അടുക്കള വിഭവങ്ങളിൽനിന്ന് ആവോളം വരുമാനം: വിശദമായി അറിയാം

HIGHLIGHTS
  • പ്രാദേശികമായി തയാറാക്കുന്ന ഉൽപന്നങ്ങൾക്ക് ആവശ്യക്കാർ കൂടുതലുണ്ട്
food-making-processing
SHARE

ഭാഗം – 1

മലയാളിയുടെ പുരയിടങ്ങൾ സമൃദ്ധിയുടെ വിളനിലങ്ങൾ കൂടിയാണ്. വീടിനോടു ചേർന്ന്  ഇത്തിരി സ്ഥലമേയുള്ളൂ എങ്കിൽപോലും ഏതെങ്കിലുമൊക്കെ ഫലവർഗങ്ങളും പച്ചക്കറികളും പരിപാലിക്കാൻ ഓരോ മലയാളിയും ശ്രദ്ധിക്കാറുണ്ട്. പുരയിടത്തിന്റെ വിസ്തൃതി കൂടുന്നതനുസരിച്ച് വിളകളുടെ എണ്ണവും വൈവിധ്യവും ഏറും. പ്ലാവ്, മാവ്, വാഴ, പപ്പായ, പാഷൻഫ്രൂട്ട്, ചാമ്പ, ലവി ലവി, ഇലുമ്പിപ്പുളി (ഇലിമ്പപ്പുളി, ഇരുമ്പൻപുളി എന്നും പേരുകൾ), കാരമ്പോള, പേര, തെങ്ങ്, പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ എന്നിങ്ങനെ ഫലസമൃദ്ധമായ കാഴ്ച. 

പുരയിടക്കൃഷി ചെയ്യുന്നവർക്കു മാത്രമല്ല, നല്ലൊരു അടുക്കളത്തോട്ടം പരിപാലിക്കുന്നവർക്കു പോലും വീട്ടാവശ്യം കഴിഞ്ഞ് പഴങ്ങളും പച്ചക്കറികളുമെല്ലാം ബാക്കിവരാറുണ്ട്. ഇന്ന് മിക്ക വീടുകളും മൂന്നോ നാലോ അംഗങ്ങൾ മാത്രമുള്ള അണുകുടുംബങ്ങളാണല്ലോ. ഇങ്ങനെ അധികം വരുന്ന പച്ചക്കറികളും ഫലവർഗങ്ങളും നേരിട്ടു വിൽക്കുകയോ വിവിധതരം മൂല്യവർധിത ഉൽപന്നങ്ങളാക്കി സൂക്ഷിച്ച് വിപണിയിലെത്തിക്കുകയോ ചെയ്യാം. പരിശ്രമവും ദീർഘവീക്ഷണവും ഉണ്ടെങ്കിൽ ഏതൊരു വീട്ടമ്മയ്ക്കും സ്വന്തം അടുക്കളത്തോട്ടത്തിൽനിന്നും പുരയിടത്തിൽനിന്നുമെല്ലാം മൂല്യവർധനയിലൂടെ സ്ഥിരവരുമാനം കണ്ടെത്താനാകും. പ്രാദേശികമായി തയാറാക്കുന്ന ഉൽപന്നങ്ങൾക്ക് ആവശ്യക്കാർ കൂടുതലുള്ള സമയമാണിത്. പഞ്ചായത്തുകൾതോറും പ്രവർത്തിക്കുന്ന ഇക്കോഷോപ്പുകൾ, നാട്ടുചന്തകൾ എന്നിവയൊക്കെ വിപണനമാർഗങ്ങൾ തന്നെ. 

പഴങ്ങൾ, പച്ചക്കറികൾ എന്നിവയെ അവയുടെ സ്വഭാവമനുസരിച്ച് ലഘു സംസ്കരണം, റെഡി റ്റു ഈറ്റ്, ഹ്രസ്വകാല സൂക്ഷിപ്പുഗുണമുള്ള ഉൽപന്നങ്ങൾ, ദീർഘകാല സൂക്ഷിപ്പുഗുണമുള്ള ഉൽപന്നങ്ങൾ എന്നിങ്ങനെ വിവിധ രീതിയിൽ ഉൽപന്നങ്ങളാക്കാം. പഴം, പച്ചക്കറി എന്നിവയുടെ അവശിഷ്ടങ്ങളിൽനിന്നു ഗുണമേന്മയുള്ള ജൈവവളവും നിർമിക്കാം.

ലഘുസംസ്കരണം

പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ, ഫലവർഗങ്ങൾ എന്നിവ പാചകത്തിന് യോജ്യമായ വിധത്തിൽ മുറിച്ചു പായ്ക്ക് ചെയ്ത്(കട്ട് വെജിറ്റബിൾസ്) ശീതീകരിച്ച് വിപണനത്തിനു തയാറാക്കാം. മുറിക്കുന്നതിനു മുൻപ് അണുനാശക ലായനിയിൽ (സോഡിയം ഹൈപോക്ലോറൈറ്റ് 3 ശതമാനം) മുക്കിവച്ച് അവയുടെ നിറവും പുതുമയും സംരക്ഷിക്കാം. ഇടിച്ചക്ക, പുഴുക്കിനു യോജ്യമായ വിധത്തിൽ മുറിച്ചു പായ്ക്ക് ചെയ്യാവുന്ന പച്ചച്ചക്ക, വാഴക്കൂമ്പ്, വാഴപ്പിണ്ടി എന്നിവയെല്ലാം ഇങ്ങനെ വിപണനം ചെയ്യാം. ചിരകിയെടുത്ത തേങ്ങയും ഫ്രീസ് ചെയ്തു വിപണനത്തിനു തയാറാക്കാം. വെളുത്തുള്ളി– ഇഞ്ചി പേസ്റ്റ്, വൃത്തിയാക്കിയ ഇഞ്ചി, വെളുത്തുള്ളി, ഉള്ളി എന്നിവയും ആവശ്യക്കാരുള്ള ഉൽപന്നങ്ങളാണ്.

റെഡി ടു ഈറ്റ് ഉൽപന്നങ്ങൾ

വീട്ടുവളപ്പിൽ ലഭ്യമായ പച്ചക്കറികളും പഴവർഗങ്ങളും ഉപയോഗിച്ച് റെഡി ടു ഈറ്റ് ഉൽപന്നങ്ങളും തയാറാക്കാവുന്നതാണ്. ഇടിച്ചക്ക, പകുതി മൂപ്പെത്തിയ ചക്ക, വാഴക്കൂമ്പ്, ഏത്തയ്ക്ക, ചീരകൾ, പയറുവർഗങ്ങൾ, കിഴങ്ങുവർഗങ്ങൾ എന്നിവ ഉൾപ്പെടുത്തി തയാറാക്കാവുന്ന കട്‌ലറ്റ്, ബജികൾ, വെജ്റോൾ, പക്കാവട, ബർഗർ, സമോസ, മോമോസ് എന്നിവ വിപണിയിലെത്തിക്കാം. ചക്കപ്പഴം, പൈനാപ്പിൾ, വാഴപ്പഴങ്ങൾ, മാമ്പഴം എന്നിവ ഉപയോഗിച്ച് തയാറാക്കാവുന്ന ഇലയപ്പം, കുമ്പളപ്പം, അട, ഉണ്ണിയപ്പം എന്നിവയും തയാറാക്കി പ്രാദേശികമായി വിപണനം ചെയ്യാം. കടകളിലൂടെ മാത്രമല്ല ചെറിയ യോഗങ്ങൾക്കും കൂടിച്ചേരലുകൾക്കുമെല്ലാം ഇത്തരം ഉൽപന്നങ്ങൾ ആവശ്യപ്പെടുന്നവരുണ്ട്. ആ സാധ്യതയും പ്രയോജനപ്പെടുത്തണം. ഇവയ്ക്കെല്ലാം സൂക്ഷിപ്പുഗുണം കുറവായതിനാൽ ഓർഡർ സ്വീകരിച്ചതിനുശേഷം മാത്രമേ ഉൽപന്നങ്ങൾ തയാറാവൂ.

നാളെ: ഹ്രസ്വകാല സൂക്ഷിപ്പുഗുണമുള്ള ഉൽപന്നങ്ങൾ

English summary: How Home Chefs Make Money Straight From Their Kitchens

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}