത് നിരോധിച്ചു. പക്ഷേ, മനുഷ്യന് ഉപയോഗിക്കാനുള്ള  മരുന്നായി ഇതു ലഭ്യമാണ്. 2011ൽ നടത്തിയ ഒരു പഠനത്തിൽ  ഈ മരുന്ന് മനുഷ്യന് ഉപയോഗിക്കുന്ന ഡോസിലും കൂടിയ അളവിലുള്ള പാക്കിങ്ങിൽ  ഇപ്പോഴും ലഭ്യമാണ് എന്നു കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ, ഡൈക്ലോഫിനാക് മാത്രമല്ല കഴുകന്മാരുടെ നാശത്തിനു കാരണമെന്ന് അടുത്തിടെ ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് അയച്ച കത്തിൽ പറയുന്നു. കഴുകന്മാരെ കൊന്നൊടുക്കുന്ന മൂന്ന് വെറ്ററിനറി മരുന്നുകൾ രാജ്യത്ത് നിരോധിക്കണം എന്നതായിരുന്നു രാജ്യത്തെ ഏറ്റവും പഴക്കമുള്ള ജൈവവൈവിധ്യ സംരക്ഷണ ഗ്രൂപ്പിന്റെ ആവശ്യം. ഡൈക്ലോഫിനാക്കിന് പകരം വിപണിയിൽ വന്ന എയ്ക്ലോഫിനാക്, കീറ്റോപ്രോഫെൻ, നിമെസുലൈഡ് എന്നിവ നിരോധിക്കണമെന്നാണ് ശുപാർശ. 

മരുന്ന് ഉള്ളിൽച്ചെല്ലുന്ന പക്ഷികൾ രണ്ടു മൂന്നു ദിവസത്തിനുള്ളിൽ ചാകുന്നു. പണ്ടുകാലത്തെ അപേക്ഷിച്ച് കഴുകന്മാരുടെ മരണനിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും അവയുടെ എണ്ണം ഇതുവരെയും സ്ഥിരതയോടെ നിർത്താൻ കഴിഞ്ഞിട്ടില്ലെന്നും ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി പറയുന്നു. 

1980കളിൽ രാജ്യത്ത് കഴുകന്മാർ വ്യാപകമായി കാണപ്പെട്ടിരുന്നു. രാജ്യത്തുള്ള 8 ഇനങ്ങൾ ഇന്ന് വംശനാശ ഭീഷണിയിലാണ്. 2003ൽ അവയുടെ എണ്ണം 40,000 ആയിരുന്നത് 2015 ആയപ്പോൾ 18,645ലേക്കെത്തി (ബേർഡ് ലൈഫ് ഇന്റർനാഷണൽ നടത്തിയ സെൻസസിലെ കണക്ക്). 

മനുഷ്യനിലും ഡൈക്ലോഫിനാക് പോലുള്ള മരുന്നുകളുടെ ശരിയല്ലാത്ത ഉപയോഗം വൃക്ക, ഹൃദയ പ്രശ്നങ്ങൾ ഉണ്ടാക്കും. ഇവിടെ ഇങ്ങനെ അന്യസംസ്ഥാനങ്ങളിൽനിന്ന് വരുന്ന കാലികളുടെ ആന്തരാവയവങ്ങൾ പോലും പോട്ടിയും, ലിവർ ഫ്രൈയും ആയൊക്കെ ഉപയോഗിക്കുന്ന ഒന്നു പോലും വെറുതെ പാഴാക്കുന്നില്ല. എല്ലും മജ്ജയുമെല്ലാം ഭക്ഷണത്തിൽ ഇടംപിടിക്കും. കിഡ്നി തകരാറുകൾ, ഹൃദയ പ്രശ്നങ്ങൾ, രക്തസമ്മർദം ഇവയുടെ  കാരണങ്ങൾ പഠിക്കുമ്പോൾ ഈ ബീഫ് കാര്യം കൂടി പരിഗണിക്കുന്നത് നല്ലതാണ്.

ഇവിടെ ബീഫ് അല്ല പ്രശ്നം. നാട്ടിൽ നന്നായി വളർത്തിയ പോത്തിനെ തൊലി പോലും കളയാതെ തിന്നുന്നതിലും പ്രശ്നം കാണില്ല. എന്നാൽ, അങ്ങനെ ഇറച്ചിക്കയാ മൃഗങ്ങളെ വളർത്തുന്ന കർഷകന് മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ടോ? ഇതര സംസ്ഥാനങ്ങളിൽനിന്ന് കയറിവരുന്നതല്ലേ ഇവിടെ വ്യാപകമായി ഉപയോഗിക്കുന്നത്. കേരളത്തിൽ ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള പന്നിവരവ് നിരോധിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, ആ ഉത്തരവിനെ കാറ്റിൽപ്പറത്തി പന്നികൾ യഥേഷ്ടം അതിർത്തി കടന്ന് കേരളത്തിലേക്കു വന്നു. വരുന്ന അറവുമാടുകളിൽ രോഗം ഉണ്ടോ എന്ന പരിശോധന പോലും കൃത്യമായി നടക്കാത്ത കേരളത്തിൽ ഇറച്ചിയിൽ ഡൈക്ലോഫിനാക്ക് ഉണ്ടോ എന്നറിയാനുള്ള ടെസ്റ്റുകൾ നടക്കുമെന്ന് തോന്നുന്നുണ്ടോ? 

ചുരുക്കത്തിൽ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള പഴം പച്ചക്കറികൾ മാത്രമല്ല മാംസവും ആരോഗ്യത്തിന് ഹാനികരമായേക്കാം. അതുകൊണ്ടുതന്നെ നാട്ടിൽനിന്നുള്ള മാംസോൽപന്നങ്ങൾക്ക് പരമാവധി പ്രചാരം നൽകുകതന്നെ വേണം. അത് കഴിക്കുന്നവന്റെ ആരോഗ്യം മാത്രമല്ല കർഷകന്റെ നിലനിൽപ്പിനും നല്ലതാണ്.

English summary: Diclofenac was not the last threat for India’s vultures

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com